
ദീപിക പദുക്കോൺ | Photo: AFP,instagram.com|deepikapadukone|
ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ബോളിവുഡിലെത്തി വിജയക്കൊടി പാറിച്ച താരമാണ് നടി ദീപിക പദുക്കോണ്‍. വിഷാദരോഗത്തെക്കുറിച്ചും അതിനുവേണ്ടി തന്റെ നേതൃത്വത്തില്‍ നടത്തിയ ചുവടുവെപ്പുകളെക്കുറിച്ചുമൊക്കെ പങ്കുവച്ചിട്ടുണ്ട് ദീപിക. ബാഡ്മിന്റണ്‍ ലോകം വിട്ട് നായികാപദവിയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ദീപിക ഇപ്പോള്‍.
നാഷണല്‍ ജ്യോഗ്രാഫിക്കിന്റെ സീരീസിലാണ് ദീപിക മനസ്സു തുറന്നത്. പ്രശസ്ത ബാഡ്മിന്റണ്‍ പ്ലേയറായ അച്ഛന് പ്രകാശ് പദുക്കോണിന്റെ ശിക്ഷണത്തില്‍ പരിശീലിച്ചു തുടങ്ങിയ കാലം മുതല്‍ പങ്കുവെക്കുകയാണ് ദീപിക. പതിനാറാം വയസ്സില്‍ കോര്‍ട്ട് വിട്ട് അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും ചുവടുമാറുകയായിരുന്നു. ബാഡ്മിന്റണ്‍ തന്റെ മനസ്സില്‍ രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളുവെന്നും ദീപിക.
പത്താംതരം പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ മോഡലിങ്ങും അഭിനയവുമാണ് തന്റെ കരിയര്‍ എന്ന് ദീപിക നിശ്ചയിച്ചിരുന്നു. ഇക്കാര്യം അമ്മയെ അറിയിച്ചതെങ്ങനെയെന്ന് അതേ അഭിമുഖത്തില്‍ ദീപികയുടെ അമ്മ ഉജ്ജലയും പങ്കുവെക്കുന്നുണ്ട്. '' ഒരു ദിവസം രാവിലെയാണ് ദീപിക ഇക്കാര്യം പറയുന്നത്. അമ്മേ കാലങ്ങളായി ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ബാഡ്മിന്റണ്‍ കളിക്കുന്നത് പപ്പയ്ക്ക് വേണ്ടിയാണ്. അതല്ല ഞാന്‍ ആസ്വദിക്കുന്നത്, എനിക്ക് മോഡലിങ്ങും അഭിനയവും ഗൗരവമായി എടുക്കണമെന്നുണ്ട് എന്നാണ് പറഞ്ഞത്. ഇതു ഞാനും ഗൗരവമായി എടുത്തില്ല''. നിങ്ങള്‍ കാത്തിരിക്കൂ, ഒരിക്കല്‍ തന്നെയോര്‍ത്ത് അഭിമാനിക്കാന്‍ അവസരം നല്‍കുമെന്നും ദീപിക പറഞ്ഞെന്ന് അമ്മ പറയുന്നു.
സിനിമയില്‍ ചുവടുവെക്കും മുമ്പ് ബാഡ്മിന്റണ്‍ പ്ലേയര്‍ എന്ന നിലയിലും മേല്‍വിലാസം നേടിയെടുത്ത താരമാണ് ദീപിക. ദേശീയതല ചാമ്പ്യന്‍ഷിപ്പുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള ദീപിക അക്കാലത്തെക്കുറിച്ചും പങ്കുവെക്കുന്നുണ്ട്. '' എല്ലാ ദിവസവും നാലോ അഞ്ചോ മണിയാകുമ്പോള്‍ എഴുന്നേറ്റ് പരിശീലനത്തിനു പോകും, തിരിച്ച് വീട്ടിലെത്തി തയ്യാറായി സ്കൂളിലേക്കും. സ്കൂള്‍ വിട്ടാലുടന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിക്കാനൊന്നും നില്‍ക്കാതെ വീട്ടിലെത്തി വസ്ത്രം മാറി സ്നാക്സും കഴിച്ച് ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്കു പോകും. അത്താഴം കഴിക്കുക, അപ്പോഴേക്കും തളര്‍ന്നിട്ടുണ്ടാവും പിന്നെ പോയി കിടന്നുറങ്ങുക. വീണ്ടും ഇതേ കാര്യങ്ങള്‍ തന്നെ- ദീപിക പറയുന്നു.
Content Highlights: Deepika Padukone about her journey from the badminton court to films
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..