മലീഷ ഖർവ | Photo: instagram/ maleesha kharwa
ബാന്ദ്ര ബാന്‍ഡ്‌സ്റ്റാന്‍ഡിലെ അവസാനത്തെ ചേരിയിലെ തട്ടിക്കൂട്ടിയ ഒരു വീട്ടിനുള്ളിലെ മരപ്പലകള്‍ക്ക് മുകളില്‍ അഞ്ചോളം പാവക്കുട്ടികളെ നിരത്തിവെച്ചിട്ടുണ്ട്. അമ്പതില്‍ താഴെ രൂപയ്ക്ക് ലഭിക്കുന്ന, ബ്രൗണും ബ്ലാക്കും നിറത്തിലുള്ള മുടികളുള്ള, പല നിറങ്ങള്‍ ചേര്‍ന്ന വസ്ത്രങ്ങള്‍ അണിഞ്ഞ പാവക്കുട്ടികള്‍. മലീഷ ഖര്‍വയെന്ന പെണ്‍കുട്ടിയുടെ എല്ലാമെല്ലാമായിരുന്നു ആ പാവക്കുട്ടികള്‍.
അച്ഛന്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ ഉണ്ടാക്കിത്തരുന്ന പാല്‍ച്ചായയും കൂട്ടുകാരോടൊപ്പം തെരുവിലൂടേയുള്ള ഓട്ടപ്പാച്ചിലും കഴിഞ്ഞാല്‍ അവളുടെ സന്തോഷം മുഴുവന്‍ ആ പാവക്കുട്ടികളായിരുന്നു. അതിനെ ഒരുക്കുന്നതും മുടി ചീകിക്കൊടുക്കുന്നതുമായിരുന്നു മലീഷയുടെ വിനോദം. ഒരിക്കല്‍ താനും ആ പാവക്കുട്ടികളെ പോലെ ഒരു മോഡലായി മാറുമെന്ന് അവള്‍ സ്വപ്‌നം കണ്ടു. പ്രിയങ്കാ ചോപ്രയെപ്പോലെ സുന്ദരിയായ ഒരു മോഡല്‍.
എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒരു ബ്രാന്‍ഡഡ് വസ്ത്രം അവള്‍ ഒരിക്കല്‍ പോലും കണ്ടിരുന്നില്ല. 200 രൂപയില്‍ കൂടുതല്‍ വില വരുന്ന ഒരു വസ്ത്രം പോലും ധരിച്ചിട്ടുമില്ല. അമ്മയില്ലാതെ വളര്‍ന്ന അവളുടെ ഏക ആശ്രയം അച്ഛനും അനിയനും മാത്രമായിരുന്നു. മുടി പിന്നിയിട്ട് അവളെ സുന്ദരിയാക്കാനോ, കുളിപ്പിച്ച് കണ്ണ് എഴുതി കൊടുക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. മുഷിഞ്ഞ ഒരു ബനിയനും കീറിത്തുടങ്ങിയ ഒരു ട്രാക്ക് സ്യൂട്ടും ധരിച്ച് അവള്‍ ദിവസങ്ങളോളം ബാന്ദ്രയിലെ തെരുവിലൂടെ നടന്നു. കുറച്ച് വലുതായിക്കഴിഞ്ഞ്, എല്ലാം സ്വയം ചെയ്യാന്‍ തുടങ്ങിയ ശേഷം അവള്‍ വെള്ളം കിട്ടുന്ന ദിവസങ്ങളിലെല്ലാം കുളിച്ച്, മുടി സ്വന്തമായി പിന്നിക്കെട്ടി, യൂണിഫോം ധരിച്ച് സ്‌ക്കൂളിലേക്ക് പോയിത്തുടങ്ങി.
