ഷഹീൻബാഗിലെ മുത്തശ്ശി ബിൽക്കിസ് ബാനോ | Photo: twitter.com|ranaayyub
ബില്‍ക്കിസ് ബാനോ എന്ന 82 വയസ്സുകാരി, എല്ലാ വീട്ടമ്മമാരെയും പോലെ ആരും കേള്‍ക്കാതെ അറിയാതെ തന്റെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മാത്രം സാധ്യതയുള്ള ഒരാള്‍ മാത്രമായിരുന്നു അവര്‍. ഷഹീന്‍ ബാഗില്‍ നടന്നിരുന്ന സി.എ.എ (Citizenship Amendment Atc )യ്ക്ക് എതിരെയുള്ള പ്രതിഷേധത്തില്‍ നൂറ് കണക്കിന് സ്ത്രീകള്‍ക്കൊപ്പം അവിടെ എത്തുന്നതുവരെ. പിന്നെയവര്‍ പ്രതിഷേധത്തിന്റെ മറ്റൊരു മുഖമാകുകയായിരുന്നു. ഷഹീന്‍ബാഗിലെ മുത്തശ്ശിമാര്‍ എന്ന പേരില്‍. ബില്‍ക്കിസും ഒപ്പം നൂറ്കണക്കിന് സ്ത്രീകളും മൂന്ന് മാസത്തിലധികമാണ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. രക്തം പോലും മരവിക്കുന്ന ഡല്‍ഹിയിലെ തണുപ്പില്‍ ചുമലിലൂടെ ഒരു ഷാള്‍ മാത്രം പുതച്ച് മുഖത്ത് നിശ്ചയദാര്‍ഢ്യവുമായി സമരം ചെയ്ത ആ മുത്തശ്ശി ഇന്ന് ടൈംമാഗസിനിലെ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിലൊരാളായി കഴിഞ്ഞു.
പ്രതിഷേധത്തിന്റെയും പ്രതീക്ഷയുടെയും മുഖമെന്നാണ് ടൈം ബില്‍ക്കിസിനെ വിശേഷിപ്പിച്ചത്. 'ബില്‍ക്കിസ് പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ്. ഭൂരിപക്ഷ രാഷ്ട്രീയത്തില്‍ ഞെരിഞ്ഞമരുന്ന ന്യൂനപക്ഷത്തിന്റെയും സ്ത്രീകളുടെയും പ്രതിക്ഷേധത്തിന്റെ പ്രതീകം.'

ഷഹീന്‍ബാഗ് പ്രതിഷേധം 101 ദിവസമാണ് നീണ്ടത്. മാര്‍ച്ച് 24 ന് കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിപോലീസിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധക്കാരെ ഒഴിപ്പിക്കുന്നതുവരെ ബില്‍ക്കിസ് അവിടെ ഉണ്ടായിരുന്നു.
'ഞങ്ങള്‍ വയസ്സായവരാണ്, ഇത് ഞങ്ങള്‍ക്കു വേണ്ടിയല്ല, ഞങ്ങളുടെ മക്കള്‍ക്കു വേണ്ടിയാണ്, അങ്ങനെയല്ലെങ്കില്‍ ഈ തണുപ്പില്‍ ഞങ്ങള്‍ വന്നിരിക്കുന്നത് എന്തിനാണ്?' ബില്‍ക്കിസ് തന്റെ പ്രതിഷേധത്തെ പറ്റി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.
ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ രോഹിത് വെമുലയുടെ അമ്മയ്‌ക്കൊപ്പം കൈയില്‍ ദേശിയപതാകയുമേന്തി ബില്‍ക്കിസും നൂറ് കണക്കിന് ആളുകളും റിപ്പബ്ലിക്ക ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. കവിതകളും പാട്ടുകളുമായി അവര്‍ തങ്ങളുടെ പ്രതിഷേധം അവിടെയും തുടര്‍ന്നു.
ഫെബ്രുവരിയിലാണ് ഷഹീന്‍ ബാഗിലെ വേദിയില്‍ നിന്ന് 50 മീറ്റര്‍ അകലെമാറി ഒരു സായുധ ആക്രമണകാരി വെടിയുതിര്‍ത്തത്. ബില്‍ക്കിസ് ആ സമയത്ത് വേദിയിലുണ്ടായിരുന്നു. എന്നാല്‍ ആരും ഭയന്നോടാന്‍ തയ്യാറായിരുന്നില്ല. അവര്‍ പ്രാര്‍ത്ഥനകളുമായി അവിടെ തന്നെയിരുന്നു. ആ വെടിയുണ്ടകള്‍ക്ക് അവരെ ഭയപ്പെടുത്താനാവുമായിരുന്നില്ല.
ഷഹീന്‍ബാഗിലെ വിദ്യാര്‍ത്ഥികളായ പ്രതിഷേധക്കാര്‍ക്ക് വലിയ പ്രചോദനമായിരുന്നു ബില്‍ക്കിസ് എന്ന് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. 'എന്റെ ഞരമ്പുകളിലെ രക്തയോട്ടം നിലയ്ക്കുന്നതു വരെ ഞാനിവിടെയിരിക്കും, എന്റെ രാജ്യത്തിലെയും ലോകത്തിലെയും വിദ്യാര്‍ത്ഥികള്‍ തുല്യതയുടെയും നീതിയുടെയും വായു ശ്വസിക്കുന്നതുവരെ.' ബില്‍ക്കിസ് പറഞ്ഞു.
Content Highlights: Bilkis, the Shaheen Bagh ‘dadi’ listed among TIME’s most influential people of 2020


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..