-
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്ന ഈ കാലത്തിലും നിറത്തിന്റെയും ശരീരപ്രകൃതിയുടെയുമൊക്കെ പേരില്‍ പരിഹാസങ്ങള്‍ക്ക് ഇരയാകുന്നവരുണ്ട്. വെളുത്തതും മെലിഞ്ഞതുമൊക്കെയാണ് സൗന്ദര്യത്തിന്റെ പ്രതീകമെന്ന കാഴ്ച്ചപ്പാടുകളൊക്കെ മാറിത്തുടങ്ങി. പ്രശസ്ത ഫെയര്‍നസ് ബ്രാന്‍ഡ് വരെ തങ്ങളുടെ ഉത്പന്നത്തിന്റെ പേരില്‍ നിന്നും ഫെയര്‍ എന്ന വാക്ക് എടുത്തുകളയുകയാണ്. ഈ സാഹചര്യത്തില്‍ നിറത്തെച്ചൊല്ലി താന്‍ നേരിട്ട വേര്‍തിരിവുകളെക്കുറിച്ച് വ്യക്തമാക്കുകയാണ് ബോളിവുഡ് താരം ബിപാഷ ബസു.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ബിപാഷ ഇരുനിറത്തിന്റെ പേരില്‍ അനുഭവിച്ച കാലത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുന്നത്. കുട്ടിക്കാലത്ത് വീട്ടില്‍ നിന്നുതന്നെ അത്തരത്തിലുള്ള വേര്‍തിരിവുകള്‍ കേട്ടിരുന്നുവെന്നും ബിപാഷ പറയുന്നു.
സഹോദരി സോണിയേക്കാള്‍ ഇരുണ്ടതാണല്ലോ താനെന്ന് അകന്ന ബന്ധുക്കള്‍ പറയുന്നതു കേള്‍ക്കുമ്പോഴൊന്നും ഈ ചര്‍ച്ചകള്‍ എന്തിനെക്കുറിച്ചാണെന്ന് തനിക്കു മനസ്സിലായിരുന്നില്ലെന്ന് ബിപാഷ പറയുന്നു. അമ്മയെപ്പോലെയായിരുന്നു താന്‍. പതിനഞ്ചോ പതിനാറോ വയസ്സു പ്രായമുള്ളപ്പോള്‍ സൂപ്പര്‍ മോഡല്‍ കോണ്ടസ്റ്റില് വിജയിച്ച തന്നെ '' വിജയിയായത് കൊല്‍ക്കത്തയില്‍ നിന്നുള്ള ഇരുണ്ടനിറക്കാരി'' എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അന്നും എന്തുകൊണ്ട് തന്നെ വിശേഷിപ്പിക്കാന്‍ ' ഇരുണ്ടനിറക്കാരി' എന്നു പ്രയോഗിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടെന്ന് ബിപാഷ പറയുന്നു.
പിന്നീട് പാരീസിലും ന്യൂയോര്‍ക്കിലും മോഡലിങ്ങിനു പോയപ്പോഴാണ് തന്റെ നിറം അവിടെ ആകര്‍ഷണീയമാണെന്നും ഏറെ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞതെന്ന് ബിപാഷ പറയുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ തനിക്ക് സിനിമയിലേക്ക് അവസരങ്ങള്‍ വന്നിരുന്നു. താന്‍ സ്വീകരിക്കപ്പെട്ടെങ്കിലും വിശേഷണത്തില്‍ അപ്പോഴും മാറ്റമുണ്ടായിരുന്നില്ല. അപ്പോഴേക്കും താന്‍ ആ വാക്കിനെ ഇഷ്ടപ്പെട്ടും തുടങ്ങിയിരുന്നു. തന്നെക്കുറിച്ചുള്ള മിക്ക ലേഖനങ്ങളിലും ഇരുണ്ടനിറമായിരുന്നു പ്രധാനവിഷയം. അതിനെ എന്റെ സെക്സ് അപ്പീലുമായി ചേര്‍ത്തും വിശേഷിക്കാന്‍ തുടങ്ങി. ബോളിവുഡില്‍ സെക്സി എന്ന വാക്ക് പ്രചാരത്തിലായി. എന്നാല്‍ തനിക്കിതൊരിക്കലും മനസ്സിലായിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം സെക്സി എന്നു പറയുന്നത് വ്യക്തിത്വമാണ് അല്ലാതെ ചര്‍മത്തിന്റെ നിറമല്ല- ബിപാഷ പറയുന്നു.
ഒരു നടി എങ്ങനെയാകണം എന്നതിന് കൃത്യമായ സങ്കല്പങ്ങളുണ്ടായിരുന്നു. താന്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു. പക്ഷേ അതൊന്നും താന്‍ ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുന്നതില്‍ പിന്തിരിപ്പിച്ചില്ല. കുട്ടിക്കാലം തൊട്ടേ ആത്മവിശ്വാസത്തോടെ അഭിമാനത്തോടെയാണ് വളര്‍ന്നത്. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടയില്‍ ഭീമമായ പ്രതിഫലത്തുക വാഗ്ദാനം ചെയ്ത് നിരവധി സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ വിശ്വസിച്ചിരുന്ന ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും ബിപാഷ പറയുന്നു.
Content Highlights: Bipasha Basu On Facing Shadeism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..