റൂത്ത് ബാദർ ഗിൻസ്ബർഗ് | Photo: gettyimages.in
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്, ലിംഗവിവേചനങ്ങള്‍ക്കെതിരെ പോരാടിയ അഭിഭാഷക, സുപ്രീംകോടതിയില്‍ ചീഫ്ജസ്റ്റിസായ ലോകത്തിലെ നാല് വനിതകളില്‍ ഒരാള്‍... നൊട്ടോറിയസ് ആര്.ബി.ജി എന്ന റൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗ് തന്റെ 87-ാം വയസ്സില്‍ വിടപറയുമ്പോള്‍ ലോകം മുഴുവന്‍ ഈ വനിതയെ നോക്കുന്നത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മാതൃകയായാണ്. സ്ത്രീകള്‍ക്കു നേരെ ഉയര്‍ന്നിരുന്ന എല്ലാ വിവേചനങ്ങള്‍ക്കും എതിരെ നിരന്തരം കലഹിച്ചിരുന്നു ആര്.ബി.ജി.
ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില് ജൂതകുടിയേറ്റ കുടുംബത്തിലാണ് ഗിന്‍സ്ബര്‍ഗിന്റെ ജനനം. അതും 1933- ലെ ലോക സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്. ഗിന്സ്ബെര്ഗ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് അമ്മ സീലിയ കാന്‍സര്‍ ബാധിതയായി മരിക്കുന്നത്.
കോര്‍ണെല്‍ യൂണിവേഴ്സിറ്റി പഠനകാലത്താണ് തന്റെ പ്രിയതമനായ മാര്‍ട്ടി എന്ന മാര്‍ട്ടിനെ ഗിന്‍സ്ബര്‍ഗ് കണ്ടുമുട്ടുന്നത്. 2010ല്‍ അദ്ദേഹം രോഗബാധിതനായി മരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട പ്രണയം എന്നാണ് ഗിന്‍സ്ബര്‍ഗ് തങ്ങളുടെ ജീവിതത്തെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. 'എനിക്കൊരു തലച്ചോറുകൂടി ഉണ്ട് എന്ന് അംഗീകരിച്ച പുരുഷന്.' മാര്‍ട്ടിയെ പറ്റി ഗിന്‍സ്ബര്‍ഗ് പറഞ്ഞത് ഇങ്ങനെ. തന്റെ കുടുംബത്തില്‍ തന്നെ സ്ത്രീപുരുഷ സമത്വത്തിന്റെ മഹത്വം അറിഞ്ഞതിനാലാവാം എല്ലാ സ്ത്രീകളുടെയും ജീവിതം അങ്ങനെയാവാന്‍ ഗിന്‍സ്ബര്‍ഗ് ആഗ്രഹിച്ചത്. ജോലിത്തിരക്കുകള്‍ പങ്കുവയ്ക്കാനും വീട്ടുജോലികളിലും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലുമെല്ലാം ഒരു വിവേചനവുമില്ലാതെ മാര്‍ട്ടിയും ഒപ്പം നിന്നു. ഭക്ഷണം പാകം ചെയ്തിരുന്നത് മാര്ട്ടിയായിരുന്നു. കാരണം ഗിന്‍സ്ബര്‍ഗിന് കുക്കിങ് അറിയില്ല എന്നതു തന്നെ.

ബിരുദം നേടുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് ആദ്യത്തെ കുഞ്ഞു പിറന്നു. മകള്‍ ജെയ്ന്‍. ഇക്കാലത്ത് ഗിന്‍സ്ബര്‍ഗ് സോഷ്യല്‍സെക്യൂരിറ്റി ഓഫീസില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ 50കളില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കെതിരെ ധാരാളം വിവേചനങ്ങള്‍ സമൂഹത്തില്‍ നിലനിന്നിരുന്നു. 1965 ല്‍ തന്റെ മകന് ജെയിംസിനെ ഗര്‍ഭം ധരിച്ച സമയത്ത് അത് രഹസ്യമാക്കിവയ്ക്കേണ്ടി വന്നു ഗിന്‍സ്ബര്‍ഗിന്.
1956 ലാണ് മറ്റ് ഒമ്പത് സ്ത്രീകള്‍ക്കൊപ്പം ഗിന്‍സ്ബര്‍ഗിന് ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ പ്രവേശനം ലഭിച്ചത്. ബാക്കി 500 പേര് പുരുഷന്മാരായിരുന്നു. അവിടെ പഠിപ്പിച്ചിരുന്ന അധ്യാപകന് പലപ്പോഴും നേരമ്പോക്കായി ഒരു കാര്യം ചെയ്തിരുന്നു... എന്ത് നല്‍കിയാണ് പുരുഷന്മാര്ക്ക് പകരം അവിടെ പ്രവേശനം ലഭിച്ചതെന്ന് വിവരിക്കാൻ സ്ത്രീകളോട് പറയുമായിരുന്നു. 'എപ്പോഴെങ്കിലും ക്ലാസില്‍ ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരങ്ങള്‍ നല്കിയാല് ഉടന്‍ പെണ്ണുങ്ങളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാവും അധ്യാപകരുടെ പോലും മറുപടി' - ഒരു അഭിമുഖത്തില്‍ ഗിന്‍സ്ബര്‍ഗ് പറഞ്ഞു.
