പുരുഷന്‍മാരേ.... നിങ്ങളെ ഓര്‍ത്തെടുക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ഞാന്‍


ഷബിത

7 min read
Read later
Print
Share

വണ്ടി എടുക്കുമ്പോള്‍ അയാള്‍ ഒന്നു നിര്‍ത്തി, പിന്നെ പറഞ്ഞു: ഇങ്ങനെ ആര് നിര്‍ത്തിയാലും ചാടിക്കയറരുത്. ഫാമിലി കൂടെ ഉള്ളതുകൊണ്ടാണ് ഞാന്‍ നിര്‍ത്തിയത്. കാലം അതാണ്

വര: വി.ബാലു

ണ്ണിപ്പൊയില്‍ സ്‌കൂളിലേക്കുള്ള നടത്തത്തിലാണ് ഞാനും ജന്‍സിയും. കൃഷ്ണന്‍ മാഷിന്റെ മകളാണ് ജന്‍സി. അവളുടെ അമ്മ നല്ല ചുവന്ന ചമ്മന്തി ഉണ്ടാക്കികൊടുത്തയക്കും. അവളുടെ യൂണിഫോം പാവാട അമ്മയാണ് തുന്നിക്കൊടുക്കുക. പാവാടയുടെ അറ്റത്ത് വരിവരിയായി ചിതലുറുമ്പുകള്‍ പോകുന്നതുപോലെ കരിനീലയില്‍ വെളുത്ത തുന്നലുകള്‍ കാണാം. അവളുടെ അമ്മ ഒരു മിടുക്കിയാണ് എന്ന് ഇടയ്ക്കിടെ പറഞ്ഞാല്‍ അവള്‍ക്ക് വലിയ സന്തോഷമാണ്.

ശിഖാസ്മാരക അംഗനവാടിയുടെ അടുത്തെത്താറായിട്ടുണ്ട് ഞങ്ങള്‍. മാഷിന് എത്രര്‍പ്യ ശമ്പളംണ്ടാകും എന്നതാണ് അന്നത്തെ സംസാരവിഷയം. കൃത്യം ഒമ്പത് മണി എന്നൊരു സമയമുണ്ടെങ്കില്‍ വയറിനുമേല്‍ മുണ്ട് മടക്കിക്കുത്തി തൊക്കിലൊരു കറുത്ത ബാഗുമായി മാഷ് റോഡിലൂടെ നടന്നു പോകും. ഒമ്പതര കഴിഞ്ഞിട്ടാണ് ഞാനും ജന്‍സിയും ഇറങ്ങുക. രണ്ടായിരൊക്കെ ഉണ്ടാകായിരിക്കും. ജന്‍സി എന്റെ സംശയത്തിന് മറുപടി പറഞ്ഞതും പെട്ടെന്ന് നിന്നു. അങ്കലാപ്പോടെ എന്റെ മുഖത്തേക്കു നോക്കി. ഞങ്ങളുടെ മുന്നിലൊരു സൈക്കിള്‍ നിര്‍ത്തിയിരിക്കുന്നു. കുറ്റിമുടിയുള്ള ഒരാള്‍ അതില്‍ നിന്നിറങ്ങിയിട്ട് ഞങ്ങളുടെ നേരെ തുണിപൊക്കി കുന്തിച്ച് നില്‍ക്കുന്നു. അയാള്‍ ആസനത്തില്‍ വിരലിട്ട് പിന്നെയത് നക്കി. ഞാനും ജന്‍സിയും നടത്തത്തിന്റെ വേഗത കുറച്ചു. പിന്നെ അയാള്‍ വേഗം തന്നെ സൈക്കിളില്‍ കയറി മുന്നോട്ടോടിച്ചുപോയി. ജന്‍സി എന്നെ നോക്കി പറഞ്ഞു. പാവം വിശന്നിട്ടായിരിക്കും. ഞാന്‍ പറഞ്ഞു. കൃമി കടിച്ചിട്ടുണ്ടാകും. വിശപ്പും കൃമിയുമേ അപ്പോള്‍ ഞങ്ങള്‍ക്കറിയാമായിരുന്നുള്ളൂ.

