ഗീതാഞ്ജലി അയ്യർ | Photo: Mathrubhumi Archive
'ദിസ് ഈസ് ദൂർദര്‍ശന്‍ ന്യൂസ്, ഗുഡ് ഈവനിങ് ആന്റ് വെല്‍ക്കം' എൺപതുകളിലും തൊണ്ണൂറുകളിലും നമ്മുടെ മുന്നിലെത്തിയിരുന്ന ഈ ശബ്ദസൗന്ദര്യം ഒരിക്കലും മറക്കാനാകില്ല. മിനു തല്‍വാര്‍, ഗീതാഞ്ജലി അയ്യര്‍, നീതി രവീന്ദ്രന്‍, സല്‍മ സുല്‍ത്താന്‍, റിനി സൈമണ്‍ തുടങ്ങി നിരവധി വാര്‍ത്താ അവതാരകര്‍ പ്രസരിപ്പോടെ പ്രത്യക്ഷപ്പെട്ടു. അവര്‍ തരുന്ന വിവരങ്ങളിലൂടെയായിരുന്നു അന്ന് ലോകകാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ഇന്നത്തെപ്പോലെ വാര്‍ റൂമുകളും ബഹളങ്ങളും വാഗ്വാദങ്ങളും ഇല്ലാത്ത ഒരു കാലം.
ആ ഓര്‍മകള്‍ ചികഞ്ഞുനോക്കിയാല്‍ അതില്‍ ഗീതാഞ്ജലി അയ്യര്‍ എന്ന അവതാകരയുടെ മുഖം കൂടുതല്‍ തെളിഞ്ഞുകാണും. മൂന്നു പതിറ്റാണ്ടുകാലം ദൂരദര്‍ശനില്‍ ഇംഗ്ലീഷ് വാര്‍ത്ത വായിച്ച അവരുടെ ശബ്ദം ഇനി നമ്മള്‍ കേള്‍ക്കില്ല. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്ന അവര്‍ കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു 71-കാരിയുടെ മരണം. വൈകീട്ട് നടക്കാന്‍ പോയതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ അവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
1971-ലാണ് ഗീതാഞ്ജലി ദൂരദര്‍ശനില്‍ ചേരുന്നത്. കൊല്‍ത്തക്കത്തയിലെ ലൊറെറ്റോ കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഡിപ്ലോമയും നേടിയ അവര്‍ ആദ്യം ആകാശവാണിയിലാണ് ജോലി ചെയ്തിരുന്നത്. എല്ലാ വെള്ളിയാഴ്ച്ച രാത്രികളിലും ആകാശവാണിയില്‍ 'എ ഡേറ്റ് വിത്ത് യു' എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു. ഗീതാഞ്ജലിയുടെ ആമുഖത്തോടെ ഇംഗ്ലീഷ് ഗാനങ്ങള്‍ ശ്രോതാക്കളുടെ കാതുകളിലേക്ക് ഒഴുകിയെത്തി. അതിനുശേഷം ടെലിവിഷന്‍ സ്‌ക്രീനിലേക്ക് ചുവടുമാറ്റി. അവിടേയും ഗീതാഞ്ജലി നേട്ടങ്ങള്‍ സ്വന്തമാക്കി. മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം നാല് തവണ നേടിയ ഗീതാഞ്ജലിയെ തേടി ഇന്ദിര ഗാന്ധി പ്രിയദര്‍ശിനി പുരസ്‌കാരവുമെത്തി.

ആദ്യം ബ്ലാക്ക് ആന്റ് വൈറ്റിലും പിന്നീട് കളറിലും ടിവിയില്‍ പ്രത്യക്ഷപ്പെട്ട ഗീതാഞ്ജലിയുടെ സാരിക്കും ബോയ്ക്കട്ട് പോലുള്ള ഹെയര്‍ സ്‌റ്റൈലിനും; എന്തിനേറെ നെറ്റിയില്‍ തൊടുന്ന പൊട്ടിന് വരെ ആരാധകരുണ്ടായിരുന്നു. രാത്രി ഒമ്പത് മണിക്കുള്ള പ്രൈടൈം ന്യൂസ് ആണ് മിക്കപ്പോഴും ഗീതാഞ്ജലി വായിച്ചിരുന്നത്. അന്ന് അവതാരക സാരി വീണ്ടും ധരിക്കുന്നുണ്ടോ എന്നുവരെ ആളുകള്‍ നോക്കിയിരിക്കാറുണ്ടായിരുന്നു. സാരിയുടെ കളര്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ പന്തയം വരെ വെയ്ക്കും. ഇത്രയും സാരികള്‍ എങ്ങനെ കിട്ടുന്നു എന്ന് അവര്‍ സംശയം പ്രകടിപ്പിക്കുകയും ഓഫീസിലേക്ക് വിളിച്ച് സാരിക്ക് സ്‌പോണ്‍സര്‍മാരുണ്ടോ എന്ന് അന്വേഷിക്കുക വരെ ചെയ്തിരുന്ന കാലമായിരുന്നു അത്.
