'ഊണിനുള്ള ആദ്യ അരിയിടാനായി ഞാനും അനിയത്തിയും വഴക്കുകൂടുമായിരുന്നു'; ഓണം ഓര്‍മകളില്‍ രേണു രാജ്


സിറാജ് കാസിം

രേണു രാജ് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ

പുലര്‍കാലത്ത് ചിറവംമുട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍ തൊഴാന്‍പോകുന്ന ഫ്രെയിമിലാണ് ആ ഓര്‍മകള്‍ തെളിഞ്ഞുതുടങ്ങിയത്. പിന്നെ കോട്ടയം മെഡിക്കല്‍ കോളേജ് വഴി മലമുകളിലെ മസൂറി ഐ.എ.എസ്. ക്യാമ്പിലേക്കൊരു യാത്ര. ഒടുവില്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം കളിചിരികളുമായി അല്പനേരം... കൊച്ചി കായലിനെ തഴുകിയെത്തുന്ന കാറ്റേറ്റ് ബോള്‍ഗാട്ടി പാലസിന്റെ മുറ്റത്തിരിക്കുമ്പോള്‍ രേണു രാജിന്റെ ഓര്‍മകള്‍ നിറയെ ഓണപ്പൂക്കളുടെ സുഗന്ധമായിരുന്നു. കുട്ടിക്കാലം മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ള ഓണാനുഭവങ്ങളിലൂടെ രേണു രാജ് യാത്രയായപ്പോള്‍ കാതോരമെത്തിയതെല്ലാം രസകരമായ വിശേഷങ്ങള്‍.

തൊഴുതുമടങ്ങുന്ന നേരത്ത്

തിരുവോണദിവസത്തിന്റെ ഓര്‍മകള്‍ തെളിയുമ്പോള്‍ രേണുവിന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചിറവംമുട്ടം മഹാദേവര്‍ ക്ഷേത്രമാണ്. ''തിരുവോണ ദിവസം വീടിനടുത്തുള്ള മഹാദേവര്‍ ക്ഷേത്രത്തില്‍ പുലര്‍കാലത്തുതന്നെ ഞാന്‍ തൊഴാന്‍ പോകുമായിരുന്നു. അച്ഛന്‍ പുലര്‍ച്ചെ സമ്മാനിക്കുന്ന ഓണക്കോടി ധരിച്ചാകും അമ്പലത്തിലേക്കുള്ള യാത്ര. ഓണം സമ്മാനിക്കുന്ന സന്തോഷത്തിന്റെയും ധന്യതയുടെയും ഫീലിലാകും അമ്പലമുറ്റത്തെത്തുന്നത്. തൊഴുതു മടങ്ങിയെത്തുമ്പോള്‍ വീട്ടില്‍ പിന്നെ സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും.

അമ്മ നല്ലൊരു പാചകക്കാരിയായതിനാല്‍ സദ്യ സൂപ്പര്‍ ഹിറ്റായിരിക്കുമെന്നതില്‍ സംശയമൊന്നുമില്ല. പച്ചക്കറി അരിയലും അത്യാവശ്യം പപ്പടം കാച്ചലുമൊക്കെയായി സൈഡ് റോളിലായിരിക്കും ഞാനും അനുജത്തി രമ്യയും. സദ്യയ്ക്ക് തയ്യാറാക്കുന്ന ഊണിനു കുട്ടികളെക്കൊണ്ടാകണം ആദ്യത്തെ അരിയിടേണ്ടതെന്നൊരു വിശ്വാസമുണ്ടായിരുന്നു. ആദ്യം അരിയിടാനുള്ള അവകാശത്തിന്റെ പേരില്‍ ഞാനും അനുജത്തിയും വഴക്കുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങളെ രണ്ടാളെക്കൊണ്ടുമാകും അമ്മ അരിയിടീക്കുന്നത്''- രേണു കുട്ടിക്കാലത്തെ ഓണത്തിന്റെ ഓര്‍മകള്‍ വരച്ചിട്ടു.

മസൂറിയിലെ കുന്നിന്‍മുകളില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. പഠനകാലവും മസൂറിയിലെ ഐ.എ.എസ്. ട്രെയിനിങ് കാലവും സമ്മാനിച്ച ഓണ ഓര്‍മകളും രേണുവിന്റെ മനസ്സില്‍ മായാതെയുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓണാഘോഷം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളാണ് എന്നും സമ്മാനിച്ചത്. വീട് അടുത്തായിരുന്നിട്ടും ഹോസ്റ്റലില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചിരുന്നത്. ഓണത്തിന്റെ ആഘോഷങ്ങള്‍ ഹോസ്റ്റലില്‍ നേരത്തെ തുടങ്ങും. ആഘോഷദിവസം രാവിലെ തുടങ്ങുന്ന മത്സരങ്ങള്‍ ഒരുത്സവം തന്നെയായിരുന്നു. പായസ മത്സരമാണ് ഇതില്‍ കിടിലന്‍ ഐറ്റം. വന്‍പരീക്ഷണങ്ങള്‍ അരങ്ങേറുന്ന വേദിയായിരുന്നു ഇത്.