തന്റെ ലോസ്കൂള് പഠനകാലത്ത് അവസാനവര്‍ഷം ഗിന്‍സ്ബര്‍ഗ് കൊളംബിയ ലോ സ്കൂളിലേക്ക് മാറി. ഇക്കാലത്ത് മാര്‍ട്ടി ടാക്സ് ലോയറായി ജോലി ചെയ്യുകയായിരുന്നു. മാര്‍ട്ടിയെ സഹായിക്കുക എന്ന ലക്ഷ്യം കൂടി ഗിന്സ്ബര്ഗനുണ്ടായിരുന്നു. ഒന്നാം റാങ്കോടെയാണ് ഗിന്‍സ്ബര്‍ഗ് ബിരുദം നേടിയത്. എന്നാല്‍ ന്യൂയോര്‍ക്കിലെ ഒരു സ്ഥാപനങ്ങളും ഒരു സ്ത്രീയ്ക്ക് ജോലി നല്കാന് തയ്യാറായിരുന്നില്ല. 'കാരണം സ്ത്രീ എന്നത് മാത്രമല്ല ഞാനൊരു ജൂതയും ഒപ്പം ഒരു അമ്മയും കൂടിയായിരുന്നു.' ഗിന്‍സ് ബര്‍ഗ് പിന്നീട് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പറഞ്ഞു. അക്കാലത്ത് ഗിന്‍സ്ബര്‍ഗിന് ഒരു ലോസ്കൂളില് അധ്യാപികയായി ജോലി ലഭിച്ചു.
60 കളില്‍ സ്ത്രീ മുന്നേറ്റങ്ങള്‍ ശക്തമായ കാലത്ത് അവയില്‍ പ്രവര്‍ത്തിക്കാന്‍ മുന്പന്തിയിലിറങ്ങി ഗിന്‍സ്ബര്‍ഗ്. ഒരു കേസില്‍ സുപ്രീംകോടതിയില്‍ വാദിക്കാനായി ഗിന്‍സ്ബര്‍ഗിന് അവസരം ലഭിച്ചു. അന്ന് ലിംഗവിവേചനത്തെ പറ്റി ഗിന്‍സ്ബര്‍ഗിന്റെ വാദത്തെ സുപ്രീംകോടതി ശരിവച്ചു. തുടര്‍ന്നാണ് വുമണ്‍ റൈറ്റ്സ് പ്രോജക്ട് അറ്റ് ദി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് (ACLU) എന്ന സംഘടനയുടെ രൂപീകരണത്തില്‍ ഗിന്‍സ്ബര്‍ഗ് പങ്കാളിയാവുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള നിരവധി പ്രശ്നങ്ങള്‍ സംഘടന ഏറ്റെടുത്തു. ആറ് കേസുകള്‍ അന്ന് സുപ്രീംകോടതിയില്‍ ഗിന്‍സ്ബര്‍ഗിന്റെ നേതൃത്വത്തില്‍ വാദം നടന്നു. അഞ്ചെണ്ണം അവര്‍ വിജയിച്ചു. സ്ത്രീക്കും പുരുഷനും തുല്യനീതി എന്നതായിരുന്നു ഗിന്‍സ്ബര്‍ഗിന്റെ ആവശ്യം. ഒരു ജോലിസ്ഥലത്ത് ഗര്‍ഭിണിയാണെന്ന കാരണം കൊണ്ട് സ്ത്രീക്ക് ജോലി നിഷേധിക്കുകയും അതിന് കാരണക്കാരനായ പുരുഷനെ സംരക്ഷിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് ഗിന്‍സ്ബര്‍ഗ് ചോദിച്ചു.

പ്രസിഡന്റ് ജിമ്മി കാര്‍ട്ടറാണ് ഗിന്‍സ്ബര്‍ഗിനെ ആദ്യമായി സുപ്രീംകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കൊളംബിയ സ്റ്റേറ്റില്‍ നിന്ന്. സമൂഹത്തിലെ നിരവധി വിവേചനങ്ങള്‍ക്കെതിരെ സ്ത്രീപുരുഷ ഭേദമില്ലാതെ ഗിന്‍സ്ബര്‍ഗ് പോരാടി. ഒരിക്കല്‍ അമേരിക്കന്‍ നേവിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു നാവികന് വേണ്ടി ഗിന്‍സ്ബര്‍ഗ് ഹാജരായി. അയാള്‍ സ്വവര്‍ഗാനുരാഗി ആണെന്നതായിരുന്നു ജോലി നഷ്ടമാകാനുള്ള കാരണം. വെര്‍ജിനിയ മിലിറ്ററി ഓഫീസില്‍ പുരുഷന്മാര്ക്ക് മാത്രം പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന നിയമത്തിനെതിരെയുള്ള വിജയം ഗിന്‍സ്ബര്‍ഗിനെ കൂടുതല്‍ പ്രശസ്തയാക്കി.