ഹോളിവുഡ് നടനായ റോബര്‍ട്ട് ഹോഫ്മാനാണ് മലീഷയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുന്നത്. 2020-ല്‍ മുംബൈ സന്ദര്‍ശനത്തിനിടെ ഹോഫ്മാന്‍ അവളെ കണ്ടെത്തുകയായിരുന്നു. മോഡല്‍ ആകാനുള്ള തന്റെ സ്വപ്‌നം മലീഷ ഹോഫ്മാനുമായി പങ്കുവെച്ചു. സഹായം വാഗ്ദ്ധാനം ചെയ്ത ഹോഫ്മാന്‍ അവള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ടും തുറന്നുകൊടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ആ അക്കൗണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. മലീഷയേയും അവളുടെ കുടുംബത്തേയും അവള്‍ പങ്കുവെയ്ക്കുന്ന സന്തോഷ നിമിഷങ്ങളേയുമെല്ലാം ആളുകള്‍ പെട്ടെന്ന് സ്വീകരിച്ചു.
'ചേരിയില്‍ നിന്നുള്ള രാജകുമാരി' എന്ന വിശേഷണം അവള്‍ക്ക് ആളുകള്‍ നല്‍കി. എല്ലാവരേയും ആകര്‍ഷിക്കുന്നമുഖവും ചിരിയുമായിരുന്നു അതിന് കാരണം. അവളുടെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. പിന്നാലെ ചെറിയ ഫോട്ടോഷൂട്ടുകള്‍ അവളെ തേടിയെത്താന്‍ തുടങ്ങി. 'ലിവ് യുവര്‍ ഫെയറിടെയ്ല്‍' എന്ന ഹ്രസ്വചിത്രത്തിലും അവള്‍ അഭിനയിച്ചു.
കോസ്‌മൊപൊളിറ്റന്‍ എന്ന മാഗസിന്റെ കവര്‍ ഗേള്‍ ആയി വന്നതോടെ പതിനഞ്ചുകാരി ഫാഷന്‍ ലോകത്തും ചര്‍ച്ചാവിഷയമായി. ഇപ്പോഴിതാ ആഡംബര സൗന്ദര്യ ബ്രാന്‍ഡായ ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ മുഖമായി മാറിയിരിക്കുകയാണ് മലീഷ. അവരുടെ 'ദി യുവതി കളക്ഷന്‍' എന്ന കാമ്പെയ്‌ന്റെ ഭാഗമാണ് മലീഷ. സ്‌കൂള്‍ യൂണിഫോമില്‍ തങ്ങളുടെ ഔട്ട്‌ലെറ്റിലേക്ക് അദ്ഭുതത്തോടെ പ്രവേശിക്കുന്ന മലീഷയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഫോറസ്റ്റ് എസന്‍ഷ്യല്‍സ് കുറിച്ചത് ഇങ്ങനെയാണ്..'അവളുടെ മുഖം ആനന്ദത്താല്‍ തിളങ്ങി. കണ്‍മുന്നില്‍ അവളുടെ സ്വപ്‌നങ്ങളെ കാണാന്‍ കഴിഞ്ഞു. സ്വപ്‌നങ്ങള്‍ ശരിക്കും യാഥാര്‍ഥ്യമാകുമെന്ന മനോഹരമായ ഓര്‍മപ്പെടുത്തലാണ് മലീഷയുടെ കഥ'.
.jpg?$p=3c0c101&&q=0.8)
ഇതിന് പിന്നാലെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലീഷ തന്റെ കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നുണ്ട്. 'ആളുകള്‍ എന്ത് വിചാരിച്ചാലും ഞാന്‍ കാര്യമാക്കുന്നില്ല. വെറുക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ എന്നെ വെറുക്കുന്നുവെന്ന് എനിക്ക് 90 ശതമാനം ഉറപ്പുണ്ട്. എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.' പല തരത്തിലും പ്രതിസന്ധികള്‍ ജീവിതത്തില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോള്‍ അതിനുള്ള ഉത്തരങ്ങള്‍ താന്‍ കണ്ടെത്തുമെന്ന ആത്മവിശ്വാസം അവളുടെ വാക്കുകളിലുണ്ട്. ആ ദൃഢനിശ്ചയം തന്നെയാണ് സ്വപ്‌നത്തിലേക്ക് നടന്ന് അടുക്കാന്‍ മലീഷയെ പ്രേരിപ്പിച്ചതും.
Content Highlights: 15 year old girl from bandra slum maleesha kharwa becomes face of luxury beauty brand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..