പരസ്പരം തണലാകാം; സ്തനാര്‍ബുദബാധിതര്‍ക്കായി വാട്‌സാപ്പ് ഗ്രൂപ്പുമായി ജുവൈരിയ


എല്ലാവര്‍ക്കും നന്ദു മഹാദേവ ആവാന്‍ പറ്റില്ല എങ്കിലും ചെറിയ രീതിയില്‍ നമ്മളും അങ്ങനെ മാറിപ്പോകും.. അതുപോലെയുള്ള ഒരു മാറ്റത്തിന്റെ പാതയിലാണ് ഞാനും...

ജുവൈരിയ, ജുവൈരിയ ഭർത്താവിനൊപ്പം

സ്തനാര്‍ബുദ ബാധിതര്‍ക്കായി നന്മയുളള ആശയത്തിന് തുടക്കം കുറിച്ച് കാസര്‍കോടുകാരിയായ ജുവൈരിയ പി.കെ. സ്തനാര്‍ബുദ ബാധിതര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍, ലിംഫോടിമയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, മാനസിക പ്രശ്‌നങ്ങള്‍, രോഗത്തെ കുറിച്ചുളള മിഥ്യാധാരണകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിപ്പിച്ചിരിക്കുകയാണ് ജുവൈരിയ. ചികിത്സ തേടിയവരില്‍ നിരവധി മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ട് അത്തരത്തിലുളള പ്രശ്‌നങ്ങള്‍ ഒരു വേദിയിലിരുന്ന് ചര്‍ച്ച ചെയ്യുകയും അതിലൂടെ ആശങ്കകള്‍ ദൂരീകരിച്ച് പരസ്പരം തണലാവുകയുമാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. സ്തനാര്‍ബുദത്തിന് ചികിത്സ തേടിയ സമയത്ത് തനിക്കുണ്ടായ അനുഭവങ്ങളാണ് ഇത്തരമൊരു ഗ്രൂപ്പ് രൂപീകരിക്കുന്നതിലേക്ക് ജുവൈരിയയെ എത്തിച്ചത്.

ജുവൈരിയ ഫെയ്സ്ബുക്കിൽ പങ്കുവെച്ച അനുഭവ കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ ജുവൈരിയ... 32.. കാസർക്കോട് ജില്ലയിലെ കടലിനും പുഴയ്കുമിടയിലെ മനോഹരമായ വലിയപറമ്പ് ദ്വീപില്‍ താമസം.. എന്റെ എളിയ ജീവിതത്തിലെ ചില ഏടുകള്‍ ഇവിടെ കുറിക്കാന്‍ ആഗ്രഹിക്കുന്നു... ക്ലീഷേകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പുഴയിലേക്ക് ചാഞ്ഞു വളരുന്ന തെങ്ങില്‍ കയറി ഇരുന്നു സിന്‍ഡ്രലയും ആലിസ് ഇന്‍ വണ്ടര്‍ലന്‍ഡും വായിച്ചു വളര്‍ന്ന ബാല്യം... കറുത്ത് തടിച്ച കൗമാരം വലിയ പവര്‍ ഉള്ള കണ്ണട വെച്ച് സ്വപ്നങ്ങള്‍ തേടി ഭൂമിയെ തൊടാതെ നടന്നു.. ഏതോ വലിയ സൗഭാഗ്യം തന്നെ കാത്തിരിപ്പുണ്ട് എന്നും അതിനിടയില്‍ തന്റെ ശരീരത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ ആകുലതകള്‍ക് സ്ഥാനമില്ല എന്നും മനസ്സിലാക്കി ആത്മവിശ്വാസത്തിന്റെ പരക്കോടിയില്‍ എത്തിച്ചേര്‍ന്ന കാലം. ഡിഗ്രി കഴിഞ്ഞു ജേര്‍ണലിസം കോഴ്‌സിന് ചേരാന്‍ പ്രേരിപ്പിച്ചതും അത് തന്നെ.. തിരഞ്ഞെടുത്ത മേഖലയില്‍ ശോഭിക്കാന്‍ ബാലസാഹിത്യം വായന മാത്രം പോര എന്ന്തിരിച്ചറിഞ്ഞു പുസ്തകങ്ങള്‍ കൂട്ടുകാരായി വരുമ്പോഴേക്കും തൊഴില്‍ തേടിയുള്ള മത്സരം മുറുകി കഴിഞ്ഞിരുന്നു. ഉള്ള കഴിവുകള്‍ തേച്ചു മിനുക്കാതെ ഒരു ഓളത്തില്‍ ജീവിതം മുന്നോട്ട് പോയി..

