അജീഷും ബിജിലയും വീട്ടിൽ | Photo: Special Arrangement
മൂന്നു വര്‍ഷംമുമ്പ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റപ്പോള്‍ ജീവിതത്തിലേക്ക് ഇനി തിരിച്ചുവരാനാകുമോ എന്ന ആശങ്കയിലായിരുന്നു അജീഷ്. അജീഷുമായി നിശ്ചയിച്ച വിവാഹക്കാര്യത്തില്‍ ഇനി എന്തുചെയ്യണമെന്ന ആലോചനയിലായിരുന്നു ബിജിലയുടെ വീട്ടുകാര്‍. എന്നാല്‍, ബിജിലയ്ക്ക് സംശയമൊന്നുമില്ലായിരുന്നു. ബാഗും പാക്ക് ചെയ്ത് അവള്‍ വീട്ടില്‍നിന്നിറങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അജീഷിന്റെ കട്ടിലിനടുത്തെത്തി. ആ കരുതല്‍ ഇപ്പോഴും തുടരുന്നു. പതുക്കെ നടക്കുന്നതിലേക്കുവരെ അജീഷിനെയെത്തിച്ച മനക്കരുത്തിന്റെ, പ്രതീക്ഷയുടെ പേരായി അവള്‍ ഒപ്പം.
വീടിന്റെ തറയില്‍നിന്ന് 20 അടി താഴ്ചയിലേക്കുവീണാണ് വാഴയൂര്‍ കാരാട്പറമ്പ് പൊക്കാനംകുഴി പുറായില്‍ അജീഷി(39)ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്. കോവിഡ് കാലത്ത് 2020 ജൂണ്‍ 10-നായിരുന്നു അപകടം. കോവിഡ് പ്രതിസന്ധി കാരണം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അജീഷിനെ പ്രവേശിപ്പിച്ചത്.
അരൂര്‍ നെല്ലിക്കുന്നുമ്മല്‍ പരേതരായ കണ്ണന്റെയും വിലാസിനിയുടെയും മകള്‍ ബിജിലയുമായി രണ്ടുവര്‍ഷംമുമ്പേ അജീഷിന്റെ കല്യാണമുറപ്പിച്ചിരുന്നു.ബിജിലയുടെ അമ്മയുടെയും അജീഷിന്റെ ബന്ധുവിന്റെയും മരണത്തെത്തുടര്‍ന്ന് വിവാഹം നീണ്ടുപോയി. അജീഷിന് അപകടംപറ്റിയതോടെ വിവാഹത്തിന് ബന്ധുക്കളില്‍നിന്ന് എതിര്‍പ്പുയര്‍ന്നു. എന്നാല്‍, ജീവിതം അജീഷിനൊപ്പംതന്നെ എന്നുറച്ച് ആശുപത്രിയിലേക്ക് പോരുകയായിരുന്നു ബിജില.
ബിജിലയുടെ പരിചരണത്തില്‍ ചികിത്സയും ഫിസിയോതെറാപ്പിയും ഫലംകാണാന്‍ തുടങ്ങി. കഴുത്തിനുതാഴെ ചലനശേഷി നഷ്ടപ്പെട്ട അജീഷ് കൈകള്‍ പതിയെ ചലിപ്പിക്കാന്‍പറ്റുന്ന സ്ഥിതിയിലേക്കെത്തി. ഇപ്പോള്‍ വാക്കറിന്റെ സഹായത്തോടെ നടക്കാം. നിശ്ചയം കഴിഞ്ഞ് നാലര വര്‍ഷത്തിനുശേഷം ഈ ജനുവരി 27-ന് വാഴയൂര്‍ ഇരുന്നമണ്ണ മഹാവിഷ്ണു ക്ഷേത്രത്തില്‍വെച്ച് അജീഷും ബിജിലയും വിവാഹിതരായി.
പഴയപടി നടക്കാനും ജീവിതം തിരിച്ചുപിടിക്കാനുമാകുമെന്ന് അജീഷിന് ഉറച്ചവിശ്വാസമുണ്ട്. കൊടുങ്കാറ്റിലും ഉലയാതെ ബിജിലയിങ്ങനെ കൂടെനില്‍ക്കുമ്പോള്‍ എങ്ങനെ നടക്കാതിരിക്കാനാവും അജീഷിന്.
Content Highlights: bijila stayed with ajeesh despite his back injury marriage four and a half years after engagement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..