1993 ല്‍ ബില്‍ ക്ലിന്റണ് വീണ്ടും ഗിന്‍സ്ബര്‍ഗിനെ സുപ്രീംകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തു. അങ്ങനെ അമേരിക്കന്‍ സുപ്രീംകോടതിയിലെ രണ്ടാമത്തെ വനിതാ ജഡ്ജായി അവര്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റശേഷം ഗിന്‍സ്ബര്‍ഗ് നടത്തിയ പ്രസംഗത്തില്‍ മാര്ട്ടിയോടുള്ള നന്ദിയാണ് അവര്‍ ആദ്യം അറിയിച്ചത്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും പ്രചോദനവും...'
പലതവണ രോഗങ്ങള്‍ കീഴടക്കിയിട്ടും ഇച്ഛാശക്തികൊണ്ട് തന്റെ കരിയറിലേക്ക് ഗിന്‍സ്ബര്‍ഗ് തിരിച്ചെത്തി. 2005 ല്‍ ആണ് താന്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിതയാണെന്ന് അവര്‍ അറിയുന്നത്. 'I will live,. 'Not that, 'I hope I live', or, 'I want to live', but, 'I will live.'' എന്നാണ് അക്കാലത്തെ പറ്റി ഗിന്‍സ്ബര്‍ഗ് പറഞ്ഞത്. ഇക്കാലയളവിലാണ് തന്റെ ആരോഗ്യം തിരിച്ചു പിടിക്കാനായി ഗിന്‍സ്ബര്‍ഗ് വര്‍ക്ക് ഔട്ടുകള്‍ ആരംഭിച്ചത്. ആ വീഡിയോകള്‍ വൈറലായി. നിരവധിപ്പേരാണ് അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടത്.
പുത്തന്‍ തലമുറയിലെ ഒരു നിയമവിദ്യാര്‍ത്ഥിയാണ് ടംബ്ളറില്‍ നൊട്ടോറിയസ് ആര്.ബി.ജി എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയത്. അതും ഗിന്സ്ബര്ഗിനോടുള്ള ആരാധനയില്‍. ഈ അക്കൗണ്ടിലൂടെ പുത്തന്‍ തലമുറയിലെ ഫെമിനിസ്റ്റുകളും ചെറുപ്പക്കാരും ഗിന്‍സ്ബര്‍ഗിന്റെ കടുത്ത ആരാധകരായി മാറി. നൊട്ടോറിയസ് ആര്.ബി.ജി എന്ന പേരില്‍ സിനിമകളും നോവലുകളും ഡോക്യുമെന്ററികളും വരെ പുറത്തിറങ്ങി. ഗിന്‍സ്ബര്‍ഗിന്റെ പേരും ചിത്രവും പതിച്ച മഗ്ഗുകളും ടീഷര്‍ട്ടുകളും വരെ വിപണിയിലെത്തി.
'ഇതെന്റെ സങ്കല്പത്തിനും അപ്പുറമാണ്. 86 വയസ്സുണ്ട് എനിക്ക്. പ്രായഭേദമില്ലാതെ ആളുകള്‍ എന്റെ ഒപ്പം ചിത്രങ്ങളെടുക്കാന്‍ മത്സരിക്കുന്നു. ഒരുപക്ഷേ എന്റെ ജനനസമയം വളരെ നല്ലതായിരുന്നിരിക്കാം...' തന്റെ നേട്ടങ്ങളെ പറ്റി ഗിന്‍സ്ബര്‍ഗ് പറഞ്ഞതിങ്ങനെ.
87-ാം വയസ്സില്‍ സ്ത്രീകളുടെ തുല്യതയ്ക്കു വേണ്ടിയുള്ള തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഫലമണിയുന്നത് കണ്ടാണ് അവര്‍ യാത്രയായത്. അവര്‍ കൊളുത്തിയ വിപ്ലവവീര്യം കൈയിലേന്തിയ ഒരുപറ്റം പുതതലമുറ സ്ത്രീകള്‍ ലോകത്തിലുണ്ടെന്ന ആശ്വാസത്തോടെ.
Content Highlights: Cultural and liberal icon of U.S. Justice Ruth Bader Ginsburg
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..