കഴിവ് ഉണ്ടായിട്ടും അര്‍പ്പണബോധമില്ലായ്മയും കൃത്യമായ ലക്ഷ്യബോധമില്ലായ്മയും മേഖലയില്‍ അത്ര തിളങ്ങാന്‍ ആയില്ല. തലയില്‍ തട്ടം ഇട്ടുള്ള വിഷ്വല്‍മീഡിയ തനിക്കു ചേരില്ല എന്നും ഇവിടെ നിന്നും പുറത്ത് പോവണമെന്നും സ്ഥാപന മേധാവി പറഞ്ഞിട്ടും ഞാന്‍ അത് വിട്ട് മറ്റൊരു വിഷ്വല്‍ മീഡിയ യിലേക്ക് കളം മാറ്റി. അവിടെയും നിലനില്‍പ് ഉണ്ടായില്ല എന്ന് മാത്രമല്ല.. പിടിച്ചു പുറത്തിട്ടു എന്ന് തന്നെ പറയാം... ക്യാമറ ഫേസ് ഇല്ലാത്തതോ അധികാരികളെ സോപ്പിടാന്‍ മിനക്കേടാഞ്ഞിട്ടോ അതുമല്ലെങ്കില്‍ കഴിവില്ലായ്മയോ ആവാം... (ഇപ്പോള്‍ മേഖല ഒരുപാടു മാറി ട്ടോ) എന്നിരുന്നാലും നയാ പൈസ സമ്പാദ്യം ഇല്ലാതെ വയസ് 25 പിന്നിട്ടപ്പോള്‍ ആയിരുന്നു താന്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നത്...

കല്യാണം കഴിഞ്ഞു മറ്റുള്ളവരുടെ തണലില്‍ ജീവിക്കാമെന്നു വിചാരിച്ചു നാട്ടില്‍ വന്നപ്പോള്‍ ഏജ്‌ ഓവര്‍ ഒരു വില്ലനായി കടന്നു വന്നു. സാഹചര്യങ്ങളുമായി സമരസപ്പെട്ടു നാട്ടില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്തിട്ടും മാനസികമായ അസ്ഥിരത എന്നെ വല്ലാതെ പിടിമുറുക്കിയിരുന്നു .. ആഗോള പ്രതിസന്ധിയും പാരിസ്ഥിതിക രാഷ്ട്രീയ വാര്‍ത്തകളും തലയില്‍ ഏറ്റി നടന്ന എനിക്ക് മുന്നില്‍ കല്യാണ മാര്‍ക്കറ്റിലെ കളര്‍, തടി, വയസ് തുടങ്ങിയവ വലിയ വിഷയമായി കറങ്ങി നടക്കാന്‍ തുടങ്ങി...

ബി.എഡ്‌ എന്ന അടുത്ത കോഴ്‌സ് ചെയ്യാനുള്ള ആവേശം കയറി. കോട്ടയം പോയി ഒരു കൊല്ലം കൊണ്ട് ഇംഗ്ലീഷില്‍ അദ്ധ്യാപക കോഴ്‌സ് പൂര്‍ത്തിയാക്കി. നാട്ടില്‍ ടീച്ചര്‍ ആയി ജോലി തുടങ്ങി.. 3 വര്‍ഷം കെ.ജി, ഒന്നാം ക്ലാസ്സ് ലെ കുഞ്ഞു മക്കളോടൊപ്പം.. ലോകം തന്റെ പേരില്‍ ഒരു കാലം അഭിമാനിക്കും എന്നും പറഞ്ഞിറങ്ങിയ ഞാന്‍ ഇവിടെ വരെ എത്തി... എന്നാല്‍ പൊതുവെ കാണാറുള്ളു പെട്ടന്നുള്ള മടുപ്പ് ഉണ്ടായില്ല എന്നു മാത്രമല്ല ഓരോ കുട്ടിയിലും എനിക്ക് എന്റെ ബാല്യം കാണാന്‍ കഴിഞ്ഞു.

