പ്രസ്സ് മീറ്റിനിടയിൽ വിനായകൻ
മീ ടൂ എന്നാലെന്താണ് എന്ന് വിനായകൻ ചോദിച്ചപ്പോഴാണ് സത്യത്തിൽ കൂടുതൽ ചിന്തിച്ചത്! എന്തൊക്കെ അതിലുൾപ്പെടും? അതിന് പരിധികളുണ്ടോ? ആരാണ് അതിന്റെ പരിധി നിശ്ചയിക്കുന്നത് ? ഇതെല്ലാം ചിന്തിച്ചു.
വിനായകൻ പറഞ്ഞതിലെ തെറ്റും ശരിയുമാണ് കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച മുഴവൻ. പ്രസ്സ് മീറ്റിനിടയിൽ ഉയർന്നു വന്ന വ്യക്തിപരമായ ഒരു ചോദ്യത്തിനു വളരെ നിസ്സാരമായി അദ്ദേഹം പറഞ്ഞ ഉത്തരമാണ് വിവാദമായത്. എന്തായാലും വിനായകൻ പറഞ്ഞതിലേക്ക് തന്നെ പോകാം :
അദ്ദേഹത്തിന് എതിരേ ഉയർന്ന മീ ടൂ വിവാദത്തെ പറ്റിയായിരുന്നു ചോദ്യം.
"ഒരുവളോട് കാമം തോന്നിയാൽ താൻ നേരെ ചെന്ന് അവൾക്കതിനു സമ്മതമാണോ എന്ന് ചോദിക്കും, ഉത്തരം അവൾ കൃത്യമായി തരും. ഇതാണ് മീ ടൂ എങ്കിൽ ഞാനിനിയും അത് ചെയ്യും"എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. കേൾക്കുന്നവർക്ക് 'ആ! ശരിയാണല്ലോ, അങ്ങനെ ചെയ്യുന്നതല്ലേ നല്ലത് " എന്ന് തോന്നുന്ന വിധമാണ് അദ്ദേഹം അത് പറഞ്ഞു വച്ചത്. അതു കൊണ്ടു തന്നെ സ്ത്രീകൾ ഉൾപ്പടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലരൊക്കെ പറഞ്ഞത്, വികസിത രാജ്യങ്ങളിൽ ഇങ്ങനെ നേരിട്ട് ചോദിച്ചാൽ അവിടെയുള്ള പെണ്ണുങ്ങൾ ഒരു ചിരിയോടെ അതിനെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യും, നമ്മളത്ര വളർന്നിട്ടില്ല എന്നാണ്. ഇതെല്ലാം പുറമെ നിന്ന് നോക്കുമ്പോൾ ശരിയാണ് താനും.
Also Read
എന്നാൽ നമ്മളാരും ശ്രദ്ധിക്കാത്ത ഒന്ന് ഇവിടെയുണ്ട്. ഓരോ സ്ത്രീയും, അവൾ വളർന്നു വരുന്ന സാഹചര്യവും വ്യത്യസ്തമാണ്. വീടിനുള്ളിൽ തുടങ്ങുന്ന ലിംഗ അസമത്വത്തിനെയും അരക്ഷിതാവസ്ഥയുടെയും ദിനം പ്രതി ഉയർന്നു വരുന്ന പീഡനക്കഥകളുടെയുമിടയിൽ എങ്ങനെയൊക്കെയോ പിടിച്ചു നിൽക്കുന്ന, അതിനിടയിലും സ്വയം ഉയർന്നു വരാൻ ചിറകു തുന്നുന്ന ഒരു പെൺകുട്ടിക്ക്, അവൾ അത് വരെ നെയ്തെടുത്ത ആത്മവിശ്വാസം മുഴുവൻ തകർന്നു തരിപ്പണമാകാൻ ഈയൊരൊറ്റ ചോദ്യം മതിയെന്ന് വിനായകന്മാർ ചിന്തിക്കുന്നില്ല.
ബ്രായുടെ വള്ളി പുറത്തു കണ്ടാൽ ഇക്കിളി തോന്നുന്ന ആണുങ്ങളുള്ള സമൂഹത്തിലാണ് വിനായകൻ ഇത് പറഞ്ഞത് എന്നോർക്കണം. വികസിത രാജ്യങ്ങളിൽ ഒരമ്മയ്ക്ക് വഴിയരികിലെ ബെഞ്ചിൽ ശ്വാസം വിട്ടിരുന്നു കുഞ്ഞിന് പാല് കൊടുക്കാമെങ്കിൽ ഇവിടുത്തെ പെണ്ണുങ്ങൾ അതിന് മറ അന്വേഷിച്ചു ഇന്നും വിയർക്കുന്നുണ്ട്. അതവളുടെ കുഴപ്പമല്ല. അവളുടെ ശരീരത്തിന്റെ ഓരോ ഭാഗവും കീറിമുറിയ്ക്കുന്ന നോട്ടവും, കമന്റടി എന്ന ഓമനപ്പേരിൽ വിളിക്കുന്ന വൃത്തികെട്ട വർണ്ണനയും അറിഞ്ഞും അനുഭവിച്ചു, അതിലേറെ, അതിന്റെ മുഴുവൻ പഴിയും സ്വയമേറ്റുവാങ്ങി വളർന്നു വരുന്ന ഒരു പെൺകുട്ടി ഇത്തരമൊരു ചോദ്യത്തെ എങ്ങനെയാവും എടുക്കുക?
യാതൊരു ഹൃദയബന്ധവുമില്ലാത്ത ഒരാളിൽ നിന്ന് 'കിട്ടുമോ " എന്ന ചോദ്യം എനിക്ക് നേരെ വന്നാൽ ഞാൻ ആദ്യം ചിന്തിക്കുക
"ഞാനൊരു വസ്തു മാത്രമാണോ "എന്നതാവും. ഉറപ്പ്!! ഒരു പക്ഷെ ഞാൻ ഇത്രയും കാലം അഭിമാനത്തോടെ നോക്കിയിരുന്ന എന്റെ ശരീരത്തെ ഞാൻ അന്നുമുതൽ വെറുപ്പോടെ നോക്കും. നാളെ മറ്റൊരാണിനെ കാണുമ്പോൾ സംശയത്തോടെ നോക്കാനും, ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവനെ പോലും അവിശ്വസിക്കാനും ഈ ഒരൊറ്റ ചോദ്യം മതി. എല്ലാവർക്കും മുന്നിൽ അദ്ദേഹം ഉദാഹരണമായി വിരൽ ചൂണ്ടിയ മാധ്യമപ്രവർത്തകയുടെ മനസിലുണ്ടായ മുറിവ് ചെറുതായിരിക്കില്ല!!
"പ്രണയമില്ലാത്ത കാമം പാടില്ലേ" എന്നാവും അടുത്ത ചോദ്യം... സ്ത്രീകൾക്ക് പൊതുവെ മാനസികമായ അടുപ്പമില്ലാതെ ശാരീരികബന്ധം പ്രയാസമാണ്. എന്നാൽ അത് ഞാൻ സാമാന്യവൽക്കരിക്കുന്നില്ല. മനസ്സ് കൊണ്ട് യാതൊന്നുമില്ലാതെ ശരീരത്തിന്റെ ആവശ്യം പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെയും ഏറെ കണ്ടിട്ടുണ്ട്. അതൊരു തെറ്റുമല്ല. ആണായാലും പെണ്ണായാലും!
പക്ഷെ ഒന്നോർക്കണം. ശരീരികമായി വെറുതെയൊന്ന് അടുത്തിടപഴകാൻ പോലും ഒരു ചിരിയുടെ അടുപ്പം മനുഷ്യർ തമ്മിൽ വേണമല്ലോ. നൈമിഷികമായ ഒന്നിന് വേണ്ടി മാത്രം ശാരീരികബന്ധത്തിൽ ഏർപ്പെടുന്നവർ പോലും ആ ഒരല്പ സമയത്തെക്കെങ്കിലും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്.
ആ ബഹുമാനം ആണും പെണ്ണും അർഹിക്കുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് പോലെ നേരെ പോയി "താല്പര്യമുണ്ടോ" എന്ന് ചോദിക്കലല്ല അവിടെയും ശരിയായ രീതി. അതല്ല അവിടെയും അദ്ദേഹം പറഞ്ഞ കൺസെന്റ്!
അദ്ദേഹം തന്നെ പറഞ്ഞു, എന്നോട് ഒരു സ്ത്രീയും അങ്ങനെ ചോദിച്ചിട്ടില്ല എന്ന്. ചോദിക്കില്ല! കാരണം സ്ത്രീയതിൽ പോലും ഒരു നിമിഷത്തെ സ്നേഹമോ പ്രണയമോ കണ്ടെത്തുന്നു. ഒരു സ്ത്രീയും " എനിക്ക് നിങ്ങളുമായി വെറുതെയൊരു ശരീരികബന്ധത്തിന് താല്പര്യമുണ്ട്, നിങ്ങൾക്ക് സമ്മതമാണോ " എന്ന് ചോദിക്കില്ല.. പകരം അവളത് പ്രകടിപ്പിച്ചേക്കാം. പല രീതിയിൽ! അത് മനസിലാക്കി ചോദ്യങ്ങളില്ലാതെ അവളിലെക്ക് എത്തിപ്പെടുന്നതാണ് മര്യാദ.
കാശ് കൊടുത്ത് ഒരു വസ്തു മേടിച്ചു കൈയ്യിൽ വയ്ക്കുന്ന രീതിയിലാവരുത് അതുമെന്നു സാരം..നിനക്കെന്നെ ഇഷ്ടമാണോ എന്ന് ചോദിക്കുന്നതും 'നിനക്ക് ഞാനുമായി ശരീരികബന്ധത്തിന് താല്പര്യമുണ്ടോ' എന്ന് ചോദിക്കുന്നതും എങ്ങനെയാണ് ഒരുപോലെയാവുക?
സ്ത്രീ എന്നാലെന്താണ് എന്ന ചോദ്യവുമായി ചേർത്താണ് അദ്ദേഹം ഇത് മുഴുവൻ പറഞ്ഞത് എന്നതാണ് ഏറ്റവും ഗുരുതരം. മീ ടൂ എന്നാൽ എന്താണ് എന്നദ്ദേഹം വീണ്ടും വീണ്ടും ചോദിക്കുന്നത് കേട്ടു.. എന്നിട്ട് അദ്ദേഹം മീ ടൂ വിനെ മുകളിൽ പറഞ്ഞ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്തു. പുള്ളിക്ക് സ്ത്രീയെപ്പറ്റിയോ മീ ടൂ വിനെ പറ്റിയോ വലിയ ധാരണ ഇല്ല എന്നത് വ്യക്തം!
അപ്പോൾ മീ ടൂ എന്നാൽ പലതാണ്. അതിന്റെ പരിധി നിശ്ചയിക്കുന്നത് സ്ത്രീ മാത്രമാണ്!
"ഞാനും അപമാനിക്കപ്പെട്ടു"
"എനിക്കും അയാളിൽ നിന്ന് വാക്ക് കൊണ്ടും നോട്ടം കൊണ്ടും ദുരനുഭവമുണ്ടായി. എന്നെ മാനസികമായി തകർക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു"
" ഞാനേറേ വിശ്വസിച്ച ഒരുവൻ എന്നെയൊരു കച്ചവടചരക്കായി കണ്ടു. അതെന്നെ വേദനിപ്പിച്ചു. അയാളെന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തി"
" എന്റെ ശരീരത്തിൽ എന്റെ അനുവാദമില്ലാതെ തൊടുകയും, സ്ത്രീയെന്ന നിലയിൽ എനിക്ക് ലഭിക്കേണ്ട ബഹുമാനം നൽകാതിരിക്കുകയും ചെയ്തു"
ഇനി ഇതിൽ ഏറ്റവും പ്രധാനം.
" ഞാൻ മാനസികമായി ഏറെ തകർന്നിരിക്കുന്ന സമയത്തെ ചൂഷണം ചെയ്ത് അയാൾ എന്നിലേക്ക് അടുക്കുകയും, ഇന്നും കൂടെയുണ്ടാകും എന്നെന്നേ വിശ്വസിപ്പിക്കുകയും ഒടുവിൽ അയാൾക്ക് വേണ്ട രീതിയിൽ എന്റെ ശരീരത്തെ ഉപയോഗിച്ച ശേഷം നിഷ്കരുണം തള്ളിപറയുകയും ചെയ്തു."
ഇതും മീ ടൂ തന്നെയാണ്! അത് പലർക്കും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. അവൾ സമ്മതിച്ചിട്ടല്ലേ എന്ന ക്ളീഷേ ചോദിക്കുമ്പോൾ ഒരു കാര്യം ഓർക്കണം. അവൾ സമ്മതിച്ചത് വൈകാരികതലത്തിലാണ്. ആ ഒരു സമ്മതം ഒരാൾ അവൾ നിന്ന് നേടുന്നത് സ്വാർത്ഥമായ കാമപൂർത്തീകരണത്തിന് മാത്രമാണ് എന്ന് ആ സമയത്ത് അവൾ തിരിച്ചറിയുന്നില്ല. ഒടുവിൽ മെല്ലെ മെല്ലെ അയാളുടെ ജീവിതത്തിൽ നിന്ന് പുറംതള്ളപ്പെടുമ്പോൾ മാത്രമാണ് അവളത് അറിയുന്നത്. എന്നിട്ട് ഈ പറഞ്ഞതിനെ "കൺസന്റോട് കൂടിയുള്ള സെക്സ് " എന്നയാൾ വിളിക്കുമ്പോൾ അവൾക്ക് പുച്ഛമല്ലാതെ എന്താണ് തോന്നുക?
ഇവിടെയാണ് വിനായകന് തെറ്റ് പറ്റിയത്. ആണിനും പെണ്ണിനും വെവ്വേറെ വൈകാരികതലങ്ങളാണ് എന്നതും, അവളുടെ മനസും ശരീരവും ഒരുപോലെ ബഹുമാനം അർഹിക്കുന്നവയാണെന്നും അദ്ദേഹം മറന്നു! ഇനിയും അതൊന്നും പഠിക്കാൻ സാധ്യത കാണുന്നുമില്ല!!!
ഇതേ മാനസികാവസ്ഥ വെച്ചു പുലർത്തുന്ന ഒരുപാട് പേർ ചേരുന്നതാണ് ഇന്നും കേരളസമൂഹം. സംസ്കാരവും വിദ്യാഭ്യാസം വിവേകവുമായി വലിയ ബന്ധമൊന്നുമില്ല എന്ന് വീണ്ടും വീണ്ടും നമ്മൾ തെളിയിക്കുകയാണ് ലോകത്തിന് മുന്നിൽ!
Content Highlights: actor vinayakan controversial press meet, me too, sexual harassment, sexual violence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..