ഷബ്‌ന | Photo: Mathrubhumi
ജന്മനാ വീല്‍ച്ചെയറിലായിരുന്നു ഷബ്‌ന. ആ വീല്‍ച്ചെയര്‍ തന്നെ തന്റെ തുടര്‍പഠനം നിഷേധിച്ചപ്പോള്‍ അതിലിരുന്ന് അവള്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. കാലുകളില്ലെങ്കിലും സ്വപ്രയത്‌നത്താല്‍ 'സ്വന്തം കാലില്‍' നില്‍ക്കാനായിരുന്നു ഷബ്‌ന ബഷീറിന്റെ എന്നത്തേയും ആഗ്രഹം.
എം.എ. ഇക്കണോമിക്‌സ് എന്ന സ്വപ്നത്തിന് വിലങ്ങുതടിയായത് മൂന്നാമത്തെ നിലയിലെ ക്ലാസ് മുറിയായിരുന്നു. ക്ലാസ് മൂന്നാം നിലയിലായതിനാല്‍ പഠിത്തം നിര്‍ത്താന്‍ പ്രിന്‍സിപ്പല്‍ ഉപദേശിച്ചു. എന്നാല്‍, സ്വപ്നങ്ങള്‍ക്ക് തടസ്സം നിന്ന പ്രിന്‍സിപ്പല്‍ തനിക്ക് ഉയരങ്ങളിലേക്കു പറക്കാന്‍ ചിറകു നല്‍കിയെന്നാണ് അവളുടെ വിശ്വാസം. മുറിവേല്‍പ്പിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കരുത്തുപകര്‍ന്നു എന്നവള്‍ പറയുന്നു.
2006-ല്‍ വാപ്പ കാന്‍സറിനു മുന്നില്‍ അടിയറവ് പറഞ്ഞപ്പോഴും, 2018-ല്‍ ബാത്ത്റൂമിലെ വീഴ്ച തുന്നലിനും ഡിസൈനിങ് പ്രതീക്ഷകള്‍ക്കും വിരാമമിട്ടപ്പോഴും ഉള്ളിലെ തീ അണയാതിരിക്കാന്‍ അവള്‍ തന്നോടുതന്നെ പോരാടിക്കൊണ്ടിരുന്നു.
പ്രോഗ്രസീവ് മസ്‌കുലര്‍ ഡിസ്‌ട്രോഫി (മാംസപേശികളുടെ തളര്‍ച്ച) എന്ന അപൂര്‍വ ന്യൂറോ മസ്‌കുലര്‍ രോഗം ബാധിച്ച ഷബ്‌ന ജന്മനാ വീല്‍ച്ചെയറിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു വീട്. നാല് പെണ്‍മക്കള്‍ അടങ്ങിയ കുടുംബത്തിലെ മൂത്ത മകളാണ് ഷബ്‌ന.
ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജില്‍ ഇക്കണോമിക്‌സില്‍ ബിരുദം നേടി. ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നെങ്കിലും മൂന്നാം നിലയിലെ ക്ലാസ് മുറി താഴേക്ക് മാറ്റാന്‍ പറ്റില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതോടെ തുടര്‍ പഠനത്തിന് വിരാമമിട്ടു. പിന്നീട് തുന്നലിലായി ശ്രദ്ധ. ഷീജ ടീച്ചര്‍ ആദ്യപാഠങ്ങള്‍ നെയ്തുകൊടുത്തു. പിന്നീട് വീട്ടില്‍ തന്റേതായ ഇടം കണ്ടെത്തി ശൈലിയും ഫാഷനും ചേര്‍ത്ത് മുറിക്കുള്ളില്‍നിന്ന് പുറംലോകത്തേക്ക് കുതിച്ചു.
മന്നത്ത് എന്നാല്‍ ആഗ്രഹം
'മന്നത്ത് സ്‌റ്റൈല്‍' എന്ന പേരില്‍ മുപ്പത്തിമൂവായിരത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റഗ്രാം പേജിന്റെ ഉടമയായ ഷബ്‌ന ഇന്ന് ഒരു ഡിസൈന്‍ സംരംഭകയുമാണ്. സെലിബ്രിറ്റികളടക്കം രാജ്യത്തുടനീളം ഷബ്‌നയുടെ ഡിസൈനുകള്‍ക്കും സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി (മൈന്‍ഡ്) ട്രസ്റ്റ് സംഘടനയില്‍ അംഗവുമാണ്.
ഉമ്മ ശമീന ബഷീര്‍ എല്ലാത്തിനും മകളുടെ ഒപ്പമുണ്ട്. 'ഒരു പ്രാവശ്യം സ്റ്റിച്ച് ചെയ്തവര്‍ പിന്നീട് ഷബ്‌നയുടെ ഇഷ്ടത്തിന് ചെയ്‌തോളൂ' എന്ന വിശ്വാസ വാക്കുകളാണ് ആത്മധൈര്യം നല്‍കുന്നതെന്ന് അവര്‍ പറയുന്നു. മാസം 25,000 രൂപയോളം മരുന്നിനു മാത്രം ചെലവ് വരും. പുറമെയുള്ള മറ്റ് ചെലവുകളും ഷബ്‌ന വര്‍ഷങ്ങളായി നിറവേറ്റി വരുന്നു.
ഇന്‍വിസിബിള്‍ വിങ്‌സ് സംഘടിപ്പിക്കുന്ന ചെറുകിട വനിതാ സംരംഭകരുടെ എക്‌സിബിഷന്റെ അഞ്ചാമത്തെ എഡിഷനില്‍ ശനിയാഴ്ച ഷബ്നയ്ക്ക് ഈ വര്‍ഷത്തെ ബെസ്റ്റ് സംരംഭകയ്ക്കുള്ള അവാര്‍ഡ് നല്‍കും. ഇടപ്പള്ളി ഹൈവേ ഗാര്‍ഡനിലാണ് പരിപാടി. ചെറുകിട വ്യവസായത്തില്‍ ഉള്‍പ്പെട്ട വനിതാ സംരംഭകരെ പരിചയപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Content Highlights: design entrepreneur shabnas lifestory and fight agianst neuro muscular disease
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..