അക്ഷതാ മൂർത്തി മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം | Photo: instagram/ akshatha murthy
രണ്ടു നൂറ്റാണ്ടുകാലം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടന്റെ അമരത്തേക്ക് ഒരു ഇന്ത്യന്‍ വംശജന്‍ എത്തുമോ? ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതോടെ ഉയര്‍ന്നുവന്ന ഈ ചോദ്യത്തിന് സെപ്റ്റംബര്‍ അഞ്ചിന് ഉത്തരമാകും. ഇന്ത്യന്‍ വംശജനും ബോറിസിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന ഋഷി സുനാക് ബ്രിട്ടന്റെ ഭരണത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുമോ എന്ന് അന്ന് അറിയാം.
അതു സംഭവിക്കുകയാണെങ്കില്‍ ഋഷിക്കൊപ്പം പത്‌നി അക്ഷതാ മൂര്‍ത്തിയുമുണ്ടാകും. ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് അക്ഷത.
ചായക്കപ്പിലെ വിവാദം
ഋഷിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതു മുതല്‍ അക്ഷതയും വാര്‍ത്തകളിലുണ്ട്. ഗൂഗിളില്‍ ഋഷിക്കൊപ്പം അക്ഷിതയുടെ പേരും ആളുകള്‍ 'സേര്‍ച്ച്' ചെയ്തു. ഇതിനൊപ്പം വിവാദങ്ങളും അക്ഷതയുടെ പേരിനൊപ്പം ചേര്‍ന്നു. ഇതിലൊന്ന് ഋഷിയെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്ഷത നല്‍കിയ ചായക്കപ്പുകളായിരുന്നു.
ധനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ 11-ാം നമ്പര്‍ വസതി ഒഴിഞ്ഞ് ഋഷി ലണ്ടനിലെ കുടുംബവീട്ടിലെത്തിയിരുന്നു. ഇവിടെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്കാണ് ചായയും ബിസ്‌ക്കറ്റുമായി അക്ഷത എത്തിയത്. എന്നാല്‍ ഈ ചായകപ്പുകളില്‍ 'എമ്മ ലേസി' എന്ന ബ്രാന്‍ഡിന്റെ പേര് ഉണ്ടായിരുന്നു. ഈ ഓരോ കപ്പിനും 3624.53 രൂപയാണ് വില. അതായത് 38 പൗണ്ട്.
ഇതോടെ അക്ഷതയ്ക്കും ഋഷിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. 38 പൗണ്ടു കൊണ്ട് ഒരു കുടുംബത്തിന് ഒരു ദിവസം ഭക്ഷണം കഴിക്കാമെന്നും അമിത നികുതിയും കുത്തനെ ഉയരുന്ന ജീവിതച്ചിലവും ബ്രിട്ടനെ ഞെരുക്കുമ്പോഴാണോ ഇത്തരം ആഡംബരം എന്നതും ട്രോളുകളുടെ വിഷയമായി. ഈ ചായ കൊടുക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
നികുതിയിളവ്
ഇതിന് പിന്നാലെ അക്ഷത നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടും വിവാദമുയര്‍ന്നു. രാജ്യത്തിനു പുറത്തുനിന്നുള്ള വരുമാനത്തിന് അക്ഷത നികുതിയടയ്ക്കുന്നില്ലെന്നതായിരുന്നു വിവാദത്തിന് കാരണം. ബ്രിട്ടനില്‍ സ്ഥിരതാമസപദവിയില്ലാത്ത അക്ഷതയ്ക്ക് പുറത്തുനിന്നുള്ള വരുമാനത്തിന് നികുതിയിളവുണ്ടായിരുന്നു. ഈ ഇളവ് ഋഷി സുനാക് മുതലെടുക്കുന്നുവെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ ആരോപണം. തുടര്‍ന്ന് തന്റെ വിദേശ വരുമാനങ്ങള്‍ക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി അടയ്ക്കുമെന്ന് വ്യക്തമാക്കി അക്ഷത രംഗത്തെത്തി.