റേഡിയോയില്‍ വാര്‍ത്ത വായിക്കണം എന്നത് ആറാം വയസ് മുതലുള്ള ഗീതാഞ്ജലിയുടെ ആഗ്രഹമായിരുന്നു. കോളേജ് പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജോലിക്ക് അപേക്ഷിച്ചു. അനൗണ്‍സറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1976-ല്‍ ദൂരദര്‍ശനിലെ വാര്‍ത്താ അവതാരകര്‍ക്കുള്ള ഒഡിഷനില്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഓള്‍ ഇന്ത്യ റേഡിയോയും ദൂരദര്‍ശനും വഴിപിരിഞ്ഞപ്പോള്‍ ദൂരദര്‍ശനില്‍തന്നെ നില്‍ക്കാന്‍ ഗീതാഞ്ജലി തീരുമാനിക്കുകയായിരുന്നു.
%20(1).jpg?$p=b637150&&q=0.8)
| Photo: Mathrubhumi Archives
ഇന്നത്തെപ്പോലെ അത്യാധുനിക സാങ്കേതിക വിദ്യയുള്ള, വിര്‍ച്വല്‍ റിയാലിറ്റി വരെ പരീക്ഷിക്കുന്ന തരത്തിലുള്ള സ്റ്റുഡിയോ ആയിരുന്നില്ല അന്ന്. 1982-ലാണ് ദൂരദര്‍ശന്‍ കളറിലേക്ക് മാറിയത്. അപ്പോഴും ടെലിപ്രോംപ്റ്റര്‍ പോലുമുണ്ടായിരുന്നില്ല. ഒരാള്‍ നിന്ന് സ്‌ക്രിപ്റ്റ് റോള്‍ ചെയ്തുകൊടുക്കുന്നതായിരുന്നു പതിവ്. ക്യാമറയിലും സ്‌ക്രിപ്റ്റിലും ഒരുപോലെ നോക്കുന്നത് വളരെ പ്രയാസകരമായ കാര്യമായിരുന്നു. ലേപ്പല്‍ മൈക്കുകളോ പ്രൊഡ്യൂസര്‍മാരുടെ നിര്‍ദേശം സ്വീകരിക്കാനുള്ള സംവിധാനങ്ങളോ ഇല്ലായിരുന്നു. ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ കാണിക്കുന്ന ആംഗ്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു വാര്‍ത്തയുടെ വേഗത നിയന്ത്രിച്ചിരുന്നത്.
ഇപ്പോഴത്തെപ്പോലെയുള്ള വാര്‍ത്താ സംവിധാനത്തില്‍ അവതാരക ആയിരിക്കാനുള്ള ആഗ്രഹവും ഗീതാഞ്ജലി പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമെല്ലാം വാര്‍ത്താ റൂമുകളില്‍ ചോദ്യം ചെയ്യപ്പെടുന്നത് നല്ല കാര്യമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും തങ്ങളുടെ കാലത്ത് അത് ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യമായിരുന്നുവെന്നും ഗീതാഞ്ജലി തുറന്നുപറഞ്ഞിട്ടുണ്ട്.
പണ്ട് സോളിഡയര്‍ ടി.വിയുടെ പരസ്യത്തിലും ഗീതാഞ്ജലിയുടെ മുഖം നിറഞ്ഞുനിന്നു. 'വാര്‍ത്താ അവതാരകയുടെ കണ്‍പീലി തെളിഞ്ഞു കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ ടിവി സോളിഡയര്‍' ആയിരിക്കും എന്ന വാചകത്തോടെയായിരുന്നു ആ പരസ്യം. ജാം പോലെയുള്ള 'മെര്‍മെയ്റ്റ്' എന്ന വെജിറ്റേറിയന്‍ സ്‌പ്രെഡിന്റെ പരസ്യത്തിലും ഗീതാഞ്ജലി ആയിരുന്നു മോഡല്‍. 'എന്റെ തിരക്കുള്ള മോണിങ് ഷെഡ്യൂളില്‍ മികച്ച പ്രഭാതഭക്ഷണം തയ്യാറാക്കാനുള്ള വഴി കണ്ടെത്തി' എന്ന വാചകത്തോടെയായിരുന്നു ആ പരസ്യം പുറത്തിറങ്ങിയിരുന്നത്.
