-
സമൂഹ മാധ്യമങ്ങളില്‍ സജീവമായുള്ള മലയാളികള്‍ക്ക് ഷംലി ഫൈസൽ എന്ന പേര് പരിചിതമായിരിക്കാം. ജീവനുള്ള പ്രിന്റര്‍ എന്നാണ് ഈ ചിത്രകാരിയെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. വലിയ ചിത്രരചനാ പാരമ്പര്യമൊന്നും കൈവശമില്ലാതെയാണ് വയനാട്ടുകാരിയായ ഈ 30 കാരി സമൂഹ മാധ്യമങ്ങളിലെ വൈറല്‍ ചിത്രകാരി പദവിയിലേക്ക് നടന്നു നീങ്ങിയത്. നടന്മാരായ ടൊവിനോ തോമസ്, നിവിന്‍പോളി, ഗായിക വൈക്കം വിജയലക്ഷ്മി എന്നിങ്ങനെ പോകുന്നു ഷംലിയെ നാലാളറിയെ അഭിനന്ദിച്ച പ്രമുഖരില്‍ ചിലര്‍.
സ്കൂള്‍ കാലത്തെ ഗൗരവമില്ലാത്ത ചിത്രരചനാക്കമ്പത്തില് നിന്ന് ഇരുത്തം വന്ന ചിത്രകാരിയിലേക്കുള്ള ഷംലിയുടെ വഴി ഒരിക്കലും സന്തോഷത്തില്‍ കുതിര്ന്നതായിരുന്നില്ല. ഒരുപക്ഷേ, തന്റെ ഏറ്റവും വലിയ വേദനകളെ തരണം ചെയ്യാനുള്ള ശ്രമങ്ങളുടെ അനന്തര ഫലം കൂടിയാണ് ചിത്രകാരിയായുള്ള ഷംലിയുടെ പുനര്ജന്മം. ജീവിതത്തില്‍ തനിക്കുണ്ടായ ഏറ്റവും വലിയ വേദനകളുടെ നിറങ്ങള്‍ കൂടി ഷംലിയുടെ ചിത്രങ്ങളിലേക്ക് അലിഞ്ഞുചേര്‍ന്നിരിക്കണം. അവര്‍ക്ക് വേദന മറക്കാനുള്ള മരുന്നു കൂടിയാണ് ചിത്രരചന. ഒപ്പം തന്നെ അളവറ്റ് പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭർത്താവ് ഫൈസല്‍ അലി മുഹമ്മദിന്റെ സാന്നിധ്യവും കൂടിയായപ്പോൾ ഷംലി എന്ന പ്രൊഫഷണൽ ആർടിസ്റ്റ് പിറവി കൊണ്ടു. "അദ്ദേഹമ്മില്ലായിരുന്നെങ്കിൽ ഞാനിങ്ങനെയൊന്നും ആയിത്തീരുമായിരുന്നില്ല", ഷംലി പറയുന്നു

പിന്നീട് യുട്യൂബിലും ഫെയ്സ്ബുക്കിലുമുള്ള ചിത്രരചനാ വീഡിയോകള്‍ കണ്ടും പരിചയിച്ചുമാണ് ഷംലി ചിത്രരചനയിലേക്ക് ആഴത്തിലിറങ്ങുന്നത്. ക്രാഫ്റ്റ്സും മറ്റു ചെറിയ ചിത്രങ്ങളും ഒരുകാലത്ത് വരച്ചിരുന്ന ഷംലി താമസിയാതെ പ്രൊഫഷണല്‍ രചനകളിലേക്ക് കടന്നു.

കളര്‍പെന്‍സില്‍ കൊണ്ടു ഷംലി വരച്ച പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആരാധകരും ആവശ്യക്കാരുമുള്ളത്. ഏകാന്തതതയെയും വേദനകളെയും മറികടക്കാനുള്ള ആ കലാശ്രമം ഇന്ന് ഷംലിയെ ഒരു പ്രൊഫഷണല്‍ കലാകാരി തന്നെയാക്കി. ചിത്രരചനയിലൂടെ നല്ലൊരു സമ്പാദ്യവും ഷംലി ഈ രണ്ട് വര്‍ഷം കൊണ്ട് നേടിയിട്ടുണ്ട്.

പോര്‍ട്രെയിറ്റ് ചിത്രങ്ങളില്‍ കെ.കെ ശൈലജ ടീച്ചര്‍, മുഖ്യമന്ത്രി പിണറായി വിജയന്, ദീപിക പദുകോണ്‍ എന്നിവരുടെ ഫോട്ടോകളെ വെല്ലുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഷംലിയുടെ രചനകള്‍. ശരാശരി നാലഞ്ചു ദിവസമെടുത്താണ് പല ചിത്രങ്ങളും വരയ്ക്കുന്നത്. ഷൈലജ ടീച്ചറുടെ ചിത്രം വരയ്ക്കാന്‍ 15 മണിക്കൂറെടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരയ്ക്കാന്‍ 30 മണിക്കൂറെടുത്തു. പക്ഷെ പല പല സമയങ്ങളിലിരുന്ന് അഞ്ച് ദിവസം മുതൽ ഒരാഴ്ചയെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

ഉപ്പ മുഹമ്മദ് ഹനീഫ . ഉമ്മ സുലൈഖ. അനിയത്തി ഷാനി ഹനീഫും അനിയന് ഷാനിത്തുമെല്ലാം ചേച്ചിയുടെ ചിത്രകലാകമ്പത്തിന് ഭർത്താവ് ഫൈസലിനെപ്പോലെ കട്ടസപ്പോട്ടുമായുണ്ട്.
മൂന്ന് വയസ്സുള്ള മകന് അഭ്യാനെ വീട്ടിലിരുത്തിയാണ് ഓരോ വരയും ഇപ്പോൾ ഷംലി മുഴുമിപ്പിക്കുന്നത്. താമസിയാതെ എക്സിബിഷന് നടത്താനുള്ള ഒരുക്കത്തിലാണ് ഷംലി.
content highlights: Artist Shamli Faizal story and her five year old daughter's demise
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..