ആതിര അനീഷ് | Photo: Special Arrangement
യാത്രകള്‍ക്കിടയില്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള പല കാഴ്ച്ചകളും നമ്മള്‍ കാണാറുണ്ട്. കട വരാന്തയില്‍ കിടന്നുറങ്ങുന്നവരും ട്രാഫിക് സിഗ്നലുകളില്‍ കുഞ്ഞിനേയും തോളിലിട്ട് ബലൂണും കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരും കോരിച്ചൊരിയുന്ന മഴ നനഞ്ഞ് പണിയെടുക്കുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ടാകും. പലപ്പോഴും അവരെ സഹായിക്കണമെന്ന് നമ്മള്‍ മനസില്‍ കരുതുമെങ്കിലും സമയനഷ്ടവും എത്തിച്ചേരേണ്ട ദൂരവും ചെയ്തുതീര്‍ക്കേണ്ട ജോലിയുമെല്ലാം ആലോചിച്ച് നമ്മള്‍ തിരിഞ്ഞുനടക്കും.
എന്നാല്‍ മലപ്പുറം നിലമ്പൂരിലെ പോത്തുകല്ല് സ്വദേശിയായ ആതിര അനീഷ് അങ്ങനെ തിരിഞ്ഞുനടന്നില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പോത്തുകല്ല് ടൗണില്‍ പാട്ട് പാടി ജീവിക്കുന്ന യുവതിയെ ആതിര സഹായിച്ചു. പാട്ട് പാടി ക്ഷീണിതയായ യുവതിയില്‍ നിന്ന് മൈക്ക് വാങ്ങി ആതിര മനോഹരമായ ഒരു താരാട്ട് പാട്ട് പാടി...'ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാ... ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദ് റസൂലുള്ളാ...താലോലം താലോലം താലോലം കുഞ്ഞേ...താലോലം കേട്ട് നീ ഉറങ്ങണം കുഞ്ഞേ....'
ടൗണിലെത്തിയ ചിലര്‍ ആതിരയുടെ ആ പാട്ട് മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തു. നിമിഷനേരത്തിനുള്ളില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറിയെന്നും ആതിരയുടെ നന്മ നിറഞ്ഞ മനസ് കാണാതെ പോകരുതെന്നും ആളുകള്‍ കുറിച്ചു. ആതിരയെ തേടി മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഫോണ്‍ കോള്‍ വരെയെത്തി. ആതിര പാടുന്ന വീഡിയോ ആരുടേയും ഹൃദയത്തെ തൊടുന്നതാണെന്നും കേരളത്തിലെ മനുഷ്യ സ്‌നേഹത്തിന്റേയും മതേതരത്വത്തിന്റേയും വറ്റാത്ത മുഖം കാണിച്ചുതന്നതിന് ആതിരയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആതിര സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാനാണ് രാത്രി എട്ട് മണിക്ക് പോത്തുകല്ല് ടൗണിലെത്തിയത്. അച്ഛന്‍ അനീഷൂം കൂടെയുണ്ടായിരുന്നു. ആ സമയത്താണ് കുഞ്ഞിനേയും കൈയില്‍ പിടിച്ച് പാട്ടു പാടുന്ന യുവതിയെ കണ്ടത്. അവരുടെ പാട്ടില്‍ മുഴുവന്‍ ക്ഷീണത്താലുള്ള ഇടര്‍ച്ചയുണ്ടായിരുന്നു. അവരുടെ അടുത്ത് ചായ ഗ്ലാസില്‍ ഒഴിച്ചുവെച്ചിട്ടുണ്ടായിരുന്നു. അതു കുടിക്കാനുള്ള സമയം പോലും അവര്‍ക്ക് കിട്ടിയിരുന്നില്ല. 'ഇത്താ..ഇങ്ങള് ചായ കുടിച്ചോളൂ' എന്ന് പറഞ്ഞ് ആതിര മൈക്ക് കൈയിലെടുത്തു. അതിമനോഹരമായി താരാട്ട് പാടി ആളുകളെ ആകര്‍ഷിക്കുകയും ചെയ്തു.
മലപ്പുറം പോത്തുകല്ല് കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആതിരയുടെ സ്വപ്‌നം ആര്‍മിയില്‍ ചേരുക എന്നതാണ്. പോത്തുകല്ലിലെ പാതാര്‍ സ്വദേശിയാണ്. ഉരുള്‍പൊട്ടല്‍ ഭീതിയുള്ള പ്രദേശമായാതിനാല്‍ പോത്തുകല്ല് ടൗണില്‍ വാടക വീട്ടിലാണ് ഇപ്പോള്‍ താമസം.
Content Highlights: Athira Aneesh, Viral song, helping street singer, inspirational story, Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..