Photo: .facebook.com|humansofbombay
പ്രത്യേക പരിഗണനയുള്ള കുട്ടികളെ ചിലരൊക്കെ അത്ര സന്തോഷത്തോടെയാവില്ല പരിഗണിക്കുക. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പലപ്പോഴും അവര്‍ ഭാരമായി തോന്നുന്ന അവസരങ്ങളുണ്ട്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിതയായ സഹോദരി തന്റെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചെന്നും തങ്ങള്‍ തമ്മിലുള്ള പിരിയാനാവാത്ത ബന്ധത്തെ പറ്റിയും പങ്കുവയ്ക്കുകയാണ് ഒരു യുവാവ്, ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എനിക്കന്ന് ആറും എന്റെ മൂത്ത സഹോദരിക്ക് 12 ഉം വയസ്സാണ് പ്രായം. ഞാന്‍ ഇളയ ആളായിട്ടും അമ്മ കൂടുതല്‍ പരിഗണന നല്‍കിയത് ദീദിക്കായിരുന്നു. എനിക്ക് അതില്‍ വിഷമമുണ്ടെന്നറിഞ്ഞപ്പോഴാണ് ദീദി പ്രത്യേക പരിഗണ ആവശ്യമുള്ള ആളാണെന്ന് അമ്മ എന്നോട് പറഞ്ഞത്. അന്നാണ് ഞാന്‍ ആദ്യമായി ഡൗണ്‍സി ഡ്രോമിനെ പറ്റി കേള്‍ക്കുന്നതും. എന്നാല്‍ ഞങ്ങളുടെ അമ്മ ദീദിയെപ്പോലുള്ള കുട്ടികളുടെ അധ്യാപികയായിരുന്നു. ദീദിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവശ്യമായതെല്ലാം അമ്മ പഠിപ്പിച്ചിരുന്നു. എന്നാല്‍ സാധാരണ എല്ലാ സഹോദരിമാരെയും പോലെ ദീദി അവധിദിനങ്ങളില്‍ പുറത്തുപോകാന്‍ എനിക്ക് കൂട്ടുവന്നിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ വായിച്ചു തരും, ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കും... ഇങ്ങനെയൊക്കെ ആയതിനാലാവാം ദീദിക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പ്രായമാകും തോറും ദീദിയെ എനിക്ക് കൂടുതല്‍ മനസ്സിലായി തുടങ്ങി. ഞങ്ങള്‍ സഹോദരങ്ങള്‍ മാത്രമായിരുന്നില്ല അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു.
ഒരു ദിവസം സ്‌കൂളില്‍ നിന്ന് എന്നെ പറ്റി അധ്യാപകര്‍ പരാതി പറഞ്ഞു. അമ്മയും അച്ഛനും വഴക്കു പറയുമ്പോള്‍ ഞാന്‍ ദീദിയോട് പറഞ്ഞു, ഞാന്‍ ചെറിയകുട്ടിയല്ലേ, ദീദി എന്നെ വഴക്ക്‌കേള്‍പ്പിക്കാതെ നോക്കില്ലെ..' എന്ന്. പിന്നീട് ഇത്തരം പ്രശ്‌നങ്ങളൊന്നും അമ്മയുടെയും അച്ഛന്റെയും ചെവിയിലെത്താതെ നോക്കുന്നതും ദീദിയായി. ഓരോതവണയും ഞാന്‍ പ്രശ്‌നങ്ങളില്‍ ചാടുമ്പോള്‍ ദീദി എനിക്കുവേണ്ടി സംസാരിക്കാന്‍ തയ്യാറായി. അടുത്ത വീട്ടിലെ കുട്ടികളുമായി വഴക്കുകൂടി പരാതികള്‍ അമ്മയുടെ ചെവിയിലെത്തുമ്പോള്‍ ദീദി പറയും.. ' ഞാന്‍ കണ്ടതാണ്, അവനൊന്നും ചെയ്തിട്ടില്ല..'
