അമ്പിളി
കൊച്ചി: പഠനം പൂര്‍ത്തിയാക്കാനായില്ല. വര്‍ഷങ്ങളോളം വീട്ടമ്മയായി തുടര്‍ന്നു. പിന്നീട് കുടുംബത്തിനു താങ്ങാകാന്‍ ഇന്‍ഷുറന്‍സ് ഏജന്റായി. ഒടുവില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ അത്യപൂര്‍വ ബഹുമതി അമ്പിളി സ്വന്തമാക്കുമ്പോള്‍ ആ വളര്‍ച്ചയ്ക്കു നിക്ഷേപമായത് ആത്മവിശ്വാസവും കഠിനാധ്വാനവും. ലോകത്തിലെ മികച്ച ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍ എന്ന അമേരിക്കയിലെ സ്വതന്ത്ര സമിതിയുടെ പരമോന്നത പദവിയായ 'ടോപ് ഓഫ് ദി ടേബിള്‍' അമ്പിളിയെത്തേടിയെത്തി.
അമേരിക്കയിലെ ബോസ്റ്റണില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്താനുള്ള ഭാഗ്യവും ലഭിച്ചതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് അമ്പിളി. ഒരു മലയാളിക്ക് ഈ അംഗീകാരം കിട്ടുന്നത് ഇതാദ്യം.
മാറ്റത്തിന്റെ ചിറകടികള്‍
പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ കല്യാണം. ഡിഗ്രി പഠനത്തിനു ചേര്‍ന്നെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ കഴിയാതെ വീട്ടമ്മയുടെ വേഷം തുടര്‍ന്നു. 13 വര്‍ഷം വീട്ടമ്മയായി കഴിഞ്ഞ നേരത്ത് മനസ്സില്‍ കൂടുകൂട്ടിയ ആഗ്രഹത്തിന് ആത്മവിശ്വാസത്തിന്റെ ചിറകുകള്‍ നല്‍കിയതോടെ അമ്പിളിയുടെ ജീവിതവും മാറുകയായിരുന്നു.
ഒരു വീട്ടമ്മയായി ഒതുങ്ങിക്കഴിയുന്നതിനിടെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കടന്നുവരാനുള്ള തീരുമാനം എടുത്ത നിമിഷത്തെയാണ് അമ്പിളി ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായി കാണുന്നത്.
''ഭര്‍ത്താവിന്റെ തുച്ഛ വരുമാനംകൊണ്ട് കുടുംബം മുന്നോട്ടു പോകാന്‍ ഏറെ പ്രയാസപ്പെട്ടപ്പോഴാണ് ഇന്‍ഷുറന്‍സ് ഏജന്റുമാരെ ആവശ്യമുണ്ട് എന്ന പത്രപരസ്യം ശ്രദ്ധയില്‍പ്പെട്ടത്. അത് എന്റെ ജീവിതം മാറ്റിമറിക്കാന്‍ പോകുന്ന ഒന്നാണെന്നു മനസ്സില്‍ ആരോ പറയുന്നതുപോലെ തോന്നി. പ്രീ ഡിഗ്രി വരെ മാത്രം പഠിച്ച, വീട്ടമ്മമായി ഒതുങ്ങിക്കഴിയുന്ന ഒരാള്‍ക്കു പറ്റിയ പണിയാണോ ഇതെന്നു സംശയം തോന്നിയിരുന്നു. എന്നാലും ഒന്നു ശ്രമിച്ചു നോക്കിയാലോയെന്നുതന്നെ മനസ്സ് പറഞ്ഞു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്തപ്പോള്‍ എല്‍.ഐ.സി. ഏജന്റ് ആയി നിയമനം ലഭിച്ചു. ഇന്‍ഷുറന്‍സിനെക്കുറിച്ചും ആളുകളെ കാണേണ്ട രീതികളെക്കുറിച്ചും ക്ലാസുകളിലൂടെ മനസ്സിലാക്കി. തുടര്‍ന്ന് സമീപപ്രദേശത്തെ ഓരോ വീടും കയറിയിറങ്ങി. രാവിലെ മുതല്‍ വൈകുന്നേരം വരെ ആളുകളെ കാണും. ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ച് അവരോട് സംസാരിക്കും. ആദ്യ വര്‍ഷംതന്നെ നൂറില്പരം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം എത്തിക്കാന്‍ കഴിഞ്ഞതോടെ എന്റെ ജീവിതം മാറുകയായിരുന്നു'' - അമ്പിളി ഇന്‍ഷുറന്‍സ് രംഗത്തെത്തിയ കഥ പറഞ്ഞു.
പുതിയ ആകാശങ്ങളിലേക്ക്
സെഞ്ചൂറിയന്‍, ഡബിള്‍ സെഞ്ചൂറിയന്‍, ട്രിപ്പിള്‍ സെഞ്ചൂറിയന്‍ എന്നിങ്ങനെ പദവികള്‍ ഓരോന്നായി നേടി അമ്പിളി കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
''പരിശ്രമിച്ചാല്‍ ഏതു വിജയവും സ്വന്തമാകുമെന്ന് അനുഭവത്തിലൂടെ പറയാന്‍ കഴിയും. ഒരു വര്‍ഷം ആയിരം കുടുംബങ്ങളില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം എത്തിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുമ്പോള്‍ അന്ന് അതൊരു വലിയ ലക്ഷ്യമായിരുന്നു. എന്നാല്‍, കഠിന പ്രയത്‌നത്തിലൂടെ ഞാന്‍ ആ ലക്ഷ്യത്തിലെത്തിയപ്പോള്‍ ഒരു വീട്ടമ്മയ്ക്ക് ഇത്രമേല്‍ മാറാന്‍ കഴിയുമോയെന്ന പലരുടെയും സംശയങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു.
ഭര്‍ത്താവ് ശശികുമാറും മക്കളായ ശ്യാംലാലും ശാലുവും നല്‍കിയ നിറഞ്ഞ പിന്തുണയും പ്രധാനമായിരുന്നു. ആയിരം പേരെ കണ്ടു സംസാരിച്ചാലാകും ഒരുപക്ഷേ നമുക്ക് നൂറു പോളിസിയെങ്കിലും കിട്ടുന്നത്. പക്ഷേ എത്ര നേരം അലയേണ്ടി വന്നാലും ലക്ഷ്യത്തിലെത്താന്‍ നിങ്ങളുടെ മനസ്സ് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതു നേടുക തന്നെ ചെയ്യും'' - ആത്മവിശ്വാസത്തിന്റെ വാക്കുകള്‍.
അമേരിക്കയും ടോപ് ടേബിളും
ലോകത്തിലെ വലിയ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം അണിനിരക്കുന്ന ടോപ് ടേബിളിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായ ഒന്നല്ല. പക്ഷേ, കേരളത്തില്‍ നിന്നു ചരിത്രം തിരുത്തി ഒരു സ്ത്രീ അതു നേടിയെടുക്കുമ്പോള്‍ അതിനു പിന്നില്‍ കടന്നുവന്ന മുള്ളുപാതകള്‍ ഏറെയാണ്.
''ഇന്‍ഷുറന്‍സ് രംഗത്തെ കമ്പനികളുടെ കൂട്ടായ്മയുടെ അംഗീകാരം കിട്ടുന്നത് വളരെ വലിയ കാര്യമാണ്. ഓരോ കലണ്ടര്‍ വര്‍ഷവും സമാഹരിക്കുന്ന റഗുലര്‍ പ്രീമിയം തുക 30 ലക്ഷം ആകുമ്പോഴാണ് മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍ (എം.ഡി.ആര്‍.ടി.) പദവി കിട്ടുന്നത്.
എം.ഡി.ആര്‍.ടി.യുടെ മൂന്നിരട്ടി സമാഹരിക്കുന്നവര്‍ക്കാണ് കോട്ട് ഓഫ് ദി ടേബിള്‍ പദവി കിട്ടുന്നത്. എം.ഡി.ആര്‍.ടി.യുടെ ആറിരട്ടിയായ ഒരു കോടി 80 ലക്ഷം രൂപ സമാഹരിക്കുമ്പോഴാണ് ടോപ് ഓഫ് ദി ടേബിള്‍ എന്ന പരമോന്നത ബഹുമതി കിട്ടുന്നത്. ഈ പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിതയെന്ന ബഹുമതി കിട്ടുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് എന്നിലെ ആ പഴയ വീട്ടമ്മയെയാണ്''.
Content highlights: life insurance agent ambili, top of the table, million dollar round table
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..