കൊറോണയുടെ ഏകാന്തതയില്‍ അയാളുടെ മുഖം വ്യക്തമായി മനസ്സിലേക്ക് തെളിഞ്ഞു വരുന്നു. പിറ്റേന്നോ അതിന്റെ പിറ്റേന്നോ, കാലമിത്ര കടന്നുപോയിട്ടും അയാളെ പിന്നെ ഒരിക്കലും എവിടെ വെച്ചും കണ്ടുമുട്ടിയിട്ടില്ല. ഒരു മിന്നായം പോലെയെങ്കിലും അയാള്‍ പിന്നെ പ്രത്യക്ഷപ്പെട്ടതേയില്ല. ഞാനും ജന്‍സിയും ഇന്നേവരെ പിന്നെ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവള്‍ക്കോര്‍മയില്ലെങ്കിലോ. ഒരു പക്ഷേ അവള്‍ ചിന്തിക്കുന്നുണ്ടാവും എനിക്കോര്‍മയില്ലെങ്കിലോ എന്ന്. ഇന്ന് അമിതമായ സ്നേഹത്തെയും ആശ്രയം കൊള്ളുന്ന മരുന്നിനെയും ഒന്നുപോലെ മറവിയിലാഴിത്തിക്കൊണ്ട് അയാള്‍ വീണ്ടും ആ വിരല്‍ നക്കിക്കൊണ്ട് ഓര്‍മയില്‍ ഞെളിഞ്ഞങ്ങനെ ഇളിച്ചുകൊണ്ടിരിക്കുന്നു.

പാറക്കുളത്തിലേക്ക് വൈകുന്നേരം വണ്ടി കഴുകാന്‍ പോകുന്ന ജീപ്പുകള്‍ സ്‌കൂള്‍ വിട്ടുവരുന്ന ഞങ്ങളെ കണ്ടാല്‍ നിര്‍ത്തും. ഞങ്ങള്‍ ഓടിക്കയറും. പിന്നെ നേരിട്ടറിയാത്ത, പരിചയമില്ലാത്ത ഡ്രൈവര്‍ ഞങ്ങളുടെ പേരും വീട്ടുപേരുെമാക്കെ ചോദിക്കും. നടക്കാതെ വീടെത്താന്‍ പറ്റിയ സന്തോഷത്തില്‍ ഞങ്ങള്‍ എല്ലാം മണിമണിയായി പറഞ്ഞുകൊടുക്കും. അങ്ങനെയൊരു പരീക്ഷാക്കാലത്താണ് പുത്തലത്തെ പ്രകാശന്‍ മാമന്റെ ഒളോര്‍മാങ്ങ തലങ്ങു വിലങ്ങും കല്ലെറിഞ്ഞു വീഴ്ത്തി കുത്തിപ്പൊട്ടിച്ച് വീതിച്ച് നടക്കുമ്പോള്‍ മുന്നിലൊരു ജീപ്പ് വന്നു നിന്നത്. പോരുന്നോ എന്നൊന്നു ചോദിക്കേണ്ടി വന്നില്ല. ജാഥ കഴിഞ്ഞു കയറുന്നതുപോലെ ഒരാളൊഴിവില്ലാതെ ഞങ്ങള്‍ കയറി. ജീപ്പ് അല്പം മുന്നോട്ടെടുത്തു. പിന്നെ പതുക്കെ നിര്‍ത്തി. ഡ്രൈവര്‍ ഞങ്ങളെ കണ്ണുകള്‍ ചെറുതാക്കിക്കൊണ്ട് നോക്കി. പിന്നെ ചോദിച്ചു. എന്നെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയോ? ഡ്രില്‍ പ്രാക്ടീസുപോലെ ഇല്ലെന്ന് ഒരേപോലെ ഞങ്ങള്‍ ചുമല്‍ കുലുക്കി. പിന്നെന്താ കയറിയത്. അയാള്‍ സ്വരം മാറ്റി. ഞാന്‍ ഇനി വണ്ടി നിര്‍ത്താന്‍ പോകുന്നില്ല. പിള്ളേരുപിടിത്തക്കാര്‍ക്ക് വില്‍ക്കാന്‍ കൊണ്ടുപോവുകയാ. ഞങ്ങളൊന്നു ഞെട്ടി. പേരിനൊരു ആണ്‍തരിയെ കൂടെ കൂട്ടാത്തതില്‍ അതിയായ കുണ്ഠിതം തോന്നിപ്പോയി.

