Photo: Humans Of Bombay
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗം വ്യക്തിശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ്. ലക്ഷണങ്ങള്‍ തോന്നിത്തുടങ്ങിയാല്‍ മറുത്തൊന്നു ചിന്തിക്കാതെ ആശുപത്രിയില്‍ പ്രവേശിക്കാനും മടികാണിക്കരുത്. കൊറോണ എന്നു കേള്‍ക്കുമ്പോഴേക്കും ഭീതിയോടെ സമീപിക്കാതെ ആത്മവിശ്വാസത്തോടെ നേരിടണമെന്നു പറയുകയാണ് അഹമ്മദാബാദില്‍ നിന്നുള്ള കൊറോണയെ അതിജീവിച്ച ഒരു പെണ്‍കുട്ടി.
ഫിന്‍ലഡില്‍ നിന്നുള്ള യാത്രയ്‌ക്കൊടുവില്‍ കൊറോണ ബാധിച്ചതും തുടര്‍ന്ന് സ്വീകരിച്ച മുന്‍കരുതലുകളും രോഗം ഭേദമായതുമൊക്കെ പങ്കുവെക്കുകയാണ് സുമതി സിങ് എന്ന പെണ്‍കുട്ടി. അഹമ്മദാബാദിലെ രണ്ടാമത്തെ കൊറോണ രോഗിയായ സുമതിയുടെ കഥ പുറത്തുവന്നിരിക്കുന്നത് ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്.
സുമതിയുടെ വാക്കുകളിലേക്ക്....
ഫിന്‍ലഡിലേക്ക് യാത്ര ചെയ്യാന്‍ ഇറങ്ങിയപ്പോഴാണ് കോവിഡ് 19 വൈറസിനെക്കുറിച്ച് അറിയുന്നത്. അതുകൊണ്ട് ഞാന്‍ എല്ലാ മുന്‍കരുതലുമെടുത്തിരുന്നു. N99 മാസ്‌ക്കു ധരിക്കുകയും തൊടുന്ന ഓരോ പ്രതലങ്ങളും സാനിറ്റൈസ് ചെയ്യുകയും ചെയ്തിരുന്നു. എയര്‍പോര്‍ട്ടില്‍ മാസ്‌ക് ധരിച്ചിരുന്നത് ഞാന്‍ മാത്രമായിരുന്നു, ശരിക്കും ഭ്രാന്തുപിടിച്ചതുപോലെയാണ് എനിക്കു തോന്നിയത്.
യാത്ര കഴിഞ്ഞ് തിരിച്ചുവരുന്നത് കുടുംബത്തെ ഒന്ന് കെട്ടിപ്പിടിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ചെറിയ പനി തുടങ്ങിയതോടെ ഞാന്‍ മുറിയില്‍ സ്വയം ഐസൊലേഷനിലേക്ക് മാറി. തുടക്കത്തില്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ടാവാം പനി ബാധിച്ചതെന്നു കരുതിയ ഡോക്ടര്‍ എനിക്ക് ചില ആന്റിബയോട്ടിക്കുകള്‍ നല്‍കി. മുറിക്കു പുറത്ത് ഒരു മേശയിലാണ് ഭക്ഷണം വച്ചിരുന്നത്. മുറിക്കും പുറത്തേക്കും കടക്കുകയോ ആരെയും അകത്തേക്കു പ്രവേശിപ്പിക്കുകയോ ചെയ്തില്ല.
പതിയെ ലക്ഷണങ്ങള്‍ മൂര്‍ഛിക്കാന്‍ തുടങ്ങി. കഫിനൊപ്പം നെഞ്ചില്‍ ഒരു തടസ്സവും അനുഭവപ്പെട്ടു. പിന്നീടൊന്നും നോക്കാതെ തനിയെ അടുത്തുള്ള സര്‍ക്കാരാശുപത്രിയിലേക്ക് വണ്ടിയോടിച്ചു പോയി. ലക്ഷണങ്ങള്‍ കേട്ടതും വൈറസ് ബാധയേറ്റോയെന്ന് ടെസ്റ്റ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ അപ്പോഴും ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. രണ്ടു ദിവസത്തിനു ശേഷം റിസല്‍ട്ട് വരുമ്പോള്‍ അഹമ്മദാബാദിലെ രണ്ടാമത്തെ കൊറോണരോഗിയാവുകയായിരുന്നു ഞാന്‍.
എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടും എനിക്ക് വൈറസ് വന്നു. കുടുംബത്തെക്കൂടി ബാധിച്ചിരിക്കുമോയെന്നോര്‍ത്തായിരുന്നു ഏറെ പേടി. ഒരുമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ട്രീറ്റ്‌മെന്റ് പ്ലാനുകള്‍ പറയുകയും വീട്ടില്‍ ഫ്യുമിഗേറ്റ് ചെയ്യുകയും അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആദ്യരണ്ടു ദിനങ്ങള്‍ വളരെയധികം ഭീതിജനകമായിരുന്നു. പക്ഷേ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ എന്റെ സൂപ്പര്‍ ഹീറോകളായി മാറി. ഓരോ രണ്ടുമണിക്കൂറിലും അവരെന്നെ പരിചരിച്ചുവന്നു, ഒരിക്കല്‍പ്പോലും ഭയത്തോടെ സമീപിച്ചില്ല. അതിലൊരു ഡോക്ടര്‍ പറഞ്ഞത് അവരുടെ പിറന്നാളിന് എന്നില്‍ നിന്നു വേണ്ട സമ്മാനം റിസൾട്ട് നെഗറ്റീവ് ആക്കുക എന്നതായിരുന്നു.
അങ്ങനെ സ്വയം പ്രചോദിപ്പിക്കാന്‍ കൊറോണയെ അതിജീവിച്ചവരുടെ കഥകള്‍ ധാരാളം കേള്‍ക്കുകയും എന്റെ അനുഭവം ഓണ്‍ലൈനിലൂടെ പങ്കുവെക്കാനും തുടങ്ങി. ഭയത്തോടെ എന്നെ നോക്കിയവരെല്ലാം സ്‌നേഹത്തോടെ പെരുമാറിത്തുടങ്ങി. പതിനൊന്നു ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ രണ്ടുതവണ റിസൾട്ട് നെഗറ്റീവായി വന്നു. അങ്ങനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി.
അന്ന് ഞാന്‍ വീട്ടിലേക്കു തിരികെ പോകുമ്പോള്‍ ഒരുപാടുപേര്‍ ചെന്ന് കയ്യടിയോടെ വരവേല്‍ക്കുന്നതാണ് കാണുന്നത്. പക്ഷേ പ്രോട്ടോക്കോള്‍ പ്രകാരം പിന്നീടുള്ള പതിനാലു ദിവസവും ഞാന്‍ ക്വാറന്റൈനില്‍ കഴിയണമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ മൂന്നാഴ്ച്ച ഒരു റോളര്‍കോസ്റ്റര്‍ റൈഡ് പോലെയാണ് തോന്നുന്നത്. നോര്‍തേണ്‍ ലൈറ്റ്‌സ് കണ്ട് ഞാന്‍ തിരികെയെത്തുന്നത് ജീവനെടുക്കാന്‍ പ്രാപ്തമായ ഒരു വൈറസിലേക്കാണ്. അത്രത്തോളം അപ്രതീക്ഷിതമാണ് ജീവിതം.
Content Highlights: corona survivor sharing her experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..