-
മാനസികാരോഗ്യത്തെക്കുറിച്ചു തുറന്നു സംസാരിക്കാൻ തയ്യാറല്ലാത്ത വലിയൊരു സമൂഹം ഇന്നുമുണ്ട്. മറ്റേതൊരു അസുഖത്തേയുംപോലെ ചികിത്സ തേടേണ്ടതാണ് മാനസികാരോഗ്യം സംബന്ധിച്ച പ്രശ്നങ്ങളും എന്നു തിരിച്ചറിയാൻ പലരും ശ്രമിക്കുന്നില്ല. അത്തരത്തിൽ സ്വന്തം അമ്മയുടെ വിഷാദരോഗം മെഡിസിനു പഠിക്കുമ്പോൾ മാത്രം തിരിച്ചറിഞ്ഞ ഒരു പെൺകുട്ടിയുടെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മയ്ക്ക് സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയാതിരുന്ന താൻ അമ്മയുമായി അകൽച്ച സൂക്ഷിച്ചിരുന്നുവെന്നും പെൺകുട്ടി കുറിക്കുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് പെൺകുട്ടിയുടെ കുറിപ്പ് പുറത്തു വന്നിരിക്കുന്നത്.
കുറിപ്പിലേക്ക്...
മിക്ക കുട്ടികളും അമ്മമാരുമായുള്ള ദൃഡബന്ധത്തെക്കുറിച്ചു പങ്കുവെക്കാറുണ്ട്. പക്ഷേ എന്റെ കാര്യം അങ്ങനെയല്ല. പത്തു വയസ്സുള്ള സമയത്ത് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മ ഉണ്ടായിരുന്നില്ല. അമ്മ ഒരു സ്പെഷൽ ആശുപത്രിയിൽ പ്രത്യേക ചികിത്സയിലാണെന്ന് പറഞ്ഞു അച്ഛൻ. ഐസിയു യൂണിറ്റോ, ഓക്സിജൻ സിലിണ്ടറോ ഒന്നുമില്ലാതെ ഒരു ബെഡ് മാത്രമേ അമ്മയുടെ മുറിയിൽ ഉണ്ടായിരുന്നുള്ളു. അമ്മ ഇടയ്ക്കിടെ ദേഷ്യപ്പെടുകയും ചീത്തവാക്കുകൾ പറയുകയും പാത്രങ്ങൾ ചുവരിലേക്ക് വലിച്ചെറിയുകയും ചെയ്യുമായിരുന്നു.
വീട്ടിലെത്തിയതിനു ശേഷവും അമ്മ മരുന്നു തുടരുന്നുണ്ടായിരുന്നു, ഇടയ്ക്കിടെ കരയുന്നതും കാണാം. എനിക്കിവിടെ സന്തോഷമില്ല, ഇവിടെ നിന്നു മാറ്റൂ എന്ന് മുത്തശ്ശിയോടു പറയുന്നതു കേട്ടിട്ടുണ്ട്. അമ്മയുടെ നില തീരെ വഷളാവുമ്പോൾ ഡോസ് കൂടിയ മരുന്നുകൾ കൊടുക്കുന്നതും കണ്ടിട്ടുണ്ട്. ഒരിക്കൽ ഒരു ഡാൻസ് പരിപാടിയിൽ പങ്കെടുത്തത് ആവേശത്തോടെ വന്നു പറഞ്ഞപ്പോൾ അമ്മ മറുപടിയൊന്നും നൽകിയില്ല. അതോടെ ഞാൻ അമ്മയോടു കാര്യങ്ങൾ പറയുന്നതും അവസാനിപ്പിച്ചു.
എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കാനുള്ള പ്രായം എനിക്ക് അന്നായിരുന്നില്ല. ആരും ഒന്നും പറഞ്ഞതുമില്ല. അങ്ങനെ അമ്മയ്ക്കെന്തോ അസുഖമാണെന്നും വൈകാതെ ഭേദമാകും എന്ന ധാരണയിലേക്കെത്തി. അമ്മയോട് ഞാൻ ദേഷ്യപ്പെടുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, അപ്പോഴെല്ലാം അമ്മയെ ക്ഷമയോടെ കൈകാര്യം ചെയ്യണമെന്ന് അച്ഛൻ പറയുമായിരുന്നു.
എംബിബിഎസ് പഠിക്കുന്ന കാലത്താണ് അമ്മയ്ക്ക് വിഷാദരോഗമാണെന്ന് ഞാൻ തിരിച്ചറിയുന്നത്. സൈക്യാട്രിയാണ് ഞാനെടുത്തിരുന്നത്, അമ്മയുടെ ലക്ഷണങ്ങളെല്ലാം ഞാൻ അവിടെ പഠിച്ചു. ഇതിനെക്കുറിച്ച് എന്താണെന്നോട് പറയാതിരുന്നത് എന്ന് അച്ഛനോട് ചോദിച്ചപ്പോൾ അവർക്കും അതിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്നാണ് പറഞ്ഞത്. വൈകാതെ ഞാനും അച്ഛനുമെല്ലാം അമ്മയുടെ ആരോഗ്യത്തെക്കുറിച്ചു തുറന്നു സംസാരിക്കാനും അമ്മയെ എങ്ങനെയെല്ലാം സഹായിക്കാം എന്നും ആലോചിച്ചു തുടങ്ങി. ഇടയ്ക്കിടെ വിളിക്കാനുമൊക്കെ തുടങ്ങി. വൈകാതെ അമ്മയുടെ രോഗം ഭേദമായിത്തുടങ്ങി. ഒരു ദിവസം ഞാൻ കാരണമാണ് അമ്മയുടെ രോഗം കുറഞ്ഞതെന്ന് എന്നോട് പറഞ്ഞു. തിരിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു, അമ്മയെ ഞാൻ ഇറുകെപ്പുണർന്നു.
കൂടുതൽ സംസാരിക്കാൻ തുടങ്ങിയതോടെ അമ്മ എന്റെ സുഹൃത്തുക്കളെക്കുറിച്ചും പഠനത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചു. നഷ്ടമായ വർഷങ്ങളെല്ലാം തിരികെ നേടിയെടുക്കാൻ പരിശ്രമിക്കുകയായിരുന്നു അമ്മ. ലോക്ഡൗണിനു ശേഷം ഞങ്ങൾ ഒന്നിച്ചാണ് പാചകം ചെയ്തിരുന്നത്. സ്വാഭാവികമായും ഏറെ വഴക്കുകളും ഉണ്ടായി. അങ്ങനെയാണ് അതെല്ലാം സ്വാഭാവികമാണെന്ന് ഞാൻ മനസ്സിലാക്കിയത്.
മാനസികാരോഗ്യം അങ്ങനെയാണ്. പതിനഞ്ചു വർഷമെടുത്തു എനിക്ക് അതെല്ലാം സാധാരണമാണെന്നു മനസ്സിലാക്കാൻ, എന്തായിരുന്നു അമ്മയുടെ അവസ്ഥ എന്നു മനസ്സിലാക്കാൻ. അതുകൊണ്ടാണ് ഇതു തുറന്നു പറയാൻ തയ്യാറായത്. മാനസികാരോഗ്യം മറ്റേത് ശാരീരിക അസുഖത്തെയുംപോലെ സ്വാഭാവികമാണെന്ന് ജനങ്ങൾ തിരിച്ചറിയണം.
Content Highlights: Daughter touching note about her mother's depression
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..