'ഭാവിയില്‍ അഞ്ച്‌ ലക്ഷം ലാഭിക്കാനായി ഇപ്പോള്‍ 500 രൂപ ചെലവഴിക്കൂ'; വിവേചനത്തിന്റെ പലമുഖങ്ങള്‍


By ഡോ. സബീന ഹമീദ് പി

5 min read
Read later
Print
Share

മരുമകളായി പെണ്‍കുട്ടികളെ വേണമെന്നും എന്നാല്‍ മകളെ വേണ്ട എന്നും ചിലരെങ്കിലും തീരുമാനിച്ചു തുടങ്ങിയിരിക്കുന്നു. കളയെ പിഴുതെറിയുന്ന ലാഘവത്തോടെ

Photo: Pixabay

ലോകരാഷ്ട്രങ്ങളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയിലുള്ള വ്യതിയാനങ്ങള്‍ പോലെ രാജ്യങ്ങളുടെ ജനസംഖ്യയും ലിംഗഘടനയും വ്യത്യസ്തമാണ്. ലോകജനസംഖ്യയുടെ ഗതി നിര്‍ണയിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ലോകത്തിലെ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യം എന്ന നിലയിലും ജനസംഖ്യാ വളര്‍ച്ചാനിരക്ക് വളരെ കൂടുതലായതു കൊണ്ടും (17.64%) ഇന്ത്യയുടെ ലിംഗാനുപാതം ആഗോളതലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. നവോത്ഥാനത്തിന്റെ സാരഥികളായി സ്ത്രീകളെ ചിത്രീകരിക്കുമ്പോഴും സ്ത്രീ ശാക്തീകരണത്തിനും സമത്വത്തിനുമായി മുറവിളി കൂട്ടുമ്പോഴും നാം നമ്മുടെ നിലനില്‍പ്പിനു വേണ്ടിയുള്ള അടിവേരുകളെ പിഴുതെറിയുകയാണോ?

ജനസംഖ്യ കൂടുതല്‍ ഉള്ള ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ജനസംഖ്യയിലെ ലിംഗഅസമത്വം ഏറ്റവും കൂടുതല്‍ എന്ന് മനസിലാക്കാം. ഒരു രാജ്യത്തിലെ ജനസംഖ്യയിലെ ലിംഗസന്തുലിതാവസ്ഥ ആ രാജ്യത്തിലെ ജനന സമയത്തെ ലിംഗാനുപാതത്തെയും മരണ സമയത്തെ ലിംഗാനുപാതത്തേയും രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള കുടിയേറ്റത്തിനും അനുസരിച്ചാണ്. ജനനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തിലുള്ള പ്രാതിനിധ്യ കുറവും മരണത്തില്‍ താരതമേന്യ ഉയര്‍ന്ന പ്രാതിനിധ്യവും ഇന്ത്യയിലെ ലിംഗാനുപാതം പുരുഷന് അനുകൂലമാക്കുന്നു (NFHS.3, 2006). ഈ ദുരാവസ്ഥ നമ്മുടെ രാജ്യത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്ഥാനം വിളിച്ചോതുന്നതിനോടൊപ്പം അവളുടെ ആരോഗ്യം, പോഷകാഹാര ലഭ്യത, എന്തിന് ജനനത്തിന് തന്നെയുള്ള വിഘാതത്തെ സൂചിപ്പിക്കുന്നു.

വികസിത രാജ്യങ്ങളിലെ സ്ത്രീ പുരുഷാനുപാതം ഏറെ മെച്ചപ്പെട്ടതാണെങ്കിലും പല വികസ്വര രാജ്യങ്ങളിലും ഇത് അത്ര മെച്ചപ്പെട്ടതല്ല. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ താഴ്ന്ന സ്ത്രീ-പുരുഷാനുപാതം ആഗോള ശരാശരിയെ ഗണ്യമായി താഴ്ത്തിക്കാണിക്കുന്നു. 2011 ലെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ ലിംഗാനുപാതം 984 ഉം, ഇന്ത്യയിലും ചൈനയിലും 940 ഉം, 926 ഉം ആണ്. ജനസംഖ്യയിലെ 'പുരുഷവത്ക്കരണം' (ഗല്‍ മോട്ടോ, 2007) ഏഷ്യയില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ശുദ്ധമായ വായു, പരിശുദ്ധവും സുരക്ഷിതവുമായ ജലം എന്നിവ പോലെ പ്രകൃതിയുടെ വരദാനമാണ് സന്തുലിതമായ സ്ത്രീ-പുരുഷ അനുപാതം. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും കമ്മി നികത്തി ലിംഗ സന്തുലിതാവസ്ഥ കൈവരിക്കണമെങ്കില്‍ കുറെ ദശകങ്ങളോളം നാം കാത്തിരിക്കേണ്ടി വരും. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്നിന്റെ 'മിസ്സിങ്ങ് വുമണ്‍'' എന്ന പദപ്രയോഗം ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിലും ചൈനയിലും സ്ത്രീപുരുഷാനുപാതം സംശയാതീതമായി കുറയുന്നതായും അസമത്വവും അവഗണനയും മൂലം ഈ രാജ്യങ്ങളുടെ ജനസംഖ്യയില്‍ സ്ത്രീകള്‍ അപ്രത്യക്ഷമാകുന്നുവെന്നും അദ്ദേഹം എഴുതുകയുണ്ടായി.

സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്ത ലിംഗാനുപാതം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മൊത്തം ജനസംഖ്യയിലെ സ്ത്രീ പുരുഷാനുപാതം (Over All Sex Ratio) അവലോകനം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്ത ലിംഗാനുപാതമാണ് ഇന്ത്യയില്‍ കാലങ്ങളായി നിലനിന്നിരുന്നത് എന്ന വസ്തുത മനസ്സിലാക്കാനാകും. ഇന്ത്യയുടെ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ സ്ത്രീ- പുരുഷാനുപാതം 1991 വരെ മിക്ക സംസ്ഥാനങ്ങളിലും കുറയുന്ന അവസ്ഥയാണ്. 2001 മുതല്‍ ഈ അനുപാതത്തിന്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. കേരളം (1084), തമിഴ്‌നാട് (995), കര്‍ണ്ണാടകം (968), ആന്ധ്രാപ്രദേശ് (992) എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീ-പുരുഷാനുപാതം കഴിഞ്ഞ കുറേ ദശകങ്ങളായി മുന്‍പന്തിയിലാണ്. എന്നാല്‍ 'ബിമാറു' (BIMARU) സംസ്ഥാനങ്ങളായ ബീഹാര്‍ (916), മധ്യപ്രദേശ് (920), രാജസ്ഥാന്‍ (926), ഉത്തര്‍പ്രദേശ് (908) എന്നിവിടങ്ങളില്‍ സ്ഥിതി ഭേദപ്പെട്ടതല്ല. (2011 സെന്‍സസിലെ സ്ത്രീ പുരുഷാനുപാതമാണ് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്) ഹരിയാനയിലും (877), പഞ്ചാബിലുമാണ് (893) ഏറ്റവും ദയനീയമായ അവസ്ഥ.

കുട്ടികള്‍ക്കിടയിലെ ലിംഗാനുപാതം

കേരളം, മിസോറാം, ത്രിപുര, സിക്കിം ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കുട്ടികള്‍ക്കിടയിലെ ലിംഗാനുപാതം കുറഞ്ഞതായി 2001 ലെ സെന്‍സസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.. മിക്ക സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ അവസ്ഥ തുടരുന്നു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഈ ഇടിവ് മൂന്നു മടങ്ങിനേക്കാള്‍ അധികമാണ് എന്നുള്ളത് ഗ്രാമപ്രദേശങ്ങളില്‍ പോലും അള്‍ട്രാ സൗണ്ട് സ്‌കാനിംഗിന്റെ വ്യാപനവും ആണ്‍കുട്ടികള്‍ക്കായുള്ള മുന്‍ഗണനയും താല്പര്യവും ആണ് സൂചിപ്പിക്കുന്നത്. അതേസമയം സാമൂഹികായി പിന്നോക്കം നില്ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗമാണ് പെണ്‍കുട്ടികളുടെ ലിംഗാനുപാതത്തില്‍ മെച്ചപ്പെട്ട നില പുലര്‍ത്തുന്നത്.

