സൈഷ ഷിൻഡെ മാറ്റത്തിന് മുമ്പും ശേഷവും | Photo: instagram.com|officialswapnilshinde|
ആണ്‍ശരീരങ്ങളില്‍ ജീവിക്കുന്ന പെണ്‍മനസ്സുകളുടേയും തിരിച്ചുമൊക്കെയുള്ള ധാരാളം പൊള്ളിക്കുന്ന അനുഭവങ്ങള്‍ കേട്ടിട്ടുണ്ടാവും. ആരുമറിയാതെ ഉള്ളിലൊളിപ്പിച്ചു നടന്ന് അസ്തിത്വമില്ലാതെ ജീവിക്കുന്ന അവരില്‍ പലരും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാകുമ്പോഴാണ് തുറന്നുപറച്ചില്‍ നടത്തുന്നത്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് ഫാഷന്‍ ഡിസൈനറായ സ്വപ്‌നില്‍ ഷിന്‍ഡെ എന്ന സൈഷയും അതേക്കുറിച്ച് പങ്കുവെക്കുകയാണ്.
കരീന കപൂര്‍, ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ശ്രദ്ധ കപൂര്‍, കിയാര അദ്വാനി തുടങ്ങിയ നിരവധി അഭിനേത്രികള്‍ക്കു വേണ്ടി വസ്ത്രാലങ്കാരം നിര്‍വഹിച്ചയാളാണ് സൈഷ. കുട്ടിക്കാലം തൊട്ടുതന്നെ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും ആദ്യം ഗേ ആണെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോള്‍ താന്‍ ട്രാന്‍സ് വുമണ്‍ ആണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണെന്നും പറയുകയാണ് സൈഷ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൈഷ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സ്വപ്‌നില്‍ ഷിന്‍ഡെ എന്ന പേരില്‍ നിന്ന് സൈഷയിലേക്കുള്ള മാറ്റത്തെക്കുറിച്ച് കൂടി പങ്കുവെച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. '' സൈഷ എന്നാല്‍ അര്‍ഥപൂര്‍ണമായ ജീവിതം എന്നാണര്‍ഥം, എന്റേത് അസാധാരണമായ അര്‍ഥപൂര്‍ണമായ ജീവിതമാക്കാനാണ് പദ്ധതി''- എന്നു പറഞ്ഞാണ് സൈഷ കുറിച്ചിരിക്കുന്നത്.
കുട്ടിക്കാലത്തെ ഓര്‍മകളിലേറെയും തനിച്ചാകപ്പെടലിന്റേതും വേദനകളുടേതും ആശയക്കുഴപ്പങ്ങളുടേതുമാണെന്ന് പറയുന്നു സൈഷ. ''സ്‌കൂളിലും കോളേജിലും വ്യത്യസ്തനായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, ഉള്ളിലെ വേദന പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എന്റേതല്ലെന്ന് എനിക്കറിയാവുന്ന ഒരു യാഥാര്‍ഥ്യത്തില്‍ ജീവിക്കുമ്പോള്‍ ശ്വാസംമുട്ടുന്നതുപോലെ തോന്നി. എന്നിട്ടും സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കും ചട്ടങ്ങള്‍ക്കുമൊത്ത് ജീവിക്കാന്‍ ദിവസവും നടിക്കേണ്ടിവന്നു. എന്റെ ഇരുപതുകളില്‍ നിഫ്റ്റില്‍ ചേര്‍ന്നപ്പോള്‍ മാത്രമാണ് സത്യത്തെ സ്വീകരിക്കാനുള്ള ധൈര്യം കൈവന്നത്''- സൈഷ പറയുന്നു.
പിന്നീടുള്ള വര്‍ഷങ്ങളില്‍ താന്‍ ഗേ ആണെന്നാണ് കരുതിയിരുന്നതെന്നും സൈഷ പറയുന്നു. പുരുഷന്മാരോട് ആകര്‍ഷിക്കപ്പെടുന്നത് ഗേ ആയതുകൊണ്ടാണ് എന്നാണ് കരുതിയിരുന്നത്. പക്ഷേ ഒടുവില്‍ ആറുവര്‍ഷങ്ങള്‍ക്കുമുമ്പു മാത്രമാണ് ഞാന്‍ എന്നെ സ്വീകരിച്ചത്, ഇന്ന് നിങ്ങള്‍ക്ക് മുമ്പിലും എന്നെ അംഗീകരിക്കുന്നു. ഞാന്‍ ഒരു ഗേ അല്ല, ഒരു ട്രാന്‍സ് വുമണാണ്- സൈഷ പറയുന്നു.
നിരവധി പേരാണ് സൈഷയുടെ ധീരമായ നീക്കത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സണ്ണി ലിയോണ്‍, അഥിതി റാവു ഹൈദരി, നേഹ ഭാസിന്‍ തുടങ്ങിയ താരങ്ങളും സൈഷയുടെ കുറിപ്പിന് കീഴെ കമന്റുകളുമായെത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ തന്റെ തുറന്നുപറച്ചിലിനെ പിന്തുണച്ചതോടെ സൈഷ മറ്റൊരു കുറിപ്പും പങ്കുവെച്ചു.
തന്നെപ്പോലെ ജീവിതത്തോട് മല്ലിട്ടവര്‍ക്കെല്ലാം പ്രചോദനമാകാനാണ് കുറിപ്പ് പങ്കുവച്ചതെന്നും തന്റെ സന്തോഷത്തിനു വേണ്ടി എപ്പോഴും ചുറ്റുംനിന്ന കുടുംബവും സുഹൃത്തുക്കളുമാണ് അനുഗ്രഹവും കരുത്തുമായതെന്നും സൈഷ കുറിച്ചു. സൈഷ ഷിന്‍ഡെയുടെ പിറവിയെ സഹായിച്ച ഓരോരുത്തര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും സൈഷ കുറിച്ചു.
Content Highlights: Designer Saisha Shinde Reveals New Identity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..