facebook.com|humansofnewyork
പാക്കിസ്താനിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നുള്ള രണ്ട് ചെറുപ്പക്കാര്‍, ഒരിക്കല്‍ അവര്‍ അവരുടെ യാഥാസ്തിതികമായ ജീവിതത്തില്‍ നിന്നും രക്ഷപ്പെടുന്നു, ജീവിതത്തില്‍ ഉയരങ്ങള്‍ കണ്ടെത്തുന്നു.. നോവലോ സിനിമയോ ഒന്നുമല്ല. സിദ്ര ഖാസിം എന്ന യുവതിയുടെയും അവളുടെ ഭര്‍ത്താവായ വഖാസ് അലിയുടെയും ജീവിതകഥയാണ് ഇത്. ഇന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ആറ്റംസ് എന്ന ഫുട്വെയര് ബ്രാന്‍ഡിന്റെ സ്ഥാപകരാണ് ഇരുവരും. എന്നാല്‍ ആ വിജയത്തിലേക്കുള്ള അവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ആ യാത്രയുടെ കഥ ഇരുവരും പങ്കുവച്ചത് ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്കിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.
'എല്ലാ പാക്കിസ്താനി പെണ്‍കുട്ടികളും ചെറുപ്പം മുതലേ കേള്‍ക്കുന്ന ഒന്നുണ്ട്, ഞങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശം തന്നെ നല്ല ഭര്‍ത്താവിനെ കണ്ടെത്താന്‍ വേണ്ടിയാണ് എന്നാണ്.' എന്നാല്‍ സിദ്രയ്ക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. സ്കൂള്‍ പഠനം അവസാനിപ്പിക്കാനും വിവാഹിതയാവാനും അവളുടെമേല്‍ കുടുംബത്തിന്റെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു.
പാക്കിസ്താനിലെ ചെറിയൊരു പട്ടണമായ ഒകാറയിലായിരുന്നു സിദ്രയുടെ വീട്. അവിടെ ആന്റിയുടെ വീട്ടില്‍ വച്ചാണ് വഖാസിനെ അവള് ആദ്യമായി കാണുന്നത്. ആന്റിയുടെ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു വഖാസ്. 'ഞങ്ങള്‍ അന്ന് ധാരാളം സംസാരിച്ചു. ജീവിതത്തെ പറ്റി, സമൂഹത്തെ പറ്റി, മനുഷ്യരുടെ വികാരങ്ങളെ പറ്റി. എന്റെ മനസ്സിലെ ആശയങ്ങള്‍ തുറന്നു പറയാന്‍ എനിക്കാദ്യമായി കിട്ടിയ അവസരമായിരുന്നു അത്. വഖാസ് ഞാന്‍ പറഞ്ഞകാര്യങ്ങളെല്ലാം പൂര്‍ണമായി മനസ്സിലാക്കുകയും ചെയ്തു. ' സിദ്ര കുറിക്കുന്നു.
സ്കൂള്‍ പഠനത്തിന് ശേഷം സിദ്ര കോളേജില്‍ ചേര്‍ന്നു. ആകെ പതിനഞ്ച് വിദ്യാര്‍ത്ഥിനികള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇക്കാലത്ത് വഖാസ് കൂടുതല്‍ പഠനത്തിനും ഒരു ബിസിനസ് തുടങ്ങാനും ലാഹോറിലേക്ക് താമസം മാറിയിരുന്നു. സിദ്രയോടും അവിടേക്കു വരാന്‍ വഖാസ് ആവശ്യപ്പെട്ടു. എന്നാല്‍ സിദ്രയുടെ മാതാപിതാക്കള്‍ക്ക് അത് സമ്മതമായിരുന്നില്ല. അവര്‍ അവളെ തടഞ്ഞു. അവരുടെ എതിര്‍പ്പ് സിദ്രയെ തകര്‍ത്തുകളഞ്ഞു. ഭക്ഷണം പോലും കഴിക്കാതെ മുറിയിലടച്ചിരുപ്പായി അവള്. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സിദ്രയുടെ പിതാവ് അവളെ ലാഹോറിലേക്ക് പോകാന്‍ അനുവദിച്ചു. അവിടെ വഖാസിനൊപ്പം അവള് ജോലി ചെയ്യാന്‍ ആരംഭിച്ചു. പല ബ്രാന്‍ഡുകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രമോഷനുകള്‍ നല്കുന്ന ഒരു കമ്പനിയായിരുന്നു അത്.

