അലി മുഹമ്മദും കൂട്ടുകാരായ ആര്യയും അർച്ചനയും | Photo: instagram.com/p/Cb_sywHJx22/
ആര്യയും ഞാനും അലിഫിനെ എടുത്തുകൊണ്ടുപോകുന്ന വീഡിയോയേ നിങ്ങളൊക്കെ കണ്ടുള്ളൂ. സത്യത്തിൽ ക്ലാസിലെ എല്ലാ കൂട്ടുകാരും അലിഫിനെ എടുക്കാറുണ്ട്. എന്തു പരിപാടിയുണ്ടെങ്കിലും ഏറ്റവും ഉത്സാഹത്തോടെ മുമ്പിൽ അലിഫായിരിക്കും. അതുകൊണ്ടുതന്നെ ക്ലാസ്സ് കട്ട് ചെയ്യാനാണെങ്കിൽ പോലും അവനെയും എടുത്തുകൊണ്ടേ ഞങ്ങൾ പോവൂ.. പറയുന്നത് അർച്ചനയാണ്. ശാസ്താംകോട്ട ഡി.ബി. കോളേജിൽ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫ് മുഹമ്മദിനെ തോളിലേറ്റിയ സഹപാഠികളിലൊരാൾ. വീഡിയോ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യത്യാസമില്ലാതെ അലിഫിനെ എപ്പോഴും ഒപ്പം കൊണ്ടുനടക്കുന്നവരാണ് തങ്ങളെന്ന് ആര്യയും ആവർത്തിക്കുന്നു. ഞങ്ങൾ അലിഫിനെയും എടുത്ത് ക്ലാസിലേക്ക് പോകുമ്പോഴാണ് ജഗത്തേട്ടൻ (അലിഫിന്റെ ഈ വൈറൽ വീഡിയോ പകർത്തിയത് ഫോട്ടോഗ്രാഫറും കോളേജിലെ പൂർവവിദ്യാർഥിയുമായ ജഗത്ത് തുളസീധരനാണ്) വിളിച്ച് ഈ വീഡിയോ കാണിച്ചത്. ഒരുപാട് സന്തോഷം തോന്നി. എപ്പോഴും വീൽചെയർ ഉപയോഗിക്കാൻ വല്ലാതെ ബുദ്ധിമുട്ടാറുണ്ട് അലിഫ്. ഏറെയും ക്ലാസ്സിലെ ആൺകുട്ടികളാണ് അവനെ കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്നത്. അധ്യാപകരും മറ്റ് സഹപാഠികളും കട്ട സപ്പോട്ടാണെന്നും ആര്യ പറയുന്നു.
അലിഫിനെ കണ്ടുമുട്ടിയിട്ട് ഇപ്പോൾ മൂന്നുകൊല്ലമാകുന്നുവെന്ന് മൂന്നാംവർഷ ബി.കോം വിദ്യാർഥിനിയായ അർച്ചന പറയുന്നു. ഞങ്ങളെ അത്രേം ചേർത്തുനിർത്തുന്ന സുഹൃത്താണവൻ. വീഡിയോ വൈറലായപ്പോൾ മോശം കമന്റ് വരുമോയെന്നും അൽപം ഭയന്നിരുന്നു. പക്ഷേ, എല്ലാത്തിനും കുഴപ്പങ്ങൾ കണ്ടെത്തുന്ന ചെറിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ തന്നെയാണ് തീരുമാനം. ഞങ്ങൾക്കിവിടെ ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യത്യാസമൊന്നുമില്ല. അലിഫിനെ സഹായിക്കുന്നതിൽ മോശം കമന്റുകളിടുന്നവർ ഞങ്ങൾക്കൊരു തടസ്സവുമല്ല.
അലിഫ് പരിമിതികളിൽ ഒതുങ്ങിനിന്നിട്ടില്ലെന്നതാണ് സത്യം. ഞങ്ങൾ എല്ലാത്തിനും ഒപ്പം കൂട്ടും. ഞാനും ആര്യയും അപ്രതീക്ഷിതമായി വീഡിയോയിൽ വന്നെന്നേയുള്ളൂ.. എന്തു പരിപാടിക്കു പോവുകയാണെങ്കിലും ആരുടെ കൈയിലാണോ അവനെ കിട്ടുന്നത് അവർ എടുത്തുകൊണ്ടുപോവുകയാണ് ചെയ്യാറ്. ഇന്നയാളെന്നൊന്നുമില്ല. ശരിക്കും പറഞ്ഞാൽ അവന്റെ എല്ലാത്തിനോടുമുള്ള ഉത്സാഹവും താത്പര്യവും അത്രക്കാണ്.
ഒരു വീഡിയോ പകർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കണമെന്നേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. ഇത്രയും വൈറലാകുമെന്ന് കരുതിയില്ല. കാരണം, ഇത് കോളജിൽ സ്ഥിരം നടക്കുന്ന സംഭവമാണെന്നും അർച്ചന പറയുന്നു. ശാസ്താംകോട്ട ആയക്കുന്നത്താണ് അർച്ചനയുടെ വീട്. അച്ഛനും അമ്മയും സഹോദരനുമാണുള്ളത്. ഇഞ്ചിക്കാടാണ് ആര്യയുടെ വീട്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസം.
മിമിക്രിക്കാരൻ അലിഫ് കോളേജിലെ ഹീറോ
സിനിമയിൽ അഭിനയിക്കണമെന്നത് അലിഫിന്റെ വലിയ ആഗ്രഹമാണെന്ന് സഹപാഠിയായ രഹാനാസ് പറയുന്നു. ആർട്സ് ഡേയാണെങ്കിലും മറ്റെന്തു പരിപാടിയാണെങ്കിലും അലിഫ് എപ്പോഴും തിളങ്ങിനിൽക്കും. കഴിഞ്ഞ ആർട്സ് ഡേക്ക് മൂന്നോ നാലോ പരിപാടിയിൽ പങ്കെടുത്ത് സമ്മാനം വാങ്ങി. നന്നായി മിമിക്രി ചെയ്യും. തമാശ പറയാനും എല്ലാവരെയും ചിരിപ്പിക്കാനും പ്രത്യേകഴിവാണവന്.
എപ്പോഴും മുമ്പിൽ നിൽക്കണമെന്നാഗ്രഹിക്കുന്ന വ്യക്തി. ഒരിക്കലും അവൻ ഒറ്റക്കിരിക്കുന്നത് കണ്ടിട്ടില്ല. ചിരിച്ചുകൊണ്ടിരിക്കുന്ന അവനുചുറ്റും എപ്പോഴും ആളുകളുണ്ടാവും. മൊത്തത്തിൽ അലിഫിനൊരു സെലിബ്രിറ്റി സ്പേസാണ് കോളേജിൽ. അതവൻ സ്വന്തം പ്രവൃത്തികൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. എന്തിനും അവൻ തങ്ങളുടെ കൂടെക്കാണുമെന്നും സഹപാഠികളും ജൂനിയർ വിദ്യാർഥികളുമായ രാഹുൽ, സോന, അഖിലേഷ്, മീനു, ഷാരു, സ്നേഹ, ആദിത്യ തുടങ്ങിയവർ പറഞ്ഞു.
Content Highlights: alif muhammad, friends arya and archana, sasthamcotta db college, paralysed student, viral photo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..