Photos: instagram.com/bellahadid/?hl=en
നിരവധി ആരാധകരുള്ള മോഡലാണ് അമേരിക്കക്കാരിയായ ബെല്ലാ ഹദീദ്. അടുത്തിടെ വിഷാദരോഗത്തെ അതിജീവിക്കുന്നതിനെക്കുറിച്ച് ബെല്ല പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മദ്യം തന്നെ കീഴടക്കിയതിനെക്കുറിച്ചും ഒടുവിൽ ആ ശീലം നിർത്തിയതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഇരുപത്തിയഞ്ചുകാരിയായ ബെല്ല.
മദ്യത്തിനു കീഴടങ്ങിയ ബെല്ലയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയതോടെയാണ് നിർത്താൻ തീരുമാനിച്ചതെന്ന് പറയുന്നു. മദ്യപാനം ബെല്ലയുടെ തലച്ചോറിനെ വിപരീതമായി ബാധിച്ചതിനെക്കുറിച്ച് സ്കാനിങ് റിപ്പോർട്ട് സഹിതം ഡോക്ടർ ബെല്ലയെ കാണിക്കുകയായിരുന്നു.
മദ്യത്തെ താനത്ര ഇഷ്ടപ്പെട്ടിരുന്നു. തനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന് തോന്നിയ ചില രാത്രികളിൽ പുറത്തുപോലും പോവുന്നത് ഒഴിവാക്കി. തലച്ചോറിന്റെ സ്കാനിങ് ഫലം കണ്ടതോടെ മദ്യം ഉപേക്ഷിക്കണമെന്ന തോന്നൽ വന്നുവെന്നും താരം പറയുന്നു. കുറച്ചു മദ്യം അകത്തുചെല്ലുമ്പോഴേക്കും ഉണ്ടാകുന്ന അവസാനിക്കാത്ത വേദനയെയും സമ്മർദങ്ങളെക്കുറിച്ചും ബെല്ല പറയുന്നു. പുലർച്ചെ മൂന്നുമണിക്കെല്ലാം അമിതമായ ഉത്കണ്ഠയോടെ എഴുന്നേൽക്കുകയും അഞ്ചുവർഷം മുമ്പ് ഹൈസ്കൂൾ കാലത്ത് പറഞ്ഞ കാര്യങ്ങളോർത്ത് ചിന്തിച്ചിരിക്കുമായിരുന്നു എന്നും ബെല്ല പറയുന്നു.
അടുത്തിടെയാണ് താൻ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് ബെല്ല പങ്കുവെച്ചിരുന്നത്. കണ്ണീരൊഴുക്കുന്ന ചിത്രങ്ങൾക്കൊപ്പം ഓരോ കാലത്തും താൻ നേരിട്ട അരക്ഷിതാവസ്ഥയെക്കുറിച്ചും ആശയക്കുഴപ്പത്തെക്കുറിച്ചുമൊക്ക പങ്കുവെക്കുകയായിരുന്നു ബെല്ല.
സോഷ്യൽ മീഡിയ അല്ല യഥാർഥ ജീവിതമെന്ന് തന്റെ 47 മില്ല്യൺ വരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ ഓർമിപ്പിക്കുകയായിരുന്നു ബെല്ല. ഇതെന്റെ ജീവിതത്തിലെ ചില ദിവസങ്ങളായിരുന്നു എന്ന് പറഞ്ഞാണ് ബെല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ചില കെമിക്കലുകളുടെ ബാലൻസ് തെറ്റലാണ് മാനസിക ബുദ്ധിമുട്ടുകളായി കാണിക്കുന്നത്. ഉത്കണ്ഠയും സഹായിക്കാനാരും ഇല്ലെന്ന ചിന്തയും ആദ്യം തടസ്സമുണ്ടാക്കുമെങ്കിലും പിന്നീട് ജീവിതം പുനരാരംഭിക്കാൻ ഇടയാക്കുന്നു- ബെല്ല തന്റെ പോസ്റ്റിൽ കുറിച്ചു.
താൻ അനുഭവിച്ച ആ കാലം ഒരു റോളർകോസ്റ്ററിൽ പായുന്ന പോലെയായിരുന്നു. വഴിയിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടാകാം. നിരവധി കയറ്റിറക്കങ്ങളും ഉണ്ടാകാം. എന്നാൽ ഇതിനെല്ലാം അവസാനം ആ റോളർകോസ്റ്റർ ശരിയായ പോയിന്റിൽ എത്തിച്ചേരും- ബെല്ല കുറിച്ചു.
Content Highlights: bella hadid quits drinking alcohol, bella hadid on mental health, american model
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..