തിരിച്ച് ഞാനും ദീദിയുടെ വിഷമങ്ങളില്‍ ഒപ്പം നിന്നു തുടങ്ങി. പലപ്പോഴും ബന്ധുക്കളായ കുട്ടികള്‍ ദീദിയെ കളിയാക്കുകയും അവളുടെ കളിപ്പാട്ടങ്ങളും മറ്റും എടുത്തുകൊണ്ട് പോകുകയും ചെയ്തിരുന്നു. അവരോട് വഴക്കിടാനും കളിപ്പാട്ടങ്ങള്‍ തിരിച്ചുവാങ്ങാനും എനിക്ക് യാതൊരു ടിയും തോന്നിയിരുന്നില്ല. ചിലപ്പോള്‍ ഞങ്ങള്‍ ട്രെയിനിലും മറ്റും യാത്രചെയ്യുമ്പോള്‍ ദീദിക്കു വേണ്ടി സീറ്റ് കണ്ടെത്താനും അതിന് വേണ്ടി ആളുകളോട് യാചിക്കാനും എനിക്കൊരു നാണക്കേടും ഉണ്ടായിരുന്നില്ല. ദീദി എല്ലാകാര്യത്തിനും എനിക്കൊപ്പം നിന്നതുപോലെ ഞാനും ദീദിക്കൊപ്പം നിന്നു. സ്‌പെഷ്യല്‍ സ്‌കൂളിലെ ഡാന്‍സ് പ്രോഗ്രാം, സ്‌പോര്‍ട്‌സ് ഡേ എല്ലാ ആഘോഷങ്ങള്‍ക്കും അമ്മയ്ക്കും ദീദിക്കുമൊപ്പം ഞാനും പോയിരുന്നു.
ദീദി എപ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. പതിനെട്ടാം വയസ്സില്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പരിശീലകയായി ദീദി ജോലി നേടി. ചെറിയ വരുമാനമെ ഉള്ളൂവെങ്കിലും ദീദി അതില്‍ സന്തോഷവതിയായിരുന്നു. ശമ്പളം കിട്ടുന്ന ദിവസങ്ങളില്‍ മധുരപലഹാരങ്ങളും ചിക്കന്‍ ഫ്രൈഡ്‌റൈസും എല്ലാം വാങ്ങി ഞങ്ങള്‍ക്കു ട്രീറ്റ് തരും. ഇന്ന് തന്റെ ചെലവാണെന്ന് പറഞ്ഞാണ് ദീദി എല്ലാം വാങ്ങുക. ഇന്ന് ദീദിയുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞ് ഞങ്ങളും ആ ദിവസം ആഘോഷമാക്കും.
പഠനം കഴിഞ്ഞ് ജോലിയിലും തിരക്കിലുമായതോടെ ദീദിക്കൊപ്പം ചെലവഴിക്കുന്ന സമയം കുറഞ്ഞു. എങ്കിലും വീട്ടിലെത്താന്‍ പറ്റുന്ന സമയമെല്ലാം ഞാന്‍ ദീദിയെ കാണാന്‍ ഓടിയെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് ഭായ് ദൂജ് എനിക്ക് ദീദിക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞില്ല. ഞാനടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചെന്ന് ദീദി ഫോണിലൂടെ പറയുമ്പോള്‍ എന്റെയും കണ്ണു നിറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം എല്ലാ ആഘോഷങ്ങള്‍ക്കും ഞാന്‍ ദീദിക്കൊപ്പമുണ്ടായി. 'ഞാന്‍ ചെറിയ കുട്ടിയല്ലേ, എനിക്ക് ആദ്യം മധുരം തരൂ' ഇത്തവണത്തെ ഭായ് ദൂജിന് ദീദിയോട് ഞാന്‍ പറഞ്ഞു.
Content Highlights: A man share story of sibling love and about his sister with down syndrome
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..