മുക്ത
ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ മുക്ത പറഞ്ഞ ചില വാചകങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മുക്തയുടെ മകളും പരിപാടിയിൽ പങ്കെടുത്തിരുന്നു." ഞാനവളെ അത്യാവശ്യം ക്ലീനിങ്ങും കുക്കിങ്ങും പഠിപ്പിക്കുന്നുണ്ട്. നാളെ ഒരു വീട്ടിൽ ചെന്ന് കയറേണ്ടതല്ലേ? ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയുന്ന വരെയേ ഉള്ളു, അത് കഴിഞ്ഞാൽ പിന്നെ വീട്ടമ്മയാണ്" ഇങ്ങനെ മുക്ത പറയുമ്പോൾ അവതാരകയായ ലക്ഷ്മിയുടെ ഒരു അഭിനന്ദനവുമുണ്ട് " വേഷത്തിൽ മാത്രമേ ഉള്ളു കുട്ടിത്തമൊക്കെ മുക്തയ്ക്ക്. ആള് ഭയങ്കര മെച്വേഡ് ആണല്ലോ"! അതിനൊപ്പം കാണികളുടെ കയ്യടിയും...
ഫെയ്സ്ബുക്കിൽ ഈ വിഷയത്തിൽ സമ്മിശ്രപ്രതികരണമാണ്. ലക്ഷ്മിയെപ്പോലെ തന്നെ ഒരു വിഭാഗമാളുകൾക്ക് ഇവർ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നു തോന്നുണ്ടത്രേ! അവളുടെ മകളുടെ കാര്യം അവൾക്ക് തീരുമാനിക്കാം, പറയാം.. അതിലെന്താണ് തെറ്റ്? പിന്നെ പെമ്പിള്ളേര് വീട്ടുജോലികൾ പടിച്ചിരിക്കണം എന്നു പറയുന്നതിലെ തെറ്റ് തീരെ മനസിലാവുന്നില്ല!! കാരണം മറുവശത്തെപ്പറ്റി അവർക്ക് അറിവില്ല. പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകളാണ് . ഇനി ചിലരുണ്ട്.. മനസിലായില്ലെന്നു നടിക്കുന്നവർ! കിട്ടുന്ന സൗകര്യമെന്തിന് വെറുതെ പാഴാക്കണം?
ഇനി ഈ വാക്കുകളെ എതിർക്കുന്നവരിൽ ഒരു ശതമാനം " നീയൊക്കെ ഒരമ്മയാണോ"എന്ന രീതിയിലുള്ള വിമർശനമാണ് നടത്തുന്നത്. അവരിലെ മാതൃത്വത്തെ അപമാനിച്ചു കൊണ്ടല്ല, അവർ പറഞ്ഞ വാചകങ്ങളോട് വിയോജിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. മുക്തയിലെ അമ്മയെ ബഹുമാനിച്ചു കൊണ്ട് തന്നെ ,അവർ പറഞ്ഞ വാചകങ്ങളോടുള്ള എതിർപ്പ് രേഖപ്പെടുത്താം.
പെണ്ണിന് അടുക്കള ,പിള്ളേരുടെ മേൽനോട്ടം..ആണിന് കായികാധ്വാനവും ധൈര്യവും വേണ്ട പുറത്തെ പണികൾ! ഇതെങ്ങനെയാണ് ഇത്തരമൊരു ചട്ടം രൂപപ്പെട്ടത്?
1. ശരീരഘടനയുടെ വ്യത്യാസമെന്നും, ശക്തി പോരെന്നും പറഞ്ഞ് അധ്വാനമുള്ള എല്ലാ ജോലികളിൽ നിന്നും സ്ത്രീയ്ക്ക് നീക്കി നിർത്തുന്ന പതിവ് പണ്ട് കാലം മുതലക്കെയുണ്ട്. അവൾക്ക് ആണിനൊപ്പം ധൈര്യവും ബലവുമില്ല എന്നത് ഊട്ടിയുറപ്പിക്കാൻ റാണിമാർ അന്തപുരത്തിലൊതുങ്ങിയാൽ മതിയെന്ന് പറഞ്ഞിരുന്ന അതേ കാലത്ത്, യുദ്ധമുഖത്ത് ആണുങ്ങൾക്കൊപ്പം പൊരുതി നിന്ന സ്ത്രീകളും, വിമോചനസമരങ്ങളിൽ തോളോട് തോൾ ചേർന്നു നിന്ന് പൊരുതിയ സ്ത്രീകളുമുണ്ടായിരുന്നുവെന്ന ഓർക്കണം.