പെട്ടെന്നാണ് അയാള്‍ ഒച്ചയിട്ടത്. എന്ത് വിചാരിച്ചിട്ടാ പിള്ളേറേ കയറിയത്. ജീവന്‍ വേണ്ടവര്‍ ഇവിടെ ഇറങ്ങിക്കോ. ഇല്ലേല്‍ ഞാന്‍ പിടിച്ചുകൊണ്ടുപോകും. ഇനിമേലില്‍ അറിയാത്തോരുടെ വണ്ടീല്‍ കയറിയാല്‍ ഞാന്‍ ശരിയാക്കിക്കളയും. മിനിലോറിയില്‍ നിന്നും വല്യച്ചന്‍ കൊട്ടത്തേങ്ങ ഇറക്കുന്ന ശബ്ദത്തോടെ ഞങ്ങള്‍ ചടാപടാന്നിറങ്ങി. അയാള്‍ കണ്ണ് ഇറുക്കിക്കൊണ്ട് പറഞ്ഞു. മര്യാദയ്ക്ക് നടന്ന് പൊരയ്ക്ക് പോയിക്കോളണം. ഞങ്ങള്‍ക്ക് അപ്പോളാണ് ശ്വാസം കിട്ടിയത്. പിറ്റേന്ന് പ്രകാശന്‍ മാമന്റെ മാങ്ങയ്ക്ക് എറിഞ്ഞില്ല. ബാലേട്ടന്റെ പീട്യമുക്കില്‍ നിന്ന് ഒരു ജീപ്പ് നിര്‍ത്തി. കേറിക്കോ. ഞങ്ങളൊരടിയനങ്ങിയില്ല. ഹോമിയോപ്പതി ബസ് സ്റ്റോപ്പെത്തിയപ്പോള്‍ ഒന്നുകൂടി നിര്‍ത്തി. ഇല്ല. ഒരു രക്ഷയുമില്ല. ഉള്ളില്‍ നിന്നാരോ കണ്ണുരുട്ടുന്നു. മര്യാദയ്ക്ക് പൊരേല്‍ പോയ്ക്കോളണം. ഞങ്ങളറിയാത്ത പാഠങ്ങളുടെ അര്‍ഥമറിയുന്നതിനുമുമ്പേ അത് പഠിപ്പിച്ച ആ മാഷിനെ പിന്നെയെവിടെയും കണ്ടിട്ടില്ല. സ്വന്തമായി ജീപ്പ് കയറിപ്പോകാന്‍ ആയിട്ടും പിന്നെ ജീപ്പ് വിളിച്ചുപോകാന്‍ പക്വതയായിട്ടും ശരീരസുരക്ഷയുടെ ആദ്യപാഠം പകര്‍ന്നുതന്ന അദ്ദേഹത്തെ ഒരിടത്തും കണ്ടിട്ടേയില്ല. ഒരടയാളം ഓര്‍മയുണ്ട്. അയാളുടെ ഇടത്തെ കവിളില്‍ ഒരു മുഴയുണ്ടായിരുന്നു!