കമ്പനിയില്‍ പലപ്രശ്നങ്ങളും രൂപപ്പെട്ടു. എന്നാല്‍ ഇരുവരുടെയും ബന്ധം ദൃഢമാകുകയായിരുന്നു. 'ഞങ്ങളൊരിക്കലും പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ അടുപ്പം വളരെ വലുതായിരുന്നു. ഞങ്ങള്‍ക്ക് പിരായാനാവില്ല എന്ന് മനസ്സിലായി.'
ഒരിക്കല്‍ ഒകാറയിലെ ഒരുകൂട്ടം തൊഴിലാളികളെ കണ്ടുമുട്ടിയത് വീണ്ടും ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഒരു ചെറിയ വര്‍ക്ക്ഷോപ്പില്‍ ലെതര്ഷൂസുകള് നിര്‍മിക്കുകയായിരുന്നു അവര്‍. വലിയ യന്ത്രസഹായങ്ങളൊന്നുമില്ലാതെ തന്നെ ഉയര്‍ന്ന ഗുണനിലവാരമുള്ളതാണ് ആ ഷൂസുകള്‍ എന്ന് സിദ്രക്ക് മനസ്സിലായി. അതൊരു ബ്രാന്‍ഡ് ആക്കി വളര്‍ത്തിയാലോ എന്നായി മനസ്സില്‍. ആഴ്ചകളോളം അവരുടെ അടുക്കല്‍ കയറി ഇറങ്ങേണ്ടി വന്നും സിദ്രയ്ക്ക്, തങ്ങള്‍ക്കു വേണ്ടി ഷൂസുകള്‍ നിര്‍മിക്കാന്‍ അവരെ സമ്മതിപ്പിക്കാന്‍.
വഖാസ് വെബ്സൈറ്റിന്റെ കാര്യങ്ങള്‍ നോക്കുമ്പോള്‍ സിദ്ര ഷൂനിര്മാണത്തിന്റെ തിരക്കിലായി. 'ഹോംടൗണ്‍ ഷൂസ് എന്നാണ് ഞങ്ങളതിന് പേരിട്ടത്. അതിനായി ഒരു വെബ്സൈറ്റും തയ്യാറാക്കി.' എന്നാല്‍ ഫ്രാന്‍സ് പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് ഷൂ അയക്കാന്‍ വരുന്ന ചെലവ് വളരെ വലുതായിരുന്നു. എങ്കിലും പ്രതിസന്ധികളെ അവര്‍ മറികടക്കാന്‍ തീരുമാനിച്ചു.
' ഒരു വര്‍ഷം കൊണ്ട് മാസം 50 ഷൂസുകള്‍ വില്ക്കാന് പറ്റുന്ന അവസ്ഥയിലെത്തി. ബിസിനസ് വളരുന്നതില്‍ സ്ന്തോഷമുണ്ടെങ്കിലും ഇങ്ങനെ പോയാല്‍ അതികകാലം പിടിച്ചു നില്‍ക്കാനാവില്ല എന്ന് മനസ്സിലായി. എങ്കിലും അവസാന പ്രതീക്ഷയെന്നോണം ഒരു ക്രൗഡ് ഫണ്ടിങ് ക്യാംപയിന് ഞങ്ങള്‍ സംഘടിപ്പിച്ചു. 600 ജോഡി ഷൂവാണ് അന്ന് വില്‍ക്കാനായത്. ഒരു ലക്ഷം ഡോളറിലധികം ലാഭം നേടി.' സിദ്ര പ്രതിസന്ധികള്‍ തരണം ചെയ്തതിനെ പറ്റി കുറിക്കുന്നത് ഇങ്ങനെ.