ഒരിക്കല്‍ വീട്ടിലേക്ക് വന്ന ഒരു അപരിചിതനെ കുറിച്ച് ഗീതാഞ്ജലി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്നുനോക്കിയപ്പോള്‍ മുന്നില്‍ ഒരു അപരിചിതന്‍. വീട്ടില്‍ വൈദ്യുതി ഇല്ലെന്നും താമസിക്കുന്ന ചേരിയിലേക്ക് വൈദ്യുതി കിട്ടാനുള്ള സഹായം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അയാള്‍ വന്നത്. മറ്റൊരു ദിവസം ഡെറാഡൂണിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറില്‍നിന്ന് നേരിട്ട അനുഭവവും ഗീതാഞ്ജലി പറയുന്നുണ്ട്. മകന്‍ പഠിക്കുന്ന സ്‌കൂളില്‍ പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു ഗീതാഞ്ജലി. എന്നാല്‍, സ്‌കൂളില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ പണം വാങ്ങാന്‍ വിസമ്മതിച്ചു. രാജ്യത്തിനായി തങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് ആളുകള്‍ കരുതിയിരുന്നതെന്നും അതെല്ലാം ഹൃദയത്തില്‍ തട്ടുന്ന കാര്യങ്ങള്‍ ആയിരുന്നെന്നും ഗീതാഞ്ജലി മുമ്പ് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു.
.jpg?$p=ca1712c&&q=0.8)
ഇന്നത്തെ സെലിബ്രിറ്റികളെ കുറിച്ച് ഗോസിപ്പ് ഉണ്ടാക്കുന്നതു പോലെ അന്ന് അവതാരകര്‍ ആയിരുന്നു അതിന്റെ ഇരകള്‍. അവതാരകരായ നീതിയും റിനി സൈമണും സഹോദരിമാരാണെന്നും ഒരാള്‍ ഹിന്ദു
മതത്തില്‍പെട്ട വ്യക്തിയേയും മറ്റൊരാള്‍ ക്രിസ്ത്യന്‍ വിശ്വാസിയേയും വിവാഹം കഴിച്ചു എന്നും ആളുകള്‍ അക്കാലത്ത് ധരിച്ചുവെച്ചിട്ടുണ്ടായിരുന്നെന്നും റിനി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്ന് റിനിയുടെ വിവാഹം പോലും കഴിഞ്ഞിരുന്നില്ല.
സിനിമാ താരങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ ആരാധനയോടെ വാര്‍ത്ത അവതാരകരെ കണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് അമ്മ ജീവിച്ചിരുന്നതെന്ന് ഗീതാഞ്ജലിയുടെ മകളും മാധ്യമപ്രവര്‍ത്തകയുമായ പല്ലവി അയ്യര്‍ മുമ്പ് എഴുതിയിട്ടുണ്ട്. അമ്മയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചപ്പോള്‍ നിരവധി കമന്റുകളാണ് തനിക്ക് ലഭിച്ചതെന്നും നിമിഷനേരത്തിനുള്ളില്‍ ആ ചിത്രം വൈറലായെന്നും പല്ലവി പറയുന്നു.
'ഇംഗ്ലീഷ് പഠിക്കാന്‍ വാര്‍ത്തകള്‍ കാണണം എന്ന് ടീച്ചര്‍ എപ്പോഴും കുട്ടികളോട് പറയും' എന്നായിരുന്നു അതില്‍ ഒരു കമന്റ്. 'നിങ്ങളുടെ അമ്മ ഒരു സെലിബ്രിറ്റി ആണ്. ഇംഗ്ലീഷ് പറയാനുള്ള കഴിവ് എനിക്ക് ലഭിച്ചത് നിങ്ങളുടെ അമ്മ വാര്‍ത്ത വായിക്കുന്നത് കേട്ടാണ്' , 'എല്ലാ ദിവസവും സഹോദരനൊപ്പം വാര്‍ത്ത കാണുമെന്നും ഒമ്പത് മണിയാകും മുമ്പ് ഇന്നത്തെ അവതാരക ആരാണെന്ന കാര്യത്തില്‍ എപ്പോഴും സഹോദരനുമായി പന്തയം വെയ്ക്കും' എന്നിങ്ങനെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് പല്ലവിയ്ക്ക് ലഭിച്ചത്. അമ്മയുടെ ഓര്‍മകള്‍ ഇപ്പോഴും ആരുടെ മനസില്‍ നിന്നും മാഞ്ഞുപോയിട്ടില്ലെന്നും അതെല്ലാം ഗൃഹാതുരത്വത്തോടെ മനസില്‍ എല്ലാവരും താലോലിക്കുന്ന എന്നതിന്റെ തെളിവാണ് ഇതെന്നും പല്ലവി പറയുന്നു.
Content Highlights: doordarshan era anchor gitanjali iyer lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..