മൃഗങ്ങളുടെ കാഷ്ഠം പൈപ്പില്‍ നിറച്ച്‌വലിക്കും,ഭക്ഷണം ചീഞ്ഞളിഞ്ഞ മുള്ളന്‍പന്നി;കുളിക്കാത്ത ഹാജിയുടെ കഥ


സ്വന്തം ലേഖകന്‍

അമൗ ഹാജി | Photo: AFP

കുളിച്ചാല്‍ മരിക്കുമെന്ന് വിശ്വസിച്ച ഒരു മനുഷ്യന്‍. ആ തെറ്റിദ്ധാരണയില്‍ ഏഴു പതിറ്റാണ്ടു കാലം കുളിക്കാതെ ജീവിക്കുന്നു. ഒടുവില്‍ നാട്ടുകാര്‍ ബലം പ്രയോഗിച്ച് കുളിപ്പിച്ചു. തൊട്ടുപിന്നാലെ മരണം. പറഞ്ഞുവരുന്നത് കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച ഇറാനിലെ ദേജ്ഗാഹ് നിവാസിയായ അമൗ ഹാജിയെക്കുറിച്ച്. കുളിച്ചാല്‍ മരിക്കുമെന്ന തന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ആ മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

അത്യന്തം കൗതുകകരവും വിചിത്രവുമാണ് ഹാജിയുടെ ജീവിത കഥ. ലോകത്തെ 'ഏറ്റവും വൃത്തികെട്ട മനുഷ്യന്‍' എന്ന പദമാണ് മാധ്യമങ്ങള്‍ ഹാജിക്ക് തുന്നിച്ചാര്‍ത്തിയത്. അന്‍പതു കൊല്ലക്കാലം സോപ്പും വെള്ളവും തൊടുകയേ ഇല്ലെന്നായിരുന്നു ഹാജിയുടെ നിര്‍ബന്ധ ബുദ്ധി. അതിനു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ തന്റെ ജീവിതം പരിതാപകരമാകുമെന്നും രോഗം വന്ന് മരിച്ചുപോകുമെന്നും ഹാജി ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ കഴിഞ്ഞു വരവേ, ഒരു ദിവസം നാട്ടുകാര്‍ ചേര്‍ന്ന് ഹാജിയെ നിര്‍ബന്ധിച്ചു കുളിപ്പിച്ചു. അങ്ങനെ അഞ്ചു പതിറ്റാണ്ടിനു ശേഷം അന്നാദ്യമായി ഹാജി വെള്ളം തൊട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന്റെ തണുപ്പുമറിഞ്ഞു. മുമ്പും പലവട്ടം നാട്ടുകാര്‍ ഇദ്ദേഹത്തെ കുളിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ജീവിതത്തില്‍നിന്ന് വിടവാങ്ങുമ്പോള്‍ 94 വയസ്സായിരുന്നു ഹാജിക്ക്.ജീവിത രീതിയിലായാലും ഭക്ഷണക്രമത്തിലായാലും, തികച്ചും അസാധാരണമായ ഒരു വഴിയിലൂടെയാണ് ഹാജി തന്റെ ജീവിതം വെട്ടിത്തെളിച്ചത്. സദാ ചാരം പൂശി കൂരയെന്നു പറയാവുന്ന ഒരു ഒറ്റ മുറിയില്‍ കഴിഞ്ഞു. 2014 ടെഹ്റാന്‍ ടൈംസിന് അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ജീവിതം പറയുന്നുണ്ട് അദ്ദേഹം. ചീഞ്ഞളിഞ്ഞ മുള്ളന്‍ പന്നിയായിരുന്നത്രേ ഇഷ്ട ഭോജ്യം. വണ്ടിയിടിച്ചു ചത്ത ജീവികളെയും ഭക്ഷിക്കും. മൃഗങ്ങളുടെ കാഷ്ഠം പൈപ്പില്‍ നിറച്ച് വലിച്ചു. കുളങ്ങളിലും പഴകിയ ഓയില്‍ ക്യാനിലുമുള്ള വെള്ളം കുടിച്ചാണ് ദാഹമകറ്റിയത്. ഇറാനിലെ ദേജ്ഗാഹ് എന്ന ഗ്രാമത്തില്‍ അവിടത്തുകാര്‍ നിര്‍മിച്ചു നല്‍കിയ ഇഷ്ടിക കൊണ്ട് പണിത ഒരു ചെറിയ കൂരയിലായിരുന്നു താമസമെന്നും അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തണുപ്പു കാലത്ത് കുളിരിനെ പ്രതിരോധിക്കാന്‍ പഴയ വസ്ത്രങ്ങള്‍ നിരവധിയെണ്ണം ഒരുമിച്ചിടാറുണ്ടായിരുന്നു. ഒരു ഹെല്‍മറ്റും ധരിക്കും.

