Photo: Gettyimages.in
കോവിഡിനെ പ്രതിരോധിക്കാൻ മാസ്കും സാനിറ്റൈസറുമൊക്കെ ശീലമാക്കിയ കാലമാണിത്. ഒപ്പം വർക് ഫ്രം ഹോം സംവിധാനത്തിനും ഏറെ പ്രചാരം ലഭിച്ചു. ഓഫീസിടങ്ങൾ വീട്ടകങ്ങളിലേക്ക് മാറിയതിന്റെ ഗുണദോഷങ്ങളെല്ലാം ചർച്ച ചെയ്യപ്പെട്ടു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് രസകരമായൊരു കത്താണ്. ഭർത്താവിന് നൽകിയ വർക് ഫ്രം ഹോം സംവിധാനം പിൻവലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യർഥിക്കുന്ന ഭാര്യയുടെ കത്താണത്. ബിസിനസ്സുകാരനായ ഹർഷ് ഗോയങ്കയാണ് കത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല എന്ന ക്യാപ്ഷനോടെയാണ് ഹർഷ് ഗോയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞാണ് കത്തു തുടങ്ങുന്നത്. അദ്ദേഹത്തെ ഇനിമുതൽ ഓഫീസിലെത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഭർത്താവ് പാലിക്കുമെന്നും ക്തതിൽ പറയുന്നു.
വർക് ഫ്രം ഹോം തുടർന്നാൽ വീട്ടിലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഭാര്യ പങ്കുവെക്കുന്നുണ്ട്. ഇനിയും ഇതു തുടർന്നാൽ തങ്ങളുടെ വിവാഹബന്ധം നീണ്ടുനിൽക്കില്ല. അതിനുള്ള കാരണങ്ങളും അക്കമിട്ട് പറയുന്നുണ്ട്. ഒരുദിവസം പത്തുതവണയോളം ചായ കുടിക്കും. പല മുറികളിലായി ഇരിക്കുകയും അവയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നുമുണ്ട്. മാത്രവുമല്ല ജോലിക്കിടെ ഉറങ്ങുന്നതുപോലും കണ്ടിട്ടുണ്ടെന്നും ഭാര്യ കത്തിൽ പറയുന്നു. തനിക്ക് രണ്ടുകുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം തിരിച്ചുകിട്ടാന്‍ താങ്കളുടെ സഹായം തേടുന്നുവെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
നിരവധി പേരാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. സ്ത്രീകളിൽ പലരും തങ്ങൾക്ക് ഈ അവസ്ഥ മനസ്സിലാകുമെന്ന് കമന്റ് ചെയ്തു. കഴിഞ്ഞ ഒന്നരവർഷമായി മിക്ക വീടുകളിലേയും അവസ്ഥ ഇതാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്.
Content Highlights: A woman wrote a letter to her husband's boss asking him to resume office viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..