2. ആർത്തവസമയത്ത് ശരീരത്തിന് വിശ്രമം കിട്ടാൻ അടുക്കളയിൽ കയറേണ്ട എന്നു പറഞ്ഞതാണത്രേ പിന്നീട് അശുദ്ധിയും തൊട്ടുകൂടായ്മയുമൊക്കെയായി മാറിയത്!!
3. മക്കളുടെ പരിപാലനം എന്ന പ്രധാന ഉത്തരവാദിത്തം രണ്ടു പേരും ഒരുമിച്ച് ജോലിക്ക് പോയാൽ അത് നടക്കില്ല എന്നായപ്പോൾ , സൗകര്യപൂർവ്വം "അബലയായ" സ്ത്രീ വീട്ടിലിരുന്ന് മക്കളെ നോക്കട്ടെയെന്ന് ബലമുള്ള പുരുഷസമൂഹം തീരുമാനിച്ചു. എന്തുകൊണ്ട് മറിച്ചു ചിന്തിച്ചില്ല എന്നത് ആലോചിക്കേണ്ടതാണ്.
പറഞ്ഞു വന്നത്, ആരോ എന്നോ ഈവിധം ഊട്ടിയുറപ്പിച്ച ചില വിശ്വാസങ്ങളുടെ തുടർച്ചയാണ് " പെണ്ണിന് ഗ്യാസ് സിലിണ്ടർ എടുത്തു പോക്കാൻ കഴിയില്ല, ഒന്ന് തെങ്ങിൽ കയാറാൻ ആണ് തന്നെ വേണമല്ലോ തുടങ്ങിയ ഡയലോഗുകൾ ജനിച്ചത്. ഗുണ്ടകൾ പെണ്ണിനെ ഉപദ്രവിക്കുമ്പോൾ രക്ഷകനായി എത്തുന്ന നായകൻ, ഹീറോയുടെ നിഴലായി മാത്രം നിൽക്കുന്ന ഹീറോയിൻ, ജോലിക്ക് പോകുന്ന ഗൃഹനാഥൻ അദ്ദേഹം അനുവദിച്ചാൽ മാത്രം ജോലിക്ക് പോകുന്ന ഭാര്യ തുടങ്ങിയ സിനിമാ കഥാപാത്രങ്ങളും അതിന്റെയൊരു തുടർച്ച തന്നെ.
നമ്മളിൽ എത്ര പെണ്ണുങ്ങൾക്ക് ആരുടെയും അനുവാദമില്ലാതെ യാത്ര ചെയ്യാനാവും? പി എച്ച് ഡി വരെ വിദ്യാഭ്യാസയോഗ്യതയുള്ള എത്രയോ സ്ത്രീകൾ ഇന്നും "നല്ല വീട്ടമ്മ" എന്ന ലേബലിൽ നിർബന്ധിതയായി തളച്ചിടപ്പെടുന്നു??
ഹോംമേക്കർ ആകാൻ സ്വയം ആഗ്രഹിച്ച് ആ വിധം കഴിയുന്ന ഒരുപാട് പേരുണ്ട്. അതിനോളം തൃപ്തി തരുന്ന മറ്റൊന്നും തന്നെ അവരുടെ ജീവിതത്തിൽ ഉണ്ടാവില്ല. അതവരുടെ ഇഷ്ടമാണ്. എന്നാൽ ഈ ജോലി ഇഷ്ടമില്ലാത്ത ഒരുപാട് പെണ്ണുങ്ങളുണ്ട്. കുക്കിങ് എനിക്ക് ഒട്ടുമിഷ്ടമില്ലാത്ത കലയാണ്. എന്നാൽ അത് ഒരുപാടിഷ്ടത്തോടെ ചെയ്യുന്ന പെണ്ണുങ്ങളുണ്ട്. എന്റെ സുഹൃത് വലയത്തിൽ. കുഴപ്പം കൂക്കിങ്ങും ക്ളീനിംഗുമെന്ന ജോലികൾക്കല്ല..എല്ലാ മനുഷ്യനും സ്വയംപര്യാപ്തതയ്ക്ക് വേണ്ടി ഏറ്റവും അത്യാവശ്യമായി പഠിച്ചിരിക്കേണ്ടതാണ് ഈ രണ്ടു ജോലികൾ ...
