ദീപ ജി. മുരിക്കൻ/ ദീപയുടെ ചേറൂരിലെ വീട്ടിലെ വ്യത്യസ്തമായ കൃഷിയിടം | Photo: Mathrubhumi
'ബി.എസ്സി.ക്ക് ബോട്ടണി പഠിക്കുക എന്റെ വലിയ ആഗ്രഹമായിരുന്നു. കൃഷിയോടുള്ള ഇഷ്ടം, ഒപ്പം ഓരോ കുഞ്ഞുചെടിയും കാണുമ്പോള്‍ അതിനെക്കുറിച്ചറിയാനുള്ള ആഗ്രഹം. അതെല്ലാം കൂടിച്ചേര്‍ന്നുള്ള തീരുമാനം. സഹോദരങ്ങള്‍ രണ്ടുപേരും മെഡിസിന് പഠനം തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ ചെടികളുടെ പിറകേ പോയതില്‍ പലരും കുറ്റപ്പെടുത്തി. മാതാപിതാക്കള്‍ മാത്രം ഒപ്പം നിന്നു. അവള് ഇഷ്ടമുള്ളത് പഠിക്കട്ടെ, അവര്‍ പറഞ്ഞു. അന്നവര്‍ അനുവദിച്ച സ്വാതന്ത്ര്യമാണ് ഇന്നത്തെ എന്റെ നേട്ടത്തിന് പിറകിലുള്ളത്. എന്റെ മക്കള്‍ക്കും ഞാന്‍ ആ സ്വാതന്ത്ര്യം നല്കുന്നു' -തൃശ്ശൂര്‍ സെയ്ന്റ്് മേരീസ് കോളേജിലെ ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ ജി. മുരിക്കന്‍ പറയുന്നു.
ബഹുരാഷ്ട്ര കമ്പനിയായ മൊണ്‍സാന്റോയിലെ ഈ മുന്‍ ശാസ്ത്രജ്ഞ ഇപ്പോള്‍ അധ്യാപനം, ഗവേഷണം, കൃഷി, മാലിന്യസംസ്കരണം തുടങ്ങി ഒരേസമയം തിളങ്ങുന്ന മേഖലകളേറെ. തൃശ്ശൂര്‍ ചേറൂരിലെ മൂന്നര സെന്റിലുള്ള വീട്ടില്‍ ഈ കോളേജധ്യാപിക വ്യത്യസ്തലോകം തന്നെ തീര്‍ത്തിരിക്കുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറി മാത്രമല്ല, കോഴി, കാട, മീന്‍ തുടങ്ങിയവയെല്ലാം മൂന്ന് സെന്റിലെ സ്ഥലപരിമിതികള്‍ക്കുള്ളില്‍ നിന്ന് ദീപ ഉത്പാദിപ്പിക്കുന്നു. കൂടാതെ ഓമനമൃഗങ്ങളും അലങ്കാരച്ചെടികളുമുണ്ട്്. ഗ്രോബാഗില്‍ മഞ്ഞള്‍കൃഷി, ഔഷധച്ചെടികള്‍, പേര, ചൈനീസ് ഓറഞ്ച്...
എന്നാല്‍ ഇവിടെ ഒരു തരി മാലിന്യം പോലുമുണ്ടാകുന്നില്ലെന്നതാണ് സവിശേഷത. ജൈവമാലിന്യമെല്ലാം ഇവിടെത്തന്നെ പുനരുപയോഗിക്കുന്നു. വളര്‍ത്തുപക്ഷികളുടെ കാഷ്ഠം ചെടികള്‍ക്ക് വളമാകുന്നു. ഇലച്ചെടികള്‍ കോഴിക്കും കാടയ്ക്കും ഭക്ഷണമാകുന്നു. മീനുകളുടെ അവശിഷ്ടം കോഴിക്കും മീന്‍കുളത്തിലെ വെള്ളം ചെടികള്‍ക്കും നല്കുന്നു. അങ്ങിനെ പരസ്പരാശ്രിതമായ കൃഷിരീതി നടപ്പാക്കുന്നതിലൂടെ മാലിന്യസംസ്കരണം കൃത്യമായി നടക്കുന്നു. വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഗ്രില്ലില്‍ തൂക്കിയ കൂടുകളുമൊക്കെയായി സ്ഥലപരിമിതിയേയും മറികടക്കുന്നു.
മാലിന്യസംസ്കരണ രീതിയെല്ലാം സ്വയം വികസിപ്പിച്ചെടുത്തതാണ്. ബി.എസ്സി. ബോട്ടണിക്ക് ശേഷം എം.എസ്സി. ബയോകെമിസ്ട്രി നേടിയ ഇവര്‍ മൈസൂര്‍ സി.എസ്.ടി.ആര്.ഐ.യില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ബയോവേസ്റ്റ് മാനേജ്മെന്റിലുള്‍പ്പെടെ ഗവേഷണങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. ഹെര്‍ബല്‍ മൊസ്ക്വിറ്റോ റെപ്പല്ലന്റ്, ഓയില്‍ തുടങ്ങിയവയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ അംഗീകാരങ്ങളും സ്വന്തമാക്കി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ എം.ജി. ഇന്‍ക്യുബേഷന്‍ റിസര്‍ച്ച് സെന്ററില്‍ ശ്രദ്ധേയമായൊരു ഗവേഷണപ്രവര്‍ത്തനത്തിന്റെ തിരക്കിലാണിപ്പോള്‍.
പഠനത്തിനുശേഷം ബെംഗളൂരുവില്‍ മൊണ്‍സാന്റോയില്‍ ശാസ്ത്രജ്ഞയായിരിക്കെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. കൃഷിയോടുള്ള സ്നേഹം തന്നെയാണ് അതിനു പിന്നില്‍. കോട്ടയം തലയോലപ്പറമ്പ് മുരിക്കന്‍ കുടുംബാംഗം ജോര്‍ജിന്റെയും മറിയാമ്മയുടേയും മകളാണ്.
ഭര്‍ത്താവ് പാല മരങ്ങാട്ടുപള്ളി കരിപ്പാത്ത് വീട്ടില്‍ ദീപക് ബെംഗളൂരുവില്‍ എന്‍ജിനീയറാണ്. തൃശ്ശൂര്‍ ദേവമാത സ്കൂളിലെ വിദ്യാര്‍ഥികളായ ഷോണ്‍, മരിയ എന്നിവരാണ് മക്കള്‍.
Content Highlights: bio chemistry assistant professor deepa success story and inspirationl story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..