വീഡിയോയിലെ ദൃശ്യം
സ്ത്രീധനത്തിനെതിരേ സമൂഹത്തെയും അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, രക്ഷിതാക്കള്‍ എന്നിവരെയും ബോധവത്കരിക്കാന്‍ യുവദമ്പതിമാര്‍ ഇറക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അടൂര്‍ അനശ്വരയില്‍ അനുരാജും പ്രീണയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ വീഡിയോയുടെ പ്രാധാന്യം മനസ്സിലാക്കിയ പോലീസ് അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്കില്‍ ഇത് പങ്കുവച്ചു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പണം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ നിരന്തര ഉപദ്രവത്തെ തുടര്‍ന്ന് ഭര്‍തൃവീട് വിട്ടിറങ്ങുന്ന ഒരു യുവതിയെ കഥാപാത്രമാക്കിയാണ് വീഡിയോ ആരംഭിക്കുന്നത്.
വീട് വിട്ടിറങ്ങുന്ന യുവതിയെ ഭര്‍തൃവീടിനടുത്തുള്ള യുവദമ്പതിമാര്‍ കാണുന്നതും അവരെ അവരുടെ മാതാപിക്കളുടെ അടുത്ത് എത്തിക്കുന്നതും വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. രക്ഷിതാക്കളോട് യുവതി ഭര്‍തൃവീട്ടില്‍ അനുഭവിച്ച കാര്യങ്ങള്‍ യുവദമ്പതിമാര്‍ വിവരിക്കുന്നു. മകള്‍ ഭര്‍തൃവീട്ടില്‍ നേരിട്ട ദുരവസ്ഥ കേട്ട് തകര്‍ന്ന മാതാപിതാക്കളെ യുവദമ്പതിമാര്‍ ആശ്വസിപ്പിക്കുകയും ഉടന്‍ തന്നെ മകളുടെ അവസ്ഥ കാണിച്ച് പരാതിപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
പക്ഷേ, അഭിമാനബോധം കാരണം രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ മടിക്കുന്നു. സ്ത്രീധനപീഡനം, ഗാര്‍ഹികപ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് പരാതിപ്പെടാനുള്ള സര്‍ക്കാരിന്റെ അപരാജിത ഓണ്‍ലൈനിനെപ്പറ്റിയും ഇതിനുള്ള 9497996992 എന്ന നമ്പരിനെക്കുറിച്ചും പറഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കുകയും ഇവരുടെ ആശങ്ക ദൂരീകരിക്കുകയും ചെയ്യുന്നതോടെ മൂന്ന് മിനിറ്റ് 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിക്കുന്നു.
സമൂഹത്തില്‍ ഇത്തരത്തില്‍ പ്രയാസപ്പെടുന്ന നിരവധി സ്ത്രീകള്‍ ഉണ്ടാകാം. ഇവര്‍ പല കാരണംകൊണ്ട് പരാതിപ്പെടാതെ വീടുകളില്‍ എല്ലാം സഹിച്ച് ജീവിക്കുന്നു. ചിലര്‍ ജീവനൊടുക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഇതേക്കുറിച്ച് വീഡിയോ ചെയ്തതെന്ന് അനുരാജും പ്രീണയും പറയുന്നു. വിബി വര്‍ഗീസ്, വിനയചന്ദ്രന്‍, പൂര്‍ണിമാ വിനയചന്ദ്രന്‍, പാര്‍വതി മണി, സിബി ജോസഫ് എന്നിവരും ദമ്പതിമാര്‍ക്കൊപ്പം വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്.
Content Highlights: A Viral Short film against Dowry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..