ഹോഡി ചിൽഡ്രസും മകൾ ടാനിയയും|photo:facebook.com/tania.nix.1
ജീവിതത്തില്‍ തീവ്രമായ രഹസ്യങ്ങളുമായി ജീവിക്കുന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ? അവരുടെ മരണത്തിന് ശേഷമാണ് അതില്‍ പലതും പുറത്തറിയുന്നത്. അതുപോലെ സമൂഹത്തില്‍ പരസ്യമാക്കാതെ ഉപകാരങ്ങൾ ചെയ്യുന്നവരും നിരവധിയുണ്ട്. അതൊക്കെ ചിലപ്പോള്‍ അവരുടെ മരണശേഷമായിരിക്കും ലോകം അറിയുന്നത്. അത്തരത്തിലൊരാളുടെ കഥയാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി അയല്‍ക്കാരുടെ ചികിത്സയ്ക്കായി പണം നല്‍കിക്കൊണ്ടിരുന്നയാള്‍ ഹോഡി ചില്‍ഡ്രസ് എന്ന വ്യക്തിയാണത്.
അലബാമയിലെ ജെറാള്ഡിനിലാണ് ഹോഡി ജീവിച്ചിരുന്നത്. കര്ഷകന് കൂടിയായിരുന്ന അദ്ദേഹം പ്രദേശത്തെ ലോക്ക്ഹീഡ് മാര്ട്ടിന് സ്പേസ് ഫെസിലിറ്റിയിലെ ജീവനക്കാരനുമായിരുന്നു. തികച്ചും വിനീതനായ വ്യക്തിയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.
തന്റെ തോട്ടത്തില്‍ നിന്നു കിട്ടുന്ന കാര്‍ഷികവിളകള്‍ അദ്ദേഹം അയല്‍ക്കാരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ തന്റെ കുടുംബത്തില്‍ നിന്നും ഹോഡി ഒരു കാര്യം മാത്രം മറച്ചുവെച്ചിരുന്നു.
ചികിത്സയ്ക്ക് പണമില്ലാത്തവരെ സഹായിക്കുന്നതിനായി എല്ലാ മാസവും നൂറ് ഡോളര്‍ വീതം അദ്ദേഹം നീക്കിവെച്ചിരുന്നു. മറ്റാരും ഇത് അറിയാതിരിക്കുന്നതിനായി പ്രദേശത്തെ ഒരു ഫാര്മസിക്കാണ് അദ്ദേഹം ഈ പണം സംഭാവനയായി നല്‍കിയിരുന്നത്.
പണം ഇല്ലാത്തതു കാരണം ആരുടെയും ചികിത്സ മുടങ്ങരുത് എന്നതായിരുന്നു ഹോഡിയുടെ ചിന്ത. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12,000 ഡോളര്‍ (9,71,715 രൂപ) ആണ് ഹോഡി ചുറ്റുമുള്ളവര്‍ക്കായി ചെലവിട്ടത്.
മരുന്നിനുള്ള പണം തികയാത്തതു മൂലം ആര്‍ക്കെങ്കിലും ഇവിടെ നിന്നും വിഷമത്തോടെ മടങ്ങേണ്ടി വന്നിട്ടുണ്ടോയെന്ന് ഹോഡി ഒരിക്കല്‍ തന്റെ അടുത്തുള്ള ഫാര്‍മസിസ്റ്റിനോട് അന്വേഷിച്ചു. ഫാര്‍മസിസ്റ്റ് ആയ ബ്രൂക്ക് അങ്ങനെ പലപ്പോളും സംഭവിക്കാറുണ്ടെന്ന് ഹോഡിയോട് പറഞ്ഞു.
അന്ന് ഹോഡി കുറച്ചു തുക ബ്രൂക്കിന് നല്‍കുകയും അടുത്ത തവണ ഇത്തരത്തില്‍ ആര്‍ക്കെങ്കിലും മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടായാല്‍ ഈ പണം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശവും നല്കി. 'തന്റെ പേര് ആരോടും പറയരുതെന്നും ഇത് ദൈവത്തില്‍ നിന്നുള്ള അനുഗ്രഹമാണെന്ന് പറയാനും ഹോഡിയേല്പ്പിച്ചതായി-' ബ്രൂക്ക് ഹോഡിയുടെ മരണശേഷം വെളിപ്പെടുത്തി.
എന്നാല്‍ അത് ഒറ്റത്തവണകൊണ്ട് ഹോഡി അവസാനിപ്പിച്ചില്ല. കൃത്യമായി എല്ലാമാസവും അദ്ദേഹമത് തുടര്‍ന്നു. ഏകദേശം പത്ത് വര്‍ഷത്തോളമാണ് അദ്ദേഹം ഇത്തരത്തില്‍ പണം മറ്റുള്ളവര്‍ക്കുവേണ്ടി സംഭാവന ചെയ്തത്.
എന്നാലൊടുവില്‍ ഹോഡിക്ക് ആ രഹസ്യം തന്റെ മകളോടാണ് പറയേണ്ടിവന്നത്. രോഗം നിമിത്തം വീടിനു പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് അദ്ദേഹം മകളുടെ സഹായം തേടേണ്ടിവന്നത്.
'ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാ മാസവും നൂറ് ഡോളര്‍ ഫാര്‍മസിയില്‍ ഏല്‍പ്പിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.- ഹോഡിയുടെ മകളായ ടാനിയ നിക്സ് പറഞ്ഞു. പിതാവിന്റെ ആവശ്യം തന്നെ അത്ഭുതപ്പെടുത്തിയില്ലെന്ന് ടാനിയ പറയുന്നു. എയര്‍ഫോഴ്സില്‍ നിന്നു വിരമിച്ച ആളെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവര്‍ത്തി തന്നെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
2023 ജനുവരി ഒന്നിന് 80-ാം വയസില്‍ ഹോഡി മരണപ്പെട്ടതോടെയാണ് അദ്ദേഹം നാടിനുവേണ്ടി ചെയ്ത നന്മയെല്ലാം പുറംലോകം അറിയുന്നത്. ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ലോകത്തെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് ടാനിയ ബിബിസിയോട് പങ്കുവെച്ചു. ഹോഡിയുടെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് നിരവധിപ്പേരാണെത്തിയിരിക്കുന്നത്.
Content Highlights: Alabama,charity,lifestory,secret
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..