സമീര റെഡ്ഡി | Photos: instagram.com/reddysameera/
മാതൃത്വത്തെ മഹത്വവൽക്കരിക്കുന്ന എഴുത്തുകളും സിനിമകളുമൊക്കെ നിരവധി ഉണ്ടായിട്ടുണ്ട്. അടുത്തിടെ തൊട്ടാണ് അമ്മയായതിനു ശേഷം സ്ത്രീ കടന്നുപോകുന്ന മാനസിക ശാരീരിക സംഘർഷങ്ങളെ കുറച്ചെങ്കിലും അടയാളപ്പെടുത്താൻ തുടങ്ങിയത്. നടി സമീര റെഡ്ഡിയും അത്തരത്തിൽ അനുഭവം പങ്കുവെക്കാറുണ്ട്. ബോഡിഷെയിമിങ്ങിലൂടെ കടന്നുപോയതിനെക്കുറിച്ചും സെലിബ്രിറ്റി ജീവിതത്തിനപ്പുറം അനുഭവിക്കുന്ന സമ്മർദങ്ങളെക്കുറിച്ചുമൊക്കെ സമീര പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രസവാനന്തര വിഷാദരോഗത്തെക്കുറിച്ച് സമീര പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെ കടന്നുപോയ പ്രസവാനന്തരകാല സമ്മർദങ്ങളെക്കുറിച്ചാണ് സമീര പങ്കുവെക്കുന്നത്. രണ്ടാമതൊരു കുഞ്ഞിന് വേണോ എന്നുപോലും ആലോചിച്ചിരുന്നതായി സമീര പറയുന്നു.
രണ്ടാമതൊരു കുഞ്ഞു വേണോ എന്ന് നിരവധി തവണ ഞാൻ എന്നോടു ചോദിച്ചിരുന്നു എന്ന ആമുഖത്തോടെയാണ് സമീര കുറിപ്പ് ആരംഭിക്കുന്നത്. ആദ്യത്തെ കുഞ്ഞുണ്ടായതിനു പിന്നാലെ വല്ലാതെ ഉലഞ്ഞുപോയിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ തന്നെ തകർത്തു. ശരീരത്തിൻ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. മാനസികവും ശാരീരികവുമായുള്ള തകർച്ചയ്ക്കപ്പുറം അത് തന്റെ വിവാഹ ജീവിതത്തെയും ബാധിക്കാൻ തുടങ്ങിയെന്ന് സമീര കുറിക്കുന്നു.
തനിക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ലായിരുന്നു. എന്നാൽ തന്റെ ഭർത്താവും ഭർതൃ കുടുംബവും തന്റെ കുടുംബവുമൊക്കെയാണ് ആ അവസ്ഥയെ തരണം ചെയ്യാൻ സഹായിച്ചത്. രണ്ടാമതൊരു കുഞ്ഞു വേണം എന്നത് എങ്ങനെയാണ് മനസ്സിലാക്കിയത് നിരവധി സ്ത്രീകൾ ചോദിക്കാറുണ്ട്. പക്ഷേ ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമാണ്, അതുകൊണ്ട് എന്താണ് നിങ്ങൾക്ക് ഉറപ്പ് നൽകിയ കാര്യം എന്നു പറയുക പാടാണ്. എന്നാൽ മകൾ നൈരയാണ് താനെത്ര നിർഭയ ആണെന്ന് കാണിച്ചുതന്നത്- സമീര പറയുന്നു.
ഉറക്കമില്ലാത്ത രാത്രികളും ശാരീരിക മാറ്റങ്ങളും ആദ്യത്തെ കുഞ്ഞുമായുള്ള പൊരുത്തപ്പെടലുകളുമൊക്കെ അത്ര എളുപ്പമല്ല. പക്ഷേ അതത്ര കഠിനവുമല്ല. സാമ്പത്തിക, വൈകാരിക ഘടകങ്ങളോ അല്ലെങ്കിൽ വെറുമൊരു പിന്തുണ പോലും ആ തീരുമാനത്തെ ശരിയോ തെറ്റോ ആക്കാൻ കഴിയും. സ്ത്രീകൾ അവർ വിചാരിക്കുന്നതിനേക്കാൾ ശക്തരാണെന്നും താൻ തന്നിൽ വിശ്വസിച്ച് മുന്നോട്ടു പോയെന്നും അതിൽ സന്തോഷിക്കുന്നുവെന്നും സമീര കുറിക്കുന്നു.
ഇനി അമ്മയാകണോ എന്നത് പൂർണമായും അവനവന്റെ തീരുമാനം ആയിരിക്കണമെന്നും സമീര പറയുന്നു. അമ്മയാകാതിരിക്കാനോ, അവിവാഹിതയായി തുടരാനോ, അല്ലെങ്കിൽ ഒന്നിലധികം കുഞ്ഞുങ്ങളെ വേണമെന്നോ ഉള്ള തിരഞ്ഞെടുപ്പുകളെല്ലാം അവനവന്റേത് മാത്രമാണെന്നും മറ്റാർക്കും അക്കാര്യത്തിൽ നിങ്ങളെ സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും സമീര.
നേരത്തേയും സമീര സമാനമായ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. രണ്ടാമതൊരു കുട്ടി വേണമെന്ന് തിരിച്ചറിഞ്ഞത് എങ്ങനെയെന്ന പോസ്റ്റാണ് ഒരിക്കൽ പങ്കുവെച്ചത്. എനിക്കെപ്പോഴും രണ്ടു കുട്ടികൾ വേണമെന്നുണ്ടായിരുന്നു. രണ്ടാമതും അമ്മയാകാൻ ഞാൻ തയ്യാറാണോ എന്നു കണക്കാക്കാനുള്ള മാർഗം അവനവനോടു തന്നെ ഗർഭം, ഉറക്കമില്ലാത്ത രാത്രികൾ, വണ്ണം വെക്കൽ തുടങ്ങിയവയിലൂടെ വീണ്ടും കടന്നുപോവാൻ ധൈര്യമുണ്ടോയെന്ന് ചോദിക്കലായിരുന്നു. ആദ്യപ്രസവശേഷം തനിക്ക് വിഷാദരോഗം അനുഭവപ്പെട്ടിരുന്നുവെന്നും സമീറ പറയുന്നു. പക്ഷേ രണ്ടാമത്തെ മകളെ പ്രസവിച്ച സമയത്ത് താൻ കുറച്ചുകൂടി കരുതലെടുത്തിരുന്നു.- സമീര കുറിച്ചു.
Content Highlights: actress sameera reddy on postpartum depression, symptoms of postpartum depression, body shaming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..