ജിമ്മില്‍ പോയി തടിയുടെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ഒരു തീരുമാനം ആയപ്പോള്‍ പുയ്യാപ്ല വന്നു.. നാട്ടുകാരന്‍.. കൂടെ പഠിച്ചവന്‍... രണ്ടാം കെട്ട് ഉള്ളവന്‍ മാത്രമേ തനിക്ക് ലഭിക്കൂ എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ സുന്ദരനായ ദുബൈകാരന്‍ നിസാര്‍ എന്റെ ജീവിതത്തിലേക്കു വന്നു.. മോന്‍ ആയി... കുടുംബ ജീവിതം ആ വഴിക്ക് തുടര്‍ന്നു... ബി.ആര്‍.സിയില്‍ താത്കാലികമായി പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ആയി ജോലിയില്‍ കയറി മൂന്ന് വര്‍ഷം തികയുന്നു... ട്രെയ്‌നിങ്ങില്‍ പങ്കെടുത്തും അത് അധ്യാപകര്‍ക് പകര്‍ന്നു കൊടുത്തും ഇഷ്ടമേഖലയോട് കിടപിടിക്കുന്ന ജോലി.. സസുഖം വഴുമ്പോള്‍ അങ്ങനെ കൊറോണ വന്നു...

അതിനിടയില്‍ മറ്റൊരു അതിഥി കൂടി എന്നെ തേടിയെത്തി.. സ്തനാര്‍ബുദം. രണ്ടര വയസുള്ള മകന്റെ ഫീഡിങ് നിര്‍ത്തി തലശേരി കാന്‍സര്‍ സെന്ററിലേക്ക് ലക്ഷ്യം വെച്ചു. നട്ടുച്ച നേരം ഞങ്ങള്‍ നാല് പേരും ആകാംക്ഷയോടെ ഡോക്ടറുടെ കാബിന് പുറത്തിരുന്നു. കൊറോണ സുരക്ഷ ഭാഗമായി രോഗിയെ മാത്രമേ അകത്തു കയറ്റുന്നുള്ളു.. രോഗികളുടെ ബഹുല്യവും പിപിഇ കിറ്റിന്റെ ചൂടും കാരണം ഡോക്ടര്‍ ക്ഷീണിത ആയി കാണപ്പെട്ടു.... റിപ്പോര്‍ട്ട് വായിച്ചു തന്നെ നോക്കി രോഗിയെവിടെ? ഞാന്‍ തന്നെ ഡോക്ടര്‍ അപ്പോഴാണ് പേരും വയസും നോക്കിയത്. സഗൗരവത്തില്‍ കാര്യം പെട്ടന്ന് പറഞ്ഞു തീര്‍ത്തു.. സ്റ്റേജ് 3. മാറിലും തൊളിലും പടര്‍ന്നു. സര്‍ജറി വേണം .. എട്ട് കീമോ വേണ്ടി വരും. ചികിത്സ ഇവിടെ തുടരാന്‍ താല്പര്യം ഉണ്ടെങ്കില്‍ കീമോ ഡോക്ടറിനെ കാണാം. എന്നില്‍ നിര്‍വികാരത മാത്രം.. പുറത്തു ആളുണ്ട്.. അവരോട് പറയുമോ ഡോക്ടര്‍?. കോവിഡ് പ്രോട്ടോകോള്‍ അല്ലേ, നീ തന്നെ പറഞ്ഞാല്‍ മതി... ചിലപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ അംഗീകരിക്കില്ല.. ഞാന്‍ പറഞ്ഞു. ഡോക്ടര്‍ സമ്മതിച്ചു... മൂത്താപ്പ റൂമില്‍ കയറി സംസാരിച്ചു... ഞാന്‍ പുറത്തിരുന്നു... എന്താണ് പറഞ്ഞതെന്നു ചോദിക്കാനും പോയില്ല... മൂത്താപ്പ നമുക്ക് മംഗ്ലൂര്‍ ലെ ഡോക്ടറെ കണ്ടാലോ എന്ന ഓപ്ഷന്‍ വെച്ചു.. ഞാന്‍ പറഞ്ഞു വേണ്ട... വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ഇപ്പോ ഞങ്ങള്‍ക് ആവില്ല . രോഗവുമായി സമരസപ്പെട്ടു മൂന്ന് ആഴ്ച കൂടുമ്പോള്‍ ഒന്ന് എന്ന നിലയില്‍ 4 കീമോ ചെയ്തു. വലിയ വാര്‍ഡ്‌ലെ മുപ്പത്തോളം ബെഡ്ഡില്‍ പ്രായമായവരുടെ ഞരക്കവും കുട്ടികളുടെ ഇന്‍ജെക്ഷന്‍ കരച്ചിലിനുമിടയില്‍ മൂന്ന് മണിക്കൂര്‍ കിടത്തം.. കരയുന്ന കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു ഉറക്കം നടിച്ചു കിടക്കുന്ന അമ്മമാര്‍.. എല്ലാം ഒരു ദിനചര്യയായി എടുത്തുപിടിച്ചു പുഞ്ചിരി തൂകി നഴ്‌സുമാര്‍.. 4 എണ്ണം കഴിഞ്ഞപ്പോള്‍ സര്‍ജറി ആയി...

