ഡാനിയൽ ബിൽസേറിയൻ ഗേൾസ് ഗ്യാങ്ങിനൊപ്പം | Photo: instagram/ Dan Bilzerian
ഇന്‍സ്റ്റഗ്രാമില്‍ മൂന്നു കോടി ഫോളോവേഴ്‌സ്, ഓരോ പോസ്റ്റിനും ഫുട്‌ബോള്‍ താരം നെയ്മര്‍ ഉള്‍പ്പെടെയുള്ളവരുടെ ലൈക്കും കമന്റും..സൂപ്പര്‍ താരങ്ങളെപോലും വെല്ലുന്ന ഈ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന് അറിയാമോ? അയാളുടെ പേരാണ് ഡാനിയല്‍ ബ്രാന്‍ഡന്‍ ബില്‍സേറിയന്‍.
ആഘോഷത്തിന് ഒരു അവസാന വാക്കുണ്ടെങ്കില്‍ അതാണ് ഡാന്‍. അതുകൊണ്ടുതന്നെയാണ് ഇയാള്‍ യുവാക്കളുടെ ആരാധനാ പുരുഷനായി മാറുന്നതും. മരിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും ഡാനിനെപ്പോലെ ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കള്‍ അമേരിക്കയില്‍ ഇല്ലെന്ന് ഒരു പ്രശസ്ത ഫാഷന്‍ മാധ്യമം ഒരിക്കല്‍ എഴുതി. ലോസ്ആഞ്ജലീസിലേയും ലാസ് വെഗാസിലേയും ചൂതാട്ട കേന്ദ്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഡാനിന് എപ്പോഴും പരിചാരകരായി ഒരു 'ഗേള്‍സ് ഗ്യാങ്' ഉണ്ട്. ഡാനിന്റെ സ്വന്തം ആര്‍മി. ഇവരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്താണ് ഡാന്‍ ഇന്‍സ്റ്റഗ്രാമില്‍ താരമായി മാറിയത്.
യുഎസിലെ പ്രമുഖ കോര്‍പറേറ്റ് റൈഡറായ പോള്‍ ബില്‍സേറിയന്റേയും ടെറി സ്‌റ്റെഫിന്റേയും മൂത്ത മകനായി ജനിച്ച ഡാനിന് കുട്ടിക്കാലത്ത് നേവല്‍ ഓഫീസര്‍ ആകണമെന്നായിരുന്നു ആഗ്രഹം. നേവല്‍ ബേസില്‍ ഗ്വാജ്വേഷന്‍ കോഴ്‌സിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. അനിയന്‍ ആഡത്തിനൊപ്പം ഒരിക്കല്‍ ചൂതാട്ട കേന്ദ്രത്തിലെത്തിയതോടെയാണ് ഡാനിന്റെ തലവര തെളിഞ്ഞത്. പിന്നീട് ഗാംബ്ലിങ്ങും പോക്കറും കളിക്കുന്നതിലായി ശ്രദ്ധ. 2009-ഓടെ പ്രൊഫഷണല്‍ പോക്കല്‍ മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായി മാറി.
സ്വന്തമായി കപ്പലുകളും പ്രൈവറ്റ് ജെറ്റും ബീച്ചിലേക്കു തുറക്കുന്ന നിരവധി കൊട്ടാരങ്ങളും എണ്ണിയാല്‍ തീരാത്ത ബാങ്ക് ബാലന്‍സും ഡാനിനുണ്ട്. സിനിമകളിലെ കാസനോവമാര്‍ പോലും ഇയാള്‍ക്കു മുന്നില്‍ ഒന്നുമല്ല. ഇതെല്ലാം ചൂതാട്ടത്തിലൂടേയും വാതുവെപ്പിലൂടേയും നേടിയതാണെന്നാണ് ഡാന്‍ പറയുന്നത്. എന്നാല്‍ അച്ഛന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകളില്‍ നിന്നാണ് ഡാന്‍ മൂലധനം സ്വരൂപിച്ചതെന്നും ആരോപണങ്ങളുണ്ട്.
സ്വന്തം കാറുകള്‍ വെടിവെച്ച് തകര്‍ക്കുക, മദ്യത്തില്‍ കുളിക്കുക, ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന് മത്സരങ്ങള്‍ നടത്തി പണം സമ്മാനമായി നല്‍കുക തുടങ്ങി നമുക്ക് സ്വപ്‌നത്തില്‍പോലും കാണാന്‍ കഴിയാത്ത വിനോദങ്ങളാണ് ഡാനിനെ രസിപ്പിക്കുന്നത്. സിനിമാ അഭിയത്തോടും ആസക്തിയുണ്ട്. ഈ സ്വപ്‌നം സാക്ഷാത്കരിക്കാനായി നിര്‍മാതാക്കള്‍ക്ക് അങ്ങോട്ട് പണം കൊടുത്ത് ഡാന്‍ അഭിനയിച്ചു. 2014-ല്‍ പുറത്തിറങ്ങിയ 'ലോണ്‍ സര്‍വൈവര്‍' എന്ന ചിത്രത്തിലെ വേഷത്തിന് ഒരു മില്ല്യണ്‍ ഡോളറാണ് നല്‍കിയത്.
സമ്പത്ത് കുമിഞ്ഞുകൂടിയതിനൊപ്പം വിവാദങ്ങളും പിന്തുടര്‍ന്നു. 2014-ല്‍ ഒരു പാര്‍ട്ടിക്കിടെ ഒരു പോണ്‍സ്റ്റാറിനെ ഡാന്‍ സ്വിമ്മിങ് പൂളിലേക്ക് എടുത്തെറിഞ്ഞു. വീഴ്ചയില്‍ കാലൊടിഞ്ഞെന്നും ഇനി അഭിനയിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി പോണ്‍സ്റ്റാര്‍ കേസ് കൊടുത്തു. കോടികള്‍ ഒഴുക്കിയാണ് ഡാന്‍ ഇതില്‍ നിന്ന് ഊരിപ്പോന്നത്. അതേവര്‍ഷം നൈറ്റ് പാര്‍ട്ടിക്കിടെ ഒരു മോഡലിന്റെ മുഖത്തും ഡാന്‍ ചവിട്ടി. തന്റെ കാമുകിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതായിരുന്നു എന്നാണ് ഡാന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇവര്‍ രണ്ടു പേരും ഡാനിന്റെ കാമുകിമാരാണെന്ന് പിന്നീട് തെളിഞ്ഞു.
പക്ഷേ ഇതൊന്നും ഡാനിന്റെ പ്രഭയ്ക്ക് മങ്ങലേല്‍പ്പിച്ചില്ല. ഇപ്പോഴും ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളുടെ സ്വപ്‌ന നായകനാണ് ഡാന്‍.
Content Highlights: dan bilzerian lifestory of instagram playboy millionaire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..