റേഡിയോ ജോക്കിയായിരിക്കുന്ന കാലത്താണ് ഒരു പട്ടി പണി തന്നത്. അതിരാവിലെയുളള ലൈവിന് കയറാന്‍ വേണ്ടി ഹോസ്റ്റലില്‍ നിന്നും ധൃതിയില്‍ നടക്കുമ്പോള്‍ ഒരു കറുത്ത പട്ടി മുറുമുറുത്തുകൊണ്ട് പിറകേ കൂടി. ഞാന്‍ കല്ലെടുത്തെറിയാന്‍ ഭാവിച്ചപ്പോള്‍ അതിന്റെ ശൗര്യം കൂടി. മാവൂര്‍ റോഡിലൂടെ പ്രഭാതസവാരിക്കിറങ്ങുന്നവര്‍ അതുകണ്ട് തിരിഞ്ഞ് നോക്കി പോയി. ആരെയൊക്കെയോ ഞാന്‍ സഹായത്തിനായി നോക്കി. പക്ഷേ ആര്‍ക്കും സമയമില്ല. അപ്പോഴാണ് ഒരു ഇന്നോവ വന്നുനിര്‍ത്തിയത്. ആഢ്യനായ ഒരു മനുഷ്യന്‍ ഡ്രൈവര്‍ സീറ്റില്‍. മുന്‍പില്‍ ഒരു സ്ത്രീ ഇരിക്കുന്നു. സമയം അഞ്ചരയൊക്കെ ആയിക്കാണും. അരണ്ടവെളിച്ചത്തില്‍ പിറകില്‍ മൂന്നുനാല് പേര്‍ ഇരിക്കുന്നത് കണ്ടു. അയാള്‍ ഗ്ലാസ് താഴ്ത്തിക്കൊണ്ട് പറഞ്ഞു. പട്ടി പിറകേ കൂടിയത് ഞങ്ങള്‍ പാസ് ചെയ്തുപോകുമ്പോള്‍ കണ്ടു. അങ്ങനെ ഇവിടെ ഇട്ടിട്ട് പോകാന്‍ തോന്നിയില്ല. അതാണ് യൂ ടേണ്‍ എടുത്ത് തിരിച്ചുവന്നത്. എവിടേക്കാ. ഞാന്‍ ഒന്നും നോക്കാതെ പറഞ്ഞു. സിറ്റിമാള്‍. വൈ.എം.സി.എ. എസ്.എഫ്.എം. റേഡിയോ സ്റ്റേഷന്‍. ഇന്നത്തെ റെഡ് എഫ്.എം. അന്ന് എസ്.എഫ്.എം. ആണ്. അയാള്‍ക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു ചേട്ടാ, കേള്‍ക്കൂ കേള്‍ക്കൂ കേട്ടുകൊണ്ടേയിരിക്കൂ എന്നു പറയുന്ന... അയാള്‍ ചിരിയോടെ, ആഹാ അതാണോ! കേറിക്കോ. ഞങ്ങള് വിടാം. ഒന്നും നോക്കിയില്ല. ഡോര്‍ തുറന്ന് അങ്ങ് കയറി. പട്ടിയുടെ കടിയേല്‍ക്കാന്‍ വയ്യ. പോരാത്തതിന് ആറുമണിയുടെ ലൈവുമുള്ളതാണ്. സീറ്റിലിരുന്നതും ഒരു കൈ എന്നെ തലോടി. രോമമൊന്ന് പേടിച്ചെഴുന്നേറ്റു. നോക്കിയപ്പോള്‍ ഒരു അമ്മൂമ്മയാണ്. സെറ്റും മുണ്ടുമൊക്കെ ഉടുത്ത് നീണ്ട ചന്ദനക്കുറിയൊക്കെ തൊട്ട് സുന്ദരിയായി ഇരിക്കുന്നു. വണ്ടി നീങ്ങിയപ്പോള്‍ ഡ്രൈവ് ചെയ്യുന്ന ആള്‍ പറഞ്ഞു. ഞങ്ങളൊന്നു മൂകാംബിക പോവുകയാണ്. മൂത്തമോന് എഞ്ചിനീയറിങ്ങിന് കിട്ടി. അപ്പോള്‍ ഒന്നു പോയിട്ട് വരാമെന്ന് കരുതി. പിറകിലിരിക്കുന്ന മൂന്നാളും മക്കളാ. ഞാന്‍ അവരിലൊരാളെ നോക്കി കണ്‍ഗ്രാറ്റ്സ് തട്ടിവിട്ടു. മൂന്നിനേയും അരണ്ടവെളിച്ചത്തില്‍ കണ്ടിട്ടൊന്നുമില്ല. അഭിനന്ദനം ഒരാള്‍ക്കും തിരിച്ച് താങ്ക്സ് പറഞ്ഞത് മറ്റൊരാളുമാണ്. മുന്നിലെ സ്ത്രീ അല്‍പം ഗൗരവത്തിലാണ്. അതുശ്രദ്ധിച്ച ഞാന്‍ പറഞ്ഞു. താങ്ക്യു ആന്റീ നിര്‍ത്താന്‍ തോന്നിയതില്‍. അവര്‍ പിറകിലേക്ക് തിരിഞ്ഞ് അപ്പോള്‍ പുഞ്ചിരിച്ചു. അമ്മൂമ്മ എന്റെ കൈ പിടിച്ച് ഇരിക്കുകയാണ്. എനിക്ക് അവര്‍ക്ക് ഒരു ഉമ്മ കൊടുക്കാന്‍ തോന്നി. മുഖത്തെ തൂങ്ങിത്തുടങ്ങുന്ന വൃദ്ധരുടെ തൊലി എനിക്കൊരു വീക്ക്നെസ്സാണ്. ഞാന്‍ ആ കൈകളില്‍ മുറുകെ പിടിച്ചു. വൈ.എം.സി.എ. എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ ആളെണ്ണം നന്ദി പറഞ്ഞു. അപ്പോള്‍ ആ മനുഷ്യന്‍ എനിക്ക് ഒരു വിസിറ്റിംഗ് കാര്‍ഡ് എടുത്ത് നീട്ടി. ഞാനത് ആദരവോടെ വാങ്ങി. അവര്‍ക്ക് ശുഭയാത്ര നേര്‍ന്നു. സമയത്തിന് സ്റ്റുഡിയോയില്‍ എത്താന്‍ കഴിഞ്ഞതില്‍ വീണ്ടും നന്ദി രേഖപ്പെടുത്തി. പേരെന്താണ് എന്ന് രണ്ടുകൂട്ടരും ചോദിച്ചില്ല. എന്റെ അല്പത്തരം കൊണ്ട് ആ വിസിറ്റിങ് കാര്‍ഡ് ഒന്നു നോക്കിയതുപോലുമില്ല. നേരെ ബാഗിലിട്ടു. പ്രഭാതത്തില്‍ കണ്ട ആ മനുഷ്യന് നല്ല തടിയുണ്ടായിരുന്നു. ടൗണില്‍ ബിസിനസ്സാണെന്ന് പറഞ്ഞിട്ടുണ്ട്. ബാക്കിയൊന്നും ഒരു പിടിയുമില്ല. വണ്ടി എടുക്കുമ്പോള്‍ അയാള്‍ ഒന്നു നിര്‍ത്തി, പിന്നെ പറഞ്ഞു: ഇങ്ങനെ ആര് നിര്‍ത്തിയാലും ചാടിക്കയറരുത്. ഫാമിലി കൂടെ ഉള്ളതുകൊണ്ടാണ് ഞാന്‍ നിര്‍ത്തിയത്. കാലം അതാണ്. സ്ഥിരമായി ഒരു വാഹനസംവിധാനം ഉണ്ടാക്കണം. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇന്ന് അവിചാരിതമായി ഡ്യൂട്ടിയ്ക്ക് കയറേണ്ടി വന്നതാണ് സര്‍. അല്ലാത്ത പക്ഷം ഓഫീസ് വണ്ടി വരും. അയാള്‍ ചിരിച്ചു. പിന്നെ തലയാട്ടി. ഇന്നോവ മുന്നോട്ടുപോയി. എന്തുകൊണ്ടോ അപ്പോള്‍ കണ്ണിറുക്കിപ്പിടിച്ച് പേടിപ്പിച്ച ആ ജീപ്പുകാരനെ ഓര്‍മ വന്നു. ആ വിസിറ്റിങ് കാര്‍ഡ് എവിടെയോ പോയി. അയാളെ ഇനി കണ്ടാല്‍ എനിക്കോര്‍മ വരില്ല. അത്രയേ ഞാന്‍ കണ്ടുളളൂ.