റിപ്ലാന്റേഷന്‍ സര്‍ജറി കൂടി ഉണ്ടായതിനാല്‍ 2 ദിവസം ഐ.സി.യു, ഒരാഴ്ച ഹോസ്പിറ്റല്‍ വാസം. തണുത്തു മരവിച്ച ഐ.സി.യു വാസം. തന്റെ ഇരുഭാഗവും കിടന്നത് രണ്ട് ഉപ്പാപ്പമാര്‍... മക്കളെ കൈയില്‍ പണമില്ല ഡിസ്ചാര്‍ജ് ആകണം എന്നാണ് ഇവരുടെ ഏക ആവശ്യം... സ്വന്തമായി എഴുനേറ്റു നടക്കാന്‍ പോലും ആവാതെ വേദനിച്ചു ഉറങ്ങാതെ കിടക്കുമ്പോള്‍ ഇവരുടെ മനസ്സില്‍ മക്കളുടെ സാമ്പത്തിക ആകുലതകള്‍ ആണ്.. വീണ്ടും കീമോ നാളുകള്‍ .. 5 മത്തെ കീമോ കുറച്ച് കുഴപ്പിച്ചു.. പാതി ഉണങ്ങിയ മുറിവുകള്‍ പഴുത്തു. തടിച്ച പ്രകൃതമായതിനാല്‍ ആയിരിക്കണം. ഫ്‌ളഷ്‌ എടുത്ത വയറിന്റെ ഭാഗത്തു തുള വന്നു വെള്ളം ചാടാന്‍ തുടങ്ങി.. അന്ന് രാത്രി നാല് മാക്‌സി വയറില്‍ മാറി കെട്ടിവെച്ചു വെള്ളം ഒപ്പിയെടുത്തു. വീണ്ടും രണ്ടാഴ്ച ഹോസ്പിറ്റല്‍ വാസം.. ദിവസവും ഈ തുള കത്രികയും കോട്ടണ്‍ വെച്ച് വൃത്തിയാക്കും... പഴുത്ത മാംസക്കഷണങ്ങളില്‍ വിരലിട്ടു കോട്ടണ്‍ വെച്ച് കഴുകി കൊണ്ടിരിക്കും. വേദന കൊണ്ട് പുളയുമ്പോള്‍ ഡോക്ടറുടെ കൈ പിടിക്കും. കണ്ണില്‍ നിന്നും കുടു കുടാ വെള്ളം തോരുന്നത് കാണുമ്പോള്‍ ഡോക്ടര്‍ കുറച്ചു നേരം നിര്‍ത്തി വെക്കും. ഒടുവില്‍ തുള വലുതായി.. തുന്നിച്ചേർത്ത് ഉണക്കി...

