
അഖിൽ, പദ്മിനി, മേയർസൗമിനി ജെയിൻ.
അമ്മയ്ക്കും അച്ഛനും മക്കൾക്കും ദിനമുണ്ട്. അമ്മായിയമ്മയ്ക്കും. ഒക്ടോബറിലെ നാലാമത്തെ ഞായറാഴ്ച അമ്മായിയമ്മദിനമാണ്. സീരിയലുകളിലെ അമ്മായിയമ്മ വില്ലത്തിയാണ്. ചിലർസഹനത്തിന്റെ മൂർത്തീ ഭാവങ്ങളും. ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തുവിന്റെ ഡയലോഗ് കടമെടുത്താൽ, അമ്മയുടെ സ്നേഹത്തിനൊപ്പം തൂക്കിനോക്കുമ്പോൾ പലപ്പോഴും തോറ്റുപോകുന്നവരാണ് അമ്മായിയമ്മമാർ. അങ്ങനെയല്ലാത്ത അമ്മായിയമ്മമാരുമുണ്ട്. അമ്മയെപ്പോലെ, ഒരുപക്ഷേ അമ്മയെക്കാൾ കൂടുതൽ മരുമക്കളെ സ്നേഹിക്കുന്നവർ. മരുമക്കളായല്ല, മക്കളായി അവരെ കാണുന്നവർ, പിന്തുണയ്ക്കുന്നവർ.
കൊച്ചിയുടെ മാതാവാണ് മേയർ സൗമിനി ജെയിൻ. എന്നാൽ, അഖിൽ പ്രസാദിന് സൗമിനി സ്നേഹസമ്പന്നയായ അമ്മയാണ്. സൗമിനിയുടെ മകൾ പദ്മിനിയുടെ ഭർത്താവാണ് അഖിൽ. അബുദാബിയിൽനിന്ന് ഫോണിലൂടെ അഖിൽ അമ്മയെക്കുറിച്ചു പറയുന്നു:
“ഞാൻ പപ്പി എന്നു വിളിക്കുന്ന പദ്മിനിയെ കാണുന്നതിനു മുമ്പേ കണ്ടു തുടങ്ങിയ ആളാണ് മേയർ. പത്രത്തിലും ടി.വി.യിലുമൊക്കെ ഒരുപാടു തവണ കണ്ടു. മേയറുടെ മകളെ കല്യാണം കഴിക്കുമ്പോൾ വലിയ തിരക്കുള്ള ഒരാളായാണ് അമ്മയെ കരുതിയിരുന്നത്. എന്നാൽ, വീട്ടിലെത്തിയാൽ സൗമിനി എന്ന വ്യക്തി മേയറല്ല. അമ്മായിഅമ്മയാണെങ്കിലും അമ്മയെപ്പോലെ എന്നെ സ്നേഹിക്കുന്ന ഒരാളാണ് മേയർ. കല്യാണം കഴിഞ്ഞ് കുറച്ചു ദിവസം മാത്രമാണ് ഞങ്ങൾ അമ്മയ്ക്കൊപ്പം നിന്നിട്ടുള്ളത്. മേയർ ഓഫീസിലേക്കു പോകുന്നതിനു മുമ്പ് രാവിലെ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കിത്തരുമായിരുന്ന അമ്മയുടെ സ്നേഹം മറക്കാനാകില്ല”.
കാത്തുവെച്ച ഒരു സമ്മാനത്തെപ്പറ്റിയും അഖിലിനു പറയാനുണ്ട്. “രണ്ട് വർഷം മുമ്പ് ഒരു പ്രളയകാലത്തായിരുന്നു ഞങ്ങളുടെ വിവാഹം. അതുകഴിഞ്ഞ് കുറച്ചു ദിവസം വീട്ടിൽ നിന്ന ശേഷം ഞാനും പപ്പിയും അബുദാബിയിലേക്കു പോന്നു. കഴിഞ്ഞ ഓണത്തിനെത്തണമെന്നു കരുതിയെങ്കിലും ലോക്ഡൗൺ മൂലം സാധിച്ചില്ല. അമ്മയെ കാണുമ്പോൾ ഒരു സമ്മാനം നൽകണമെന്ന് വിചാരിക്കുന്നു. കല്യാണം കഴിഞ്ഞ് ഇതുവരെയായിട്ടും അമ്മയ്ക്ക് ഒന്നും വാങ്ങിക്കൊടുക്കാൻ പറ്റിയിട്ടില്ല”.
Content Highlights: akhil about mother in law soumini jain mother in law day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..