-
കോഴിക്കോട്: ‘‘എന്റെ അധിക ക്രോമസോം എന്നെ കൂടുതൽ ശക്തയാക്കുന്നു’’ -കോഴിക്കോട് കല്ലായി സ്വദേശി കെ.പി. രാംദാസിന്റെയും പട്ടാമ്പിക്കാരി ഉഷാ മേനോന്റെയും രണ്ടാമത്തെ മകൾ അനിതാ മേനോൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണിത്. ജനിതകവൈകല്യമായ ‘ഡൗൺ സിൻഡ്രോം’ പരിമിതിയായി കാണാതെ കലാകാരിയായും ചിത്രകാരിയായും ഫാഷൻ മോഡലായും തിളങ്ങുന്ന അനിത, ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തന്റെ ആദ്യ കലാപ്രദർശനം നടത്തുകയാണ്.
അനിത ജനിച്ചയുടനെ ജനിതകവൈകല്യമുണ്ടെന്നറിഞ്ഞെങ്കിലും രോഗത്തിന്റെ സങ്കീർണതകളൊന്നും മാതാപിതാക്കൾക്ക് അറിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു അസുഖമുണ്ടെന്ന വേർതിരിവൊന്നും കാണിക്കാതെ, മൂത്തമകളെ വളർത്തിയ അതേരീതിയിൽത്തന്നെ അനിതയെയും അവർ വളർത്തി. അമ്മ ഉഷയുടെ ആ ഇച്ഛാശക്തിക്കുമുന്നിൽ അസുഖം വഴിമാറി. അച്ഛന്റെയും ചേച്ചിയുടെയും പിന്തുണകൂടിയായപ്പോൾ മാറിമറിഞ്ഞത് ആറുവയസ്സിനപ്പുറം ആയുസ്സില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ അനിതയുടെ ജീവിതമാണ്.
കോഴിക്കോട് എൻ.എസ്.എസ്. സ്കൂൾവിദ്യാർഥിയായിരിക്കെ, അഞ്ചാംവയസ്സിൽ അനിതയെ കുടുംബം ദുബായിലേക്ക് കൊണ്ടുപോയി. വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള റാഷിദ് പീഡിയാട്രിക് സെന്ററിൽ ചേർത്തു. ഒപ്പം സ്പീച്ച് തെറാപ്പിയും നൽകി. ഇന്ന് അനിത എന്താണെന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് കുടുംബം പറയുന്നു. അച്ഛൻ കെ.പി. രാംദാസ് ചാർട്ടേഡ് അക്കൗണ്ടന്റാണ്. സഹോദരി അഞ്ജലി ഭർത്താവ് വിജീഷിനൊപ്പം ദുബായിൽ താമസിക്കുന്നു. അനിതയുടെ ‘ഹോപ്പ് വിത്ത് ആർട്ട്’ എന്ന പേരിലുള്ള ചിത്രപ്രദർശനം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച സമാപിക്കും.
ആത്മവിശ്വാസം ചവിട്ടുപടിയാകുമ്പോൾ
സാധാരണ ഡൗൺ സിൻഡ്രോം ബാധിതർക്കുണ്ടാകാറുള്ള കൈവഴങ്ങാത്ത പ്രശ്നമൊന്നും മകൾക്കില്ലാത്തത് അനുഗ്രഹമായെന്ന് പറയുന്നു അമ്മ ഉഷാ മേനോൻ. ഒന്പതുവർഷമായി അനിത ചിത്രരചന തുടങ്ങിയിട്ട്. പറയത്തക്ക ശിക്ഷണമൊന്നുമില്ലായിരുന്നു. എന്നാലിപ്പോൾ മെക്സിക്കോയിലെ ഡീപ്പ് ഡൗൺ ആർട്ട് എക്സിബിഷനിൽ ലോകത്തെ മികച്ച നാനൂറു ചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ചവയിൽ ഒരെണ്ണം അനിതയുടേതാണ്. കഥക് നൃത്തവും അഭ്യസിച്ചിരുന്നു. ഇന്ന് അനിത കംപ്യൂട്ടർ സാക്ഷരതയുള്ള, സ്വന്തമായി സാമൂഹികമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന, ധാരാളം വായിക്കുന്ന, കരകൗശലവസ്തുക്കളുണ്ടാക്കി വിൽക്കുന്ന സംരംഭകയും ഒപ്പം ഒട്ടേറെ ഡിസൈനർമാരുടെ മോഡലുമാണ്.
Content highlights: Anita shines as an artist, illustrator and fashion model, without seeing the genetic ‘Down Syndrome’ as a limitation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..