ഫോട്ടോ- ഉമേഷ് സൃഷ്ടി
'ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി നടക്കുന്ന സൗന്ദര്യമത്സരങ്ങളും ഷോകളും ഉണ്ട്. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നിന്നാല്‍ ആളുകള്‍ക്ക് നമ്മളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താനാവില്ല. അതുകൊണ്ട് അത്തരം ഷോകളും മറ്റും ഒഴിവാക്കി സാധാരണ സൗന്ദര്യമത്സരങ്ങളിലും ഷോകളിലും പങ്കെടുക്കാനാണ് എന്റെ ശ്രമം. അത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് എനിക്കറിയാം. ആ വിവേചനം ഞാന്‍ നന്നായി അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും വേദനകള്‍ സഹിച്ച് ഞങ്ങള്‍ കടന്നു വരുന്നത് പെണ്ണ് എന്ന് അറിയപ്പെടാനും അംഗീകരിക്കാനും തന്നെയല്ലേ, അതുകൊണ്ടാണ് അത്തരമൊരു തീരുമാനം ഞാന്‍ എടുത്തത്'. തിരുവനന്തപുരം പാറശ്ശാലയിലെ ഒരു വളരെ സാധാരണ കുടുംബത്തില്‍ നിന്നാണ് കിച്ചു എന്ന അപ്‌സര മോഡലിങിന്റെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയത്. എന്നാല്‍ കാത്തിരുന്നതോ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പേരിലുള്ള വിവേചനങ്ങളും. അതൊന്നും ആ ഇരുപത്തിരണ്ടുകാരിയെ തോല്‍പിക്കുന്നവയായിരുന്നില്ലെന്ന് മാത്രം. മദ്രാസി ഗ്രൂപ്പ് മിസ് ഇന്ത്യ മത്സരത്തിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥിയാണ് അപ്‌സര ഇന്ന്.
സൗന്ദര്യ മത്സരങ്ങളിലേക്ക്
'മോഡലിങ്ങിലെത്തിയിട്ട് മൂന്നുവര്‍ഷമായി. നാഷണല്‍ ട്രെയിനിങ് അക്കാഡമിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സ്റ്റുഡന്റായിരുന്നു ഞാന്‍. ആ സമയത്ത് ഫാഷന്‍ ഷോകളില്‍ മോഡലുകളെ ഗ്രൂം ചെയ്യാന്‍ ട്രെയിനിങ് പോലെ ഞങ്ങളെ കൊണ്ടു പോകും. അവിടെ നിന്നാണ് എനിക്കും മോഡലിങില്‍ ശ്രമിക്കണമെന്ന ആഗ്രഹം തോന്നിയത്. ഇന്ത്യന്‍ ഫാഷന്‍ ലീഗിലെ ട്രാന്‍സ് മോഡലായി. പിന്നെ ഇന്ത്യന്‍ ഡിസൈനര്‍ ലീഗില്‍.' എന്നാല്‍ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പേരില്‍ അപ്‌സരയ്ക്ക് മാറി നില്‍ക്കേണ്ടി വന്നു.
'തിരുവനന്തപുരത്ത് എന്റെ നാട്ടില്‍ തന്നെ ജില്ലാതലത്തില്‍ ഒരു സൗന്ദര്യ മത്സരം നടന്നപ്പോള്‍ എന്നെ ഒഴിവാക്കിയിരുന്നു, അതിന്റെ സംഘാടകന്‍ എന്റെ ഒരു സുഹൃത്തായിരുന്നിട്ടു പോലും. പിന്നീടാണ് ഞാന്‍ മിസ് ചെന്നൈ മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ആഗ്രഹത്തിന് ആരും അധികം പ്രോത്സാഹനമോ അവസരമോ നല്‍കിയിരുന്നുമില്ല. കാരണം എന്റെ ജെന്‍ഡര്‍ ഐഡന്റിറ്റി തന്നെ. മോഡലായും മേക്കപ്പ് ആര്‍ട്ടിസ്റ്റായുമൊക്കെയായി മുന്നോട്ട് പോകുമ്പോഴാണ് ഈ മത്സരത്തെ പറ്റി കേള്‍ക്കുന്നത്. അവിടെ മത്സരത്തില്‍ 40 പേരാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ഞാന്‍ മാത്രമായിരുന്നു ട്രാന്‍സ് മോഡല്‍. മദ്രാസി മിസ് ദിവയില്‍ തേര്‍ഡ് റണ്ണറപ്പായാണ് അവിടെ കിരീടം നേടിയത്. അവിടെ ടോപ്പ് അഞ്ചില്‍ എത്തിയവരില്‍ നിന്നാണ് മദ്രാസി മിസ് ഇന്ത്യയിലേക്ക് മത്സരിക്കാന്‍ എന്നെ തിരഞ്ഞെടുത്തത്. 300 ല്‍ അധികം ആളുകളുടെ ഓഡിഷന് ശേഷമായിരുന്നു ആ തിരഞ്ഞെടുപ്പ്.' ഫൈനലില്‍ മത്സരിക്കുന്ന 28 പെണ്‍കുട്ടികളില്‍ ഒരാളാണ് അപ്‌സര.അവസാന ഘട്ട മത്സരം ഓഗസ്റ്റ് ഏഴിനാണ്.