അതിന് ശേഷം സിദ്രയും വഖാസും വിവാഹിതരാകാന്‍ തീരുമാനിച്ചു. ചെറിയൊരു ചടങ്ങ് മാത്രം നടത്തി. ഒപ്പം വിദേശത്ത് കമ്പനികള്‍ തുടങ്ങാന്‍ സഹായിക്കുന്ന സാന്‍ഫ്രാന്‍സിസ്കോയിലെ വൈ- കോംബിനേറ്റര് എന്ന പ്രോഗ്രാമില്‍ ചേരാന്‍ ശ്രമവും തുടങ്ങി. ഇന്റര്‍വ്യൂവെല്ലാം ഒരുവിധത്തില്‍ കടന്നുകൂടി അമേരിക്കയിലേക്ക് ഇരുവരും കുടിയേറി.
വൈ കോംബിനേറ്ററില്‍ പങ്കെടുക്കുമ്പോഴാണ് തങ്ങള്‍ വരുത്തിയ വലിയ മണ്ടത്തരങ്ങള്‍ ഇരുവര്‍ക്കും മനസ്സിലാകുന്നത്. 'ഞങ്ങളുടേത് മാത്രമായിരുന്നു പത്തുപൈസപോലും കയ്യിലില്ലാത്ത കമ്പനി. മാത്രമല്ല ഡെമോ ഡേയില്‍ നടന്നകാര്യമാണ് ഞങ്ങളെ ഞെട്ടിച്ചത്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയ പലര്‍ക്കും ഞങ്ങള്‍ ഷൂ വിറ്റിരുന്നു. എന്നാല്‍ അവസാന ദിനം ആരും ആ ഷൂ അണിഞ്ഞിരുന്നില്ല. ആളുകള്‍ക്ക് ആവശ്യം ഫോര്‍മല്‍ ഷൂസല്ല കാഷ്വല്സാണെന്ന് മനസ്സിലായത് അപ്പോഴാണ്.
ഏറ്റവും നല്ല മെറ്റീരിയലില്‍ എന്നും ധരിക്കാന്‍ പറ്റുന്ന ഷൂസിന്റെ നിര്‍മാണത്തിലായി പിന്നെ ഇരുവരുടെയും ശ്രദ്ധ. ആറ്റംസ് എന്ന ബ്രാന്‍ഡിന്റെ പിറവി അങ്ങനെയാണ്. ഇപ്പോള്‍ വര്‍ഷം തോറും അഞ്ച് ലക്ഷത്തിലധികം ഷൂസുകളാണ് ആറ്റംസ് ബ്രാന്‍ഡിന്റേതായി വിപണിയില്‍ വിറ്റുപോകുന്നത്.
'ഇപ്പോള്‍ പാക്കിസ്ഥാനിലെ എന്റെ കുടുംബത്തെ എനിക്ക് സഹായിക്കാന്‍ പറ്റുന്നുണ്ട്. എന്റെ സഹോദരിമാര്‍ ചെറിയപ്രായത്തിലേ വിവാഹിതരാകാതെ അവരുടെ വഴികള്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്ക്കുന്നു. സ്കൂള്‍ പ്രധാനാധ്യാപികയായിരുന്നിട്ടും പെണ്‍കുട്ടികളുടെ പഠനത്തിന് അന്ന് അമ്മ വില നല്‍കിയിരുന്നില്ല. ഇന്ന് പെണ്‍കുട്ടികള്‍ അറിവു നേടേണ്ടതിന്റെയും സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിന്റെയും ആവശ്യകത അമ്മയ്ക്ക് നന്നായി അറിയാം. ഒരിക്കല്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ അമ്മ മറ്റ് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നു. എന്റെ വഴിയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. പക്ഷേ അന്ന് എനിക്കൊപ്പം നില്‍ക്കാതിരുന്നതില്‍ എന്റെ അമ്മയ്ക്ക് പശ്ചാത്താപമുണ്ട്. ഞാനും അമ്മയോട് ക്ഷമിച്ചു കഴിഞ്ഞു.' സിദ്ര തന്റെ കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
Content Highlights: A Girl From Small Town In Pakistan To Shoe Empire In New York
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..