.jpg?$p=2b483ac&w=610&q=0.8)
ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്ന
ബ്രിട്ടനിലെ രാജ്ഞിയേക്കാള്‍ സമ്പന്നയാണ് അക്ഷതയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 42-കാരിയായ അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ നൂറു കോടിയില്‍ അധികം ഡോളര്‍ വിലമതിക്കുന്ന ഓഹരിയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സണ്‍ഡേ ടൈംസിന്റെ 2021-ലെ ധനികരുടെ പട്ടികപ്രകാരം ബ്രിട്ടീഷ് രാജ്ഞിയുടെ സമ്പാദ്യം 46 കോടി ഡോളര്‍ മാത്രമാണ്.
ഫാഷനാണ് ലോകം
അച്ഛന്റേയും ഭര്‍ത്താവിന്റേയും പേരില്‍ അറിയപ്പെടാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയാണ് അക്ഷത. സ്വന്തമായി ഫാഷന്റെ ഒരു ലോകം അവര്‍ കെട്ടിപ്പടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ഫാഷന്‍ ഡിസൈനിങ്ങിനോട് താത്പര്യമുണ്ടായിരുന്ന അവര്‍ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലേക്ക് വിമാനം കയറി. കാലിഫോര്‍ണിയയിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനവും തിരഞ്ഞെടുത്തു. അതിനുശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ. ചെയ്തു.
സൗഹൃദം പ്രണയത്തിലേക്ക്
സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനാക്കിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു. പക്ഷേ അക്ഷതയ്ക്ക് പ്രണയം വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. മരുമകനെ കുറിച്ചോര്‍ത്ത് ആധി പിടിച്ച് നടക്കുന്ന അച്ഛനോട് എന്തുപറയും എന്നായിരുന്നു അക്ഷതയുടെ മനസ്സില്‍. ഋഷിയെ അച്ഛന്‍ സ്വീകരിക്കുമോ എന്നതായിരുന്നു സംശയം.
പക്ഷേ പേടിച്ചതുപോലെയൊന്നും സംഭവിച്ചില്ല. ആദ്യ കാഴ്ച്ചയില്‍തന്നെ ഋഷിയെ നാരായണമൂര്‍ത്തിക്ക് ഇഷ്ടമായി. 2009 ഓഗസ്റ്റ് 13-ന് ഇരുവരും ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലില്‍വെച്ച് വിവാഹിതരായി. ഇരുവര്‍ക്കും രണ്ട് കുഞ്ഞുങ്ങളാണുള്ളത്. കൃഷ്ണയും അനൗഷ്‌കയും.

'അക്ഷതയുടെ മാതാപിതാക്കളെപ്പറ്റി അഭിമാനം'
അക്ഷതയുടെ മാതാപിതാക്കളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതായി ഋഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒന്നുമില്ലായ്മയില്‍നിന്നാണ് അക്ഷതയുടെ അച്ഛന്‍ തുടങ്ങിയതെന്നും സ്വപ്‌നം മാത്രമായിരുന്നു അവരുടെ കൈമുതലെന്നും ഋഷി വ്യക്തമാക്കിയിരുന്നു. 'അമ്മയുടെ നിക്ഷേപത്തിലുണ്ടായിരുന്ന കുറച്ചുപണം കൊണ്ടാണ് അവര്‍ ഇറങ്ങിത്തിരിച്ചത്. ഇന്നുകാണുന്നതെല്ലാം കെട്ടിപ്പടുത്തത് അതില്‍നിന്നാണ്. അതാണ് ഇന്ന് ലോകത്തെ ഏറ്റവും വലുതും ഏറ്റവും വിശ്വസ്തവുമായ സ്ഥാപനമായി വളര്‍ന്നത്. യു.കെ.യില്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്കാണ് അവര്‍ തൊഴില്‍ നല്‍കുന്നത്. ഇതൊരു അവിശ്വസനീയ കഥയായി നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍, എനിക്കിത് അഭിമാനത്തിന്റെ കഥയാണ്'-ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ ഋഷിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അക്ഷതയുടെ കുടുംബസ്വത്തിനുമേലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഋഷി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..