എന്നാൽ ഒരു പുരുഷനും നിർബന്ധിതമായി ആ ജോലി ചെയ്യാൻ തളച്ചിടപ്പെടുന്നില്ല. . സ്ത്രീയിൽ അത് അടിച്ചേല്പിക്കപ്പെടുന്നു. ആ വിഷയമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. കഴിച്ച പാത്രം എച്ചിൽ ഉൾപ്പടെ മേശപ്പുറത്ത് വച്ചിട്ട് പോകുന്നത് സ്ത്രീയായാൽ?? ചിന്തിക്കാനാകുമോ വീടിനുള്ളിൽ ആ അവസ്ഥ? എന്നാൽ അതേ കാര്യം പുരുഷൻ ചെയ്താൽ അത് "വെറും സ്വാഭാവികം!! '
പാചകവും ക്ലീനിങ്ങും സ്ത്രീയുടെ താത്പര്യമാണോ എന്നത് അവിടെയൊരു വിഷയമേ ആകുന്നില്ല. ഇതിൽ എവിടെയാണ് സമത്വം? കുടുംബത്തിന്റെയും 'കെട്ടിക്കൊണ്ട് പോകുന്ന' ഏതോ ഒരുവന്റെയും സൗകര്യവും താൽപര്യവുമെങ്ങനെയാണ് സ്ത്രീയുടെ അസ്തിത്വവും സ്വപ്നങ്ങളും നിശ്ചയിക്കുന്നത്?
നമ്മുടെ ഈ തലമുറ മുകളിൽ പറഞ്ഞ ചില മാമൂലുകളിൽ തൂങ്ങി വളർന്നതാണ്. നമ്മുടെ മാതാപിതാക്കളിൽ നിന്ന് നമ്മൾ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും അതാണ്. പക്ഷെ വളർന്നു വരുന്ന കുട്ടികളിൽ നമ്മൾ ഇതേ അബദ്ധം കുത്തിനിറയ്ക്കേണ്ടതുണ്ടോ? അവിടെയാണ് മുക്തയുടെ വാചകങ്ങൾ വിമർശിക്കപ്പെടേണ്ടതാണ് എന്നു പറയുന്നത്.
മുക്ത ആ വാക്കുകൾ പറയുമ്പോൾ അടുത്തു നിന്നു കേൾക്കുന്ന കുഞ്ഞിന്റെ മനസിൽ വേരുപിടിക്കുന്നത് നമ്മൾ നേരത്തെ പറഞ്ഞ മാമൂലുകളാണ്. മുക്തയുടെ വാചകങ്ങളും, ലക്ഷ്മിയുടെ കയ്യടിയും കേൾക്കുന്ന കുഞ്ഞിന്റെ മനസിൽ ഉറയ്ക്കുന്ന ചിന്തകളെ വെറുതെയൊന്നു പരിശോധിക്കാം.
1. എന്റെ വീടെനിക്ക് ഇന്നല്ലെങ്കിൽ നാളെ അന്യമാകും..എന്നെ കെട്ടിച്ചു "വിടുകയും" ഞാൻ മറ്റെവിടെയോ "ചെന്നു കയറുകയും" ചെയ്യണം.കാരണം ഞാൻ പെൺകുട്ടിയാണ്.
2. ആ വീട്ടിൽ എന്റെ പ്രധാന ജോലി കൂക്കിങ്ങും ക്ളീനിനിങ്ങുമായിരിക്കും. അതിൽ ഞാൻ പ്രഗൽഭ്യം നേടാതെ രക്ഷയില്ല. അതുകൊണ്ട് ഞാൻ എന്റെ വീട്ടിൽ ഇതെല്ലാം ചെയ്ത് പഠിക്കണം.
3. ഞാൻ മറ്റെന്ത് നേടിയാലും, എത്ര പഠിച്ചാലും കല്യണം കഴിയുന്നതോടെ ഞാൻ വീട്ടമ്മയാവുകയാണ്. നല്ല വീട്ടമ്മയ്ക്ക് കൂക്കിങ്ങും ക്ളീനിംഗും നന്നായി ചെയ്യാൻ അറിയേണ്ടതുണ്ട്.
ഇതൊക്കെ തന്നെയല്ലേ നമ്മളും കാലാകാലങ്ങളായി പഠിച്ചു വച്ചിരിക്കുന്നത്?ആ പൊട്ടക്കിണറ്റിൽ തന്നെയാണോ നമ്മുടെ മക്കളും വളരേണ്ടത്? ഇതിനൊരു മാറ്റം വേണ്ടന്നാണോ? ഒരു സെലിബ്രിറ്റി പറയുന്ന വാക്കുകൾ സകൗതുകം ശ്രദ്ധിക്കുകയും ,അതിന് ഒരുപാട് പ്രാധാന്യം നൽകുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ അവർ സംസാരിക്കുന്നതെല്ലാം അടുത്ത തലമുറയെ മുന്നോട്ടും ഉയരത്തിലേക്കും നടത്തുന്നവയായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. സ്ത്രീസമത്വത്തിനു വേണ്ടി ഏറെ ശബ്ദമുയർത്തുന്ന ഇന്നത്തെ സമൂഹത്തിന് തിരിച്ചടിയാകുന്ന വിധത്തിൽ സ്ത്രീ തന്നെ സംസാരിക്കുമ്പോൾ , ആർത്തവം അശുദ്ധിയെന്നും സ്ത്രീ അബലയെന്നും സൗകര്യപൂർവം സ്ഥാപിച്ചു വച്ചിരിക്കുന്ന ഒരു വലിയ കൂട്ടത്തിന് അത് വളമാവുകയാണ് എന്നു മനസിലാക്കണം.
1. മക്കളോട് സംസാരിക്കുമ്പോൾ പെണ്ണ് ,ആണ് എന്നതിനു പകരം, മനുഷ്യൻ എന്ന വാക്കുപയോഗിച്ചു ശീലിക്കുക.
2. ഒരാണും പെണ്ണുമുള്ള വീടുകളിൽ അവനു അനുവദിക്കുന്നതെല്ലാം അവൾക്കും അനുവദിക്കുക ഇനിയെങ്കിലും. അവളെ സംരക്ഷിക്കാനുള്ള ബോഡി ഗാർഡ് ആയി ആണ്ക്കുട്ടിയെ/ സഹോദരനെ ചിത്രീകരിക്കാതിരിക്കുക. അവരവരുടെ ജീവിതം അവരവരുടെ ഉത്തരവാദിത്തമാണ് എന്നു മനസിലാക്കികൊടുത്തു വളർത്തുക. നിഴലിൽ ജീവിക്കാൻ ഒരിക്കൽ പഠിച്ചാൽ പിന്നെയെന്നും അവൾ നിഴലിൽ തന്നെയാവും ജീവിക്കുക.
3. മക്കൾ ആണായാലും പെണ്ണായാലും, പഠിച്ചു ജോലി നേടാനും, ഒപ്പം തന്റെ കാര്യങ്ങൾ സ്വയം ചെയ്യാനും പഠിപ്പിക്കുക. തുണി അലക്കുന്നത് മുതൽ പാചകം വരെ രണ്ടു പേരെയും ഒരുപോലെ പഠിപ്പിക്കുക. കുളിമുറി കഴുകുന്നത് വേലക്കാരിയുടെ ജോലിയാണെന്നും ,പാചകം അമ്മയുടെ ജോലിയാണെന്നും പഠിച്ചു വയ്ക്കുന്ന മകൻ നാളെ ഒറ്റയ്ക്ക് ഒരു പുറം രാജ്യത്ത് ജീവിക്കാൻ വല്ലാതെ ബുദ്ധിമുട്ടുമെന്നെങ്കിലും മാതാപിതാക്കൾ മനസിലാക്കുക.
4. അച്ഛൻ അമ്മയെ ട്രീറ്റ് ചെയ്യുന്ന് രീതി ആണ്മക്കളുടെ മനസിനെയും ജീവിതത്തെയും ഒരുപാട് സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മക്കൾക്ക് മുന്നിൽ തുല്യതയോടെ ജീവിച്ചു കാണിക്കേണ്ടത് അച്ഛനമ്മമാരുടെ കടമയാണ്.
5. "അടുക്കള എന്നത് പെണ്ണിന്റെ സാമ്രാജ്യമാണ്," എന്ന നിർദോഷമായ ഡയലോഗുകൾ വീട്ടിൽ ഒഴിവാക്കുക. വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ ആണുങ്ങൾ ഹാളിലും പെണ്ണുങ്ങൾ അടുക്കളയിലും നിന്ന് സംസാരിക്കുന്ന വിചിത്രമായ ചടങ്ങുകൾ ദയവായി ഒഴിവാക്കുക.
6. വിവാഹമാണ് സ്ത്രീയുടെ അടിസ്ഥാന ജീവിതോദ്ദേശമെന്ന ഉപദേശം ഇനി വേണ്ട. വിവാഹം ചെയ്യാതെയും അവൾക്ക് നിലനിൽപ്പുണ്ട് എന്നവൾ അറിയണം. അതിനവൾ ലോകം കാണണം. പെണ്ണ് ശൂന്യാകാശത്ത് സഞ്ചരിക്കുകയും , ഭരണതലപ്പത്ത് എത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നൂറു പവൻ അണിഞ്ഞു വിവാഹം ചെയ്ത് വല്ല വീട്ടിലേക്കും പോകുന്ന കസിൻ ചേച്ചിയെയും, അടുക്കളപ്പണി നന്നായി ചെയ്യുന്ന ആന്റിയെയുമല്ല അവൾക്ക് മാതൃകയായി കാണിച്ചു കൊടുക്കേണ്ടത്. വായിച്ചും, നിറയെ സഞ്ചരിച്ചും ലോകം കണ്ടും അവൾ വളരട്ടെ..
7. സെലിബ്രിറ്റികൾ എന്നല്ല, ഏത് മനുഷ്യനും പബ്ലിക്ക് പ്ലാറ്റ്ഫോമിൽ സംസാരിക്കുമ്പോൾ വാക്കുകളും വരികളും പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ ഒരു വാക്കിന് ഒരുപക്ഷേ ഒരു പെണ്കുട്ടിയെ ഉയരങ്ങളിലെത്തിക്കാൻ സാധിച്ചേക്കും. അതുപോലെ തന്നെ അവളുടെ ആത്മവിശ്വാസത്തെ അപ്പാടെ തകർത്തെറിയാനും സാധിക്കും. അതോർത്തു വച്ചുമാത്രം സംസാരിക്കുക.
എനിക്ക് രണ്ട് ആണ്മക്കളാണ്. മൂത്തവൻ അത്യാവശ്യം നന്നായി കുക്ക് ചെയ്യും . അവൻ കഴിച്ച പാത്രം കഴുകിവയ്ക്കും. ഇളയവൻ വീട് ഒക്കെ അടുക്കിപ്പെറുക്കി വയ്ക്കും. ഞാൻ പഠിപ്പിക്കുന്നുണ്ട് മറ്റുള്ള ജോലികൾ കൂടി ചെയ്യാൻ. നാളെ ഒരു കാലത്ത് പെണ്ണുകെട്ടി കുടുംബമായി താമസിക്കാനുള്ളതല്ലേ? പെണ്ണ് കെട്ടണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം. ഇനി കെട്ടിയാൽ "അവൾ ഈ ജോലികളെല്ലാം ചെയ്യും, ഞാൻ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കും" എന്ന ധാരണ കുഞ്ഞിലെ അങ്ങു നുള്ളിമാറ്റിയിട്ടുണ്ട്. "Go, serve yourself" എന്നു ആണ്മക്കളോട് പറയാൻ മടിക്കുന്ന നമ്മുടെ തലമുറ തന്നെയാണ് നാളത്തെ പെണ്കുട്ടിയുടെ ശാപം.
പെണ്ണും ആണും ട്രാൻസ്‌ജൻഡറുമൊക്കെ ഒരേ തട്ടിൽ, ഒരേ സൗകര്യങ്ങളിൽ, ഒരേ ബഹുമാനം ലഭിച്ച് ഒരുമിച്ചു നിൽക്കുന്ന ഒരു സമൂഹമാണ് മനുഷ്യരാശിയുടെ നിലനിൽപ്പിനും അഭിവൃദ്ധിക്കും ഏറ്റവും ആവശ്യം. ഇവരെയെല്ലാം പലതട്ടിൽ പ്രതിഷ്ഠിച്ച് , ഒരു വിഭാഗത്തിൽ അസമത്വവും അടിമത്തവും അടിച്ചേൽപ്പിക്കുന്ന പ്രവണതയിൽ നിന്ന് വരുംതലമുറയിലെങ്കിലും മാറി നടക്കട്ടെ.
Content Highlights: Actress Muktha Controversy gender equality
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..