Photos: Facebook
അങ്ങനെ കറുത്തു തടിച്ച ഞാന്‍ മോഡലായി, ഈ നാല്‍പ്പത്തഞ്ചാം വയസ്സില്‍... ഒരിയ്ക്കലും കഴിയില്ലാ എന്നുവിചാരിക്കുന്ന കാര്യത്തിലേക്ക് നമ്മള് അങ്ങ് ചുമ്മാ നടന്നുകയറണം. പിന്നെ എല്ലാം ശരിയാകുമെന്നേ.. ആത്മവിശ്വാസത്തിനപ്പുറം പ്രതിഷേധത്തിന്റെകൂടി വാക്കുകളാണ് തൃശ്ശൂരിലെ അഭിഭാഷക കുക്കു ദേവകിയുടേത്.
മോഡലിങ്, സിനിമ എന്നതൊക്കെ ഒരുപാട് അകലയാണെന്ന് ചിന്തിക്കുന്നിടത്താണ് കുക്കു ദേവകി വ്യത്യസ്തയാകുന്നത്. കണ്ടുവന്ന മോഡലിങ് സങ്കല്പത്തെ കാറ്റില്‍പ്പറത്തിയാണ് കുക്കു ദേവകിയെന്ന മോഡല്‍ നമുക്കുമുന്നിലെത്തുന്നത്. കറുപ്പിന്റെ പേരില്‍ മാറ്റിനിര്‍ത്തേണ്ടവരല്ല മനുഷ്യരെന്ന് ഓര്‍മപ്പെടുത്തുകയാണ് അവര്‍.
ഫെയ്സ് ബുക്കിലെ പലരുടെയും പ്രൊഫൈല്‍ ചിത്രങ്ങളില്‍പ്പോലും കുക്കു ദേവകി മോഡലായി നില്ക്കുന്ന ചിത്രം തെളിയുന്നുണ്ട്. ഒരുപക്ഷേ, ഇതൊരു വേറിട്ട പ്രതിഷേധമാകും, കറുത്തനിറത്തോടുള്ള സമൂഹത്തിന്റെ മനോഭാവത്തെയാണ് ഞാന്‍ എതിര്‍ക്കുന്നതെന്ന് കുക്കു പറയുന്നു.
കറുത്തനിറമുള്ളവരെ വെച്ച് മോഡലിങ്ങോ പരസ്യമോ ഒന്നും അധികം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിങ്ങള്‍ ഈ ക്രീം തേച്ചാല്‍ വെളുക്കും, നിങ്ങള്‍ക്ക് സുന്ദരനായ ചെറുക്കനെ ലഭിക്കും എന്നുമാത്രമായിരുന്നു കൂടുതലായും കേട്ടതും കണ്ടതും. ചിലര്‍ ചോദിക്കും ഏയ് നിറത്തിന്റെ പേരില്‍ അങ്ങനെ മാറ്റി നിര്‍ത്തലുകള്‍ ഉണ്ടോയെന്ന്. അവര്‍ക്ക് അറിയില്ലല്ലോ അത് അനുഭവിച്ചവര്‍ക്കുമാത്രം മനസ്സിലാകുന്ന ഒന്നാണെന്ന് കുക്കു പറയുന്നു. മോഡലായ ചിത്രം വന്നതിനുശേഷം അവസരം കൂടിവരുന്നുണ്ട്. പക്ഷേ, അതിലും സന്തോഷം നല്‍കുന്നത് കുറെയധികംപേര്‍ വിളിച്ച് അവര്‍ക്ക് വലിയ ആത്മവിശ്വാസം തോന്നുന്നു എന്നുപറയുമ്പോഴാണ്.
സുഹൃത്തായ രേവതി രൂപേഷാണ് മോഡലിങ് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ആദ്യം ചോദിക്കുന്നത്. ആദ്യം ഒന്നു ചിന്തിച്ചെങ്കിലും എനിക്ക് ആ ചോദ്യം തന്നത് വല്ലാത്ത ആത്മവിശ്വാസമാണ്. പ്രശാന്ത് ബാലചന്ദ്രന് എന്ന ഫോട്ടോഗ്രാഫറിലേക്ക് എത്തുന്നത് അങ്ങനെയാണ്. സുമാ ജോഷിയായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണനും പൂര്‍ണപിന്തുണയുമായി നിന്നു.
എല്ലാവരും എനിക്കൊപ്പം നില്ക്കുമെന്നല്ല, കുറേപ്പേര്‍ക്കെങ്കിലും ഇതൊരു മാറ്റമായി തോന്നിയാല്‍ നല്ലതല്ലേ, കുക്കു ചിരിയോടെ ചോദിക്കുന്നു. 'തോറ്റ മനുഷ്യരിലാണ് എനിക്ക് പ്രതീക്ഷ, അവരോടാണ് സ്നേഹവും. കാരണം തോല്‍വികളാണ് നമ്മെ നയിക്കേണ്ടത്' എന്ന് ഫെയ്സ്ബുക്കിലെ കോറിയിട്ട വരികള്‍പോലെ അവര്‍ മുന്നോട്ടു നീങ്ങുകയാണ്.
Content Highlights: cuckoo devaki modelling photos viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..