ഇംഗ്ലീഷ് എം.എ. പരീക്ഷ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായിരുന്നു എനിക്കും റീമയ്ക്കും റാഫിക്കും. രണ്ടുവര്‍ഷത്തേതും കൂടി ഒന്നിച്ച് ഡിസംബറില്‍ എഴുതാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് എടുത്താല്‍ പൊങ്ങൂലാന്ന് തോന്നി ഉപേക്ഷിച്ച എം.എയെ പ്രൊഫ. വേലായുധന്‍ മാഷ് രാകിമിനുക്കിത്തരികയായിരുന്നു. മാഷിന്റെ മകന്‍ ഡോ. ഡാനിഷ് പി.ജി. എന്‍ട്രന്‍സിന് തയ്യാറെടുക്കുന്ന സമയം. പന്ത്രണ്ട് മണിക്കൂറോളം ഇരുന്ന് പഠിക്കുന്ന ഡാനിഷ് ഞങ്ങള്‍ക്ക് പ്രചോദനമായിരുന്നു. അയാള്‍ക്ക് ബോറടിക്കുമ്പോള്‍ ഞങ്ങളുടെ കൂടെ ഷേക്സ്പിയറുടെ നാടകം കേള്‍ക്കാനിരിക്കും. ടി.എസ്. എലിയറ്റിന്റെ ട്രഡിഷന്‍ ആന്‍ഡ് ഇൻഡിവിജ്വല്‍ ടാലന്റിനെക്കുറിച്ച് തര്‍ക്കിക്കും. അങ്ങനെ മാഷ് ഞങ്ങളെ എറണാകുളത്തേക്ക് പാക്ക് ചെയ്ത് വിടാന്‍ തീരുമാനിച്ചു. വാസന്‍ ഐ കെയറിലെ ലക്ഷ്മി ഡോക്ടറുടെ കസിന്റെ വീട് പത്തു ദിവസത്തേക്ക് ഞങ്ങള്‍ക്കു തന്നു. റീമയുടെ അമ്മയാണ് കൂടെ ഭക്ഷണം ഉണ്ടാക്കിത്തരാന്‍ വന്നത്. ഡോക്ടറുടെ കസിന്റെ ഭാര്യ പ്രസവാവധിയിലായിരുന്നു. അതുകൊണ്ട് വീട്ടില്‍ ആരുമില്ല. ഞങ്ങള്‍ പത്തുദിവസം അല്ലലില്ലാതെ കഴിഞ്ഞു. ഇടയ്ക്ക് മിന്നായം പോലെ വീടിന്റെ നാഥന്‍ ഒന്നു വന്നുപോയി. എന്തോ ഒരു സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍. അധികം സംസാരിക്കാന്‍ നില്‍ക്കാതെ അയാള്‍ പോവുകയും ചെയ്തു. പത്തു ദിവസം വീടൊഴിഞ്ഞു തന്ന ആ മനുഷ്യന്റെ മുഖവും ഓര്‍മയിലില്ലെന്നു പറഞ്ഞാല്‍ എന്റെ നന്ദികേട് പൂര്‍ണമാകും. കൂടുതലും സംസാരിച്ചതും താക്കോല്‍ തന്നതുമൊക്കെ പ്രസവിച്ചുകിടന്ന ചേച്ചിയായിരുന്നു. അവരുടെ സുന്ദരമുഖം ഇപ്പോഴും മനസ്സിലുണ്ട്. പക്ഷേ ചേട്ടനെ ഓര്‍ത്തെടുക്കാനേ പറ്റുന്നില്ല. അവരുടെ കട്ടില്‍, അവരുടെ കൊതുകു വല, അവരുടെ ഗ്യാസ്, അവരുടെ ടി.വി, അവരുടെ ഫാന്‍.... ഒന്നും വിട്ടുപോകാതെ ഉപയോഗിച്ചിട്ടുണ്ട്.

എറണാകുളത്തേക്ക് പോകാന്‍ തുടങ്ങുന്ന ദിവസം. എക്സിക്യൂട്ടീവിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. റൂംമേറ്റായ ബിജില അഞ്ചുമണിക്ക് വിളിക്കാന്‍ തുടങ്ങിയതാണ്. അവളോട് മൂളിക്കൊണ്ടിരിക്കും പിന്നെയും ഉറങ്ങും. പിന്നെ ഫോണ്‍ തുരുതുരാ അടിക്കുന്നു. ബിജില അതെല്ലാം കൊണ്ടു തരും. ഞാന്‍ മൂളും. പിന്നെ ഒറ്റയടി കിട്ടി. ഞെട്ടിയെണീറ്റപ്പോള്‍ അവളെന്നെ തല്ലിയതാണ്. രണ്ടുപേരെ റെയില്‍വേ സ്റ്റേഷനില്‍ കുറ്റിയടിച്ചു നിര്‍ത്തിയിട്ട് ഉളുപ്പില്ലാതെ ഉറങ്ങുന്നോ! നാളെയല്ലേ പരീക്ഷ. അവര്‍ പോയിക്കോട്ടെ. ഞാന്‍ ചാടിയെണീറ്റ് പല്ലുമാത്രം തേച്ചു. കിട്ടിയതെല്ലാം വാരിനിറച്ച് ബാഗില്‍ താഴ്ത്തി. പിന്നെ ഓട്ടോകിട്ടാനായി ഓടി. പത്തുമിനുട്ടേയുള്ളൂ. വണ്ടി സ്റ്റേഷനില്‍ കിടപ്പുണ്ട്. ഫോണില്‍ തുരുതുരാ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. വീടിന്റെ താക്കോല്‍ എന്റെ കയ്യിലാണല്ലോ. ഗതികേട്! ഒറ്റ ഓട്ടോ വരുന്നില്ല. ഞാന്‍ നിന്നു വിയര്‍ത്തു. നശിപ്പിച്ചു. സകലതും നശിപ്പിച്ചു, ഒടുക്കത്തെ ഉറക്കം. ട്രൗസറും ബനിയനുമിട്ട ഒരു ചേട്ടന്‍ മുന്നില്‍ ബാഡ്മിന്റണ്‍ ബാറ്റുമായി പതുക്കെ പ്രകൃതിയൊക്കെ ആസ്വദിച്ചു ബൈക്കില്‍ വരുന്നത് അപ്പോളാണ് കണ്ടത്. ഒന്നും നോക്കിയില്ല. കൈകാട്ടി. മൂപ്പര്‍ എന്നോടാണോ എന്ന് തലകൊണ്ട് ചോദിച്ചു. ഞാന്‍ അതേ എന്ന് തലയാട്ടി. നിര്‍ത്തിയതും ഞാന്‍ ചാടിക്കേറി പറഞ്ഞു. ചേട്ടാ പത്തു മിനിട്ടുനുളളില്‍ എക്സിക്യുട്ടീവ് പോകും. ബാക്കിയുള്ളവര്‍ സ്റ്റേഷനില്‍ കാത്തുനിലക്കുന്നുണ്ട്. എന്റെ ടിക്കറ്റ് അവരുടെ കയ്യിലാ. വീടിന്റെ താക്കോല്‍ എന്റെ കയ്യിലും. പരീക്ഷാകേസാണ്. മൂപ്പര് ഒന്നാലോചിച്ചു. പിന്നെ പറഞ്ഞു. ഹെല്‍മെറ്റില്ല. വേണ്ടല്ലേ. ഓ, ഇപ്പോ പോലീസൊന്നും ഉണ്ടാവൂല. എന്നാല്‍ ഈ ബാറ്റ് പിടി. പുളളി അല്പം നീങ്ങി ഇരുന്ന് കൊണ്ട് പറഞ്ഞു. ഞാന്‍ ബൂട്ട് വരെ പിടിക്കാന്‍ തയ്യാറാണ്. ബാറ്റ് പിടിച്ചതും കയറി ഇരുന്നു. പിന്നെയൊരു പോക്കാണ്. കുതിരപ്പാച്ചില്‍! കണ്ണടച്ചുതീരുംമുന്നേ പുതിയറയില്‍ നിന്നും സ്റ്റേഷനെത്തി. നന്ദി പ്രകാശിപ്പിക്കാനൊന്നും നേരമില്ല. ഓടുന്ന ഓട്ടത്തില്‍ ചേട്ടാ നന്ദിണ്ട് എന്നുപറഞ്ഞു. ആ മനുഷ്യനെ ഞാന്‍ ഓര്‍ക്കാറുണ്ട്. ട്രൗസറും ബനിയനുമിട്ട് ബൈക്കോടിക്കുന്നവരെ കാണുമ്പോള്‍. പക്ഷേ സത്യം പറയട്ടെ, നേരിട്ടു കണ്ടാല്‍ പുള്ളിയെ എനിക്ക് തിരിച്ചറിയാന്‍ കഴിയില്ല. മുഖം മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോയി. നന്ദികേട്.

ഏറ്റവുമൊടുവില്‍ ഇങ്ങനെ മിന്നിമാഞ്ഞ രണ്ടുമുഖങ്ങള്‍ കൂടിയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണത്. അമ്മമ്മ അവസാനമായി അഡ്മിറ്റായ നാള്‍. ഡോക്ടര്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് ചെയ്യാന്‍ എഴുതിത്തന്നു. ഒരു ട്രോളി നീക്കിത്തന്നിട്ട് സിസ്റ്റര്‍ പറഞ്ഞു ഏറ്റവും താഴത്തെ നിലയില്‍ പോയി സ്‌കാന്‍ ചെയ്തിട്ടു വരാന്‍. ട്രോളി വിചാരിച്ചതുപോലെ നീങ്ങുന്നില്ല. അത് ഉന്തിയിട്ട് ഒരു പരിചയം വേണം. ഇല്ലേല്‍ പിടുത്തംവിട്ടുപോകും. ട്രോളി കൈകാര്യം ചെയ്യാനാവാതെ ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി. അപ്പോള്‍ രണ്ട് പയ്യന്‍മാര്‍ വന്നു. ചേച്ചി അങ്ങോട്ട് മാറി നിക്കി എന്നു പറഞ്ഞു. അവര്‍ ലുങ്കി മടക്കിക്കുത്തി രണ്ടറ്റത്തും ട്രോളി പിടിച്ചുകൊണ്ട് ചോദിച്ചു: എങ്ങോട്ടാ. ഞാന്‍ പറഞ്ഞു സ്‌കാനിങ്ങിന്. അവര്‍ കൂളായി അമ്മമ്മയെയും കൊണ്ട് നടന്നു. പിറകേ ഞാനും അമ്മയും. സ്‌കാനിങ് കഴിയുന്നതുവരെ അവര്‍ കാത്തിരുന്നു. ടേബിളിലേക്ക് അമ്മമ്മയെ എടുത്തുകിടത്തിയതൊക്കെ അവരാണ്. പിന്നെ നേരെ അമ്മമ്മയുടെ വാര്‍ഡിലേക്ക് തിരിച്ചു. പോയതും വന്നതുമായ വഴികളൊന്നും ഞങ്ങള്‍ക്ക് പരിചിതമായിരുന്നില്ല. അവരുടെ പിറകേ നടന്നു. വിശേഷങ്ങള്‍ ചോദിക്കാനും പറയാനും പറ്റിയ മാനസികാവസ്ഥയായിരുന്നില്ല. കൊതിച്ചുപോയി ഇങ്ങനെ രണ്ടനിയന്‍മാരെ!

വാര്‍ഡിലെത്തിയപ്പോള്‍ ബെഡ്ഡിലേക്ക് അവര്‍ തന്നെ അമ്മമ്മയെ എടുത്തുകിടത്തി. പിന്നെ ന്നാ ശരി ചേച്ച്യേ, കൂട്ടുകാരന്‍ വണ്ടിതട്ടി കിടക്കുകയാ. ഓനെ എക്സറേ എടുക്കാന്‍ കൊണ്ടുപോകാന്‍ നോക്കുമ്പോളാണ് നിങ്ങള് ഒയന്നുകളിക്കുന്നത് കണ്ടത്. അമ്മമ്മയെ നോക്കി ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു അമ്മോ പോട്ടെട്ടോ. നിറകണ്ണുകളോടെ അമ്മമ്മ തലയാട്ടി. നന്ദികേടിന് ഒരാമുഖം വേണ്ടെന്നിരിക്കേ പറയട്ടെ; ആ മക്കളുടെ സ്നേഹമല്ലാതെ മുഖമെനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

പലതരം മാനസികാവസ്ഥയില്‍ ആയതുകൊണ്ടായിരിക്കാം ഇവരെയൊന്നും മുഖം എന്റെ മനസ്സില്‍ പതിയാത്തത്. ഈ ലോക്ഡൗണ്‍ കാലത്ത് പുരുഷന്മാരേ നിങ്ങളെയാണ് ഞാനോര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്. നമ്മളൊക്കെ മനുഷ്യരാണല്ലോ എന്ന് വെറുതേയൊന്ന് പറയാന്‍ നിങ്ങളില്‍ ആരുടെയെങ്കിലും മുഖമൊന്ന് മനസ്സില്‍ തെളിഞ്ഞിരുന്നെങ്കില്‍.

Content Highlights: A woman's memories about men

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashok selvan

ആരുമറിയാതെ 10 വര്‍ഷംനീണ്ട പ്രണയം, പ്രൊപ്പോസലിന് ശേഷം ഇരുവരും കരഞ്ഞു; അശോക്-കീര്‍ത്തി പ്രണയകഥ

Sep 28, 2023


Maleesha Kharwa

ചേരിയിലെ ഒറ്റമുറി വീട്ടിലിരുന്ന് അഞ്ചു വയസുകാരി കണ്ട സ്വപ്‌നം;ആഡംബര ബ്രാന്‍ഡിന്റെ മുഖമായി മാറിയ മലീഷ

May 22, 2023


parineeti chopra

2 min

ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യ ചാറ്റ്,രാഘവിന്റെ പേരെഴുതിയ ദുപ്പട്ട; ഉദയ്പുരിലെ രാജകീയ വിവാഹം

Sep 25, 2023


Most Commented