ദേവി ഓലക്കുടനിർമാണത്തിൽ
തളിപ്പറമ്പ്: ദുബായിലേക്കുവരെ പറന്ന ഓലക്കുടയുടെ പെരുമ തളിപ്പറമ്പിലെ പുളിമ്പറമ്പിൽ കെ.ദേവിക്ക് സ്വന്തം. അറുപത്തിയെട്ടാം വയസ്സിലും ഓലക്കുടനിർമാണത്തിലാണ് ദേവി.
ഈറ്റയുടെ ഓടയും കുടപ്പനയുടെ ഓലയും ഉപയോഗിച്ചാണ് കുടയുണ്ടാക്കുന്നത്. കുടയുടെ ഫ്രെയിം നിർമിക്കാൻ ഓട, കാൽ നിർമിക്കാൻ മുള, പൊതിയാൻ ഓല, കെട്ടാൻ നാര് എന്നിവയാണ് വേണ്ടത്. ഓടയും ഓലയും പഴയപോലെ കിട്ടാനില്ല. ദൂരസ്ഥലങ്ങളിൽ നേരിട്ടുപോയി സംഘടിപ്പിച്ചിട്ടാണ് ഈ പ്രായത്തിലും ഓലക്കുട നിർമിക്കുന്നത്. അതിനാൽ ചെലവ് കഴിയുമ്പോൾ പറയത്തക്ക ലാഭം കിട്ടാറില്ലെന്നതാണ് അവസ്ഥ.
ഓലക്കുട നേരിട്ട് വാങ്ങുന്നവർ ഒന്നിന് 1000 രൂപയും ഇടനിലക്കാർ 800-ഉം ആണ് പ്രതിഫലം നൽകുന്നത്. എന്നാൽ, ഒരു ഓലക്കുട നിർമിക്കാൻ രണ്ടു ദിവസത്തെ അധ്വാനം ആവശ്യമാണ്. ഇതിനുപകരം കൂലിപ്പണിക്ക് പോയാൽ ഒരു ദിവസം 800 രൂപ ലഭിക്കുമെങ്കിലും ഭക്തിയും കുലത്തൊഴിലിനോടുള്ള ആദരവുമാണ് ഓലക്കുട നിർമാണം ഈ പ്രായത്തിലും തുടരാൻ ഇവർക്ക് പ്രേരണയാവുന്നത്. പ്രധാനമായും കാഴ്ചക്കുട, വീരൻകുട എന്നിവയാണ് നിർമിക്കുന്നത്.
പതിമൂന്നാംവയസ്സിൽ മാതാപിതാക്കൾ മരണപ്പെട്ടതോടെയാണ് ഓലക്കുടയുണ്ടാക്കാൻ തുടങ്ങിയത്. ഇവരിൽനിന്നാണ് കുലത്തൊഴിലായ ഓലക്കുട നിർമാണം പരിശീലിച്ചത്. ഓലക്കുടകൾക്ക് ആവശ്യക്കാർ കുറഞ്ഞപ്പോൾ കൃഷിപ്പണിക്കാർക്കുള്ള നാട്ടിക്കുട, തലക്കുട, പ്ലാക്കൂട് എന്നിവയിലേക്ക് ചുരുങ്ങി. വിവാഹം കഴിഞ്ഞ് എട്ടാംവർഷം ഭർത്താവ് മരിച്ചു. മൂന്നുമാസവും മൂന്നുവയസ്സുമുള്ള മക്കളുമായി ചെറിയ പ്രായത്തിൽ തന്നെ ദേവിക്ക് ജീവിതം വെല്ലുവിളിയായി. അവിടുന്നിങ്ങോട്ട് ദേവി ചെയ്യാത്ത തൊഴിലുകളില്ല. 27 കൊല്ലം പാറ പൊട്ടിച്ച് ലോറിയിൽ കയറ്റുന്ന പണിക്ക് പോയി. അക്കാലത്ത് രാത്രിയിൽ ഓലക്കുടനിർമാണം തുടർന്നു. ഇപ്പോൾ കോഴി, താറാവ് എന്നിവയെ വളർത്തലും ചെറിയ കൃഷിയുമുണ്ട്.
പഴയപോലെ ഓലക്കുടകൾക്ക് ഇപ്പോൾ ആവശ്യക്കാരില്ല. ക്ഷേത്രങ്ങളിലേക്ക് മാത്രമാണ് കൊണ്ടുപോകുന്നത്. രണ്ടുവർഷമായി കോവിഡ് കാരണം ഉത്സവങ്ങളില്ലാതിരുന്നതിനാൽ ഒരു കുട പോലും വിൽക്കാനായിട്ടില്ല. ഇപ്പോൾ പതിയെ ഉത്സവങ്ങളും തെയ്യവും സജീവമാകുന്ന സന്തോഷത്തിലാണ് ദേവി. പ്രധാനക്ഷേത്രങ്ങൾക്കു പുറമേ അയൽജില്ലകളിലേക്കും ഇവിടുന്ന് കുടകൾ കൊണ്ടുപോയിട്ടുണ്ട്. ഈയടുത്ത് ഫോട്ടോഷൂട്ടിനായി ഒരു ഓലക്കുട നിർമിച്ചത് പുതിയ അനുഭവമായെന്ന് ദേവി പറയുന്നു. മാറുന്ന കാലത്തിനൊത്ത് ഓലക്കുടയ്ക്കും 'മേക്ക് ഓവർ' സാധ്യമാണെന്നത് ഈ മേഖലയ്ക്ക് ഒരു പ്രതീക്ഷയാണ്. ആർക്കെങ്കിലും ഓലക്കുട നിർമാണം പഠിപ്പിച്ചു കൊടുക്കണമെന്നും ഈ തൊഴിൽ വരുംകാലത്ത് സംരക്ഷിക്കപ്പെടണമെന്നുമാണ് ദേവിയുടെ ആഗ്രഹം. മകൻ പ്രശാന്തും മകൾ ബിന്ദുവും മരുമക്കൾ നിഷയും ബാബുവും പേരക്കുട്ടികളുമടങ്ങുന്നതാണ് ദേവിയുടെ കുടുംബം.
Content highlights: devi still countinue the making of olakkuda at the age of 68
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..