പട്ടാഭി രാമൻ | Photo:linkedin.com/in/nikita-iyer-4227961b/
ബെംഗളൂരു സ്വദേശിയായ നികിത അയ്യർ എന്ന പെൺകുട്ടി ജോലിക്കായി പോകുന്നതിനിടയ്ക്കാണ് ഒരു ഓട്ടോയ്ക്ക് മുമ്പിൽ ചെന്നുപെട്ടത്. എവിടെ എത്തിക്കണമെന്ന് സ്ഫുടമായ ഈംഗ്ലീഷിൽ ഡ്രൈവർ ചോദിച്ചപ്പോൾ ആദ്യമൊന്നു ഞെട്ടി. എന്നാൽ തുടർന്ന് ആ ഓട്ടോ യാത്രയ്ക്കിടെ ഉണ്ടായ അനുഭവങ്ങൾ തെല്ലൊന്നുമല്ല തന്നെ അതിശയിപ്പിച്ചത് എന്നു പറയുകയാണ് നികിത. ഇംഗ്ലീഷ് ലക്ചറായിരുന്ന കാലത്തെക്കുറിച്ചും പിന്നീട് ഓട്ടോ ഡ്രൈവറായതിനെക്കുറിച്ചുമൊക്കെ ആ എഴുപത്തിനാലുകാരൻ നികിതയോട് പങ്കുവെച്ചു. അക്കാര്യങ്ങളെല്ലാം നികിത ലിങ്ക്ഡിനിലൂടെ അനുഭവമായി പങ്കുവെക്കുക കൂടി ചെയ്തതോടെ വൈറലാവുകയും ചെയ്തു.
ജോലിക്കായി പോകുന്നതിനിടെയാണ് നികിതയ്ക്ക് മുമ്പിൽ ആ ഓട്ടോ ഡ്രൈവറെത്തുന്നത്. പ്രായമായ ഡ്രൈവറായതുകൊണ്ടും ആദ്യം സംശയം തോന്നിയതുകൊണ്ടും നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്കാണ് പോകേണ്ടതെന്നു പറഞ്ഞു. എന്നാൽ നികിതയെ അതിശയിപ്പിച്ച് വാഹനത്തിലേക്ക് കേറിക്കോളാനും ഇഷ്ടമുള്ള പൈസ തന്നാൽ മതിയെന്നും അദ്ദേഹം പറയുകയായിരുന്നു. അത്രയ്ക്കും കരുണയോടെയുള്ള പെരുമാറ്റം കണ്ടപ്പോഴാണ് താൻ വണ്ടിയിൽ കയറാൻ തീരുമാനിച്ചതെന്നും നികിത.
മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നതു കേട്ടതിന്റെ ആകാംക്ഷ അടക്കാൻ വയ്യാതെ നികിത അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് താൻ മുംബൈയിലെ ഒരു കോളേജിൽ ഇംഗ്ലീഷ് ലെക്ചർ ആയിരുന്നു എന്നും എംഎയും എംഎഡും പൂർത്തിയാക്കിയതാണെന്നും പറഞ്ഞത്. താനെന്തുകൊണ്ടാണ് ഓട്ടോ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞത് എന്നും അദ്ദേഹം നികിതയോട് പറഞ്ഞു.
പട്ടാഭി രാമൻ എന്നു പേരുള്ള അദ്ദേഹം പതിനാലു വർഷമായി ഓട്ടോ ഓടിക്കുന്നുണ്ട്. കോളേജിൽ നിന്ന് വിരമിച്ചതോടെയാണ് ഓട്ടോ ഓടിക്കലിലേക്ക് തിരിഞ്ഞത്. കർണാടകയിൽ ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു മുംബൈയിൽ വന്ന് ജോലി ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. 20 വർഷത്തോളം ജോലി ചെയ്ത് അറുപതാം വയസ്സിൽ വിരമിച്ച് കർണാടകയിൽ എത്തുകയായിരുന്നു. അധ്യാപകർക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തെക്കുറിച്ചും അദ്ദേഹം നികിതയോട് പറഞ്ഞു.
പരമാവധി കിട്ടുന്ന തുക 10,000 മുതൽ 15,000 വരെയൊക്കെ ആയിരുന്നു. അതൊരു സ്വകാര്യ കോളേജ് കൂടി ആയിരുന്നതിനാൽ പെൻഷനും കിട്ടാൻ വഴിയില്ല. ഓട്ടോ ഓടിക്കുന്നതു വഴി ദിവസവും എഴുനൂറു മുതൽ ആയിരത്തിഅഞ്ഞൂറു രൂപ വരെ തനിക്ക് കിട്ടുന്നുണ്ട്. അത് തനിക്കും ഗേൾഫ്രണ്ടിനും കഴിയാൻ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഈ ഗേൾഫ്രണ്ട് ആരാണെന്ന് നികിതയുടെ സംശയത്തിനും കക്ഷി കൃത്യമായ മറുപടി നൽകി. മറ്റാരെയുമല്ല ഭാര്യയെയാണ് ഗേൾഫ്രണ്ട് എന്നു വിളിക്കുന്നത്. ഭാര്യ എന്ന വിളിക്കുമ്പോൾ അവൾ ഭർത്താവിന് അടിമയാണ് എന്ന തോന്നലാണ് ഉണ്ടാക്കുക. അവൾ തന്നേക്കാൾ ഒട്ടും താഴെയല്ല, പലപ്പോഴും മുകളിലാണെങ്കിലേ ഉള്ളു. അതുകൊണ്ട് തുല്യതയോടെ അവരെ പരിഗണിക്കണം എന്നും അദ്ദേഹം നികിതയോട് പറഞ്ഞു.
ഒരു ബെഡ്റൂമുള്ള ഫ്ളാറ്റിലാണ് പട്ടാഭിരാമനും പ്രിയതമയും താമസിക്കുന്നത്. അതിന്റെ വാടകയായ പന്ത്രണ്ടായിരം രൂപ കൊടുക്കുന്നത് മകനാണ്. അതിനപ്പുറം മക്കളിൽ ഒരു കാര്യങ്ങൾക്കും തങ്ങളിരുവരും ആശ്രിതരല്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ജീവിതത്തെക്കുറിച്ച് ഒരു പരാതി ഇല്ലാതെ ജീവിക്കുന്ന അദ്ദേഹത്തെപ്പോലുള്ള അറിയപ്പെടാത്ത ഹീറോകളിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും നികിത കുറിച്ചു.
Content Highlights: bengaluru auto driver who used to be an english lecturer, inspiring story, inspiring life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..