സര്‍ജറി ചെയ്ത് റിക്കവര്‍ ആവാത്തവര്‍ അടങ്ങുന്ന വാര്‍ഡിലെ എന്റെ മുറിവ് നിസാരമായിരുന്നു.. വാര്‍ഡില്‍ ഡോക്ടര്‍ വരുമ്പോള്‍ കൂട്ടിരിപ്പുക്കാർ പുറത്തിറങ്ങാന്‍ നിര്‍ദേശം ഉണ്ട്.. കാലില്‍ കാന്‍സര്‍ വന്നു സര്‍ജറി കഴിഞ്ഞു 6 മാസത്തിനുള്ളില്‍ ഇന്‍ഫെക്ഷന്‍ ആയി വന്ന 37 കാരിയോട് ഡോക്ടര്‍ കാല്‍ മുഴുവന്‍ ആയും മുറിച്ചു കളയണം എന്ന് പറയുമ്പോ ഡോക്ടറുടെ കൈ പിടിച്ചു പൊട്ടിക്കരയുന്ന രംഗം... കൈയിലെ തൂവാല കൊണ്ട് കണ്ണീരോപ്പി മടങ്ങുന്ന ഡോക്ടര്‍... ഞരക്കം മാത്രമുളള വല്യമ്മമാര്‍..കാന്‍സര്‍ എന്ന മഹാമാരിയെ തിരിച്ചറിഞ്ഞത് ഇവിടെ നിന്നാണ്.. മുറിവുണങ്ങി കഴിഞ്ഞപ്പോഴേക്കും എന്റെ കൈയിലെ ചോര തുടിക്കുന്ന ഞരമ്പുകള്‍ ഒക്കെ പതിയെ മാഞ്ഞു പോയി തുടങ്ങിയിരുന്നു. നഴ്‌സുമാര്‍ സസൂക്ഷ്മം പരിശോധിച്ചു കണ്ടെത്തും.. ഞരമ്പ് തേടിയുള്ള ഓരോ പരീക്ഷണത്തിലും കരയുന്നത് സ്ഥിരം പല്ലവി ആക്കിയതിനാല്‍ പ്രത്യേക പരിഗണന തന്നെ കിട്ടി..

അതിനിടയില്‍ ഡോസ് വളരെ കൂടിയ ഒരു കീമോ മരുന്നു ചെറിയ ഞരമ്പിലൂടെ കടത്തി തൊലിയിലേക്ക് മറിഞ്ഞു കൈ പൊള്ളി.. അങ്ങനെ 8 കീമോ,15 റേഡിയേഷനും പൂര്‍ത്തിയാക്കി .. കീമോയില്‍ ചെറിയ ക്ഷീണം മാത്രമേ ആദ്യം തോന്നിയുള്ളൂ... സര്‍ജറി കഴിഞ്ഞത് മുതല്‍ ക്ഷീണം കൂടി വന്നു... എങ്കിലും ഒരാഴ്ച കൊണ്ട് റിക്കവര്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നു. മുടി പോയി മൊട്ട ആയതൊന്നും നമ്മുടെ ജീവിത ഡിക്ഷണറിയിലെ ഏടുകളല്ല...

ഇനി മൂന്ന് ആഴ്ച കൂടുമ്പോ ഹോര്‍മോണ്‍ ചികിത്സ. ഇതിന്റെ ഭാഗമായി മരുന്നു കയറ്റണം... ഒരു വര്‍ഷം വരെ ഇങ്ങനെ തുടരണം.. ഇനിയും ഈ മരുന്നിനായി കീമോ വാര്‍ഡില്‍ തന്നെ കിടക്കണം എന്നറിഞ്ഞപ്പോള്‍ മനസ് പതറി.. എട്ടും പൊട്ടും തിരിയാത്ത കീമോ വാര്‍ഡിലെ കുഞ്ഞുങ്ങളുടെ കരച്ചില്‍ എന്റെ മനസിനെ വല്ലാതെ അസ്ഥിരപ്പെടുത്തി കഴിഞ്ഞിരുന്നു... മകനെ എഴുന്നേല്‍പിക്കാതെ അതിരാവിലെ പമ്മി എണീറ്റു തലശേരി വരെ കാറില്‍ യാത്ര ചെയുമ്പോഴും അവനെ കുറിച്ചുള്ള ആധി ആയിരിന്നു മനസ്സില്‍. അങ്ങനെ വാര്‍ഡിലെ ബെഡ്ഡില്‍ കിടക്കുമ്പോള്‍ മകന്റെ പ്രായമുള്ള കുഞ്ഞുങ്ങള്‍ കീമോ എടുക്കുമ്പോഴുള്ള കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഇടനെഞ്ചു പൊട്ടിപ്പോവും.. റിസ്‌ക് സ്വയം ഏറ്റെടുത്തു നാട്ടിലെ ജില്ല ആശുപത്രിയില്‍ നിന്നും തുടര്‍ ചികിത്സ നടത്താമെന്നും മൂന്ന് മാസം കൂടുമ്പോള്‍ എക്കോ ഇസിജി എടുത്തു വരാമെന്നും ഡോക്ടറോട് പറഞ്ഞു തരപ്പെടുത്തി ചികിത്സ തുടരുന്നു. രോഗത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക് ജൈത്രയാത്ര തുടരുകയാണ്.

