-
അബോര്‍ഷന്‍ സംഭവിക്കുമ്പോള്‍ ശാരീരികമായും മാനസികമായും സ്ത്രീ അനുഭവിക്കുന്ന ആഘാതം തിരിച്ചറിയാതെ കുറ്റപ്പെടുത്താന്‍ മുന്നിട്ടു നില്‍ക്കുന്നവരുണ്ട്. അബോര്‍ഷനായിട്ടുണ്ടെങ്കില്‍ അതവളുടെ അശ്രദ്ധ കൊണ്ടാവുമെന്നും ഇതൊരു പാഠമാണെന്നുമൊക്കെ പറയുന്നവര്‍. അത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഗര്‍ഭം അലസിയ സ്ത്രീയെ വീണ്ടും വിഷാദത്തിലേക്കു തള്ളിവിടുകയാണ് ചെയ്യുക. എന്നാല്‍ അബോര്‍ഷന്‍ സംഭവിക്കുന്നത് സാധാരണമാണെന്നും അതില്‍ തളര്‍ന്നു പോകരുതെന്നും പറഞ്ഞ് സീരിയല്‍ താരം അങ്കിത ഭാര്‍ഗവ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
രണ്ടു വര്‍ഷം മുമ്പ് തനിക്കു സംഭവിച്ച അബോര്‍ഷനും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെ അതിജീവിച്ചതുമൊക്കെ പങ്കുവെക്കുകയാണ് അങ്കിത. ടിവി താരം കരണ്‍ പട്ടേലിന്റെ ഭാര്യ കൂടിയായ അങ്കിത കഴിഞ്ഞ ഡിസംബറില്‍ ജനിച്ച മകള്‍ മെഹറിന്റെ ചിത്രത്തിനൊപ്പമാണ് അബോര്‍ഷന്‍ കാലം കടന്നുപോയതെങ്ങനെയെന്ന് കുറിക്കുന്നത്.
അങ്കിതയുടെ കുറിപ്പിലേക്ക്
രണ്ടുവര്‍ഷം മുമ്പ് ഈ ദിവസമാണ് ഞാന്‍ അബോര്‍ഷനായത്. 20ാം ആഴ്ചയിലെ സ്‌കാനിങ്ങില്‍ യാതൊരു പ്രശ്‌നവും കണ്ടിരുന്നില്ല, തായ്‌ലന്റിലേക്ക് പരസ്യചിത്രീകരണത്തിന് അമ്മയ്‌ക്കൊപ്പം പോകാനുള്ള സന്തോഷത്തിലായിരുന്നു ഞാന്‍. അതിനിടയ്ക്കാണ് ഇതു സംഭവിച്ചത്. എന്റെ ഭാഗത്തു നിന്ന് യാതൊരു തെറ്റും സംഭിച്ചിരുന്നില്ല, എന്റെ ശരീരത്തിനോ അതിനേക്കാളുപരി ജനിക്കാനിരുന്ന എന്റെ കുഞ്ഞിനോ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അതൊരു നിര്‍ഭാഗ്യകരമായ സംഭവമായി എഴുതപ്പെട്ടു.
ശൂന്യമായ വയറു കാണുമ്പോള്‍ മാസങ്ങളോളം ദൈവത്തെ വെറുത്തു നടന്നിരുന്നു. തുടക്കത്തില്‍ എനിക്കും കരണിനും ഇതിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയില്ലായിരുന്നു. കരണ്‍ എന്റെ കൂടെ വേണമെന്നും ഞങ്ങള്‍ ഒന്നിച്ച് വേദന പങ്കിടണമെന്നുമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. കരണാകട്ടെ അദ്ദേഹത്തിന്റെ വേദന കാണുമ്പോള്‍ ഞാന്‍ കൂടുതല്‍ തളരുമെന്നു കരുതിയിരുന്നു. എപ്പോഴൊക്കെ ഞങ്ങള്‍ ഒന്നിച്ചിരിക്കുമോ അപ്പോഴെല്ലാം അദ്ദേഹം നോര്‍മലായി കാണിക്കുമായിരുന്നു, എന്നെ തളര്‍ത്താതിരിക്കാന്‍. പക്ഷേ അതു വീണ്ടും ദുസ്സഹമാക്കുകയാണ് ചെയ്തത്. അങ്ങനെ ഈ സാഹചര്യത്തെ നമ്മള്‍ ഒന്നിച്ചു നിന്നു നേരിടുകയാണ് വേണ്ടതെന്ന് ഞാന്‍ പറഞ്ഞു.
അവിടെ നിന്നാണ് ഞങ്ങള്‍ ആശ്വസിപ്പിക്കാന്‍ തുടങ്ങിയത്. ഓരോ രാത്രിയിലും ഞങ്ങള്‍ കരയും. ആരുടെയെങ്കിലും ബേബി ഷവറിനു വിളിക്കുമ്പോഴോ ടിവിയില്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാലോ കുട്ടികളുടെ പരസ്യം കണ്ടാലോ ഒക്കെ കരയുമായിരുന്നു. ലോകത്തെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ പെട്ടെന്ന് നോര്‍മലായി, പക്ഷേ ഹൃദയത്തിന്റെ ഒരുഭാഗം നുറുങ്ങിപ്പോയെന്ന് ഞങ്ങള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളു.
ലോകത്ത് അബോര്‍ഷനായ ഒരേയൊരു യുവതി ഞാന്‍ മാത്രമാണെന്ന ചിന്തയായിരുന്നു അപ്പോഴൊക്കെ. പക്ഷേ പതിയെ എന്റെ കുടുംബത്തിലും സുഹൃത്തുക്കളുമൊക്കെ ഈ അനുഭവത്തിലൂടെ കടന്നുപോയവരെ കണ്ടു. ഞാന്‍ ഒറ്റയ്ക്കല്ലെന്നും അവരെപ്പോലെ ഈ വേദനിപ്പിക്കുന്ന ഘട്ടത്തെ ഞാനും അതിജീവിക്കുമെന്നും തിരിച്ചറിഞ്ഞു. പക്ഷേ എന്റെ അബോര്‍ഷനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ട്രോളുകള്‍ക്കിരയാകപ്പെട്ടു. ഇതു ഞാന്‍ അര്‍ഹിച്ചതാണെന്നും കരണ്‍ അര്‍ഹിച്ചതാണെന്നും എനിക്ക് വേറെ കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്നും ഞാന്‍ ഇതില്‍ നിന്നും ഒരു പാഠം പഠിക്കണമെന്നുമൊക്കെയായിരുന്നു അത്.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നു അവ. വൈകാതെ ഞാന്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ആരാണ് ഉത്തരവാദിയെന്നും എവിടെയാണ് എനിക്കു തെറ്റുപറ്റിയതെന്നുമൊക്കെ ആലോചിച്ചു. പതിയെ അബോര്‍ഷനാവുക എന്നത് സാധാരണ സംഭവമാണെന്നും അതല്ല സ്ത്രീയെ നിശ്ചയിക്കുന്ന ഘടകമെന്നും തിരിച്ചറിഞ്ഞു. ജീവിതവും മരണവും ആരുടെയും കയ്യിലല്ലെന്നും എന്റെ ആദ്യകുഞ്ഞിന്റെ ജീവിതം അങ്ങനെ എഴുതപ്പെട്ടതാണെന്നും ആശ്വസിച്ചു. അതിനേക്കാളെല്ലാമുപരിയായി കരയുക എന്നതും.. നിശബ്ദമായും ഉറക്കെയും പങ്കാളിക്കൊപ്പവും വാഷ്‌റൂമിലുമൊക്കെ നിങ്ങള്‍ തോന്നുമ്പോഴെല്ലാം കരയുക. അതു വളരെയധികം ആശ്വാസം നല്‍കും.
Content Highlights: Actress Ankita Bhargava On Miscarriage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..