Photo : Humans Of Bombay
എത്ര ഗുരുതരമായ രോഗം പിടിപെട്ടാലും കൂടെനിന്ന് അവസാനം വരെ പോരാടാന്‍ ഒരാളുണ്ടാകുമെന്നു പറയുമ്പോഴുള്ള ആശ്വാസം ഒന്നുവേറെതന്നെയാവും. അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് റേച്ചല്‍ പെരേര എന്ന പെണ്‍കുട്ടി. അണ്ഡാശയത്തില്‍ ട്യൂമറും പിന്നാലെ കാന്‍സറുമൊക്കെ ബാധിച്ചെങ്കിലും നിഴല്‍ പോലെ കൂടെനിന്ന കാമുകനെക്കുറിച്ച് പങ്കുവെക്കുകയാണ് റേച്ചല്‍.
ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താന്‍ കാന്‍സറിനെ അതിജീവിച്ച കഥ പറയുന്നത്. ഇരുപത്തിയൊന്നാം വയസ്സില്‍ കാന്‍സറാണെന്ന് അറിഞ്ഞതും തുടര്‍ന്നിങ്ങോട്ട് മനസ്സാന്നിധ്യം കൈവിടാതെ പൊരുതിയതില്‍ കാമുകന്റെ പിന്തുണയുണ്ടെന്നും പറയുകയാണ് റേച്ചല്‍.
കുറിപ്പിലേക്ക്...
കോളേജ് പഠനമെല്ലാം കഴിഞ്ഞ് ജോലി ചെയ്യാനുള്ള ആവേശത്തോടെയിരിക്കുമ്പോഴാണ് എന്റെ ആരോഗ്യാവസ്ഥ തലകീഴായി മറിഞ്ഞത്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനേ കഴിഞ്ഞിരുന്നില്ല. എന്റെ അണ്ഡാശയത്തിന് പുറത്ത് ട്യൂമറാണെന്നും അവ നീക്കം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിങ്ങള്‍ക്ക് കുട്ടികള്‍ വേണമെന്നുണ്ടോ എന്നാണ് ഡോക്ടര്‍ ചോദിച്ചത്. ഇവളുടെ ആരോഗ്യം നശിച്ചുപോയിട്ട് കുട്ടികളുമായി ഞാനെന്തു ചെയ്യും എന്നായിരുന്നു ബോയ്ഫ്രണ്ട് റെന്‍വിന്‍ അവരോട് തിരിച്ചു ചോദിച്ചത്.
സര്‍ജറിക്കു തൊട്ടുമുമ്പും ചിരിയോടെ പോവാനാണ് റെന്‍വിന്‍ പറഞ്ഞത്. സര്‍ജറി കഴിഞ്ഞതോടെ ഞാന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് എനിക്ക് കാന്‍സറാണെന്ന് തിരിച്ചറിയുന്നത്. ഞാന്‍ വീണ്ടും തകര്‍ന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന റെന്‍വിന്‍ ഓട്ടപ്പാച്ചിലായിരുന്നു അപ്പോഴൊക്കെ. വൈകാതെ തന്നെ എന്റെ കീമോ ആരംഭിച്ചു തുടങ്ങി. അഞ്ചു ദിവസത്തെ സെഷനായിരുന്നു എന്റേത്. ഡോസും അമിതമായിരുന്നു. ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനോ ഒന്നും കഴിയുമായിരുന്നില്ല, പൂര്‍ണമായും കിടക്കയില്‍ തന്നെ. ആദ്യത്തെ സെഷന്‍ കഴിഞ്ഞപ്പോഴേക്കും കീമോയുടെ അനന്തരഫലം കണ്ടുതുടങ്ങി. മുടി ചീവുമ്പോള്‍ വലിയൊരു കെട്ട് കയ്യില്‍ വീഴുന്നതു കണ്ട് ഭയം തോന്നിയിട്ടുണ്ട്. അങ്ങനെയാണ് സലൂണിലെ ആന്റിയോട് വീട്ടിലെത്തി മുടി മുഴുവന്‍ മുറിച്ചുതരാമോ എന്നു ചോദിക്കുന്നത്.
അന്നു വൈകീട്ട് വീട്ടിലെത്തിയ എന്നെ കണ്ട റെന്‍വിന്‍ സാധനങ്ങള്‍ വാങ്ങിവരാമെന്നു പറഞ്ഞുപോയത് അവന്റെയും മുടി പൂര്‍ണമായും നീക്കം ചെയ്യാനായിരുന്നു. ' നിന്റെ ഓരോ ചുവടുകളിലും ഞാന്‍ കൂടെയുണ്ടെന്ന്' പറഞ്ഞു. കീമോ ഇല്ലാത്ത സമയങ്ങൡ ഓണ്‍ലൈനായി എംബിഎ ചെയ്തും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിയുമൊക്കെ ഞാന്‍ ജീവിതം ആസ്വദിച്ചു.
അഞ്ചുമാസങ്ങള്‍ക്കു ശേഷം എന്റെ കാന്‍സര്‍ പൂര്‍ണമായും മാറിയെന്ന് ഡോക്ടര്‍ അറിയിച്ചു. ഇപ്പോഴും എനിക്കധികം പുറത്തു പോവാനൊന്നും കഴിയില്ല. എന്നാലും ബ്രയാന്‍ ആഡംസ് സംഗീത പര്യടനവുമായി വരുമ്പോള്‍ റെന്‍വിന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് എന്നെ കൊണ്ടുപോകും. എന്റെ പ്രിയപ്പെട്ട ഗാനം വരുമ്പോള്‍ മുട്ടിലിരുന്ന് 'നീ എന്നെ കല്ല്യാണം കഴിക്കുമോ' എന്നു ചോദിക്കും. എനിക്കറിയാം എനിക്കൊപ്പം എല്ലായ്‌പ്പോഴും അവനുണ്ടാകുമെന്ന്.
Content Highlights: cancer survivor sharing experience in humans of bombay post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..