Photo: facebook.com|archie.singh.96387
നിങ്ങള്‍ അതിന് ശരിക്കുള്ള സ്ത്രീയല്ലല്ലോ? ഇരുപത്തിരണ്ടുകാരിയായ ആര്‍ച്ചി സിങ്ങ് മോഡലിങ് സ്വപ്‌നങ്ങളുമായി പലയിടങ്ങളില്‍ കയറിയിറങ്ങിയപ്പോള്‍ കേട്ട ചോദ്യങ്ങളിലൊന്നാണ് ഇത്. ആര്‍ച്ചി ഒരു ട്രാന്‍സ് വനിതയാണെന്നതായിരുന്നു കാരണം. എന്നാല്‍ ഈ മാറ്റിനിര്‍ത്തലുകളെയെല്ലാം മറികടന്ന് കൊളംബിയയില്‍ നടക്കുന്ന 2021 ലെ മിസ് ഇന്റര്‍നാഷണല്‍ ട്രാന്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആര്‍ച്ചിയാണ്.
'ഞാന്‍ സ്ത്രീയാണ്. ട്രാന്‍സ്‌ജെന്‍ഡറാണെങ്കിലും സ്ത്രീ തന്നെയാണ്. ഗവണ്‍മെന്റ് എനിക്കു തന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ ഞാന്‍ സ്ത്രീയാണ്. ഞാന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ആളാണ്. ഇതെല്ലാം ഞാന്‍ അവരോട് പറഞ്ഞിരുന്നു.' താന്‍ നേരിട്ട മാറ്റി നിര്‍ത്തലുകളെ പറ്റി ഒരിക്കല്‍ ആര്‍ച്ചി പറഞ്ഞത് ഇങ്ങനെ. ' അവര്‍ക്ക് വേണ്ടത് സ്ത്രീയെയാണ്, എന്നാല്‍ ട്രാന്‍സ് ആയ ആളെ അല്ല, എന്നാല്‍ അവര്‍ക്കത് തുറന്നു പറയാനും പറ്റുന്നില്ല.' മോഡലിങിനും മറ്റുമായി ഏജന്‍സികളെ സമീപിച്ചപ്പോള്‍ ആര്‍ച്ചി താന്‍ നേരിട്ട കാര്യങ്ങളെ പറ്റി പറയുന്നു.
ഡല്‍ഹിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ആര്‍ച്ചിയുടെ ജനനം. പഠനകാലം തൊട്ടേ പെണ്‍കുട്ടിയാവണം എന്ന ആഗ്രഹം ആര്‍ച്ചിയുടെ മനസ്സില്‍ വളര്‍ന്നിരുന്നു. പെണ്ണായി മാറാനുള്ള ആഗ്രഹത്തിന് ആര്‍ച്ചിക്കൊപ്പം നിന്നത് അവളുടെ കുടുംബം തന്നെയാണ്. പതിനേഴാം വയസ്സില്‍ ഇതാണ് താന്‍ എന്ന് സമൂഹത്തിന് മുന്നില്‍ തുറന്നു പറയാന്‍ ആര്‍ച്ചിക്ക് ധൈര്യം നല്‍കിയതും അവരാണ്. ആര്‍ച്ചി മോഡലിങ് കരിയറിലേക്ക് തിരിഞ്ഞതും ഇക്കാലത്താണ്.
മോഡലിങ് ചെയ്യുന്ന കാലത്തു തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ആര്‍ച്ചി സജീവമായി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള ആളുകളുടെ മനോഭാവം മാറ്റുന്നതിന് വേണ്ടിയായിരുന്നു ആര്‍ച്ചിയുടെ ശ്രമങ്ങള്‍. ആദ്യം മോഡലിങ് തന്റെ സ്വപ്‌നങ്ങളിലേക്കുള്ള വഴി മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അതാണ് തന്റെ കരിയറെന്ന് ആര്‍ച്ചി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതിനൊപ്പം മിസ് ട്രാന്‍സ് ഇന്ത്യ കീരിടവും അവള്‍ സ്വന്തമാക്കി.
'എന്നെ എല്ലാവരും തള്ളിപ്പറഞ്ഞത് ഞാന്‍ കാണാന്‍ മോശമായതുകൊണ്ടോ, എനിക്ക് കഴിവില്ലാത്തതുകൊണ്ടോ അല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പേരിലായിരുന്നു. ഇനി വരുന്ന മത്സരം എനിക്കും ഇന്ത്യമുഴുവനുമുള്ള ട്രാന്‍സ് വ്യക്തികള്‍ക്കും സമൂഹത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള പ്രചോദനമാകും.' ആര്‍ച്ചി വിശ്വസിക്കുന്നു.
Content Highlights: Archie Singh Trans Model Representing India at Miss International Trans 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..