എപ്പോഴെങ്കിലും ഒരിക്കല്‍ കാന്‍സറിന്റെ രൗദ്രത തിരിച്ചറിയാന്‍ ആര്‍.സി.സിയില്‍ പോകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു... കാന്‍സറിനു ഒരു പ്രത്യേകത ഉണ്ട് രോഗത്തിന് മുന്‍പുള്ള ഒരു വ്യക്തി അല്ല അതിനു ശേഷം... നമ്മുടെ ശരീരത്തെ മനസിനെ, ചിന്തകളെ, സ്വപ്നങ്ങളെ, കാഴ്ച്ചപ്പാടുകളെ ആകപ്പാടെ മാറ്റി മറിക്കും... മനസ് കൊണ്ട് കുറച്ചു കൂടി നല്ലവരാവും.. നല്ല മനസ്സുള്ള ഞങ്ങളെ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടും... എല്ലാവര്‍ക്കും നന്ദു മഹാദേവ ആവാന്‍ പറ്റില്ല എങ്കിലും ചെറിയ രീതിയില്‍ നമ്മളും അങ്ങനെ മാറിപ്പോകും.. അതുപോലെയുള്ള ഒരു മാറ്റത്തിന്റെ പാതയിലാണ് ഞാനും...

സുഹൃത്തുക്കളെ, സ്തനാര്‍ബുദ രോഗ ചികിത്സ കഴിഞ്ഞവര്‍ തുടക്കകാര്‍ ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കായി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ്‌ ചെയ്തിട്ടുണ്ട്. നിലവില്‍ എന്റെ അറിവില്‍ അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ല... കാന്‍സര്‍ രോഗികളുടെ ഗ്രൂപ്പ് അല്ല.. ബ്രസ്റ്റ്‌ കാന്‍സര്‍ മാത്രമായി ഒരു ഗ്രൂപ്പ്. ഉണ്ടെങ്കില്‍ ആ വിവരം ഇന്‍ബോക്‌സില്‍ ഇടണം.. ഇല്ല എങ്കില്‍ ഞങ്ങള്‍ക്കുള്ള ഒരിടം ക്രിയേറ്റ്‌ ചെയ്തിട്ടുണ്ട്. ചികിത്സ കഴിഞ്ഞവര്‍, തുടരുന്നവര്‍ മാത്രമാണ് ഗ്രൂപ്പില്‍ ചെരേണ്ടത്. ശാരീരിക ബുദ്ധിമുട്ടുകള്‍, ലിംഫോമയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍, മാനസിക പ്രശ്‌നങ്ങള്‍, മിഥ്യാധാരണകള്‍ തുടങ്ങിയവ നമുക്ക് വിദഗ്ദരുമായി ഒന്നിച്ചു ഒരു പ്ലാറ്റ്ഫോമില്‍ ഇരുന്നു ചര്‍ച്ച ചെയ്യാം.. പരസ്പരം തണലാവാം.

Follow this link to join my WhstaApp group: tthps://chat.whstaapp.com/JGrzNdXNNAOJvrMgnUT6bJ
തല്ക്കാലം നിര്‍ത്തുന്നു..

Content Highlights: Breast Cancer Juvairiya PK's facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented