ചൈത്ര മോൾ | Photo: instagram/ chythra ramachandran
ആലപ്പുഴയിലെ കാട്ടൂര്‍ കടല്‍ തീരത്ത് നിന്ന് 300 മീറ്റര്‍ ദൂരം മാത്രമാണ് കെ.ആര് ചൈത്ര മോളുടെ വീട്ടിലേക്കുള്ളത്. ആ വീടിന്റെ ഉമ്മറത്തുനിന്നു നോക്കിയാല്‍ ചിലപ്പോള്‍ ആര്‍ത്തലച്ചുവരുന്ന തിരമാലകളും മറ്റു ചിലപ്പോള്‍ ശാന്തമായി ഒഴുകുന്ന കടലും കാണാം. ആ തീരത്തൂടെ സ്കൂളിലേക്കും കൂട്ടുകാരുടെ വീട്ടിലേക്കും നടന്നും സൈക്കിളോടിച്ചും പോയിരുന്ന കാലത്ത് പ്രക്ഷുബ്ധമായ കടല്‍ പോലൊരു ജീവിതമാണ് തന്നെ കാത്തിരിക്കുന്നതെന്ന് ചൈത്രമോള്ക്ക് അറിയില്ലായിരുന്നു.
കഴിഞ്ഞ തിരുവോണത്തിന്റെ പിറ്റേന്ന് അച്ഛന് രാമചന്ദ്രന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതോടെയാണ് ചൈത്രമോളുടെ ജീവിതം കാറ്റും കോളും കവര്‍ന്നെടുത്തത്. ഓണത്തിന്റെ അവധിയായതിനാല്‍ മത്സ്യത്തൊഴിലാളിയായ രാമചന്ദ്രന് അന്ന് ബോട്ട് കടലില്‍ ഇറക്കിയിരുന്നില്ല. എന്നാല്‍ വല നന്നാക്കാനുണ്ടെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ വിളിച്ചതോടെ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പണിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് രാമചന്ദ്രന് മരിച്ചു. ഇതു ചൈത്രയ്ക്കും സഹോദരങ്ങളായ ചിത്രയ്ക്കും ചന്തുവിനും അമ്മ യമുനയ്ക്കും താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു.
അച്ഛന് പോയതിന്റെ വേദന മാറുന്നതിന് മുമ്പ് അടുത്ത ആഘാതം അവരെ തേടിയെത്തി. ബാങ്കില്‍ നിന്ന് വീടു ജപ്തി ചെയ്യാനുള്ള നോട്ടീസ് ആയിരുന്നു അത്. ആ സമയത്ത് കൂട്ടുകാരുടെ സഹായം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. ഇനിയും ഇങ്ങനെ ഇരുന്നാല്‍ കടല്‍ കൊണ്ടുപോയ വീടു പോലെയാകും അവസ്ഥയെന്ന് ചൈത്ര തിരിച്ചറിഞ്ഞു. ഡിഗ്രി പഠനത്തിന് ശേഷം ഒരു ലോട്ടറി ഏജന്‍സിയില്‍ അക്കൗണ്ടന്റ് ആയി നാലു വര്‍ഷം ജോലി ചെയ്ത പരിചയം മാത്രമാണ് കൈമുതലായുണ്ടായിരുന്നത്. കോവിഡ് വന്നതോടെ നിലച്ച ആ ജോലി വീണ്ടും തുടങ്ങാനായിരുന്നു ശ്രമം. പക്ഷേ 10,000 രൂപ ശമ്പളത്തില്‍ വായ്പാ തിരിച്ചടവും വീട്ടുചെലവും സഹോദരങ്ങളുടെ പഠനവും നടക്കില്ലെന്ന് അവള് മനസ്സിലാക്കി.

ആ സമയത്താണ് പെയ്ന്റിങ് ജോലിക്ക് പോകുന്ന സുഹൃത്ത് ചൈത്രയുടെ മുന്നില്‍ ദൈവമായി പ്രത്യക്ഷപ്പെട്ടത്. പെയ്ന്റിങ്ങിന് അവളോടും ഒപ്പം പോരാന്‍ സുഹൃത്ത് പറഞ്ഞു. അങ്ങനെ ആ സുഹൃത്തു വഴി അവരുടെ ആശാനെ പരിചയപ്പെട്ടു. ഇതോടെ ചൈത്ര 'പെയിന്റിങ് ഗേള്‍' ആയി മാറി. അവളുടെ പെയ്ന്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. നിശ്ചദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ചൈത്ര എന്നു ആളുകള്‍ അവളെ പുകഴ്ത്തി. നിരവധി പേര് പ്രചോദനം നല്കുന്ന വാക്കുകള്‍ പറഞ്ഞെന്നും ചൈത്ര പറയുന്നു.
ഇതിനകം ഇരുപതില്‍ അധികം ഇടങ്ങളില്‍ പെയ്ന്റ് ചെയ്തു. എന്നാല്‍ പഠനത്തില്‍ അവള് ഒരു വിട്ടുവീഴ്ച്ചയും ചെയ്തില്ല. പോലീസുകാരിയാകണം എന്ന തന്റെ സ്വപ്നം യാഥാര്‍ഥ്യമാകാനുള്ള പരിശ്രമത്തിലാണ് അവളിപ്പോള്‍. രാവിലെ ജിമ്മില്‍ പോകും, വൈകുന്നേരം ജോലി കഴിഞ്ഞുവന്നശേഷം പിഎസ്സി പരിശീലനവും. ഇതിനിടയില്‍ വീട്ടിലെ ചെറിയ ജോലികളും ചെയ്യും. പോളിടെക്നികിന് പഠിക്കുന്ന അനിയന്റേയും ഡിഗ്രി പൂര്‍ത്തിയാക്കിയ അനിയത്തിയുടേയുമെല്ലാം പഠനച്ചെലവ് നോക്കുന്നതും ചൈത്രയാണ്.
.jpg?$p=3c0c101&w=610&q=0.8)
ഈ കഷ്ടപ്പാടിനിടയിലും ഓരോ പരീക്ഷണങ്ങള്‍ ചൈത്രയുടെ മേല്‍വിലാസം തേടിയെത്തി. അച്ഛന്റെ മരണശേഷം ചെമ്മീന്‍ വൃത്തിയാക്കുന്ന ജോലിക്ക് പോയ അമ്മയുടെ കൈയിലെ നഖങ്ങളെല്ലാം പഴുത്തു. ഇതോടെ നഖം എടുത്തുകളയാന്‍ ഡോക്ടര്‍ പറഞ്ഞു. ഇപ്പോള്‍ ചൈത്രയുടെ അമ്മയുടെ കൈവിരലുകളില്‍ ഒരൊറ്റ നഖം പോലുമില്ല. അതിനുശേഷം അമ്മയോട് ജോലി നിര്‍ത്താന്‍ ചൈത്ര തന്നെ ആവശ്യപ്പെടുകയായിരുന്നു.
'അച്ഛന് പോയതിന്റെ വേദന തന്നെ മാറിയിട്ടില്ല. ഇനി അമ്മയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതാണ് ഞാന്‍ അമ്മയോട് റെസ്റ്റ് എടുക്കാന്‍ പറഞ്ഞത്. പെയ്ന്റിങ് ജോലികൊണ്ട് ഇപ്പോള്‍ എനിക്ക് കുടുംബം നോക്കാന്‍ പറ്റുന്നുണ്ട്. അച്ഛന് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുത്തച്ഛന് മരിക്കുന്നത്. അന്ന് പഠനം അവസാനിപ്പിച്ച് പണിക്ക് ഇറങ്ങിയതാണ് അച്ഛന്. ആ അച്ഛന്റെ മോളാണ് ഞാന്‍. ആരുടെ മുന്നിലും കൈനീട്ടുന്നത് അച്ഛന് ഇഷ്ടമല്ല.' ചൈത്ര പറയുന്നു.
ഇപ്പോള്‍ ചൈത്രയക്ക് 26 വയസ്സായി. രണ്ടു വയസ്സിന് ഇളയതാണ് അനിയത്തി. ഇതോടെ പലരും വിവാഹക്കാര്യവും തിരക്കുന്നുണ്ട്. അമ്മയ്ക്കും അതിന്റെ ചെറിയൊരു ആധി മനസ്സിലുണ്ട്. എന്നാല്‍ തന്റെ മുന്നില്‍ പോലീസുകാരിയാകുക എന്ന ഒരു ലക്ഷ്യമുണ്ടെന്നും ആ ജോലി കിട്ടിയിട്ട് വേണം അച്ഛന്റെ ചിത്രത്തിന് ഒരു സല്യൂട്ട് അടിക്കാനെന്നും ചൈത്ര പറഞ്ഞുനിര്‍ത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..