അനുഗ്രഹ ബസ് ഓടിക്കുന്നു | Photo: Mathrubhumi
പേരാമ്പ്ര: സാഹസികതയേറെ ഇഷ്ടപ്പെടുന്ന അനുഗ്രഹയ്ക്ക് ഡ്രൈവിങ് ചെറുപ്പംമുതലേയുള്ള ഇഷ്ടമാണ്. കഴിഞ്ഞയാഴ്ച ഹെവി ലൈസന്‍സും കൈയില്‍ കിട്ടി. ബസ് ഓടിക്കുകയെന്ന ഏറെക്കാലമായുള്ള ഒരാഗ്രഹവും ഞായറാഴ്ച സഫലീകരിച്ചു. തന്റെ കൈകളില്‍ വളയം ഭദ്രമാണെന്ന് ഈ ഇരുപത്തിനാലുകാരി തെളിയിച്ചു.
പേരാമ്പ്ര-വടകര റൂട്ടിലെ നോവ ബസിലാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച് ഡ്രൈവിങ് സീറ്റില്‍ അനുഗ്രഹ ഇരുന്നത്. വിദേശത്ത് ജോലി ലഭിക്കാന്‍ ശ്രമിക്കുകയാണ് അനുഗ്രഹ. അതുവരെ ഡ്രൈവിങ്ങ് തുടരാനാണ് തീരുമാനം.
മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് മുരളീധരന്‍ (മാച്ചു)-ചന്ദ്രിക ദമ്പതിമാരുടെ മകളാണ് ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയായ അനുഗ്രഹ. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ അഡ്വഞ്ചറസ് ക്യാമ്പില്‍ പങ്കെടുത്തത് വലിയ കരുത്ത് പകര്‍ന്നിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് എസ്.പി.സി., എന്‍.എസ്.എസ്. എന്നിവയില്‍ സജീവമായിരുന്നു. ബസ് ഓടിക്കണമെന്ന ആഗ്രഹത്തിന് അച്ഛന്റെയും കുടുബാംഗങ്ങളുടെയും പിന്തുണയേറെ ഉണ്ടായെന്ന് അനുഗ്രഹ പറഞ്ഞു.
പ്രവാസിയായ അച്ഛന്‍ കഴിഞ്ഞയാഴ്ച നാട്ടിലെത്തിയതോടെ ബസ് ഓടിക്കാന്‍ സമ്മതവും ലഭിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. എല്ലാവരുടെയും നല്ല പിന്തുണ കിട്ടിയപ്പോള്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിഞ്ഞ സംതൃപ്തിയിലാണിവര്‍. ആദ്യദിനം ജോലി കഴിഞ്ഞപ്പോള്‍ അഭിനന്ദനവുമേറെ ലഭിച്ചു.
Content Highlights: 24 year old women bus driver from kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..