വര്‍ഷങ്ങളോളം കുളിക്കാതിരുന്നതിനെ തുടര്‍ന്ന് ഹാജിയുടെ ശരീരമാസകലം അഴുക്കു നിറഞ്ഞ് കരുവാളിച്ചിരുന്നു. എഴുപതു കൊല്ലം കുളിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍, നിലവിലെ ഹാജിയുടെ പ്രായം വെച്ചു ഗണിച്ചാല്‍, തന്റെ ഇരുപതുകളിലെപ്പോഴോ ആയിരിക്കും ഹാജി അവസാനമായി കുളിച്ചിട്ടുണ്ടാവുക. യൗവ്വന കാലത്തെ എന്തോ വൈകാരികമായ സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹം കുളി നിര്‍ത്തിയതെന്നാണ് പറയുന്നത്. അതല്ല, ഹാജിക്ക് വെള്ളം പേടിയായിരുന്നെന്നും പറയുന്നവരുണ്ട്. ശുചിത്വം രോഗം കൊണ്ടുവരുമെന്നും അതുകൊണ്ട് വൃത്തികെട്ട ജീവിതം നയിച്ച് ആരോഗ്യം സംരക്ഷിക്കുകയാണെന്നും വേറെ ചിലര്‍. ഏതോ പ്രണയനൈരാശ്യം വന്നതില്‍പ്പിന്നെയാണ് ഇങ്ങനെയായതെന്നും തുടങ്ങി പല കഥകള്‍. ശരിയായ കാരണമെന്തെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.

അമൗ ഹാജി| Photo: AFP

അടിമുടി 'വൃത്തിഹീനമായി' ജീവിച്ചിട്ടും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ അണുബാധകളോ ഹാജിയെ വന്നു പൊതിഞ്ഞില്ല എന്നതാണ് ഏറ്റവും വിസ്മയാവഹമായ കാര്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാനിലെ കുറച്ച് ആരോഗ്യ വിദഗ്ധര്‍ ചേര്‍ന്ന് ഹാജിയെ ഒന്നു പരിശോധിക്കാന്‍ തീരുമാനിച്ചു. ഒരു കൗതുകപ്പുറത്തുള്ള തീരുമാനമായിരുന്നു അത്. അവര്‍ ദേജ്ഗാഹിലെ ഹാജിയുടെ കൂരയിലെത്തി വിദഗ്ധ പരിശോധനകള്‍ നടത്തി. ഹാജിയില്‍ ഒരു ഇലയനക്കംപോലും രോഗാവസ്ഥ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

സിഗരറ്റ് വലിക്കുന്ന സ്വഭാവവും ഹാജിയുടെ പ്രത്യേകതയായിരുന്നു. അതു പക്ഷേ, വെറും വലിയായിരുന്നില്ല, ഒരു 'തീവണ്ടി' എന്നുതന്നെ പറയാം. തീവണ്ടി സിനിമയില്‍ ടൊവിനോ തോമസ് സിഗരറ്റ് വലിക്കുന്ന ഒരു സീനുണ്ടല്ലോ. നിരവധി സിഗരറ്റുകള്‍ വായില്‍ കൂട്ടിവെച്ച് കത്തിക്കുന്ന ഒരു ദൃശ്യം. നാലോളം സിഗരറ്റുകള്‍ ഒരുമിച്ച് കത്തിച്ച് അവ വലിച്ച് പുകയ്ക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ തരംഗമാണ്. മൃഗങ്ങളുടെ കാഷ്ഠം പൈപ്പില്‍ നിറച്ച് വലിക്കലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയങ്കരമായ ഒരു പ്രവൃത്തി. അതില്ലെങ്കില്‍ സിഗരറ്റ് വലിക്കും. ഒരു സമയം അഞ്ചെണ്ണം വരെ ഒരുമിച്ച് കത്തിച്ച് വലിച്ചതായി കണ്ടവര്‍ പറയുന്നു.

ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും അത്യന്തം ആഹ്ലാദകരമായിരുന്നു ഹാജിയുടെ ജീവിതം. തന്നെ ഏറ്റവും കൂടുതല്‍ സങ്കടപ്പെടുത്തിയ ഒരു കാര്യം ഹാജി പറയുന്നുണ്ട്. ഗ്രാമീണര്‍ എല്ലാവരുംകൂടി തന്നെ കുളിപ്പിക്കാനും നല്ല വെള്ളം കുടിപ്പിക്കാനും കൂടി നിര്‍ബന്ധിച്ചതാണ് അത്. നല്ല ഭക്ഷണമോ വസ്ത്രമോ പാര്‍പ്പിടമോ നല്‍കാന്‍ നിരവധി പേര്‍ മുന്നോട്ടു വന്നിട്ടും അദ്ദേഹം പക്ഷേ, അവയെല്ലാം നിരാകരിക്കുകയായിരുന്നു.

അതേസമയം തന്റെ മുടിയും താടിയും വെട്ടിയൊതുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നുണ്ട്. താടിയും മുടിയും വേണ്ടത്ര നീളത്തില്‍ പാകപ്പെടുത്താന്‍ അദ്ദേഹം തീ കത്തിക്കുമായിരുന്നത്രേ. തുടര്‍ന്ന് വഴിയേ പോകുന്ന കാറിന്റെ ഗ്ലാസില്‍ നോക്കി തന്റെ സൗകുമാര്യത അദ്ദേഹം ഉറപ്പുവരുത്തും.


Content Highlights: Amou Haji, The World’s Dirtiest Man Who Didn’t Bathe For Seven Decades


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented