Photos: instagram.com|shikhardofficial|
എട്ടുവർഷം നീണ്ട ദാമ്പത്യത്തിനുശേഷം ക്രിക്കറ്റ്താരം ശിഖർ ധവാനും ബോക്സറായ ഭാര്യ അയേഷ മുഖർജിയും പിരിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിവാഹമോചിതയാകുന്നുവെന്ന് പറഞ്ഞ് അയേഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. രണ്ടാമതും വിവാഹമോചിതയായ താൻ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും ഒടുവിൽ വിവാഹമോചനം ഒരു മോശം വാക്കല്ല എന്നു തിരിച്ചറിയുന്നതിലേക്ക് എത്തപ്പെട്ടതിനെക്കുറിച്ചും പങ്കുവെക്കുകയാണ് അയേഷ.
രണ്ടാമത് വിവാഹമോചിതയാകും വരെ വിവാഹമോചനം ഒരു വൃത്തികെട്ട പദമാണെന്നാണ് ഞാൻ കരുതിയിരുന്നത് എന്നു തുടങ്ങിയാണ് അയേഷ കുറിപ്പ് പങ്കുവച്ചത്. ആദ്യത്തെ തവണ വിവാഹമോചനം നേടിയ സമയത്ത് താൻ ഏറെ ഭയപ്പെട്ടിരുന്നു. ഞാൻ പരാജയപ്പെട്ടെന്നും തെറ്റായ എന്തോ ചെയ്യുന്നുവെന്നൊക്കെയുള്ള തോന്നലായിരുന്നു അന്ന്. ഞാൻ സ്വാർഥയാണെന്നും എന്റെ മാതാപിതാക്കളെ നിരാശപ്പെടുത്തുന്നുവെന്നും തോന്നി, എന്റെ മക്കളേയും ദൈവത്തേപ്പോലും നിരാശപ്പെടുത്തുന്നതായി തോന്നി. വിവാഹമോചനം അത്ര മോശം പദമായിരുന്നു.
ഒന്നാലോചിക്കു നോക്കൂ ഇപ്പോഴിതാ രണ്ടാംതവണയും അതിലൂടെ കടന്നുപോയി. അത് ഭീകരമാണ്, ഒരുതവണ വിവാഹമോചിതയായതുകൊണ്ടു തന്നെ രണ്ടാംതവണ കൂടുതൽ ഭയപ്പെട്ടു. എനിക്ക് കൂടുതൽ തെളിയിക്കണമായിരുന്നു. രണ്ടാം വിവാഹവും തകർന്നതോടെ ശരിക്കും ഭയപ്പെട്ടു. ആദ്യതവണ വിവാഹമോചിതയാകവേ കടന്നുപോയ ചിന്തകളെല്ലാം വീണ്ടും ഒഴുകിയെത്തി. ഭയവും പരാജയവും നിരാശയും.
പക്ഷേ ഈ സാഹചര്യങ്ങളിൽ തെരഞ്ഞെടുക്കേണ്ട ശരിയായ തീരുമാനങ്ങളിലൂടെയും ചിന്തകളിലൂടെയും കടന്നുപോയതോടെ തന്റെ മാനസികനില ശരിയായെന്നും ഭയം പൂർണമായും ഇല്ലാതായെന്നും അയേഷ പറയുന്നു. ഏറ്റവും പ്രധാനം താൻ കൂടുതൽ ശാക്തീകരിക്കപ്പെട്ടെന്നത് ആണ്. തന്റെ ഭയത്തെ തിരിച്ചറിയുകയും വിവാഹമോചനം എന്ന വാക്കിന് താൻ നൽകിയ അർഥം തന്റെ മാത്രം ചിന്തയാണെന്നും തിരിച്ചറിഞ്ഞു. അങ്ങനെ ആ വാക്കിനെയും അവസ്ഥയേയും ഞാൻ കാണാനും അനുഭവിക്കാനും ആഗ്രഹിച്ച രീതിയിൽ പുനർനിർവചിച്ചു- അയേഷ കുറിക്കുന്നു.
വിവാഹമോചനത്തേക്കുറിച്ചുള്ള തന്റെ ഇന്നത്തെ കാഴ്ചപ്പാട് അക്കമിട്ട് കുറിക്കുന്നുമുണ്ട് അയേഷ.
വിവാഹമോചനം എന്നത് എന്റെ സ്വന്തം ജീവിതം വിവാഹത്തിന്റെ പേരിൽ ത്യജിക്കുകയോ തീർപ്പാക്കുകയോ ചെയ്യാതെ എന്നെത്തന്നെ തിരഞ്ഞെടുക്കലാണ്
വിവാഹമോചനം എന്നത് നിങ്ങൾ എത്രത്തോളം നന്നായി ചെയ്താലും ചെയ്യാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ശരിയായി പോകണമെന്നില്ല എന്നതും അതിൽ കുഴപ്പമില്ല എന്നതുമാണ്.
വിവാഹമോചനം എന്നത് എനിക്കുണ്ടായ മനോഹരമായ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും അത് ഇനിയുണ്ടാകുന്ന പുതിയ ബന്ധങ്ങളിലേക്കുള്ള മഹത്തരമായ പാഠങ്ങൾ പഠിപ്പിച്ചുവെന്നുമാണ്.
വിവാഹമോചനം എന്നാൽ ഞാൻ കരുത്തയും വിചാരിച്ചതിനേക്കാൾ ശക്തയുമാണെന്നാണ്,
നിങ്ങൾ എന്ത് അർഥം നൽകുന്നോ അതു തന്നെയാണ് വിവാഹമോചനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..