കപില വാത്സ്യായൻ, ആർ. ശരത് | Photo: mathrubhumi, facebook.com|filmdirectorsarath
ഡോ. കപില വാത്സ്യായന്റെ വിയോഗം എന്നെ ഏറെ ദുഃഖത്തിലാഴ്ത്തുന്നു. ഏന്റെ സിനിമാ ജീവിതത്തില്‍ ഒരു പാട് പ്രോത്സാഹനങ്ങള്‍ നല്കിയ സ്നേഹനിധിയായിരുന്നു കപിലാജി എന്ന് ഞാന്‍ വിളിക്കുന്ന കപില വാത്സ്യായന്. ന്യൂഡല്‍ഹി ഇന്ദിരഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിനെ പടുത്തുയര്‍ത്തിയതില്‍ പ്രധാന പങ്കു വഹിച്ചത് സ്ഥാപക ഡയറക്ടറായ കപിലാ വാത്സ്യായനാണ്.
അവസാന ശ്വാസം വരെ ഇന്ത്യയുടെ ബഹുസ്വരത ഉയര്‍ത്തി പിടിക്കുന്നതില്‍ ഇവര്‍ പുലര്‍ത്തിയിരുന്ന നിശ്ചയ ദാര്‍ഢ്യം രാജ്യം ഒരിക്കലും മറക്കുമെന്നു തോന്നുന്നില്ല, വിവിധ ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചു ആഴത്തില്‍ പഠിച്ചു നിരവധി പുസ്തകങ്ങള്‍ രചിച്ചു. കപിലാജി സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് സ്വാതന്ത്യ, റിപ്പബ്ലിക് ഡേ പരേഡ് ചടങ്ങുകളില്‍ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യങ്ങളും ഫ്ളോട്ടുകളും ഉള്‍പ്പെടുത്തി ഇന്നത്തെ രീതി അവലംബിച്ചത്. ശാസ്ത്രീയ നൃത്തം, ചിത്രകല, കലാചരിത്രം എന്നീ രംഗങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിരവധി തവണ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിനെ പ്രതിനിധീകരിച്ചു ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കപിലാജി നമ്മുടെ കഥകളിയെയും കൂടിയാട്ടത്തെയും മോഹിനിയാട്ടത്തെയും പ്രണയിച്ചിരുന്നു എന്നു പറയുന്നതാകും ശരി. മലയാളികളോട് പ്രത്യേക മമത സൂക്ഷിച്ചിരുന്ന കപിലാജി ഇടക്കിടെ കലാമണ്ഡലത്തിലും ഇരിങ്ങാലക്കുടയിലും വരുമായിരുന്നു .
2011-ല്‍ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്കി കപിലാജിയെ രാജ്യം ആദരിച്ചു. ദില്ലി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പിഎച്ച്ഡിയും നേടി. 'ദി സ്ക്വയര്‍ ആന്‍ഡ് സര്‍ക്കിള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സ്', എന്ന പുസ്തകം ഇവിടെയും വിദേശത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനകളില്‍ ഒന്നാണ്. 2006 ല്‍ രാജ്യസഭയിലെ അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടങ്കിലും വിവാദങ്ങളില്‍ നിന്നകന്നു ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഏഷ്യ പ്രോജക്ട് ചീഫായി തിരിച്ചു പോവുകയായിരുന്നു .
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിനു(IGNCA) വേണ്ടി നിരവധി ഡോക്യൂമെന്ററികള്‍ ഞാന്‍ ചെയ്തിട്ടുണ്ട് .IGNCA യും അമേരിക്കയിലെ XEROX PARC കൂടി ചെയ്ത ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടീമീഡിയ പ്രോജക്ടില്‍ വിഷ്വല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ കപിലാജിയാണ് എനിക്ക് അവസരം തന്നത്.
ഈ അടുത്തിടെ ഞാന്‍ വിളിച്ചപ്പോള്‍ കപിലാജി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു .'എനിക്ക് വയസ്സ് 91 ആയി. കോവിഡ് എല്ലാ ബന്ധങ്ങളെയും ദുര്‍ബലമാക്കിക്കൊണ്ടിരിക്കുന്നു. അല്ലങ്കില്പോലും മരണം ആരുടെയും ആത്മബന്ധങ്ങളോട് ഒരു അനുകമ്പയും കാട്ടില്ല.
(സ്വയം, പറുദീസ, ദി ഡിസയര്‍; എ ജേര്‍ണി ഓഫ് എ വുമണ്‍ തുടങ്ങിയ നിരവധിചിത്രങ്ങളുടെ സംവിധായകനാണ് ലേഖകന്‍)
Content Hihlights: Director R. Sarath remembers Dr kapila vatsyayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..