ഗ്രീക്ക് ദേവതയായി
ഗീതു സൃഷ്ടിയുടെ സൃഷ്ടി മേക്കോവര്‍ ഹബിന്റെ നേതൃത്വത്തിലായിരുന്നു ഗ്രീക്ക് ദേവതയായ വീനസ് എന്ന സങ്കല്‍പത്തില്‍ ഒരു ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. ആ ഷൂട്ടിന്റെ ബ്രാന്‍ഡിങ് പാര്‍ട്ണര്‍ വിധുശ്രീയുടെ നേതൃത്വത്തിലുള്ള റെഡ് കോളാഷായിരുന്നു. അവര്‍ ഇത്തരത്തില്‍ ധാരാളം ഫോട്ടോഷൂട്ടുകളും മറ്റും ചെയ്യാറുണ്ട്. മറ്റൊരു ഫോട്ടോഷൂട്ടിനായി പോയ എന്നെ കണ്ട് അവര്‍ നേരിട്ട് ഇങ്ങനെയൊന്നില്‍ മോഡലാകാമോ എന്ന് ആവശ്യപ്പെടുകയായിരുന്നു. ചുവന്ന സാരി ഡ്രാഫ്റ്റിങിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും മനോഹരമായ ചിത്രങ്ങളായിരുന്നു ആ ഷൂട്ടില്‍ അവര്‍ പകര്‍ത്തിയത്. മേക്കപ്പ് മുതല്‍ പോസുകള്‍ വരെ ധാരാളം റെഫറന്‍സുകളും മറ്റും ചെയ്തിട്ടാണ് ആ ഷൂട്ട് ചെയ്തത്. ചിത്രങ്ങള്‍ പിന്നീട് കണ്ടപ്പോള്‍ എനിക്ക് തന്നെ ഭയങ്കര ആത്മവിശ്വാസമായി. അത്ര ഭംഗിയുള്ള ചിത്രങ്ങളായിരുന്നു അത്. ഫോട്ടോകള്‍ പകര്‍ത്തിയ ഉമേഷ് ചേട്ടനോടാണ് അതിന് നന്ദി പറയേണ്ടത്.

കുടുംബം
അച്ഛനും അമ്മയും സഹോദരനും സഹോദര ഭാര്യയും കുഞ്ഞും അടങ്ങിയ കുടുംബം അപ്‌സരക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. 'എന്റേത് ഒരു സാധാരണ കുടുംബമാണ്. മാതാപിതാക്കള്‍ വലിയ വിദ്യാഭ്യാസമോ ലോകപരിചയമോ ഉള്ളവരൊന്നുമല്ല. എന്നിട്ടും അവര്‍ എനിക്കൊപ്പം നില്‍ക്കുന്നുണ്ട്. പഠിക്കുന്ന കാലത്ത് അധ്യാപകരില്‍ നിന്ന് പോലും കളിയാക്കല്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും അത്രയൊന്നും അറിവില്ലാത്ത എന്റെ മാതാപിതാക്കള്‍ എനിക്കൊപ്പം നില്‍ക്കുന്നില്ലേ... അവരോട് ആദ്യം പറഞ്ഞപ്പോള്‍ ചുറ്റുമുള്ളവര്‍ എന്ത് വിചാരിക്കും എന്ന് ടെന്‍ഷനായിരുന്നു അവര്‍ക്ക്. അതുകൊണ്ട് പെട്ടെന്ന് തന്നെ ആരോടും ഇതൊന്നും പറയേണ്ട എന്നായിരുന്നു തീരുമാനം. പഠനം കഴിഞ്ഞ ഉടനേ ഞാന്‍ മോഡലിങിലേക്ക് തിരിഞ്ഞു. നല്ല ഫാഷന്‍ ഷോകളിലും പരസ്യങ്ങളിലും എല്ലാം അവസരങ്ങള്‍ കിട്ടിയതോടെയാണ് കുടുംബത്തിന് പുറത്തുള്ളവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞത്. പലരും അമ്മയോട് എന്നെ തിരുത്തണമെന്നു ഉപദേശിക്കുമ്പോള്‍ അമ്മ അതിന് കൃത്യമായി മറുപടി നല്‍കും. എന്നെ സപ്പോര്‍ട്ട് ചെയ്യും. അക്ഷരം വായിക്കാന്‍ പോലും അറിയില്ല എന്റെ അമ്മയ്ക്ക്.
സ്വപ്നം
മിസ് യൂണിവേഴ്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണം എന്നാണ് അപ്‌സരയുടെ ആഗ്രഹം. മറ്റെല്ലാ കഴിവുകളും ഉണ്ടായിട്ടും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പേരില്‍ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് അപ്‌സര പറയുന്നു. 'എന്നെ വിളിക്കുന്ന പലരും പ്ലസ്ടുവില്‍ ഒക്കെ എത്തിയ ചെറിയ കുട്ടികളാണ്. അവരോട് ഞാന്‍ പറയും, നിങ്ങള്‍ ആദ്യം പഠിക്കൂ, അതിന് ശേഷം സ്വന്തം കാലില്‍ നിന്നിട്ട് സര്‍ജറിക്കും മറ്റും ശ്രമിച്ചാല്‍ മതിയെന്ന്. ട്രാന്‍സ്‌ജെന്‍ഡറായതുകൊണ്ട് മാത്രം കഷ്ടപ്പെട്ട് ജീവിക്കേണ്ടി വരുന്നവരുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വീട് വിട്ടും മറ്റും ഇറങ്ങി ഭിക്ഷയാചിച്ചും തെരുവിലും ഒക്കെ ജീവിക്കുന്നവരുണ്ട്. അങ്ങനെയാവരുത്. സമൂഹം നമ്മളെ അംഗീകരിക്കാന്‍ ഇനിയും സമയമെടുക്കും. അതുകൊണ്ട് നല്ല വിദ്യാഭ്യാസം നേടാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണം.' അപ്‌സരയുടെ ചികിത്സകള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്. മത്സരത്തിന് ശേഷം തായ്‌ലന്‍ഡില്‍ പോയി അത് പൂര്‍ത്തിയാക്കാനാണ് അപ്‌സരയുടെ ലക്ഷ്യം.
Content Highlights: Apsara C J a transgender model and her life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..