മസൂറിയിലെ ഐ.എ.എസ്. ട്രെയിനിങ് അക്കാദമിയില്‍ ഓണക്കാലം പല ദേശക്കാരുടെ ഉത്സവകാലമായിരുന്നു. ഞങ്ങള്‍ മലയാളികള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളിലുള്ളവരും ഓണാഘോഷത്തില്‍ സജീവമായിരിക്കും. അവര്‍ക്കുള്ള സെറ്റുസാരിയൊക്കെ ഞങ്ങള്‍ നാട്ടില്‍നിന്ന് വാങ്ങിച്ചുകൊണ്ടുപോകുമായിരുന്നു. സദ്യ ഒരുക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങി മലമുകളിലേക്കുള്ള യാത്രയൊക്കെ എത്ര രസമായിരുന്നു - രേണു ഓര്‍മകളിലൂടെ സഞ്ചരിച്ചു.

രേണു രാജ് | ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

കളക്ടറേറ്റിലെ ഓണത്തില്‍

ജില്ലാ കളക്ടറായ ശേഷം ആദ്യമായി വരുന്ന ഓണത്തിന്റെ സന്തോഷത്തിലാണ് രേണു രാജ് ഇപ്പോള്‍. ''ഇത്തവണത്തെ ഓണം എല്ലാവരും വളരെ ആവേശത്തിലാണ് ആഘോഷിക്കുന്നത്. രണ്ടുവര്‍ഷം കൊറോണ കൊണ്ടുപോയതിന്റെ സങ്കടമെല്ലാം തീര്‍ക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ജില്ലാ കളക്ടറെന്ന നിലയില്‍ ഒരുപാട് ഓണാഘോഷങ്ങളില്‍ ഇത്തവണ പങ്കെടുക്കാനായി. കളക്ടറേറ്റിലെ ജീവനക്കാര്‍ക്കൊപ്പം രസകരമായ ഓണമാണ് ആഘോഷിച്ചത്.

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതാണ് മറക്കാനാകാത്ത ഒരനുഭവം. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ കുറേ ദുരനുഭവങ്ങള്‍ നേരിട്ട ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ വേറെയായിരിക്കും. നമുക്കെല്ലാം കുട്ടിക്കാലത്ത് വീടുകളില്‍ ആഘോഷിച്ചിരുന്ന ഓണത്തിന്റെ മനോഹരമായ ഓര്‍മകളുള്ളപ്പോള്‍ അതില്ലാത്തതിന്റെ സങ്കടങ്ങളാണ് ആ കുഞ്ഞുങ്ങളെ പൊതിഞ്ഞുനില്‍ക്കുന്നത് - രേണുവിന്റെ മുഖത്ത് സങ്കടത്തിന്റെ നനവ്.

ഉത്രാടത്തിലെ വിവാഹ വാര്‍ഷികം

ഉത്രാടനാളില്‍ നടക്കുന്ന ഡബിള്‍ ആഘോഷത്തിന്റെ കഥയും രേണുവിനു പറയാനുണ്ട് - ഉത്രാടനാളില്‍ ഞങ്ങളുടെ വീട്ടില്‍ ഒരുപാടു വിരുന്നുകാരുണ്ടാകും. അന്നാണ് അച്ഛന്‍ രാജകുമാരന്‍ നായരുടെയും അമ്മ ലതയുടെയും വിവാഹ വാര്‍ഷികം. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവാഹ വാര്‍ഷികത്തിനു വിളിക്കുമ്പോള്‍ ഓണസദ്യയാകും വിരുന്നായി ഒരുക്കുന്നത്. ഒറ്റച്ചെലവില്‍ രണ്ടാഘോഷം നടത്തുകയാണെന്നു പറഞ്ഞ് അന്ന് അച്ഛനെ സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു. എല്ലാവരും ഒത്തുചേര്‍ന്നുള്ള ആഘോഷത്തിന്റെ സന്തോഷമാണ് എല്ലാ ഓണവും ഞങ്ങള്‍ക്ക് സമ്മാനിക്കാറുള്ളത്. ഓണക്കാലത്ത് ഞങ്ങളുമായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും അച്ഛന് ഒരുപാടിഷ്ടമുള്ള കാര്യമായിരുന്നു.

Content Highlights: collector renu raj onam memories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented