അഭിരാമി
കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് പാര്‍ട്ടി പരിപാടികള്‍ക്ക് പോയിരുന്ന പെണ്‍കുട്ടി. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തിന് അപ്പുറത്ത് ആ യാത്രകള്‍ക്ക് മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ആ പെണ്‍കുട്ടി വളര്‍ന്നു, 19 ാം വയസ്സിൽ കോണ്‍ഗ്രസിന്റെ യൂണിറ്റ് കമ്മറ്റി പ്രസിഡന്റായി. ചേര്‍ത്തല പട്ടണക്കാട് സ്വദേശിനി അഭിരാമി ഇന്ന് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ആണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കോണ്‍ഗ്രസ് ഭാരവാഹികളില്‍ ഒരാളാണിന്ന് അഭിരാമി. അഭിരാമി മാതൃഭൂമി ഡോട്ട്കോമിനോട് മനസ് തുറക്കുന്നു
അപ്രതീക്ഷിതം
എന്നത്തേയും പോലെ അന്നും ഒരു പാര്‍ട്ടി മീറ്റിങ്ങിന് പോയതായിരുന്നു അഭിരാമി. യോഗത്തില്‍ വെച്ച് അപ്രതീക്ഷിതമായി എല്ലാവരും തന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയതായി അഭിരാമി പറയുന്നു. ഇത്രയും ചെറിയ പ്രായത്തിലെ യൂണിറ്റ് പ്രസിഡന്റ് ആകാന്‍ കഴിയുമെന്നൊ ഐകകണ്‌ഠ്യേന എല്ലാവരും പിന്തുണയ്ക്കുമെന്നൊ അഭിരാമി സ്വപ്‌നത്തില്‍ പോലും കരുതിയതല്ല.
കുടുംബം പോലെ പാര്‍ട്ടി
കോണ്‍ഗ്രസ് കുടുംബമാണ് അഭിരാമിയുടെത്. ചെറുപ്പം മുതലേ കേട്ടുവളര്‍ന്നത് കോണ്‍ഗ്രസിനെക്കുറിച്ച് മാത്രം. അച്ഛന്‍ അനന്ദുഭവനില്‍ അജിയോടൊപ്പം കുട്ടിക്കാലം മുതലേ അഭിരാമി പാര്‍ട്ടി പരിപാടികള്‍ക്ക് പോകുമായിരുന്നു. അച്ഛന്റെ പാര്‍ട്ടി പ്രവര്‍ത്തനം അഭിരാമിയെ ഏറെ സ്വാധീനിക്കുകയും ചെയ്തു. അമ്മ ഷീബയും ചേട്ടന്‍ അനന്ദുവും പുതിയ യൂണിറ്റ് പ്രസിഡന്റിന് ഉറച്ച പിന്തുണയുമായി കൂടെയുണ്ട്.
കട്ട സപ്പോര്‍ട്ടുമായി പ്രവര്‍ത്തകര്‍
അപ്രതീക്ഷിതമായ യൂണിറ്റ് പ്രസിഡന്റായതിന്റെ അങ്കലാപ്പിലായിരുന്ന അഭിരാമിയ്ക്ക് ഉറച്ച പിന്തുണയും ആത്മവിശ്വാസവും നല്‍കിയത് പട്ടണക്കാട് ഒന്‍പതാം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പിന്‍മാറരുതെന്നും കൂടെയുണ്ടാകുമെന്നും ധൈര്യം പകര്‍ന്ന് തന്നെ നിരവധി പേര്‍ ഫോണ്‍ ചെയ്‌തെന്നും അഭിരാമി പറയുന്നു.
കോവിഡ് കൊണ്ടുപോയ കോളേജ് കാലം
ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലെ രണ്ടാം സെമന്റര്‍ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയാണ് അഭിരാമി. കോവിഡ് മൂലം ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഇതുവരെ അഭിരാമിക്ക് കോളേജില്‍ പോകാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കഴിഞ്ഞില്ലെന്ന പരിഭവവും അഭിരാമിക്കുണ്ട്.
എല്ലാവരുടെയും കോണ്‍ഗ്രസ്
പാര്‍ട്ടിയിലെ സ്ത്രീ സമത്വത്തെക്കുറിച്ചും അഭിരാമിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആര്‍ക്കും കടന്നുവരാവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന പാര്‍ട്ടിയായിരുന്നുവെങ്കില്‍ താനിപ്പോള്‍ യൂണിറ്റ് പ്രസിഡന്റ് ആകുമായിരുന്നില്ലെന്ന് അഭിരാമി പറയുന്നു. കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത് പെണ്‍കുട്ടികളാണെന്നും, ധാരാളം പെണ്‍കുട്ടികള്‍ കെ.എസ്.യുവിന്റെ ഭാഗമായി കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഭിരാമി വ്യക്തമാക്കി.
പദവികള്‍ ലക്ഷ്യമേയല്ല
പാര്‍ട്ടിയില്‍ ഏതെങ്കിലും ഉന്നത പദവിയില്‍ എത്തണമെന്നല്ല. പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് അഭിരാമിയുടെ ഏറ്റവും വലിയ ലക്ഷ്യം. അതോടൊപ്പം മികച്ച രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകണം. ജീവിതത്തില്‍ നാളെ എവിടെ എത്തിയാലും കുഞ്ഞുനാള്‍ മുതല്‍ കൂടെ കൂട്ടിയ കോണ്‍ഗ്രസും ഒപ്പമുണ്ടാകുമെന്നും അഭിരാമി പറയുന്നു.
ആദ്യ ലക്ഷം സിയുസി
പദവി അപ്രതീക്ഷിതമാണെങ്കിലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന കൃത്യമായ ധാരണ അഭിരാമിയ്ക്ക് ഉണ്ട്. വാര്‍ഡില്‍ സിയുസി (കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി) ആരംഭിച്ചുകഴിഞ്ഞു. പലരും കോണ്‍ഗ്രസ് അനുഭാവികളാണെങ്കില്‍ പോലും പുറത്തേക്കിറങ്ങി പ്രവര്‍ത്തിക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാന്‍ പലര്‍ക്കും മടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എല്ലാവരും സജീവമായി പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങും. അതുകൊണ്ട് തന്നെ സിയുസിയുടെ ലക്ഷ്യം മടി പിടിച്ചിരിക്കുന്ന പ്രവര്‍ത്തകരെ ഒന്നിപ്പിച്ച് സജീവമാക്കുകയാണ്.
സ്വയം പര്യാപ്ത യൂണിറ്റ് കമ്മിറ്റി
വാര്‍ഡില്‍ മൊത്തം ഉള്ളത് 66 കുടുംബങ്ങളാണ്. ഇതില്‍ 25 കുടുംബങ്ങള്‍ കോണ്‍ഗ്രസ് കുടുംബങ്ങളാണ്. ഇവരെ സംഘടിപ്പിച്ച് അയല്‍ക്കൂട്ടങ്ങളുടെ മാതൃകയില്‍ 50 രൂപയോ മറ്റൊ ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചു വാര്‍ഡ് കമ്മിറ്റിയെ സ്വയംപര്യാപ്തമാക്കാനും ലക്ഷ്യമുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് മുകള്‍ത്തട്ടില്‍ നിന്ന് പണം ലഭിക്കുമെങ്കിലും സ്വയം പര്യാപ്തമായ വാര്‍ഡ് കമ്മിറ്റികള്‍ക്ക് കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനാകുമെന്നാണ് അഭിരാമിയുടെ അഭിപ്രായം
ഏറ്റവും പ്രിയപ്പെട്ടയാള്‍ രമ്യാ ഹരിദാസ്
ഏറ്റവും സ്വാധീനിച്ച, ഇഷ്ടപ്പെട്ട യുവ നേതാവാരാണെന്ന് ചോദിച്ചാല്‍ അഭിരാമിയുടെ ഉത്തരം രമ്യാ ഹരിദാസ് എന്നാണ്. തിരഞ്ഞെടുപ്പിനെ ഏറ്റവും പോസിറ്റീവായ രീതിയില്‍ അഭിമുഖീകരിച്ച് വിജയിച്ച ആളാണ് രമ്യാ ഹരിദാസ്. ആലത്തൂര്‍ എം.പിയുടെ പ്രവര്‍ത്തനശൈലിയും അഭിരാമിയ്ക്ക് ഏറെ ഇഷ്ടമാണ്.
രാഹുലും പ്രിയങ്കയും ഏറ്റവും വലിയ സ്വപ്‌നം
ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലെ അഭിരാമിയുടെ ഏറ്റവും വലിയ സ്വപ്‌നം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും എന്നെങ്കിലും നേരില്‍ കാണുക എന്നതാണ്. അച്ഛന്റെ കൈപിടിച്ച് പാര്‍ട്ടി പരിപാടികള്‍ക്ക് പോയിരുന്നനാള്‍ മുതല്‍ അഭിരാമി കാണാന്‍ തുടങ്ങിയ സ്വപ്‌നമാണത്. എന്നെങ്കിലും ആ സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് അഭിരാമി.
Content Highlight: Abhirami youngest Congress unit committee president in Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..