ജനന സമയത്തുള്ള ലിംഗാനുപാതം

അവഗണന, പോഷകാഹാരകുറവ്, വിളര്‍ച്ച തുടങ്ങിയവയും അനുബന്ധമരണനിരക്കും സ്ത്രീകളിലും കുട്ടികളിലും താരതമ്യേന കൂടുതലായതു കൊണ്ടാണ് ജനസംഖ്യയിലെ ലിംഗ അസമത്വം നിലനില്‍ക്കുന്നത് എന്ന വാദം മുന്‍കാലങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ ജനന സമയത്തെ ലിംഗാനുപാതം (ex Ratio at Birth) പരിശോധിച്ചാല്‍ ജനനത്തിനു മുന്‍പ് ഗര്‍ഭാശയത്തില്‍ വെച്ചു തന്നെ ലിംഗ നിര്‍ണയത്തിനായുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ലിംഗ നിര്‍ണ്ണയം ആമാനുഷികവും അസാധ്യവുമാണ് എന്നും അത് ദൈവഹിതത്തി നനുസരിച്ച് നടക്കുന്നതാണ് എന്നും സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും വിശ്വസിച്ചിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഏറെ പ്രചാരം നേടി അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് വ്യാപിച്ചതോടു കൂടി ലിംഗനിര്‍ണയവും, ലിംഗഘടനയും തന്നിഷ്ടത്തിലാക്കി മാറ്റുന്നതില്‍ മനുഷ്യന്‍ വിജയിച്ചിരിക്കുന്നുവെന്നതിന്റെ ബാക്കി പ്രതമാണ് ജനസംഖ്യയിലെ സ്ത്രീകളുടെ ഈ കമ്മി. ചരിത്രം കാണാത്ത തരത്തിലുള്ള ലിംഗ അസമത്വങ്ങള്‍ക്ക് ഇത് വഴിവെയ്ക്കുന്നു. പെണ്‍കുഞ്ഞിന് ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന തലത്തിലേയ്ക്ക് നാം എത്തിപ്പെടുകയും ചെയ്യുന്നു. ജനിക്കുവാനുള്ള അവകാശലംഘനം എല്ലാ നിഷേധങ്ങള്‍ക്കുമപ്പുറത്താണ്. ജനിച്ചാലല്ലേ ശബ്ദംഉയര്‍ത്താനും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനും പറ്റു? നിലനില്പിന്റെ അടിവേരുകളെ പിഴുതെറിയാനും നാം കയറിവന്ന പടികളെ ഇല്ലായ്മചെയ്യാനും തക്കവണ്ണം മനുഷ്യ കുലത്തിന് ബുദ്ധിഭ്രമം ബാധിച്ചുവെന്ന് ഈ അവസ്ഥ കാണുമ്പോള്‍ തോന്നിപ്പോകുന്നു. സമര സംഘടനത്വം സ്ത്രീ സ്വാതന്ത്യം, ശാക്തീകരണം എന്നിവ യിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സ്ത്രീക്ക് ജനിക്കുവാനുള്ള അവകാശം പോലും നിഷേധിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം മറന്നുപോകുന്നുവോ?

എല്ലാവരേയും ഉള്‍പ്പെടുത്തി സമഗ്രവികസനം ലക്ഷ്യമിടുന്ന ഈ കാലഘട്ടത്തില്‍ 'നിശബ്ദ പുറംതള്ളലുകള്‍' വേണ്ടത്ര ശ്രവിക്കപ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു. ഈ നിശബ്ദ പുറന്തള്ളലുകള്‍ സമഗ്ര വളര്‍ച്ചയെയും വികസനത്തെയും അല്ല മറിച്ച് സമൂഹത്തിലെ ഏറ്റവും നിര്‍ണായകമായ സ്ത്രീവിഭാഗത്തിനെ തഴഞ്ഞുകൊണ്ട് താഴ്ചയിലേക്കും തളര്‍ച്ചയിലേക്കുമുള്ള കേവലം അര്‍ഥശൂന്യവും സുസ്തിരവു മല്ലാത്ത വിഫല ശ്രമങ്ങളാണ് എന്ന് കാലം തെളിയിക്കും.

