
-
പത്ത് മാസം മുമ്പ് മരിച്ചുപോയ പിതാവിന്റെ ഇ-മെയില്‍ വരിക, അതും അമ്മയുടെയും അച്ഛന്റെയും 25-ാം വിവാഹവാര്‍ഷികം ആഘോഷമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. ഇത് കണ്ടാല്‍ ഏത് മകളാണ് ഞെട്ടാത്തത്. ഫിലിപ്പൈന്‍ സ്വദേശിനിയായ അലിസ മെന്‍ഡോസയാണ് മരിച്ചുപോയ പിതാവിന്റെ മെയില്‍ കണ്ട് അമ്പരന്നത്. വിവാഹവാര്‍ഷികം നടത്താനുള്ള നിര്‍ദേശങ്ങളായിരുന്നു മെയിലില്‍.
പിതാവ് ബിങ് വൃക്ക രോഗത്തെ തുടര്‍ന്ന് 2019 ലാണ് മരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് തന്നെ അയാള്‍ വലിയ പാര്‍ട്ടി നടത്താന്‍ പ്ലാനിട്ടിരുന്നു. പൂക്കള്‍ വരെ ഒരു വര്‍ഷം മുന്നേ ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.
2020 മെയിലാണ് മകള്‍ക്ക് അച്ഛന്റെ സന്ദേശം ലഭിക്കുന്നത്. എല്ലാം മനോഹരമായി നടത്തണമെന്ന് നിര്‍ദേശമാണ് അതിലുണ്ടായിരുന്നത്. ഇത് മാത്രമല്ല എല്ലാവര്‍ഷവും അമ്മ ജോജിയുടെ ജന്മദിനം, വിവാഹവാര്‍ഷികം, വാലന്റൈന്‍സ് ഡേ എന്നീ ദിവസങ്ങളില്‍ അവര്‍ക്ക് കൃത്യമായി പൂക്കളെത്തിക്കാനുള്ള ഏര്‍പ്പാടും പിതാവ് ചെയ്തിട്ടുണ്ടെന്ന് അലിസ പറയുന്നു.
അമ്മ ആഗ്രഹിച്ചതുപോലെ സ്വപ്നതുല്യമായ ഒരു വിവാഹവാര്‍ഷികം നടത്തണമെന്നാണ് പിതാവ് അലിസയോട് ആവശ്യപ്പെട്ടത്. ജൂണ്‍ 10 നായിരുന്നു വിവാഹ വാര്‍ഷികം. വാര്‍ഷികത്തിന് ആഴ്ചകള്‍ മുമ്പേ കിട്ടുന്നരീതില് ഷെഡ്യൂള്‍ ചെയ്തതാവാം മെയിലെന്ന് അലിസ.

'മെയില്‍ കണ്ടപ്പോള്‍ തന്നെ ഭയന്നുപോയി. പത്ത് മാസം മുമ്പ് മരിച്ചയാളുടെ മെയില്‍ കിട്ടിയാല്‍ പിന്നെ എന്ത് ചെയ്യും. നോട്ടിഫിക്കേഷന്‍ കണ്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഞാനത് തുറക്കുന്നത്. അതിലെഴുതിയത് വിശ്വസിക്കാനായിരുന്നില്ല. എന്റെ അച്ഛന് അമ്മയെ എത്ര സ്നേഹിച്ചിരുന്നു എന്ന് അളക്കാന്‍ പോലുമാവില്ല.'അലിസ പറയുന്നു.
'25-ാം വിവാഹവാര്‍ഷികം അവരൊന്നിച്ചായിരുന്നു ആഘോഷിക്കേണ്ടിയിരുന്നത്. എന്നാല്‍ ദൈവത്തിന് മറിച്ചുള്ള പദ്ധതിയായിരുന്നു. അവര്‍ ഒന്നിച്ചല്ല, അച്ഛന് ഇവിടെയില്ല, എങ്കിലും അമ്മയെ സന്തോഷിപ്പിക്കാനും സര്‍പ്രൈസ് നല്‍കാനും ഇപ്പോഴും അദ്ദേഹത്തിന് കഴിയുന്നു. മരണത്തിന് പോലും അച്ഛന് അമ്മയോടുള്ള സ്നേഹത്തെ കുറയ്ക്കാനാവില്ല...' അലിസ ഫേസ്ബുക്കില്‍ കുറിച്ചു.
പിതാവിന്റെ നിര്‍ദേശമനുസരിച്ച് അലിസ എല്ലാമൊരുക്കി. പൂക്കള്‍ അറേഞ്ച് ചെയ്തു. അമ്മയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം തന്നെ തിരഞ്ഞെടുക്കണമെന്നായിരുന്നു നിര്‍ദേശം, അതും അങ്ങനെ തന്നെ ചെയ്തു. ആഴ്ചയിലൊന്ന് അമ്മയ്ക്ക് ബ്യൂട്ടീപാര്‍ലറില്‍ പോകാനുള്ള പണവും പിതാവ് നല്‍കിയിരുന്നു. ഓരോന്ന് ചെയ്ത് നല്കുമ്പോഴും അമ്മയുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടത്താനുള്ള നിര്‍ദേശവും മെയിലില്‍ ഉണ്ടായിരുന്നു.

'BE GOOD AND BEHAVE. DON'T DO ANYTHING STUPID. എന്ന് പറഞ്ഞാണ് മെയില്‍ അവസാനിപ്പിക്കുന്നത്.
അമ്മ രാത്രി ഉറങ്ങിയ സമയത്താണ് അലിസയും സഹായിയും പണികള്‍ തുടങ്ങിയത്. രാവിലെ ആറ് മണിക്ക് അവര്‍ ഉണരും മുമ്പ് എല്ലാം ഒരുക്കി. ഇതിന്റെ ചിത്രങ്ങളും അലിസ ഫേസ്ബുക്കില്‍ പങ്കുവച്ചു.
മുറികളില്‍ നിറയെ ബലൂണുകളും അതിന്റെ അറ്റത്ത് കുടുംബചിത്രങ്ങളും തൂക്കി, ഒപ്പം അമ്മയ്ക്കുള്ള പൂക്കളും. ഇത് കണ്ട് നിറഞ്ഞ കണ്ണുകളോടെ നില്ക്കുന്ന അമ്മയുടെ ചിത്രവും അലിസ പോസ്റ്റ് ചെയ്തു. അച്ഛന് പറഞ്ഞതുപോലെ ജോണ്‍ ലെജന്‍ഡിന്റെ ഓള് ഓഫ് മി ബാക്ക് ഗ്രൗണ്ടില്‍ പ്ലേ ചെയ്യാനും മകള്‍ മറന്നില്ല.
Content Highlights: daughter receive an email from her late father with instructions to throw a wedding anniversary party for her mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..