നിഖാത് സരീൻ | Photo: Instagram/ Nikhat Zareen
മുന്‍ ക്രിക്കറ്റ് താരവും ഫുട്‌ബോള്‍ താരവുമായ മുഹമ്മദ് ജമീല്‍ തന്റെ നാല് പെണ്‍മക്കളില്‍ ഒരാളെങ്കിലും കായികരംഗത്തേക്ക് വരണമെന്ന സ്വപ്‌നവുമായാണ് ജീവിച്ചത്. ജീവിത പ്രാരാബ്ധങ്ങളുമായി സൗദി അറേബ്യയിലേക്ക് ജോലി തേടിപ്പോയ ജമീലിന് കായിക കരിയര്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന നിരാശയായിരുന്നു ആ സ്വപ്‌നത്തിന് പിന്നില്‍. മൂന്നാമത്തെ മകള്‍ നിഖാത് സരീന്‍ അങ്ങനെ ജമീലിന്റെ സ്വപ്‌നവാതില്‍ തുറന്നു.
ആദ്യം അത്‌ലറ്റിക്‌സിലാണ് നിഖാത് പരീക്ഷണം നടത്തിയത്. സ്പ്രിന്റ് ഇനങ്ങളില്‍ സംസ്ഥാന ചാമ്പ്യനായി. എന്നാല്‍ അവളുടെ മേഖല ബോക്‌സിങ്ങാണെന്ന ജമീല്‍ വൈകാതെ തിരിച്ചറിഞ്ഞു. ആ കണക്കുകൂട്ടല്‍ പിഴച്ചില്ല. 14-ാം വയസ്സില്‍ ലോക യൂത്ത് ബോക്‌സിങ്ങില്‍ ചാമ്പ്യനായി. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും ഈ തെലങ്കാനക്കാരി സ്വര്‍ണം ഇടിച്ചിട്ടിരിക്കുന്നു.
അമ്മാവന്‍ സംസമുദ്ദീന്റെ മക്കളായ ഇത്ഷാമുദ്ദീനും ഇതിഷാമുദ്ദീനും ബോക്‌സര്‍മാരാണ്. അതുകൊണ്ടു വീട്ടിനുള്ളില്‍തന്നെ നിഖാത് ബോക്‌സിങ് റിങ് കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടിയായ നിഖാതിന് ഒന്നും എളുപ്പമായിരുന്നില്ല. ബോക്‌സിങ്ങിനായി ഷോര്‍ട്‌സും ട്രെയ്‌നിങ് ഷര്‍ട്ടും ധരിക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും എതിര്‍ത്തു.
എന്നാല്‍ അവരുടെ വാക്കുകളൊന്നും ജമീലും ഭാര്യ പര്‍വീണ്‍ സുല്‍ത്താനയും കാര്യമായെടുത്തില്ല. മകള്‍ക്കൊപ്പം ഉറച്ചുനിന്നു. പതുക്കെ പതുക്കെ എതിര്‍പ്പുകള്‍ മുറുമുറപ്പുകളായി മാറി. പിന്നീട് അത് കെട്ടടങ്ങി.
'ബോക്‌സിങ് താരം ആകാനുള്ള അവളുടെ താത്പര്യത്തെ കുറിച്ച് നിഖാത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഷോര്‍ട്‌സും ട്രെയ്‌നിങ് ഷര്‍ട്ടും ധരിക്കുന്നതിനെതിരേ പ്രതിഷേധമുണ്ടായി. പക്ഷേ ഞങ്ങള്‍ അവളോടൊപ്പം നിന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ മകളുടെ ഈ മെഡല്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രചോദനമാകും. ഒരു കുട്ടി, അവര്‍ ആണോ പെണ്ണോ ആകട്ടെ, അവരുടേതായ വഴി കണ്ടെത്താനുള്ള അവസരമൊരുക്കി കൊടുക്കണം. നിഖാത് അവളുടെ സ്വന്തം വഴി കണ്ടെത്തി ലോകചാമ്പ്യനായി.' ജമീലും പര്‍വീണും പറയുന്നു.
ജമീലിന്റെ പിന്തുണയില്‍ വളര്‍ന്ന നിഖാതിന്റെ ആയുധം ക്ഷമയായിരുന്നു. മേരി കോം എന്ന ഇതിഹാസ താരത്തിന്റെ നിഴലില്‍ നിന്ന് പുറത്തു കടക്കുന്ന ഒരു ദിവസമുണ്ടാകുമെന്നും അതിനായി കാത്തിരിക്കണമെന്നും ജമീല്‍ മകളോട് പറഞ്ഞു. എന്നാല്‍ 2017-ല്‍ തോളെല്ലിനേറ്റ പരിക്ക് അവളുടെ ഒരു വര്‍ഷം കവര്‍ന്നെടുത്തു. ആ പരിക്കിന് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മകള്‍ ലോകചാമ്പ്യനായി മാറിയപ്പോള്‍ വേദനയും നിരാശയുമെല്ലാം ഓര്‍മയായി മാറിയെന്നും ജമീല്‍ അഭിമാനത്തോടെ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..