ജനന സമയത്തെ ലിംഗാനുപാതം

ജനസംഖ്യാ ഗവേഷണ വിദഗ്ദരുടെ അഭിപ്രായത്തില്‍ ലിംഗ നിര്‍ണ്ണയ ഇടപെടലുകള്‍ ഇല്ലാത്ത സമൂഹത്തില്‍ 100 പെണ്‍കുട്ടികള്‍ക്ക് 106 ആണ്‍കുട്ടികള്‍ ഉണ്ടാകുമെന്നത് സ്വാഭാവികം. യുദ്ധം, അപകടം തുടങ്ങിയവ മുന്‍ നിര്‍ത്തി ആണ്‍കുട്ടികളിലെ താരതമ്യേന ഉയര്‍ന്ന മരണ നിരക്ക് മുന്‍കൂട്ടി കണ്ടു കൊണ്ട് ജന സംഖ്യാ സന്തുലിതാവസ്ഥയ്ക്കു വേണ്ടിയുള്ള പ്രകൃതി നിയമമാണിത്. അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ദുരുപയോഗം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെണ്‍ ഭ്രൂണഹത്യയ്ക്ക് വഴിവെയ്ക്കുന്നു എന്നത് അംഗീകരിക്കാതെ നിര്‍വാഹമില്ല. 'ഭാവിയില്‍ 5 ലക്ഷം ലാഭിക്കാനായി ഇപ്പോള്‍ 500 രൂപ ചെലവഴിക്കൂ' തുടങ്ങിയ പരസ്യങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ പ്രചാരം നേടി. ഉപയുക്തതയും പ്രതീക്ഷിത ലാഭ നഷ്ടവും കണക്കാക്കി കുട്ടികള്‍ക്ക് വേണ്ടിയുള്ള മുന്‍ഗണന നിശ്ചയിക്കുന്ന തലത്തിലേയ്ക്ക് കാര്യങ്ങള്‍ മാറി തുട ങ്ങി. കമ്പോളത്തില്‍ നിന്നും ഉപഭോഗ വസ്തുക്കള്‍ വാങ്ങുന്നതിനു സമാന മായ മനോഭാവത്തോടെയാണ് ഇന്ന് ചിലരെങ്കിലും കുട്ടികളുടെ എണ്ണവും ഏത് ലിംഗത്തിലുള്ള കുട്ടികള്‍ വേണമെന്നതും തീരുമാനിക്കുന്നത്. ലിംഗാധിഷ്ഠിത തെരെഞ്ഞെടുക്കലില്‍ ആണ്‍കുട്ടികള്‍ക്ക് പ്രഥമഗണന നല്‍കുന്നതിനിടയായി മനുഷ്യന്റെ ചിന്താഗതിയ്ക്കു വന്ന ഇത്തരം മാറ്റം വര്‍ഷത്തില്‍ ഏകദേശം 5.7 ലക്ഷം പെണ്‍കുട്ടികളെ അപത്യക്ഷമാക്കുന്ന തിനടയാക്കിയതായി യു.എന്‍. എ ഫ്. പി.എ കണക്കുകള്‍ വ്യക്തമാക്കുന്നു (UNFPA, 2011). മരുമകളായി പെണ്‍കുട്ടികളെ വേണമെന്നും എന്നാല്‍ മകളെ വേണ്ട എന്നും ചിലരെങ്കിലും തീരുമാനിച്ചു തുടങ്ങിയിരിക്കുന്നു. കളയെ പിഴുതെറിയുന്ന ലാഘവത്തോടെ

പെണ്‍ ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാനും കാര്യങ്ങളെ ഇത്രയധികം ഗൗരവതരമാക്കുന്നതിലും സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകളുടെ പങ്ക് വളരെ വലുതാണ്. സാമ്പത്തികമായും ശാരീരികമായും മകന്‍ താങ്ങുമെന്ന അച്ഛനമ്മ മാരുടെ പ്രതീക്ഷയ്‌ക്കൊപ്പം ആണ്‍കുട്ടികള്‍ക്ക് മാത്രം ചെയ്യാവുന്ന ചില കര്‍മ്മങ്ങള്‍ എല്ലാ മതങ്ങളിലും നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. ഇതെല്ലാം ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ശക്തമായ പ്രേരണയായി സമൂഹത്തില്‍ പ്രതിഫലിക്കുന്നു.

പെണ്‍ഭ്രൂണഹത്യകള്‍ വര്‍ദ്ധിക്കുന്നുവോ

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വ (NFHS) യുടെ സ്ഥതി വിവര കണക്കുകള്‍ കുട്ടികള്‍ക്കിടയിലെ കുറഞ്ഞു വരുന്ന ജനന സമയത്തെ ലിംഗാനുപാതത്ത (Sex Ratio at Birth) കാണിക്കുന്നു. NFHS സര്‍വ്വേയെ അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ ധനികരായ കുടുംബങ്ങളിലാണ് അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂ ടെ ലിംഗ നിര്‍ണയം നടത്തി ഭൂണഹത്യ താരതമ്യേന കൂടുതലായി നടത്തു ന്നതെന്നും ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണനയെന്നും കണ്ടത്തിയിരിക്കുന്നു (കിഷോര്‍ ഗുപ്ത, 2006). അനഭിമത പെണ്‍കുട്ടികളെ ഇല്ലാതാക്കുന്ന പ്രവണത ദരിദ്ര കുടുംബങ്ങള്‍ക്കിടയിലാണെന്ന ആദ്യകാല വാദത്തെ കവച്ചു വെച്ച് സമ്പന്നകുടുംബങ്ങള്‍ക്കിടയിലെ വര്‍ദ്ധിച്ചു വരുന്ന ആണ്‍കുട്ടികള്‍ക്കുള്ള പ്രിയം 'സമൃദ്ധി പ്രഭാവം' എന്ന വിരോധാഭാസത്തിലേക്ക് ഇത് വഴിവെക്കുന്നു. (അ ഗ്‌നിഹോത്രി, 2000) ഇന്ത്യയിലെ ലിംഗനിര്‍ണയ നിരോധന നിയമത്തിന്റെ പിന്‍ബലത്തോടെ ആരോഗ്യ രംഗത്ത് ഭ്രൂണഹത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമങ്ങളുടെയും സമയോചിതമായ ഇടപെടലിന്റെയും ഫലമായി കുറെ പെണ്‍കുട്ടികള്‍ക്ക് ജനിക്കാനും പ്രപഞ്ചത്തിലേക്ക് കണ്ണു തുറക്കാനും സാധിച്ചു എന്ന് മറന്നു കൂടാ. ഇതിന് നിയമപരിരക്ഷ കൂടിയേ തീരൂ.

