ചെസ്ലി ക്രിസ്റ്റും അമ്മയും | Photos: instagram.com|chesliekryst|?hl=en
മുൻ മിസ് യു. എസ്.എയും ഫാഷൻ ബ്ലോഗറും നിയമജ്ഞയുമായ ചെസ്‌ലി ക്രിസ്റ്റ് (30) കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വാർത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. മൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽനിന്നാണ് ചെസ്ലി വീണ് മരിച്ചത്. ഇതേ കെട്ടിടത്തിൽ ഒൻപതാം നിലയിലാണ് അവർ താമസിച്ചിരുന്നത്. ഇപ്പോഴിതാ ചെസ്ലിയെക്കുറിച്ച് അമ്മ ഏപ്രിൽ സിംപ്കിൻസ് പങ്കുവെച്ച കാര്യങ്ങളാണ് വാർത്തയിൽ നിറയുന്നത്.
വിഷാദരോഗത്തോട് പൊരുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചെസ്ലിയുടെ അന്ത്യമെന്ന് പങ്കുവെക്കുകയാണ് അമ്മ. മകൾ നഷ്ടപ്പെട്ടത് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നും അവർ പറയുന്നു.
ഇത്രത്തോളം ആഴത്തിലുള്ള വേദന താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു പറയുകയാണ് ഏപ്രിൽ. പ്രിയപ്പെട്ട മകളുടെ മരണകാരണത്തെക്കുറിച്ച് കുടുംബവും സുഹൃത്തുക്കളും തിരിച്ചറിഞ്ഞുവെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിലും അതാണ് സത്യമെന്നും ഏപ്രിൽ പറയുന്നു. മകൾ അവളുടെ സ്വകാര്യ ജീവിതത്തിൽ കടുത്ത വിഷാദരോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. അതവൾ എല്ലാവരിൽ നിന്നും മറച്ചുവച്ചു, തന്നിൽ നിന്നുപോലും- ഏപ്രിൽ പറയുന്നു.
മകളുടെ ഈ ഭൂമിയിലുള്ള ജീവിതം ചെറുതായിരുന്നെങ്കിലും മനോഹരമായ നിരവധി ഓർമകളാൽ സമ്പന്നമാണ്. അവളുടെ ചിരിയും തമാശയും പുൽകലുമൊക്കെ മിസ് ചെയ്യുന്നുണ്ട്. കുടുംബത്തിലെ പ്രധാന ഭാഗമായിരുന്നു മകളെന്നും അതാണ് ഈ നഷ്ടത്തെ ഏറെ ദുസ്സഹമാക്കുന്നതെന്നും ഏപ്രിൽ പറയുന്നു.
എല്ലാ ദിവസവും തങ്ങളെല്ലാവരും പരസ്പരം മെസേജ് അയക്കുകയും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ചെസ്ലി തനിക്ക് മകളേക്കാൾ ഉപരി നല്ല സുഹൃത്തായിരുന്നു. അവളോട് സംസാരിക്കുന്നതായിരുന്നു തന്റെ ദിവസത്തിലെ ഏറ്റവും നല്ല ഭാഗം. ചെസ്ലിയെ അങ്ങേയറ്റം മിസ് ചെയ്യുന്നുവെന്നും എല്ലാവരും വീണ്ടും ഒന്നിക്കുന്ന ദിവസമെത്തുമെന്നും ഏപ്രിൽ വികാരാധീനയായി പറയുന്നു.
ആത്മഹത്യക്കു മുമ്പ് ചെസ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈദിവസം നിങ്ങൾക്ക് വിശ്രമവും സമാധാനവും നൽകട്ടെ- എന്നാണ് ചെസ്ലി കുറിച്ചത്.
തന്റെ മാനസികാരോഗ്യം കൈവിട്ടുപോകാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് ചെസ്ലി നേരത്തേ പറഞ്ഞിരുന്നു. കൈവിടുന്ന ഘട്ടങ്ങളിൽ കൗൺസിലറിനോട് സംസാരിക്കാറുണ്ടെന്നും ചെസ്ലി പറഞ്ഞിരുന്നു.
ചെസ്ലിയുടെ മരണശേഷം കുടുംബവും പ്രസ്താവന പുറത്തുവിട്ടിരുന്നു. സ്നേഹിക്കപ്പെടുകയും മറ്റുള്ളവരെ സേവിക്കുകയും ചെയ്തിരുന്നയാളാണ് ചെസ്ലി എന്ന് കുടുംബം പറഞ്ഞു. അറ്റോർണിയായിരിക്കെ നീതി ഉറപ്പാക്കാനും മിസ് യു.എസ്.എ പദിവിയിലിരിക്കുമ്പോഴും എക്സ്ട്രായിൽ അവതാരകയായിരിക്കുമ്പോഴും തന്റെ സേവനത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നയാളാണ് ചെസ്ലി എന്ന് കുടുംബം പറയുന്നു. അതിലെല്ലാമുപരി ഒരു മകൾ, സഹോദരി, സുഹൃത്ത്, മെന്റർ, സഹപ്രവർത്തക എന്നീ നിലകളിലെല്ലാമുള്ള ചെസ്ലിയുടെ സ്വാധീനം തുടർന്നും നിലനിൽക്കുമെന്നും കുടുംബം അറിയിച്ചു.
2019-ലാണ് ചെസ്ലി സൗന്ദര്യറാണിപട്ടം ചൂടിയത്. സൗത്ത് കരോലൈന സർവകലാശാല, വേക്ക് ഫോറസ്റ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി മൂന്നു ബിരുദംനേടി. രാജ്യത്ത് ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാൻ അവർ തടവുകാർക്ക് സൗജന്യമായി നിയമസഹായം നൽകിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Cheslie Kryst’s mom pens an emotional note reveals she was dealing with high-functioning depression


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..