പ്രതീകാത്മകചിത്രം | Photo: Gettyimages.in
കൃത്യം ആറുമണിക്ക് ഇരുട്ടാവുമായിരുന്നു സ്ത്രീകള്‍ക്ക് പണ്ട്. എല്ലാ ജോലികളും സന്ധ്യക്കിപ്പുറത്ത് തീരുമായിരുന്നു. അല്ലാത്ത ജോലികളെ 'ഇതെന്തു ജോലി' എന്ന് ഒളിഞ്ഞുനോക്കുന്നതില്‍ പുറംലോകം ഉത്സുകരുമായിരുന്നു.
എന്നാല്‍. കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ കേരളത്തിലെ സ്ത്രീകളില്‍ ചിലരെങ്കിലും സന്ധ്യകളിലേക്കും രാത്രികളിലേക്കും യാത്രതിരിച്ചു. കാലത്തിന്റെ ഒരു പകുതിയില്‍മാത്രം ജീവിച്ച് അവള്‍ക്ക് മടുത്തിരുന്നു. അതില്‍നിന്ന് കുതറിയിറങ്ങാന്‍ ഏറ്റവും തുണയായത് പുതിയ തൊഴില്‍സംസ്‌കാരവും.
രാത്രിജോലികളില്‍ സ്ത്രീകള്‍ ഏറെയുണ്ടായത് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലാണ്. അവരെല്ലാം രാത്രിയെ ശീലമാക്കി.
എന്നിട്ടും 'അസമയം' എന്നൊരു സമയം ഇല്ലാതായില്ല. രാത്രിയില്‍ ഒരു കലുങ്കിലോ കടല്‍ത്തീരത്തോ അവള്‍ ഒറ്റയ്ക്കിരിക്കാറില്ല. കൂട്ടംകൂടാറുമില്ല. ചില ഇടങ്ങള്‍ പിടിച്ചുവാങ്ങിയപ്പോള്‍ പല ഇടങ്ങളും വിട്ടുകൊടുക്കുന്നവരാവുകയാണോ നമ്മള്‍?
അവളവളെ കണ്ടെത്തുമ്പോള്‍
ജോലിക്കാരായ സ്ത്രീകള്‍ പണ്ടുമുണ്ട്, ഇന്നുമുണ്ട്. എന്നാല്‍, കിട്ടുന്ന ശമ്പളം അതുപോലെ, അല്ലെങ്കില്‍ എ.ടി.എം. കാര്‍ഡ് പിന്‍നമ്പര്‍ സഹിതം ഭര്‍ത്താവിന് കൈമാറുന്നത് പണ്ടത്തെയത്ര ഇപ്പോഴില്ല! ആവശ്യങ്ങള്‍ മറ്റൊരാളുടെ വരുമാനത്താല്‍ നിര്‍വഹിക്കപ്പെടേണ്ടതില്ലെന്നായതോടെ പെണ്ണ് ശരിക്കും പെണ്ണായി. നല്ല ചുണയും വിവേകവുമുള്ള പെണ്ണ്.
അവളെ പിന്തുണയ്ക്കാന്‍ മനുഷ്യരെക്കാള്‍ മുന്നില്‍നിന്നു സാങ്കേതികവിദ്യ. ടെക്‌നോളജിയുടെ ആലിംഗനം പുരുഷനെക്കാള്‍ ഇഷ്ടപ്പെട്ടത് സ്ത്രീയാണ്. കാരണം, അവളുടെ ജീവിതമാണ് കൂടുതല്‍ മധുരമായത്. അവള്‍ക്കെന്ന മട്ടില്‍ നീക്കിവെച്ചിരുന്ന വീട്ടധ്വാനത്തെ അതേറ്റെടുത്തു, ആപ്പുകള്‍കൊണ്ട് പ്രോത്സാഹിപ്പിച്ചു, സോഷ്യല്‍മീഡിയയില്‍ മുന്നിലെത്തിച്ചു, ലോകയാത്രകള്‍ക്ക് വഴികാട്ടിയായി... എന്തിന് കൃത്രിമ ബീജബാങ്കുണ്ടെങ്കില്‍ പുരുഷനില്ലെങ്കിലും അമ്മയാവാമെന്നായി!
ശ്രീയായി അവള്‍
സ്ത്രീകള്‍ക്കായുള്ള ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്ന് സംഭവിച്ചത് പുതിയ നൂറ്റാണ്ട് തുടങ്ങുന്നതിന് തൊട്ടുമുന്പായിരുന്നുകുടുംബശ്രീ. സാധാരണസ്ത്രീകളെ അത് തന്റെയുള്ളിലെ അസാധാരണത്വത്തെ കണ്ടെത്താന്‍ പ്രാപ്തിയുള്ളവരാക്കി. അവരെ വീടിനുപുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. അതേസ്ത്രീകള്‍ വീട്ടിലേക്ക് വരുമാനവുമായി തിരിച്ചുകയറി.
കടുംബശ്രീ സ്ത്രീകളെ മുഖ്യധാരയിലേക്ക് െകാണ്ടുവന്നു. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളിലേക്ക് 2009 മുതല്‍ നടപ്പായ അമ്പതുശതമാനം വനിതാസംവരണം അവളെ നാടിന്റെ നേതൃത്വത്തിലേക്കുതന്നെ എത്തിച്ചു.
2005ലാണ് ഗാര്‍ഹികപീഡന നിരോധനനിയമം വരുന്നത്. അടിക്കാന്‍ അധികാരമുള്ളവനായി ഭര്‍ത്താവിനെ കാണാന്‍ വിസമ്മതിച്ച നിയമം. ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീക്ക് അവകാശം കൊടുത്ത നിയമം. എന്നിട്ടും പലപ്പോഴും ലംഘിക്കപ്പെടുന്നു നിയമം.
പുറപ്പെടുന്ന പെണ്ണ്
യാത്രക്കാര്‍ എന്നതുതന്നെ പുരുഷവചനമായേ ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ. പക്ഷേ, പുതിയ നൂറ്റാണ്ടിനോടൊപ്പം അവളും പുറത്തിറങ്ങി. എടുക്ക് പെട്ടി, നമുക്ക് പോവാം എന്നുപറയാന്‍മാത്രം അവള്‍ മുന്നേറിയത് പതുക്കെയാണ്.
ആ സ്വാതന്ത്ര്യം വസ്ത്രത്തിലേക്കുകൂടി കടന്നുവന്നതും കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ത്തന്നെ. അതിനുമുന്പ് ജീന്‍സ് ഒരു 'ഓവര്‍സ്മാര്‍ട്ട്' വസ്ത്രമായിരുന്നു.
എല്ലാം മുന്നോട്ടാണെന്നല്ല. കുടുംബത്തിനകത്ത് ജനാധിപത്യം ഇപ്പോഴും അസാധുവാണ്. പുറത്ത്, ക്രൂരത കൂടുതലാണ്. പിന്‍വിളി വിളിക്കാന്‍ ആയിരം പേരുണ്ട്. കേരളത്തില്‍ പെണ്ണായി ജീവിക്കുന്നതിന്റെ അനുഭവക്കുറിപ്പുകള്‍ വെള്ളത്തിലിട്ടാല്‍പോലും കത്തും. എന്നാലും, ആ തീയിലും പ്രതീക്ഷയുടെ നാന്പുകളുണ്ട്, പെണ്ണത്തത്തിന്റെ പന്തങ്ങളുണ്ട്.
Content Highlights: Changes in women's lives in the last 20 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..