മാനവ വികസനവും ലിംഗ ശാക്തീകരണവും മുഖമുദ്രയാക്കിയ ഈ ആധുനിക യുഗത്തിലും പൊട്ടിച്ചെറിയാനാവാത്തവിധം പുരുഷാധിപത്യം സമൂഹത്തിന്റെ എല്ലാ മേഖലയിലും വേരൂന്നിരിക്കുന്നു. 'ഹ്യൂമന്‍സ് ഡേ', 'മദേഴ്‌സ്‌ഡേ' തുടങ്ങിയവ ആചരിക്കുമ്പോഴേങ്കിലും പെണ്‍ ഭ്രൂണഹത്യ വര്‍ദ്ധിച്ചു വരുന്നുവെന്നും അനേകം പെണ്‍ ഭ്രൂണങ്ങള്‍ ഭൂഗര്‍ഭ ചവറ്റുകൊട്ടകളിലേക്ക് നിഷ്‌കരുണം തള്ളപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം നമ്മളോരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കട്ടെ.

പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ഈ കമ്മി 'കുടുംബം' എന്ന സാമൂഹ്യ വ്യവസ്ഥിതിക്കു തന്നെ വരുംകാലങ്ങളില്‍ ചോദ്യ ചിഹ്നമായേക്കും. മാത്രമല്ല ബഹു ഭര്‍തത്ത്വം, അവിവാഹിതരായ പുരുഷരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് തുടങ്ങിയവയും അനുബന്ധ പ്രശ്‌നങ്ങളും നാം കാണേണ്ടിവരും. ഈ 'പുരുഷവല്‍ക്കരണം' സൂക്ഷ്മ സ്ഥലതലങ്ങളില്‍ ഗൗരവ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതുകൊണ്ട് തന്നെ വലിയ തോതിലുള്ള ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്. കുട്ടികള്‍ക്കിടയിലെ ലിംഗാനുപാതം അപകടകരമാംവണ്ണം കുറഞ്ഞ 100 ജില്ലകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ച റിഞ്ഞ് എന്‍.ആര്‍.എച്ച്.എം. (National Rural Health Mission), പോലുള്ള പദ്ധതികളിലൂടെ പരിഹാരമാര്‍ഗ്ഗങ്ങളും സംഘടിത ഇടപെടലുകളും നടത്തി വരുന്നു എന്നത് പ്രതീക്ഷയേകുന്നു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രൗഢി കുറയ്ക്കുന്ന ഒന്നായി ഇതു മാറാതിരിക്കണമെങ്കില്‍ പെണ്‍കുട്ടികളോടുള്ള സമീപനവും മനോഭാവവും നയവും മാറേണ്ടത് അനിവാര്യമാണ്.

(കലിക്കറ്റ് യൂണിവേഴ്സിറ്റി സാമ്പത്തികശാസ്ത്ര വിഭാഗം അസി. പ്രൊഫസറാണ് ലേഖിക)

Content Highlights: declining gender ratio in india causes and effects

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
akshatha murthy

ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്ന; ഒരു ചായക്കപ്പിന്റെ വില 3,624 രൂപ; ആരാണ് അക്ഷത?

Jul 19, 2022


Nivedya. R. Sankar

'കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യം';30 ലക്ഷം ഫോളോവേഴ്‌സുള്ള പത്താം ക്ലാസുകാരി

May 18, 2023


susamma talks

മൂത്രപ്പുര കഴുകാന്‍ പറഞ്ഞതോടെ ജോലിവിട്ട് ബക്കറ്റ് ചിക്കനുണ്ടാക്കി;താടിക്കാരനും സൂസമ്മയും വേറെ ലെവല്‍

Sep 18, 2022

Most Commented